1
കാലം എ ഡി 2080. സ്ഥലം കേരളത്തിലെ ഒരു നഗരം. ഒരു ബഹുനില പാർപ്പിടസമുച്ചയത്തിന്റെ ഏഴാം നിലയിലെ മുറിയിൽ അജ്ഞാതനായ ഒരാൾ. അയാൾ ഒറ്റയ്ക്കല്ല. കൂടെ അയാളുടെ പൊങ്ങച്ചവും ഉണ്ട്. ശീതീകരിച്ച ആ മുറിയുടെ ജനാലയും വാതിലുമെല്ലാം അടച്ചിട്ടിരിക്കുന്നു. തന്റെ മുന്നിലുള്ള അലമാരയിൽനിന്ന് കൈയ്യിൽത്തടഞ്ഞ ഒരു പുസ്തകമെടുത്ത് മറിച്ചുനോക്കുകയാണ് അയാൾ. പകുത്തുകിട്ടിയ ആ താളിൽ ‘എന്റെ സ്നേഹമേ, നിനക്ക് ‘ എന്നെഴുതി കൈയ്യൊപ്പു ചാർത്തി തിയ്യതി കുറിച്ചിരിക്കുന്നു. ആരോ ആർക്കോ എന്നോ സമർപ്പിച്ച ഒരു പ്രേമോപഹാരമാണ് ആ പുസ്തകം! ഇപ്പോൾ അതൊരു പുരാവസ്തുവിനെപ്പോലെ കൗതുകമുണർത്തുന്നു. അയാളതിലെ ഏടുകൾ മറിച്ചുനോക്കി. ഏതോ പഴയ റൊമാന്റിക് യുഗത്തിലെ ഗീതങ്ങളാണ് ഉള്ളടക്കം. താളമറിയാതെ തപ്പിത്തടഞ്ഞ് അയാളവ വായിക്കാൻ ശ്രമിച്ചു. പല വാക്കുകളുടേയും അർത്ഥം അയാൾക്കു മനസ്സിലാവുന്നില്ല. തെച്ചി, മന്ദാരം, തുളസി എന്നിങ്ങനെയുള്ള കഠിനപദങ്ങളാണ് ഏറെയും! മുക്കുറ്റി, കറുക, ഓട്ടുകിണ്ണം, മറുക്, ഒക്കത്തു പൊൽക്കുടമേന്തിയ തൈയ്യ്, അമ്മ കറുമ്പി മകളു വെളുമ്പി എന്നിങ്ങനെ പിന്നെയുമുണ്ട് പിടിതരാത്ത പ്രയോഗങ്ങൾ. ഒരുപക്ഷെ മിത്തുകളായിരിക്കുമോ? അയാൾക്ക് ഒന്നും മനസ്സിലായില്ല. ഏതായാലും ഇരിക്കട്ടെ, ഗവേഷകരാരെങ്കിലും അന്വേഷിച്ചുവരികയാണെങ്കിൽ കൊടുക്കാമല്ലോ. അവരായിരിക്കുമല്ലോ ഈ പുരാവസ്തുവിന്റെ ആവശ്യക്കാർ.
ഒ.എൻ.വി കുറുപ്പ് 1980 ൽ എഴുതിയ പുരാവസ്തു എന്ന കവിതയിലെ ആശയമാണ് മുകളിൽ വായിച്ചത്. ഒരു നൂറ്റാണ്ടിനുശേഷം തന്റെ ഭാഷയും സംസ്കാരവും വരുംതലമുറയ്ക്ക് എത്രമേൽ അന്യവും അപരിചിതവുമായി പരിണമിച്ചേക്കാം എന്ന അശുഭചിന്തയാണ് അതിന്റെ കാതൽ. പുസ്തകമെന്ന ആയുധം എങ്ങനെ തുരുമ്പിച്ച ഒരു പുരാവസ്തുവിനെപ്പോലെ പരിഗണിച്ചേക്കാം എന്ന ആശങ്കയും. പുസ്തകം പുരാവസ്തുവാകുമ്പോൾ ലൈബ്രറികൾ മ്യൂസിയമായി മാറും.
