ഒരു ദേശത്തിന്റെ കവിയാണ് പള്ളിപ്പാട്. കനികൾക്കു ചുണയും ചൂരുമുള്ള നാട്ടുമാവുകളെപ്പോലെയാണ് ദേശത്തെ കവികൾ. അടുത്തു ചെന്നാലേ മധുരം വീണുകിട്ടു. അവർക്കു ദൂരേക്കു ശാഖകൾ ഇല്ല. സ്വന്തം മണ്ണിലാണ് വേര്.
കവിയും അധ്യാപകനും ആയിരുന്നല്ലോ മാഷ്. ചുരുക്കിപ്പറയലിന്റെ കലയാണ് കവിത. അധ്യാപനം പരത്തിപ്പറയലിന്റെ കലയും. രണ്ടും അദ്ദേഹം സമർത്ഥമായി കൈകാര്യം ചെയ്തു. മാഷ് കവിതക്ക് ആമുഖം പറയും. ഇടയ്ക്കു വിസ്തരിക്കും. എന്നാൽ അവസാന ഈരടി ചൊല്ലിക്കഴിഞ്ഞാൽ നാടകീയമായി പെട്ടെന്നു നിർത്തി പിൻവാങ്ങും.
അരങ്ങിൽ ശോഭിക്കുന്ന കവിതയാണ് പള്ളിപ്പാടിന്റേത്. അച്ചടിക്കവിതയെ അപേക്ഷിച്ച് അരങ്ങുകവിത ലളിതവും ആഖ്യാനസ്വഭാവം ഉള്ളതുമാവും. ഒറ്റക്കേൾവിയിൽ ആശയം ഗ്രഹിക്കാം. നർമ്മമാണ് പള്ളിപ്പാടിന്റെ കവിതയിലെ മർമ്മം. ജാലവിദ്യക്കാരൻ തൂവാലമറ നീക്കി അത്ഭുതം കാണിക്കുന്നതുപോലെ ആകർഷകമാണ് പള്ളിപ്പാടിന്റെ കവിതാവതരണങ്ങൾ. എത്രയോ വേദികളിൽ അദ്ദേഹത്തിന്റെ കൂടെ കവിത വായിക്കാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്.
താൻ നിരീക്ഷിച്ച ഒരു ജീവിതസന്ദർഭത്തെ നിശ്ചിതവരികളിൽ അലങ്കാരമേതുമില്ലാത്ത ഭാഷയിൽ ആഖ്യാനം ചെയ്യുക. അന്ത്യത്തിൽ അതിനോടുള്ള സ്വന്തം പ്രതികരണം ഇത്തിരി ഒളിപ്പിച്ചു പറയുക. Straight in the beginning and twisted at the end. ഇതാണ് മാഷിന്റെ രചനാശൈലി. ആഖ്യാനം മരുന്നു പുരട്ടിയ തിരിയാണെങ്കിൽ വ്യാഖ്യാനം ഉൾമുഴക്കമുള്ള ഒരു സ്ഫോടനമാകും. പള്ളിപ്പാടിന്റെ കവിതാവതരണരീതിയെ കുഞ്ഞുണ്ണി മാഷ് പ്രശംസിച്ചിട്ടുണ്ട്.
‘കേകാചാര്യ’നാണ് പള്ളിപ്പാട്. മൂശയിലേക്ക് ഉരുക്കിയൊഴിച്ചുണ്ടാക്കുന്ന ലോഹശില്പം പോലെ ഈരടികളിലേക്ക് പകർന്നുണ്ടാക്കുന്ന ആശയശില്പമാണ് പള്ളിപ്പാട്ടുകവിത. പള്ളിപ്പാട്ടിൽ പാട്ട് ഇല്ല. പറച്ചിലേ ഉള്ളു. വലുതെങ്കിൽ പതിനാലു വരി. കാപ്സ്യൂൾ നാലു വരി. കേകയിൽ പറയുകയാണ് ചെയ്യുക. ഔദ്യോഗിക രേഖകൾ പോലും വൃത്തത്തിൽ എഴുതിയ കൃതഹസ്തനാണ് അദ്ദേഹം.
അക്കിത്തത്തിന് കണ്ണുനീർ ഉൾത്താപം അണയ്ക്കുന്ന ആർദ്രതയാണെങ്കിൽ പള്ളിപ്പാടിന് അത് ആളിക്കത്താനുള്ള ഇന്ധനമാണ്. പള്ളിപ്പാടിന്റെ കണ്ണീരിൽനിന്ന് ‘വിശ്വാഗ്നി’യും ‘കനലാട്ട’വും ഉണ്ടായി. തെളിച്ചവും വെളിച്ചവും ഉള്ള കവിതകളാണ് മാഷ് എഴുതിയത്. അതോടൊപ്പം തന്റെ നിലപാടിലുള്ള തെറിപ്പുകളും എതിർപ്പുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കുകയും ചെയ്തു.
ആയിരം നീലപ്പീലി-
ക്കണ്ണുകൾ വിടർത്തിനി-
ന്നാടുന്ന മയൂരത്തിൻ
മുതുകത്തിരുന്നിട്ടും
ഒന്നതു കടക്കണ്ണാൽ
നോക്കാത്ത നീയെന്തൊരു
മന്തൻ! ഹാ, ഞാനാണെങ്കിൽ
പിന്തിരിഞ്ഞിരുന്നേനേ!
സ്കന്ദനെ മന്തനാക്കുന്ന ഈ വിപരീതദർശനം മതി പള്ളിപ്പാടിന്റെ കാവ്യകലാപത്തിനു ദൃഷ്ടാന്തം. പൊന്നാനിക്കളരിക്ക് ഫലസമൃദ്ധമായ ഒരു വസന്തം നൽകി മൺമറഞ്ഞ മാഷുടെ ജന്മശതാബ്ദിയിൽ അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് പ്രണാമം.
