നദീർ ചിത്രപ്രദർശനം

‘ഏകകാര്യമഥവാ ബഹൂത്ഥമാം / ഏകഹേതു ബഹുകാര്യകാരിയാം’.

ഒരു കാര്യം സംഭവിക്കുന്നതിനു അനേകം കാരണങ്ങളുണ്ടാകാം. അതുപോലെ ഒരു കാരണത്തിൽനിന്ന് അനേകം കാര്യങ്ങൾ സംഭവിക്കുകയുമാവാം. നമ്മൾ നദീറിന്റെ ചിത്രപ്രദർശനം കാണാൻ പോകുന്നു. അപ്പോൾ തൊട്ടടുത്ത ഗാലറിയിൽ മറിയം ജാസ്മിന്റെ പ്രദർശനമുണ്ടെന്നറിയുന്നു. അതുപോയി കാണുന്നു. ഇരു ഗാലറികളും അന്യോന്യം പിന്തുണയ്ക്കുന്നതായി തിരിച്ചറിയുന്നു. നദീറിന്റെ അടുത്തുനോട്ടങ്ങൾക്ക് (അകംവരകൾ) മറിയത്തിന്റെ വിദൂരനോട്ടങ്ങൾ (പുറംവരകൾ) പരഭാഗശോഭയായി വർത്തിച്ചു. തിരിച്ചും. എം രാമചന്ദ്രനും അക്ബറും ചേർന്നുണ്ടാക്കിയ നദീറിന്റെ ബ്രോഷറും മറിയത്തിന്റെ ‘കാഴ്ചശീലങ്ങൾ തിരുത്തലുകളോടെ’ എന്ന ബ്രോഷറും ഓരോ കോപ്പി വാങ്ങി ബാഗിലിടുന്നു.
ഇന്നു രാവിലെ അതു രണ്ടുമെടുത്ത് വിസ്തരിച്ചു നോക്കുന്നു. എത്ര മനോഹരങ്ങൾ! കലാകാരനെ അവതരിപ്പിക്കുന്നതിൽ ഇത്തരം ‘തുടർക്കണി’കൾക്ക് (ആൽബം എന്ന അർത്ഥത്തിൽ ഈ വാക്കുപയോഗിച്ചത് എം ഗോവിന്ദനാണ്) വലിയ പങ്കുണ്ട്. ഇത്തരം ബ്രോഷറുകളുടെ ഒരു നല്ല ശേഖരമുണ്ടായിരുന്നു എനിക്ക്. ഇപ്പോൾ പലതും നഷ്ടപ്പെട്ടു. Transient Moods എന്ന ആമുഖക്കുറിപ്പിൽ എം രാമചന്ദ്രൻ, നദീറിന്റെ ഇളമയിലെ ചഞ്ചലഭാവങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നു. മറിയത്തിന്റെ രചനകളെ അവതരിപ്പിച്ചുകൊണ്ട് ഇ.എഛ്. പുഷ്കിൻ (പ്രശസ്ത കലാകാരൻ) എഴുതിയ കുറിപ്പും ഗംഭീരമായിട്ടുണ്ട്. “ഒരു കലാസൃഷ്ടിക്ക് പൊതുവായ നിർവചനങ്ങൾ ഇല്ല ; അതിനെ സൃഷ്ടിച്ചയാളുടെ നിർവചനങ്ങളേയുള്ളു” എന്നാണ് പുഷ്കിന്റെ ‘അനിർവചനം’. മറിയത്തിന്റെ ഒരു ചിത്രത്തിൽ വീട്ടുമുറ്റത്ത് നീന്തൽ വസ്ത്രങ്ങളണിഞ്ഞ രണ്ടു കുട്ടികൾ നിൽക്കുന്നു. അതിനെക്കുറിച്ചെഴുതുമ്പോൾ പുഷ്കിൻ ഒരു ബ്രിട്ടിഷ് പെയിന്ററെയും അദ്ദേഹത്തിന്റെ ഒരു ചിത്രത്തേയും പരാമർശിക്കുന്നുണ്ട്. ഡേവിഡ് ഹോക്നറുടെ A Bigger Splash. ഒരു വലിയ ‘നീർത്തെറി’ എന്നു പുഷ്കിൻമലയാളം. നെറ്റിൽ തിരഞ്ഞ് ആ ചിത്രം കണ്ടു. ആരോ ചവിട്ടുപലകയിൽനിന്ന് എടുത്തുചാടിയപ്പോൾ കുളത്തിലുണ്ടായ വലിയ നീർത്തെറിപ്പാണ് ചിത്രം. ചാടിയ ആളുടെ അസാന്നിദ്ധ്യമാണ് അതിനെ ഇത്രത്തോളം കണ്ണിൽ കെട്ടിനിർത്തുന്നത് എന്നു തോന്നി. അപ്പോൾ അരവിന്ദന്റെ തമ്പ് ഓർമ്മിച്ചു. കാണികളുടെ മുഖഭാവത്തിലൂടെ പ്രകടനത്തിന്റെ വിസ്മയം ആവിഷ്കരിച്ച ആ സീക്വൻസ്. ഇനിയും അതു പലതിനേയും മനസ്സിലേക്കു കൊണ്ടുവരാം.

ഏകഹേതു ബഹുകാര്യകാരിയാം!