ഞാൻ ഇപ്പോൾ ഇരിക്കുന്നത് എന്റെ നാട്ടിലെ ഗ്രാമീണവായനശാലയിലാണ്. വീടിനു തൊട്ടടുത്താണ് വായനശാല. എനിക്ക് അതു പടിപ്പുര പോലെ. വീട്ടിലിരുന്നതിലേറെ സമയം ഞാൻ ഇവിടെയാണ് ചെലവഴിച്ചത്. ഇവിടെ വന്ന് അലമാരയിൽനിന്ന് കൈയ്യിൽ തടഞ്ഞ ഏതെങ്കിലും പുസ്തകം പുറത്തെടുക്കും. തത്ത ചീട്ടെടുക്കുന്നതുപോലെ. കണ്ണടച്ചു പകുത്തുനോക്കും. ഒന്നോ രണ്ടോ താളുകൾ നിന്ന നിൽപ്പിൽ വായിക്കും. രസം പിടിച്ചാൽ അതുമെടുത്ത് കസേരയിലിരുന്ന് വായന തുടരും. ഇന്ന പുസ്തകമെന്നില്ല. ഇന്ന ഗ്രന്ഥകാരനെന്നില്ല. കഥയെന്നോ കവിതയെന്നോ ലേഖനമെന്നോ വിഭാഗീയതയില്ല. ‘ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ’ എന്ന എന്റെ കവിതയിലെപ്പോലെ കാറ്റലോഗില്ലാത്ത കുഴമറിച്ചിലാണ് രസം. ആദിമധ്യാന്തം വായിച്ചുകൊള്ളണമെന്നില്ല. തുടർച്ചയെച്ചൊല്ലി ആകാംക്ഷയില്ല. പഠിക്കാനോ പഠിപ്പിക്കാനോ അല്ല. നുകരാനും പകരാനുമാണ്. നിരുപാധികമായ ഇത്തരം മുറിവായനയിലെ യാദച്ഛികതകളാണ് ഇപ്പോഴത്തെ കൗതുകം.
രണ്ടുവർഷം മുമ്പ് അമ്മയോടൊപ്പം ആറന്മുള ശ്രീകൃഷ്ണഷേത്രത്തിൽ പോയപ്പോൾ ഉണ്ടായ ഒരു പകുത്തുവായന ഓർമ്മവന്നു. കവി കെ.രാജഗോപാലും പങ്കാളിയും ഉണ്ടായിരുന്നു കൂടെ. പ്രവേശനവഴിയിലെ മണ്ഡപത്തിലിരുന്ന ഒരു വൃദ്ധവായനക്കാരൻ -‘പാടീരാർദ്രിത ഭസ്മലിപ്തനിടിലൻ’- അമ്മയ്ക്ക് ഭാഗവതം നീട്ടി പകുത്തുകൊടുക്കാൻ ആവശ്യപ്പെട്ടു. ഗ്രന്ഥത്തിൽ അമ്മ പകുത്ത ഭാഗം നീർത്തി വലതുതാളിൽ ഏഴുവരി ഏഴക്ഷരം വിട്ട് വൃദ്ധൻ പറഞ്ഞു: ‘ഉദ്ധവോപദേശമാണ്; അതിവിശേഷം!’ അദ്ദേഹം ഉച്ചത്തിൽ ആ ഭാഗം വായിക്കാനാരംഭിച്ചു. വായന തീർന്നപ്പോൾ അമ്മ നൽകിയ ദക്ഷിണ സ്വീകരിച്ച് അനുഗ്രഹമുദ്ര കാട്ടി.
ഒരുപക്ഷേ പകുത്തുകിട്ടിയത് ഏതെങ്കിലും ശാപവാക്യമായിരുന്നെങ്കിലോ? അപ്പോഴും ആ വായനക്കാരൻ അതു വ്യാഖ്യാനിച്ച് അമ്മയ്ക്കു നല്ലതുവരുത്തുമായിരുന്നു എന്നുറപ്പ്. വായന വ്യാഖ്യാനം കൂടിയാണല്ലോ. ഒരേ അച്ചടിപ്പാഠം ഓരോരുത്തർക്കും വ്യത്യസ്തമാവുന്നത് അങ്ങനെയാണ്.
