പട്ടുനൂൽപ്പുഴു

പട്ടുനൂൽപ്പുഴു വായിക്കുമ്പോൾ ഇരുട്ടുമുറിയിൽ ഇരുന്ന് കിളിവാതിൽപ്പഴുതിലൂടെ പുറംലോകം നിരീക്ഷിക്കുന്ന ഒരാളാവുന്നു വായനക്കാരി/ൻ. സാംസ എന്ന പതിമൂന്നുകാരൻ നമ്മളിരിക്കുന്ന ഇരുട്ടുമുറിയും അവന്റെ കണ്ണുകൾ നമ്മുടെ കിളിവാതിലും ആകുന്നു. ആളുകൾക്കും വസ്തുക്കൾക്കും സംഭവങ്ങൾക്കും ഇടയിൽ സ്വയം അദൃശ്യനാവുന്ന സാംസയുടെ തിരസ്കരിണിയിൽ നമ്മളും അപ്രത്യക്ഷരാവുന്നു.

വിശദാംശങ്ങളെ വിവരിക്കുന്നതിലുള്ള സൂക്ഷ്മതയും സമഗ്രതയുമാണ് ഹരീഷിന്റെ ആഖ്യാനത്തിന് ദൃശ്യഭംഗി നൽകുന്നത്; ഒപ്പം അയാൾ തിരഞ്ഞെടുക്കുന്ന പേഴ്സ്പെക്ടീവും. ഒരു കൗമാരക്കാരൻ തന്റെ കണ്ണിലൂടെ ലോകത്തെ നിരീക്ഷിക്കുമ്പോഴും ലോകം അവനെ കാണുന്നില്ല. ഇയിടെ ഏറെ ചർച്ച ചെയ്യപ്പെട്ട പരമ്പര അഡോൾസെൻസിലെ ജാമി എന്ന പതിമൂന്നുകാരനും ഇങ്ങനെ അവഗണിക്കപ്പെട്ടവനായിരുന്നു എന്നത് യാദൃച്ഛികം.

ആനിയുടേയും വിജയന്റേയും മകൻ സാംസക്ക് മെറ്റമോർഫോസിസിലെ നായകന്റെ പേര് ഇടുന്നത് ഒരു ലൈബ്രേറിയനാണ്. കഥകളും കഥാപാത്രങ്ങളുമുള്ള പുസ്തകങ്ങളുടെ ലോകവും, മനുഷ്യരും അവരുടെ ജീവിതവുമുള്ള യഥാർത്ഥ ലോകവും ഇടകലരുന്ന ഒരു കാഫ്കയെസ്ക് അന്തരീക്ഷം ഈ നോവലിനുണ്ട്. ഒരു പ്രഭാതത്തിൽ സാംസ ഉണരുന്നത് താൻ കണ്ട സ്വപ്നം മറ്റാരോകൂടി ഒപ്പം കണ്ടതായി അറിഞ്ഞുകൊണ്ടാണ്. അവൻ ജനിക്കുന്നതിനും വർഷങ്ങൾക്കുമുമ്പ് മരിച്ചുപോയ പെൺകുട്ടിയുമായി അവനു സംസാരിക്കാൻ കഴിയുന്നുണ്ട്. പതിമൂന്നുകാരിയായ അവൾക്ക് നടാഷ എന്ന പേരു നിർദ്ദേശിച്ചതും മാർക്ക് സാർ എന്ന ആ ലൈബ്രേറിയൻ തന്നെ. അവനെപ്പോലെ വിഖ്യാതമായ മറ്റൊരു നോവലിലെ നായികയാണ് നടാഷ.

അസാധാരണത്വം പേരുകളിൽ മാത്രമല്ല, അവരുടെ ജീവിതത്തിലുമുണ്ട്. സാംസയുടെ നാട്ടിലെ ഒരു ബസ് സ്റ്റോപ്പിന്റെ പേരുതന്നെ പ്രാന്തൻമുക്ക് എന്നാണ്. അസാധാരണമാംവിധം നിരവധി മനോരോഗികളുണ്ട് അവിടെ. അവരിലൊരാളാണ് അവന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ സ്റ്റീഫൻ. ഭ്രാന്തുപിടിച്ചാൽ അവനെ ചങ്ങലക്കിടുന്ന ഈന്തുമരം പോലും ഒരു കഥാപാത്രമാണ്. അതിനുമുണ്ട് ഒരു ജീവിതം. പഴയ വണ്ടികൾ പൊളിക്കുന്നതു കണ്ട് ആനന്ദിക്കുന്ന ലൈബ്രേറിയൻ മാർക്ക് സാറും പാതി ഉന്മാദിതന്നെ.

അത്യുത്സാഹിയായിട്ടും തുടങ്ങിയ ബിസിനസ് സംരംഭങ്ങളെല്ലാം പരാജയപ്പെട്ട് നാണംകെടുന്ന വിജയൻ, അയാൾക്കൊപ്പം കണ്ണുംപൂട്ടി ഇറങ്ങിപ്പോന്ന ആനി, അവരുടെ പണി തീരാത്ത വീട്, കവലയിലെ റേഷൻ കട, ലേഹ്യമുണ്ടാക്കാൻ വരുന്ന പാണ്ടിക്കാരന്മാർ, അറുക്കാൻ കെട്ടിയിട്ട അവരുടെ ആട്, കെട്ടിയ ചങ്ങലയിൽ തൂങ്ങിച്ചത്ത ഇലു എന്ന വളർത്തുനായ…

വിഷാദസാന്ദ്രമായ ഒരു ജീവിതാഖ്യായികയാണ് പട്ടുനൂൽപ്പുഴു.