അക്കിത്തത്തിന്റെ ആഖ്യാനകല

1
അര നൂറ്റാണ്ടുമുമ്പ് ഞാൻ കണ്ട ഒരു ഭൂപ്രകൃതി ഓർത്തെടുത്തുകൊണ്ട് ആരംഭിക്കാം. കുമരനെല്ലൂരിൽ അക്കിത്തത്തിന്റെ വീട്ടിൽനിന്ന് പടിഞ്ഞാറുഭാഗത്തേക്ക് ഇറങ്ങിനടക്കാൻ ഒരു കുണ്ടനിടവഴിയുണ്ടായിരുന്നു. അത് ചെല്ലുന്നത് വിശാലമായ ഒരു പാടത്തേക്കാണ്. ആ പാടവരമ്പിലൂടെ മറുകരയിലേക്കു നടന്നാൽ നീലിയാട് വളവിൽ എത്തും. നീലിയാട് വളവ് റോഡും തോടും കടന്നുപോകുന്ന ഒരു സ്ഥലമാണ്. ഏതാണ്ട് തൊണ്ണൂറു ഡിഗ്രിയിലുള്ള ഈ കൊടുംവളവ്, മലപ്പുറം പാലക്കാട് ജില്ലകളുടെ അതിർത്തിയുമാണ്. വർഷകാലത്ത് തോട് നിറഞ്ഞുകവിയും. ഈ തോടിന്റെ പാലത്തിന്മേലാണ് കവി ബസ്സുംകാത്ത് ഇരിക്കാറുള്ളത്. (ഇങ്ങനെയൊരു കാത്തിരിപ്പിനിടയിലാണ് വളവിങ്കൽ മൂസ എന്ന തണ്ണീർപ്പന്തൽ പ്രത്യക്ഷപ്പെടുന്നത്. അതിനെക്കുറിച്ച് വഴിയേ പറയുന്നുണ്ട്.) ആ വളവിൽനിന്ന് അല്പം വടക്കോട്ടു നടന്നാൽ വഴിയോരത്ത് ഒരു കൊക്കരണിയുണ്ട്. അതിനോടു ചേർന്ന് ഒരു കരിങ്കല്ലത്താണിയും. തോടും അത്താണിയും ഇന്നുമുണ്ട്. കൊക്കരണി തൂർന്നുപോയിരിക്കുന്നു.

ഈ ഭൂപ്രകൃതി വർണ്ണിച്ചത് കവിയുടെ വീട്ടിലേക്കുള്ള വഴി കാട്ടാനല്ല. അക്കിത്തത്തിന്റെ കവിതയിലേക്കുള്ള പല വഴികളിൽ ഒന്ന് കാണിക്കാനാണ്. പ്രകൃതിയിൽ കൊക്കരണികളും കൈത്തോടുകളും ഉള്ളതുപോലെ കവിതയിലുമുണ്ട് സമാനമായ ഉറവുകളും ഒഴുക്കുകളും. കൊക്കരണി (പുഷ്കരണി) നിശ്ചലജലാശയമാണെങ്കിൽ കൈത്തോട് പ്രവാഹമാണ്. മലയാളത്തിൽ ആധുനികതയോടൊപ്പം പ്രചാരമാർജിച്ച ഭാവഗീതങ്ങൾ കൊക്കരണികളെപ്പോലെ ചെറുതും നഭഃശ്ചരജ്യോതിസ്സുകളെ പ്രതിഫലിപ്പിക്കുന്ന വഴിക്കണ്ണാടികളുമായിരുന്നു. അക്കിത്തത്തിന്റെ വളക്കിലുക്കം, പരമദുഃഖം തുടങ്ങിയ കവിതകൾ ഇത്തരം വഴിക്കുളങ്ങളാണ്. എന്നാൽ പണ്ടത്തെ മേശാന്തി, വെണ്ണക്കല്ലിന്റെ കഥ തുടങ്ങിയവ ആഖ്യാനസ്വഭാവംകൊണ്ട് ഒലിച്ചുപോകുന്ന കൈത്തോടുകളാണ്. അക്കിത്തത്തിന്റെ സംഭാവനകളിൽ ഭാവഗീതങ്ങളുടെ കൊക്കരണികളേക്കാൾ ആഖ്യാനകവിതകളുടെ കൈത്തോടുകളാണ് കൂടുതൽ. കണ്ണീരാണ് ഈ കൈത്തോടുകളിലൂടെ ഒലിച്ചുപോയ്ക്കൊണ്ടിരുന്നത്. താണനിലത്തുകൂടെ നീരോടുന്ന സ്വാഭാവികത ആ പ്രവാഹത്തിനുണ്ടായിരുന്നു. (“പരസുഖമേ സുഖമെനിക്കു നിയതം / പരദുഃഖം ദുഃഖം / പരമാർത്ഥത്തിൽ പരനും ഞാനും / ഭവാനുമൊന്നല്ലീ?”) ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് പൊഴിക്കുന്നതിന്റെ ധന്യത ഇതാണ്.

2
നീലിയാട്ടിലെ തണ്ണീർപ്പന്തൽ എന്ന കവിതതന്നെ എടുക്കുക (P 72). അക്കിത്തത്തിന്റെ ആദ്യകാലരചനകളിലൊന്നാണ് ഇത്. (മനഃസാക്ഷിയുടെ പൂക്കൾ 1951). പിൽക്കാലത്ത് വികസിതമായ അക്കിത്തത്തിന്റെ തനതായ ആഖ്യാനകലയുടെ ഘടനയും ജീവിതദർശനമായ കണ്ണീരിന്റെ ജലസാന്നിദ്ധ്യവും ഈ കവിതയിലാണ് തുടക്കം കുറിച്ചത് എന്നു കരുതാം. വിവാഹിതനായിട്ട് രണ്ടു തിങ്ങൾ മാത്രം പിന്നിട്ട കവി ആദ്യമായി നവവധുവിനെ പിരിഞ്ഞ് യാത്രക്കു പോവുകയാണ്. നീലിയാട്ടിലെ പാലത്തിന്മേൽ ബസ്സുകാത്ത് ഇരിക്കുമ്പോഴേക്കും വിരഹവേദന കവിയെ വിഷാദവാനാക്കുന്നു. ആ സമയത്താണ് കവിയോട് യാത്രാകുശലം ചോദിച്ചുകൊണ്ട് വളവിങ്കൽ മൂസ എന്ന നിഷ്കാമകർമ്മനായ ആജാനബാഹു പ്രത്യക്ഷപ്പെടുന്നത്. ചുമടെടുത്തും സന്ദേശങ്ങൾ കൈമാറിയും വിശേഷം പറഞ്ഞും വഴിപോക്കരുടെ യാത്രാക്ലേശം ലഘൂകരിക്കുന്ന അയാൾക്ക് വീടോ കുടുംബമോ ഇല്ല. അയാൾക്ക് എല്ലാരും സ്വന്തക്കാരാണ്. വഴിപോക്കർക്ക് തണലും തണ്ണീരും ചൊരിയുന്ന തണ്ണീർപ്പന്തലാണ് അയാൾ. മൂസ കൊടുത്ത മുറുക്കാനും തിന്ന് തമാശപറഞ്ഞ് ചിരിച്ചിരിക്കുമ്പോൾ കവി തന്റെ സ്വകാര്യദുഃഖം മറന്നു. എന്നാൽ ബസ്സു വരാൻ നേരത്ത് കവി ഒരവിവേകം ചെയ്തു. കുട്ടികളില്ലേ മൂസയ്ക്ക് എന്നു ചോദിച്ചു. അയാളൊന്നു ഞെട്ടി. അനാഥനും വഴിയാധാരവുമായ അയാളോട് ആരും ഇങ്ങനെയൊരു ചോദ്യം മുമ്പു ചോദിച്ചിട്ടുണ്ടാവില്ല. തുടർന്ന് ആ മനുഷ്യന്റെ കവിളിൽ:

ഒഴുകിച്ചേരും ധാരാവാഹിയാം കണ്ണീരിൽ അ-
ന്നെഴുതിക്കണ്ടേൻ ഒരു മൂർത്തിമദ്വിഷാദത്തെ
ആഴവും പരപ്പുമാർന്ന് ഉഡുപഞ്ജരം പോലൊ-
രാദ്യന്തവിഹീനമാം ഉജ്വലചൈതന്യത്തെ
ദേവനിൽ മനുഷ്യനിൽ തിര്യക്കിൽ അണുവിലും
ജീവസൗന്ദര്യം പാവും നിശ്ചലചലനത്തെ!
ഹാ, മറന്നുപോം ഞാൻ എമ്മട്ടിൽ ആ തരിശാണ്ട
ജീവിതത്തണ്ണീർപ്പന്തലേകിയ വിജ്ഞാനത്തെ?

പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഒരു വിഷാദമൂർത്തിയുടെ വിശ്വരൂപം ആർജിക്കുകയാണ് വളവിങ്കൽ മൂസ ഈ അവസാനവരികളിൽ. അനാഥനായ മൂസ നീലിയാട്ടിലെ തണ്ണീർപ്പന്തലാണെങ്കിൽ ഗൃഹസ്ഥനായ താൻ നടുമുറ്റത്തെ മുല്ലപ്പന്തൽ മാത്രമാണെന്ന് തിരിച്ചറിയുന്നു. ആ വലിയ ദുഃഖത്തിന്റെ മുന്നിൽ തന്റെ ദുഃഖം എത്രമേൽ നിസ്സാരം എന്നറിയുന്നു. വിനീതനാകുന്നു.
ഇങ്ങനെ അതിസാധാരണമായ ഒരു തുടക്കത്തിൽനിന്ന് അത്യസാധാരണമായ ഒരു വെളിപാടിൽ കലാശിക്കുന്നതാണ് അക്കിത്തം കവിതയുടെ ആഖ്യാനഘടന.

3
പൊതുവേ മനുഷ്യസങ്കീർത്തനമാണ് പൊന്നാനിക്കാരുടെ കവിത. സംഘർഷഭരിതമായ ജീവിതസന്ദർഭങ്ങളുടെ ആഖ്യാനവും വ്യാഖ്യാനവുമാണ് ഇടശ്ശേരിയും അക്കിത്തവും ചെയ്തുവന്നത്. ഇടശ്ശേരി തന്റെ ഗുരുവാണെന്ന് അക്കിത്തം എല്ലായ്പോഴും പറയുമായിരുന്നു. (രാമലക്ഷ്മണന്മാരെ തോളേറ്റിയ ഹനുമാൻ) എന്നാൽ അവരുടെ ജീവിതവീക്ഷണങ്ങൾ ഏറെ വ്യത്യസ്തമായിരുന്നു. ഇടശ്ശേരി തിരഞ്ഞെടുക്കുന്ന സന്ദർഭങ്ങൾക്ക് നാടകീയത കൂടും. കവിതയിലെ വക്താവ് അഥവാ ആഖ്യാതാവ് മിക്കവാറും നിരീക്ഷകനാവും. കവി, കഥാപാത്രങ്ങളുടെ മനസ്സിലൂടെ സഞ്ചരിക്കുകയും അവരുടെ ഭാഷയിൽ സംസാരിക്കുകയുമാണ് ചെയ്യുക.

എന്നാൽ അക്കിത്തത്തിന് താൻതന്നെയാണ് തന്റെ കഥാപാത്രം. തന്റെ നേരനുഭവങ്ങളും അതിനെച്ചുറ്റിപ്പറ്റിയുള്ള വിചാരങ്ങളുമാണ് അക്കിത്തം ആഖ്യാനം ചെയ്യുന്നത്. ആത്മഭാഷണങ്ങളോ സ്വഗതാഖ്യാനങ്ങളോ ആണ് അവ. ഇതിഹാസത്തിലെ വക്താവ് / നായകനെപ്പറ്റി എം ലീലാവതി ഇങ്ങനെ എഴുതി : “ഒരു കണ്ണീർക്കണം….പൗർണ്ണമി”. എന്നു പശ്ചാത്താപഭരിതനായി കുറ്റമേറ്റു പറയുന്ന ഒരു കഥാപാത്രത്തെ സൃഷ്ടിച്ചപ്പോൾ സ്വന്തം രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചവനെന്നു വിശേഷിപ്പിക്കാറുള്ള ഈശ്വരനെത്തന്നെയാണ് അദ്ദേഹം അനുകരിച്ചത്. കവിയുടെ സ്വന്തം രൂപത്തിൽ പിറക്കുന്ന മാനസപുത്രനാണ് കഥാപാത്രം. തീസീസും ആന്റിതീസീസും സിന്തസിസും ആസ്പദമാക്കിയുള്ള പ്രത്യയശാസ്ത്രത്തിന്റെ വക്താവെന്ന നിലയ്ക്ക് കഥാപാത്രത്തിന്റെ ബാഹ്യരൂപത്തിന് ഒരു പാർട്ടിയുടെ നേതാവിന്റെ ഛായയും നൽകി. അങ്ങനെ കഥാപാത്രം പുറമേയ്ക്കു പാർട്ടി നേതാവും, അകമേ താൻതന്നെയുമായ ഒരു മിശ്രസത്തയായി.”