2
ഒരുദിവസം ഷെൽഫിൽനിന്നെടുത്തത് എം.പി.നാരായണപിള്ളയുടെ ഒരു കഥാസമാഹാരം. പകുത്തുനോക്കിയപ്പോൾ ‘ഊണി’ എന്ന കഥ. അങ്ങനെയൊരു വാക്ക് മുൻപ് കേട്ടിട്ടില്ല. കഥാനായകൻ ഒരു ഊണിയാണ്. ആരാണ് ഊണി? പഴയകാലത്ത് നാട്ടിൻപുറങ്ങളിൽ സദ്യയുണ്ടെന്നു കേട്ടറിഞ്ഞ്, ക്ഷണിക്കപ്പെടാതെ ഉണ്ണാനെത്തുന്ന ആളാണത്രേ ഊണി. ചില ദേശങ്ങളിൽ മരണാനന്തരച്ചടങ്ങിന്റെ ഭാഗമായുള്ള ഊട്ടിനു നിയോഗിക്കപ്പെടുന്നയാളെയും ഊണി എന്നു വിളിക്കാറുണ്ട്. നാരായണപിള്ളയുടെ ഊണി ആദ്യവിഭാഗത്തിൽ പെട്ടയാളാണ്.
സദ്യയുണ്ടെന്നു കേട്ടറിഞ്ഞ്, തലേന്നു രാത്രിതന്നെ പണിക്കർ (ഊണി) റാന്തലും ഭാണ്ഡവുമായി കല്യാണവീട്ടിലെത്തി. നടന്നുവലഞ്ഞാണ് വന്നത്. നല്ലരിച്ചോറുണ്ടിട്ട് നാളേറെയായി. പതിനഞ്ചുപറ അരിയുടെ സദ്യ. രണ്ടുകൂട്ടം പ്രഥമൻ. പണിക്കർ അത്താഴമുണ്ടു. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. പണിയെടുക്കാതെ ഉണ്ണാനെത്തുന്ന ഇത്തരക്കാരെ ദേഹണ്ണക്കാരൻ വെറുതെ വിടില്ല. അയാൾ പണിക്കരുടെ ചെവിയിൽ വെള്ളമൊഴിച്ച് ഉറക്കമുണർത്തി. പിന്നെ ഒരു മുറം ഉള്ളി കൊടുത്തു, തൊലി കളയാൻ. അതു കഴിഞ്ഞപ്പോൾ തുടച്ചുവൃത്തിയാക്കാൻ ഒരു കെട്ട് വാഴയില. പണിക്കരുടെ കണ്ണും മനസ്സും നീറി. എങ്ങനെയൊ രാവു വെളുപ്പിച്ചു.
രാവിലെ കുളിച്ചുവന്ന് ഒരു മൂലയ്ക്കിരുന്ന് ചടങ്ങു കണ്ടു. ഇലയിട്ടപ്പോൾ ആദ്യപന്തിയിൽത്തന്നെ അയാൾ ഇരുന്നു. എന്നാൽ ആളെ തിരിച്ചറിഞ്ഞ വിളമ്പുകാർ പണിക്കരെ എഴുന്നേൽപ്പിച്ചു. രണ്ടാമത്തേയും മൂന്നാമത്തേയും പന്തിയിലും ഇല കിട്ടിയില്ല. ഒടുക്കം അപമാനിതനായ ഊണി ഉണ്ണാതെ പടിയിറങ്ങുകയാണ്. അയാളൊടൊപ്പം വായനക്കാരായ നമ്മളും കഥയിൽനിന്ന് പടിയിറങ്ങുകയായി. അജ്ഞാതമായ ആ നാട്ടുവഴിയിലൂടെ ആ അനാഥനെ നമ്മൾ കുറച്ചുദൂരം അനുയാത്ര ചെയ്യും, തീർച്ച. കഥ പൂർത്തിയായാലും വ്യഥ തുടരും.
ഇതു വായിച്ചപ്പോൾ ഒളപ്പമണ്ണയുടെ ‘ഭിക്ഷാംദേഹി’ ഓർമ്മ വന്നു. പണ്ട് ഇല്ലങ്ങളിൽ ചോറൂണും പിറന്നാളും വേളിയും മറ്റും കേട്ടറിഞ്ഞ് പതിവായി ഉണ്ണാനെത്തുന്ന ഒരാളാണ് ഭിക്ഷാംദേഹിയായ രാമനാഥൻ.