ഇടശ്ശേരിയെ അപേക്ഷിച്ച് ദുർബ്ബലഹൃദയനാണ് അക്കിത്തം. കരുത്തനായ ഇടശ്ശേരി കരയില്ല. അക്കിത്തമാകട്ടെ കരയാത്തവർക്കുവേണ്ടി കൂടി കണ്ണീരൊഴുക്കും. ഇടശ്ശേരി സംഘർഷത്തിൽനിന്ന് തീയുണ്ടാക്കും. അക്കിത്തം സമന്വയത്തിന്റെ കണ്ണീരുകൊണ്ട് അതു അണയ്ക്കും. ഒരേ ജീവിതസന്ദർഭത്തെത്തന്നെ ഇരുവരും പരിചരിച്ചതിലെ വ്യത്യാസം മനസ്സിലാവാൻ പറ്റിയ ഒരു കവിതയുണ്ട്, അന്തിത്തിരി എന്ന ശീർഷകത്തിൽ. ഇടശ്ശേരിയുടെ അന്തിത്തിരി പ്രസിദ്ധമാണ്. അന്തിത്തിരിയുമായി എത്തുന്ന ഇളമുറക്കാർക്കുമുന്നിൽ തല കുനിക്കുന്ന പഴമയെയാണ് ഇടശ്ശേരി കാണിച്ചത്. (ഉള്ള വെളിച്ചവും ഊതിക്കെടുത്തുന്ന ഭള്ളുമൊടുവിൽ കുനിയും/അന്തിത്തിരിയുമായ് എത്തുന്ന നിങ്ങൾതൻ മുന്നിൽ ഇളമുറക്കാരേ.) അക്കിത്തത്തിന്റെ അന്തിത്തിരിയിൽ (P 308) അന്തിത്തിരി കൊളുത്താതെ മുല്ലമാല കോർക്കുന്ന ഇളമുറയുടെ ചാപല്യത്തെ വാത്സല്യപൂർവം പൊറുത്ത്, അവളെ അനുഗ്രഹിക്കുന്ന പഴമയെ ആണ് കാണുക. സംഘർഷമല്ല സമരഞ്ജനമാണ് അക്കിത്തത്തിന്റെ വഴി.

“പെട്ടെന്നെന്നെ ശീതളമാം ര-
ണ്ടസ്ഥികൾതൻ വിറ പുൽകുന്നു;
നിറുകയിലേതോ താപകണം വീ-
ണെരിവൂ! കാതു കുളിർക്കുന്നു:
“ജീവാത്മാവിൻ തരളത നീക്കും
പാവനമാമിസ്സൗരഭ്യം
ആകല്പം നിലനിൽക്കാനല്ലോ
അന്തിത്തിരി നാം വെക്കുന്നു!”
ശരിയാവാമതു തെറ്റും; ഞാനെൻ
കരളിലെ മിന്നൽപ്പിണർ വെപ്പൂ
അശ്രുവിലെരിയും തിരിപോൽ പെട്ടെ-
ന്നമ്മൂമ്മയ്ക്കും മുല്ലയ്ക്കും.

അപ്രതീക്ഷിതമായ ഈ ‘കരളിലെ മിന്നൽപ്പിണരാണ്’ കവിതയുടെ കണ്ണഞ്ചിക്കുന്ന വെളിച്ചം. കവിത കുടികൊള്ളുന്നതും കരളിലാണ്. “കരളിൽ സ്ഥലകാലക്ഷീരസാഗരത്തിലെ കളഹംസത്തെപ്പോലെ വിഹരിച്ചെഴുതണം” എന്നാണ് കവിയാകാൻ മോഹിക്കുന്നവർക്ക് അക്കിത്തം നൽകുന്ന ഉപദേശം. കടലാസിലേക്കു പകർത്തൽ പിന്നീടുമതി. ‘ഹൃദയത്തിലേക്കു നോക്കി എഴുതൂ’ എന്നത് അക്കിത്തമെഴുതിയ ഒരു ഉപന്യാസസമാഹാരത്തിന്റെ പേരു മാത്രമല്ല, അദ്ദേഹത്തിന്റെ കാവ്യസങ്കല്പം കൂടിയാണ്. പുറത്തല്ല അകത്താണ് ഇരിക്കുന്നത്, സത്യവും സൗന്ദര്യവും. അക്കിത്തത്തെ സമകാലികരിൽ നിന്ന് വേറിട്ടുനിർത്തിയത് ഈ ദർശനമാണ്. ഇതിന്റെ പേരിൽ ഘോഷയാത്രയിൽ തനിയെ നടന്നു അദ്ദേഹം. ചിലപ്പോഴൊക്കെ എതിരേയും നടന്നു. വൈലോപ്പിള്ളി നെഞ്ചുകീറി നേരിനെ കാട്ടിയതുപോലെ അക്കിത്തവും ഉള്ളുതുറന്നു:

“ഉള്ളതു ചൊന്നാൽക്കഞ്ഞി നമുക്കി-
ല്ലെന്നായാലും കൊള്ളാം,
ഉറിയും കരളു തുറന്നു ചിരിച്ചു
തെല്ലെന്നാലും കൊള്ളാം,
നെഞ്ചിലെ നേരു തുറന്നു പറഞ്ഞാൽ
സുഖമായല്ലിലുറങ്ങാം,
എൻ ചെറുബുദ്ധിക്കിവിടെത്തീർന്നു
സകലവിധായുർവേദം.” (വിപ്ലവകവി P 254)

4
കൈത്തോട്ടിലെ നീരൊഴുക്കാണ് കവിതയിലെ ആഖ്യാനമെന്നു പറഞ്ഞു. നീലിയാട്ടിലെ പാലത്തിന്മേൽ നിന്നാൽ അതിലെ നീരൊഴുക്ക് എവിടെനിന്ന് ഉത്ഭവിക്കുന്നു, എവിടെ ചെന്നു ചേരുന്നു എന്നു കാണാനാവില്ല. എങ്ങോനിന്നു പുറപ്പെട്ട് എങ്ങോട്ടോ പോകുന്നു. കവിതയുടെ ഉറവിടവും കൃത്യമായി നിർണ്ണയിക്കാനാവില്ല. എങ്കിലും ഒരു കവിതയുടെ വിചിത്രമായ പിറവിയെപ്പറ്റി അക്കിത്തമെഴുതിയ ഒരുപന്യാസമുണ്ട് ഈ പുസ്തകത്തിൽ (ഹൃദയത്തിലേക്കു നോക്കി എഴുതൂ). പാഞ്ഞാളിൽ നടന്ന അതിരാത്രത്തെക്കുറിച്ച് വിശദമായി പഠിച്ച അമേരിക്കൻ പണ്ഡിതൻ ഫ്രിറ്റ്സ് സ്റ്റാൾ, ‘അഗ്നി’ എന്ന പേരിൽ രണ്ടുവാല്യങ്ങളിലായി ഒരു ബൃഹദ്ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാഗകർമ്മത്തെ അതിവിശദമായി പരിചയപ്പെടുത്തുന്ന പുസ്തകമാണ്. അതു വായിച്ചുകൊണ്ടിരിക്കെ കൗതുകകരമായ ഒരു വസ്തുതയിൽ കവിയുടെ കണ്ണുടക്കി. യാഗകർമ്മത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു വിശേഷപ്പെട്ട കല്ല് ഭാരതപ്പുഴയിലെ വരണ്ടുകുറ്റി കടവിൽനിന്നാണ് ശേഖരിക്കുന്നത്. ‘സ്വയമാതൃണ്ണ’ എന്നത്രേ ആ കല്ലിനു പേര്. ആ പദം എങ്ങനെ വന്നു എന്നറിയാൻ അദ്ദേഹം നിഘണ്ടു നോക്കി. നിർഭാഗ്യത്തിന്, ആ നിഘണ്ടുവിൽ സ്വയമാതൃണ്ണ ഇല്ല. സ്വയയിൽ തുടങ്ങുന്ന അടുത്ത പദം ‘സ്വയംകൃതാനർത്ഥപഞ്ചകം’ ആണ്. അപ്പോൾ അതായി കൗതുകം. എന്താണ് സ്വയംകൃതാനർത്ഥപഞ്ചകം? തന്നത്താൻ വരുത്തിക്കൂട്ടുന്ന അനർത്ഥം. അതായത്, ദരിദ്രനു രണ്ടു ഭാര്യ, രണ്ടുദിക്കിൽ കൃഷി, പെരുവഴിയിൽ വീടുവെയ്ക്കുക, കോടതിയിൽ സാക്ഷിനിൽക്കേണ്ടിവരിക, ചുമതലകൾ ഏറ്റെടുക്കേണ്ടിവരിക ഇങ്ങിനെ അഞ്ച്. എങ്കിൽ ഈ അഞ്ചുംതികഞ്ഞയാളുടെ ദുരിതം എന്താവാം എന്ന കുസൃതിച്ചിന്തയാണ് ‘അഞ്ചും തികഞ്ഞവൻ’ എന്ന കവിതക്കു വിത്തായിത്തീർന്നത്. (പേജ് 175)

ഇക്കവിതയിൽ കരയുന്ന കവിയില്ല. കരയിൽ തലതല്ലി ചിരിക്കുന്ന കവിയാണ് ഉള്ളത്. പതിവുപോലെ താൻതന്നെയാണ് നായകൻ. ഇവിടെ നായകനു സംഭവിക്കുന്ന അനർത്ഥങ്ങളൊന്നും സ്വയംകൃതമായിരുന്നില്ല. യാദൃച്ഛികതകളാണ് അയാളെ അഞ്ചുംതികഞ്ഞവനാക്കുന്നത്. അതിലേക്കു നയിച്ച സംഭവപരമ്പരയുടെ അസംബന്ധ നാടകീയതയാണ് ഈ ആഖ്യാനത്തെ ചിരിയുടെ മാലപ്പടക്കമാക്കുന്നത്. കവിതയിലെ നായകൻ എലിമെന്ററി സ്കൂളിൽ അധ്യാപകനും രണ്ടിടത്ത് കൃഷി ചെയ്യുന്നയാളുമാണ്. അതുകൊണ്ടാണ് “ഇരുരണ്ടുനാലിന്റെ വിത്തു വിതച്ചേൻ / എലിമെന്ററി സ്കൂളിലന്തിയാവോളം “ എന്ന് കവി വർണ്ണിച്ചത്.

ഞാൻ പൊന്നാനി ഏ.വി.ഹൈസ്കൂളിൽ അധ്യാപകനായി ചേർന്ന കാലത്താണ് ഇക്കവിത വായിക്കാനിടയാകുന്നത്. ഒരിക്കൽ ഞാൻ ക്ലാസിൽ കുട്ടികൾക്ക് നിഘണ്ടു പരിചയപ്പെടുത്തുകയായിരുന്നു. ഇംഗ്ലീഷ് മലയാളം, ഹിന്ദി മലയാളം, മലയാളം ഇംഗ്ലീഷ് എന്നിങ്ങനെ സ്കൂൾ ലൈബ്രറിയിൽ ലഭ്യമായ പലതരം നിഘണ്ടുക്കൾ കുട്ടികൾക്കു കൈമാറി. ചില പദങ്ങൾ ബോർഡിലെഴുതി അവയുടെ അർത്ഥം കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടു. പുറംചട്ട പോയതും തുന്നുവിട്ടതുമായ ഒരു നിഘണ്ടുമാത്രം കുട്ടികളെടുക്കാതെ എന്റെ മേശപ്പുറത്ത് അവശേഷിച്ചു. അതൊരു മലയാളം ഇംഗ്ലീഷ് നിഘണ്ടുവായിരുന്നു. വെറുതേ താളുകൾ പകുത്തു നേരംപോക്കുകയായിരുന്ന എന്റെ കണ്ണിൽ അത്ഭുതമെന്നു പറയട്ടെ, ആ വാക്ക് പ്രത്യക്ഷപ്പെട്ടു. സ്വയമാതൃണ്ണ! ശബ്ദതാരാവലിയിൽപ്പോലും ഇല്ലാത്ത സ്വയമാതൃണ്ണ ഇതാ ആദ്യന്തവിഹീനമായ ഈ കീറപ്പുസ്തകത്തിൽ കിടക്കുന്നു! ആകാംക്ഷയോടെ ഞാൻ അതിന്റെ അർത്ഥം വായിച്ചു. A kind of stone/pebble, which cut into pieces by itself, usually found on the banks of Bharata puzha. ഏകദേശം ഇതായിരുന്നു ആ നിർവചനം. സ്വയം പിളർന്ന് രണ്ടായിത്തീർന്ന, സ്വയം മാതാവായി തീർന്ന കല്ലായിരിക്കുമോ സ്വയമാതൃണ്ണ? പിന്നീട് എപ്പോഴോ നേരിൽ കണ്ടപ്പോൾ കവിയോട് ഈ സംഭവം ഞാൻ പറഞ്ഞിരുന്നു. ആ നിഘണ്ടു ഏതെന്നറിയാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് എനിക്കത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.