“ഉച്ചയ്ക്കുമന്തിക്കുമിലയിട്ടാൽ ആദ്യത്തെ
ഇലയിലുണ്ടാകുമീ രാമനാഥൻ
എല്ലാരുമുണ്ടെഴുന്നേറ്റാലുമുണ്ടുകൊ-
ണ്ടിലവെച്ചിരിക്കുന്നു രാമനാഥൻ”
ജീവിതം ആഹാരമായിരുന്ന ഈ രാമനാഥൻമാർ എവിടെപ്പോയി? കവിത അവസാനിക്കുന്നത് ഇങ്ങനെ:
“കണ്ടാലറിയില്ല വെട്ടുവഴികളിൽ
തെണ്ടിത്തിരിയുന്നു രാമനാഥൻ
എങ്ങോട്ടെന്നില്ലാതെ തിക്കിത്തിരക്കുന്ന
ഞങ്ങളും നിങ്ങളും രാമനാഥൻ!”
3
കവി പാലൂരിന്റെ ‘കഥയില്ലാത്തവന്റെ കഥ’ എന്ന ആത്മകഥയിൽ അദ്ദേഹം കുട്ടിക്കാലത്ത് കഥകളി പഠിക്കാൻ കലാമണ്ഡലത്തിൽ പോയ സംഭവം വിവരിക്കുന്നുണ്ട്. വേഷം പഠിക്കാനായിരുന്നു മോഹം. മൂത്തമന പട്ടേരിയുടെ ശുപാർശക്കത്തുമായി വെങ്കിച്ചസ്വാമിയെ ചെന്നു കണ്ടു. അദ്ദേഹം കുട്ടിപ്പാലൂരിനെയും കൊണ്ട് മഹാകവി വള്ളത്തോളിന്റെ ഭവനത്തിലെത്തി. ഉച്ചമയക്കം കഴിഞ്ഞ് വള്ളത്തോൾ വന്നപ്പോൾ സ്വാമി കാര്യം അവതരിപ്പിച്ചു. പാലൂരിനെ അടിമുടി ഒന്നു നോക്കിയിട്ട് സ്വകാര്യമായി പറഞ്ഞുവത്രേ: “കുട്ടിക്കു കണ്ണു പോരാ. പൊയ്ക്കൊള്ളാൻ പറയൂ.” പിന്നീട് പാലൂർ ഒളപ്പമണ്ണയിൽ പോയി പട്ടിക്കാംതൊടിയുടെ ശിഷ്യനായി എങ്കിലും വേഷത്തിൽ ഉറച്ചില്ല. കഥകളി വിട്ട് കാർഡ്രൈവറായി, കവിയായി.
ഗോപിയാശാൻ കലാമണ്ഡലത്തിൽ ചേരാൻ ചെന്നപ്പോഴും മഹാകവിയാണ് അഭിമുഖം നടത്തിയത്. അടിമുടി നോക്കി. കൈ ഒന്നു പിടിച്ചു. എന്നിട്ട് പറഞ്ഞു: “ഇവനെ തേപ്പിച്ചു നോക്ക്വന്നും വേണ്ട. എടുത്തോളാൻ പറയൂ രാമൻകുട്ടിയോട്”. (ശ്രീജിത് കെ.വാരിയർ, ഗോപീചരിതം, ഭാഷാപോഷിണി). എത്ര കൃത്യമായിരുന്നു ആ പ്രവചനം! ഗോപീയാശാൻ കളിയരങ്ങിൽനിന്ന് സ്വയം വിരമിച്ചിട്ടും ആ ശിരസ്സിനു ചുറ്റും പച്ചയുടെ പ്രഭാവലയം നിലനിൽക്കുന്നു.
ക്രാന്തദർശിയാണ് കവി.
4
“അയാളുടെ ശരീരത്തിൽനിന്ന് കൃത്യം അളവ് മാംസം മുറിച്ചെടുത്തോളൂ. എന്നാൽ ഒറ്റത്തുള്ളി ചോര വീണുപോകരുത്.” ഷേക്സ്പിയറുടേതായി എന്റെ മനസ്സിൽ ആദ്യം തങ്ങിനിന്ന ഒരു വാക്യമാണിത്. ചെറിയ ക്ലാസിൽ പഠിച്ച മർച്ചെന്റ് ഓഫ് വെനീസിന്റെ കഥാസംഗ്രഹത്തിലൂടെയാണ് ഞാൻ ഷെക്സ്പിയറെ കേൾക്കുന്നത്.