5
കവിസമ്മേളന വേദിയിൽ ഇരുന്നുകൊണ്ട് വെറ്റിലമുറുക്കുന്ന അക്കിത്തത്തിനെ ചിലരെങ്കിലും ഓർക്കുന്നുണ്ടാവും. മറ്റുള്ളവർ കവിത ചൊല്ലുന്നത് സാകൂതം ശ്രദ്ധിച്ചുകൊണ്ടിരിക്കെത്തന്നെ അദ്ദേഹം തന്റെ പിച്ചളച്ചെല്ലം തുറന്ന് പിശ്ശാംകത്തിയെടുത്ത് സാവധാനം അടയ്ക്ക മൊരികളഞ്ഞ് അരിഞ്ഞെടുക്കുന്നതും വെറ്റില ഞെരമ്പു കളഞ്ഞ് ചുണ്ണാമ്പു തേക്കുന്നതും താംബൂലം വായിലിട്ട് ഊറിയൂറിച്ചിരിക്കുന്നതും എത്രയോ സദസ്സുകളിൽ ഞാൻ കൗതുകം കലർന്ന ആരാധനയോടെ നോക്കിയിരുന്നിട്ടുണ്ട്. മലയാളത്തിൽ ഇത്രമാത്രം മുറുക്കിച്ചുവന്ന കവിത വേറെയുണ്ടാവില്ല. അക്കാലത്ത് മുറുക്കും പുകവലിയുമൊന്നും ഇന്നത്തെപ്പോലെ ‘വലിയ വിലകൊടുക്കേണ്ട’ അപരാധമായി കരുതിയിരുന്നില്ല. (ഇന്നാണെങ്കിൽ കവിസമ്മേളനം തുടങ്ങുംമുമ്പ് സിനിമയിലെപ്പോലെ പുകയില ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് പറയേണ്ടിവരുമായിരുന്നു! നാലാപ്പാട്ട് നാരായണമേനോൻ പുകയിലമാഹാത്മ്യം എന്നൊരു ഖണ്ഡകാവ്യംതന്നെ എഴുതിയിട്ടുണ്ട്.) മുറുക്കിക്കൊണ്ടാണ് എല്ലാ സാഹിത്യസല്ലാപങ്ങളുടേയും തുടക്കം. ഒരേ ചെല്ലത്തിൽനിന്ന് മുറുക്കുക എന്നാൽ ഒരേ സ്കൂൾ ഓഫ് തോട്ട് പങ്കിടുക എന്നുകൂടിയാണ്. നാലാപ്പാട്ടെ കോലായിലിരുന്ന ചെല്ലത്തിൽനിന്ന് മുറുക്കിത്തെളിഞ്ഞവരാണ് പഴയ പൊന്നാനിക്കവികൾ.

മുറുക്കാനെപ്പറ്റി പറഞ്ഞുവന്നത്, അടയ്ക്കയിലേക്ക് എത്താനാണ്. കവി ആകാശവാണിയിൽനിന്ന് റിട്ടയർ ചെയ്ത് വീട്ടിലെത്തി മുറ്റത്തും തൊടിയിലുമായി ഒതുങ്ങിക്കൂടുന്ന കാലത്തെഴുതിയ മനോഹരമായ രണ്ടു കവിതകളാണ് അടുത്തൂണും പഴുക്ക പറഞ്ഞതും. ഔദ്യോഗികച്ചുമതലകളൊഴിഞ്ഞപ്പോൾ കവി മുമ്പില്ലാത്തവിധം പ്രകൃതിയെ നിരീക്ഷിക്കാൻ തുടങ്ങി. മുക്കുറ്റിപ്പൂവിന് അഞ്ചും നിലപ്പനപ്പൂവിന് ആറും ഇതളുകളാണ് ഉള്ളത് എന്ന പ്രകൃതിരഹസ്യം കവി അറിയുന്നത് അപ്പോഴാണ്! (അടുത്തൂൺ P452). കൊടിയ വേനലിൽ കിണറ്റിലെ വെള്ളം താണു. മോട്ടോറുകൊണ്ട് പമ്പുചെയ്യാൻ പറ്റാത്തവിധമായി. തോട്ടം ഉണങ്ങിപ്പോകാതിരിക്കാൻ തേവി നനക്കുകയല്ലാതെ നിവൃത്തിയില്ലാതായി.

പേന താഴത്തിട്ടടുത്തൂൺ കഴിഞ്ഞ കൈ
പൂണുന്നു കൈക്കോട്ടു വീണ്ടും
ഇത്തിരി വെള്ളം കടയ്ക്കലെത്തുമ്പൊഴേ-
യ്ക്കെത്ര സന്തുഷ്ടമീപ്പൂഗം!
ചൂടിളം കാറ്റിൽ പൊഴിയും പഴുക്ക ഞാൻ
തേടിപ്പിടിച്ചെടുക്കുമ്പോൾ,
അന്തിത്തുടുപ്പിലാച്ചെമ്പവിഴക്കട്ട-
യന്തരാത്മാവിനോടോതി:
നിർത്തരുതുണ്ണീ, മുറുക്കു നീ, നിർത്തിയാൽ
ദഗ്ദ്ധമായ്ത്തീരുമെൻ വംശം.

മുറുക്കുന്ന കവിക്കുമാത്രമേ പഴുക്കയുടെ ഭാഷ മനസ്സിലാവൂ. എന്തൊരു ദയനീയമായ അപേക്ഷയാണത്! സമസ്ത ജീവജാലത്തിന്റെയും നിവേദനമാണ് അത്.

അടയ്ക്കയും കവുങ്ങും എന്ന മറ്റൊരു കവിതയെക്കൂടി ഓർമ്മിക്കാം. അഞ്ചുംതികഞ്ഞവനിലെപ്പോലെ ഇതിലെ കഥയും ഒരു കെട്ടുകഥയാണ്. കെട്ടുവിൽക്കുന്ന കടയിൽ കയറിയ കിട്ടുവിന് ഒരടക്ക കിട്ടി. കടക്കാരന്റെ കണ്ണുവെട്ടിച്ച് അയാളത് മടിയിൽ ഒളിപ്പിച്ചു. രാത്രി വീടെത്തി, അയാൾ ഉമ്മറക്കോലായിൽ കിടന്നുറങ്ങി. പിറ്റേന്ന് ഉണർന്ന് കണ്ണുമിഴിച്ചപ്പോൾ കെട്ടിയവളും അയൽക്കാരുമെല്ലാം തനിക്കുചുറ്റും കൂട്ടംകൂടി നിൽക്കുന്നു. എന്തൊരതിശയം! മലർന്നുകിടക്കുന്ന കിട്ടുവിന്റെ മടിയിൽനിന്ന് വലിയൊരു പാറ്റക്കവുങ്ങ് മേൽക്കൂരയും പൊളിച്ച് വളർന്നു വലുതായി നിൽക്കുന്നു! അടിയിൽപ്പെട്ട്, എഴുന്നേൽക്കാനാവാതെ കിടക്കുന്ന കിട്ടുവിന്റെ വിലാപം ഇങ്ങനെ:

“കുടുങ്ങിയല്ലോ ഞാനമ്മേ, മടിയിലെ കവുങ്ങിന്റെ-
യടിയിൽനിന്നെന്നെയെമ്മട്ടെടുത്തുമാറ്റും?”

‘അടയ്ക്കയായാൽ മടിയിൽ വെക്കാം, അടയ്ക്കാമരമായാലോ’ എന്ന പഴഞ്ചൊല്ലിന്റെ നേരാഖ്യാനമാണ് ഇത്. സ്വഭാവരൂപീകരണം കുട്ടിക്കാലത്തേ സാധ്യമാകൂ; മുതിർന്നാൽ സാധ്യമാവില്ല എന്നാണ് ഈ ചൊല്ലിന്റെ പൊരുൾ. എന്നാൽ മറ്റൊരു മനഃശാസ്ത്രമാനത്തിലാണ് ഞാൻ ഈ കെട്ടുകഥയെ വ്യാഖ്യാനിക്കാൻ ആഗ്രഹിക്കുന്നത്. മടിയിൽ മുളച്ചുണ്ടായ കവുങ്ങ് ആ മോഷ്ടാവിന്റെ പാപബോധമായി കരുതാനാണ് എനിക്കിഷ്ടം. അതിന്റെ ഭാരത്തിനടിയിൽനിന്ന് താനെങ്ങനെ തന്നെ രക്ഷപ്പെടുത്തും എന്നൊരു ഊരാക്കുടുക്കാണ് ഇത്. താൻ ചെയ്തത് തെറ്റാണ് എന്ന ബോധമാണ് അടയ്ക്കയെ ഒറ്റരാത്രികൊണ്ട് കവുങ്ങാക്കി മാറ്റിയത്. കുട്ടിക്കാലത്തെ ഇത്തരം ചെറിയ മോഷണങ്ങൾ അവരുടെ മനസ്സിനെ എങ്ങനെയെല്ലാം വേട്ടയാടുന്നു എന്നതിന് വൈലോപ്പിള്ളിയുടേയും വേഡ്സ്വർത്തിന്റേയും (Stolen boat) കവിതകൾ ഉദാഹരണമായുണ്ട്.

6
‘തൊള്ളേക്കണ്ണൻ’ (P 543) എന്ന കവിതയിൽക്കൂടി ഒന്നു കയറിയിറങ്ങി ഞാൻ നിർത്താം. അക്കിത്തത്തിന്റെ താരതമ്യേന അപ്രസിദ്ധമായ അവസാനകാലരചനകളിൽ ഒന്നാണ് ഇത്. വാർദ്ധക്യസഹജമായ ശാരീരികക്ലേശങ്ങളാലും അസ്വസ്ഥചിന്തകളാലും ഉറക്കമില്ലാതെ നേരം വെളുപ്പിച്ച ഒരു കാളരാത്രിയിൽ കവിയുടെ മനസ്സിലൂടെ കടന്നുപോകുന്ന വിചാരങ്ങളാണ് ഇക്കവിതയുടെ പ്രമേയം. ആലത്തൂര് ഹനുമാനോട് പേടിസ്വപ്നം കാട്ടരുതേ എന്നു പ്രാർത്ഥിച്ചുകൊണ്ടാണ് തുടങ്ങുന്നത്. (എത്ര സുന്ദരമായ കല്പനയാണ് ഈ പ്രാർത്ഥന! ലോകത്ത് മറ്റേതു ജനതക്കുണ്ടാവും പേടിസ്വപ്നത്തിൽനിന്ന് വാലുകൊണ്ടു തട്ടിയുണർത്തുന്ന ഒരു ദൈവം!) ‘അഹസ്സു പകരുംവരെയിനി മെത്ത/പ്പായിൽ തിരിമറി തന്നെ’ എന്ന് കവിക്ക് ഉറപ്പാണ്. ഫാനിട്ടാൽ ജലദോഷം പിടിപെടും. ഇട്ടില്ലെങ്കിൽ കൊതുകടി തീർച്ച. എന്നിട്ടും മനുഷ്യരെങ്ങനെ ഉറങ്ങുന്നു? അപ്പോൾ കവിക്ക് പണ്ട് റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ ഒരനുഭവം ഓർമ്മവന്നു.

“പണ്ടൊരു റെയിൽവേ… കടിക്കയില്ലവരെന്നെ”.
തന്റേത് ഒരു മുതുക്കന്റെ ചിത്തഭ്രമം ആയിരിക്കാം. എന്നാലും ശാസ്ത്രജ്ഞന്മാർ ചിന്തിക്കേണ്ടതുണ്ട്. കാലാവസ്ഥക്ക് എന്തോ തകരാറില്ലേ? ‘ഓസോൺകുടയിൽ തുളയാൽ നിത്യപ്രതിഭാസം ജലദോഷം.’ തുടർന്ന് വാർധക്യത്താൽ തന്റെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളേയും പ്രകൃതിയിലെ കാലാവസ്ഥാവ്യതിയാനത്തെയും ഇടകലർത്തിക്കൊണ്ടാണ് ആഖ്യാനം പുരോഗമിക്കുന്നത്.
“പുട്ടിനു ചിരകിയ തേങ്ങ കണക്കെ… തലകീഴായിത്തീർന്നു.”