പിന്നീട് കോളേജുക്ലാസുകളിലൊന്നിൽ ഷെക്സ്പിയറുടെ മാക്ബെത്ത് പഠിച്ചു. നാടകത്തിലുള്ള ആവേശം കൊണ്ട് ഒഥെല്ലോയും ആന്റണി ക്ലിയോപാട്രയും ട്വൽഫ്ത്ത് നൈറ്റും സ്വയം പഠിച്ചു. തൊണ്ണൂറുകളിൽ മായാ തോങ്ബെർഗ് കേരളത്തിൽവന്ന് കാറൽമണ്ണയിൽ ഷെക്സ്പിയറുടെ ടെംപെസ്റ്റിന് രംഗാവതരണമൊരുക്കിയപ്പോൾ അതിനായി ചില പാട്ടുകൾ എഴുതി. കാലിബനെ കഥാകേന്ദ്രമാക്കിയുള്ള ഒരു രംഗവ്യാഖ്യാനമായിരുന്നു അത്.
അപ്പോഴൊന്നും ഷെക്സ്പിയറുടെ സോണെറ്റ്സ് എന്റെ വായനാപരിചയത്തിൽ വന്നില്ല. ഏതോ ക്ലാസിൽ ഒരു സോണെറ്റ് പഠിച്ചതായി ഓർക്കുന്നുണ്ടെങ്കിലും അന്നത് ഉൾക്കൊണ്ടിട്ടില്ല. ‘ഷെക്സ്പിയറുടെ ഗീതകങ്ങൾ’ – സച്ചിദാനന്ദന്റെ പരിഭാഷ – പ്രകാശനം ചെയ്യാൻ ഇടവന്നപ്പോഴാണ് ഒരു വീണ്ടുവായനക്ക് അവസരമുണ്ടായത്. നൂറ്റി അമ്പത്തിനാലു ഗീതകങ്ങളുണ്ട് ഈ പുസ്തകത്തിൽ. വായിച്ചേടത്തോളം വെച്ചു പറഞ്ഞാൽ ശരിക്കുമൊരു മലയാളപ്പകർച്ച. രൂപം കൊണ്ടു മലയാളിയും ഭാവം കൊണ്ട് ആംഗലനും. അയാംബിക് പെന്റാമീറ്ററിൽ എഴുതിയ ഗീതകങ്ങളെല്ലാം മാഷ് കേകാവൃത്തത്തിലാണ് പകർന്നിട്ടുള്ളത്. കോവിഡിന്റെ അടച്ചിരിപ്പുകാലത്തെ വ്യായാമമായിരുന്നു ഇത് എന്നു മാഷ് പറയുന്നു.
കവിതയിലെ വക്താവ് തന്റെ തോഴനോട് പറയുന്ന നിവേദനങ്ങളോ വിചാരങ്ങളോ ഒക്കെയാണ് ഈ ഗീതകങ്ങൾ. യുവാവും സുന്ദരനുമായ തോഴനോട് അനന്തര തലമുറയെ സൃഷ്ടിക്കുന്നതിനായി സന്തത്യുത്പാദനത്തിൽ ഏർപ്പെടാനും അതുവഴി സൗന്ദര്യവും പൗരുഷവും അനശ്വരമാക്കാനും അപേക്ഷിക്കുകയാണ് ആദ്യഗീതങ്ങളിലെ പ്രമേയം. യൗവനം ഭോഗിക്കുവാനുള്ളതാണ്, അതു ചെയ്യാതിരുന്നാൽ ജീവിതം പാഴായിപ്പോകും എന്നുപദേശിക്കുന്നു.
പതിനാറാം നൂറ്റാണ്ടിൽ ഷെക്സ്പിയർ ആസക്തിയുടെ ഈ ഗീതങ്ങൾ രചിക്കുമ്പോൾ മലയാളത്തിൽ എഴുത്തച്ഛൻ വിരക്തിയുടെ കിളിപ്പാട്ടുകളാണ് രചിച്ചിരുന്നത് എന്നോർക്കുന്നത് കൗതുകമായിരിക്കും.
(ഭാഷാപോഷിണി / ആഗസ്റ്റ് 2026)