തുടർന്നുവരുന്ന വരികളിൽ തന്റെ ഉടലിനുവരുന്ന പരിണാമത്തെ, അതിൽനിന്നു പുറത്തുകടക്കാൻ വെമ്പുന്ന ഒരാത്മാവു നിരീക്ഷിക്കുന്നതുപോലെ നിർമ്മമനർമ്മത്തോടെയാണ് വിവരിക്കുന്നത്.
“പിരടിക്കെന്തോ വലിവുണ്ടുയരാ…കുപ്പായത്തിന്നുള്ളിലെ വൃദ്ധൻ?”
ശരീരം ഒരു ബാധ്യതയോ വെച്ചുകെട്ടോ ഒക്കെ ആയി അനുഭവപ്പെടുന്ന ഈ സമയത്താണ്, ഒരു ഞൊടി ഉറക്കത്തിലേക്കു വഴുതിവീണപ്പോൾ കണ്ട സ്വപ്നദൃശ്യംപോലെ, കവിയുടെ വിചാരഗതിയെ വിച്ഛേദിച്ചുകൊണ്ട് ഒരു പൂതം പ്രത്യക്ഷപ്പെടുന്നത്.
“വർണ്ണാലങ്കാരച്ചുമടേറ്റി… തൊള്ളേക്കണ്ണൻ.”

പൂതം കെട്ടിയ ആൾക്ക് കോലം പോലെയായിത്തീർന്നു ആത്മാവിന് ശരീരം. (അവന്റെയൊരു കോലം!) തൊള്ളേക്കണ്ണനാണ് പൂതം. മുഖംമൂടിയിൽ വായുടെ ദ്വാരത്തിലൂടെയാണ് കോലക്കാരൻ കാണുന്നത്. ചക്ഷുഃശ്രവണൻ (കാതു കണ്ണായവൻ – പാമ്പ്) എന്ന വിശേഷണത്തോട് സാദൃശ്യമുണ്ട് തൊള്ളേക്കണ്ണന്. കണ്ണ് വായ് ആയവൻ. തിന്നാനുള്ളതിൽ മാത്രമാണ് നോട്ടം. തിന്നുകൊണ്ട് ജീവൻ നിലനിർത്തുക എന്നതിലപ്പുറം ഒന്നുമില്ലാതാവുന്ന ലോകം. കൊറ്റിനുവേണ്ടി ചുറ്റിനടക്കുന്ന തൊള്ളേക്കണ്ണന്മാരായിത്തീർന്നിരിക്കുന്നു എല്ലാവരും. തന്റെ മാത്രം അവസ്ഥയല്ല. ലോകം ഭോഗാസക്തമായി മാറുന്നു. വർദ്ധിച്ച ഉപഭോഗം കാലാവസ്ഥയെ തകിടം മറിക്കുന്നു. ഇടിഞ്ഞുപൊളിയുന്ന ലോകത്തിന്റെ ചക്രവാളത്തിൽ ‘ഒന്നേ രണ്ടേ..’ എന്നിങ്ങനെ മുഴങ്ങുന്ന ആ നാഴികമണിക്ക് അസാധാരണമായ ഒരു മുഴക്കമുണ്ട്.

അതിസാധാരണതകളിൽ തുടങ്ങി, നിത്യസാധാരണങ്ങളിലൂടെ ഒഴുകി, അത്യസാധാരണത്തിൽ കലാശിക്കുന്ന അക്കിത്തത്തിന്റെ ആഖ്യാനകലക്ക് മികച്ച നിദർശനമാണ് ഇത്. നീലിയാട്ടിലെ കൊടുംവളവിൽനിന്ന് അപ്രതീക്ഷിതമായി ഒരു മൂസ പ്രത്യക്ഷപ്പെടുമ്പോഴുണ്ടാകുന്ന വിസ്മയമാണ് ഈ കവിത എനിക്കു നൽകിയത്.

വാൽ മുറിഞ്ഞ പട്ടി

അങ്ങാടിയിൽ പതിവായി കാണാറുള്ള
വാൽ മുറിഞ്ഞ ആ പട്ടിയെ ഇന്നും കണ്ടു.
വണ്ടിക്കടിപെട്ട് ചത്തിട്ടില്ല.
ഏറുകൊണ്ട് കാലൊടിഞ്ഞിട്ടില്ല.
ആരൊക്കെയോ വലിച്ചെറിഞ്ഞ
എന്തൊക്കെയോ തിന്ന്
അത് ജീവിച്ചിരിക്കുന്നു.
കൂട്ടരോടൊപ്പം ഫൂട്പാത്തിൽ
കിടക്കുന്നു.
മനുഷ്യർ നടന്നടുക്കുമ്പോൾ
എഴുന്നേറ്റ് വഴിമാറുന്നു.
വാഹനങ്ങൾ കടന്നുപോകാൻ
റോഡരുകിൽ കാത്തുനിൽക്കുന്നു.

ഇന്നു രാവിലെ
പാലു വാങ്ങാൻ പോകുമ്പോൾ
അതെന്നെ നോക്കി ഒന്നു ചിരിച്ചു.

സന്തോഷമായി, എനിക്ക്.

ബ്രാഹ്മണിയമ്മയെ ഓർത്തു

നിലത്തുവീണാൽ
അശുദ്ധമാകുമല്ലോ എന്നു കരുതി
ക്ഷമയോടെ കാത്തുനിന്ന്
പശു വാൽ പൊക്കുന്നേരം
പിന്നിൽച്ചെന്ന്
ഭക്തിപൂർവം ഇരുകൈകളും നീട്ടി
സ്വീകരിക്കുമായിരുന്ന
ബ്രാഹ്മണിയമ്മയെ ഓർമ്മവന്നു

ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുത്ത്
അതു സ്വീകരിച്ചുകൊണ്ട്
ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ.

പുലിയോടൊത്തു ജീവിതം

ഹര്‍കയിറ്റ്സ് കാനോ

(കോഴിക്കോട്ട് കെ.എല്‍.എഫിനോടനുബന്ധിച്ചു നടന്ന പരിഭാഷാ ശില്പശാലയില്‍വെച്ചാണ് ബാസ്ക് ഭാഷാകവി ഹര്‍കെയിറ്റ്സ് കാനോവിനെ പരിചയപ്പെട്ടത്. വടക്കന്‍ സ്പെയിനിനും തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിനും ഇടയ്ക്ക് കിടക്കുന്ന ചെറിയ പ്രേദേശത്തുമാത്രം പ്രചാരമുള്ള യൂറോപ്യന്‍ ഭാഷയത്രേ ബാസ്ക്. നാല്പതുകാരനായ ഹര്‍കെയിറ്റ്സ് കാനോ ഈ ഭാഷയില്‍നിന്നുള്ള പ്രമുഖ കവിയും വിവര്‍ത്തകനുമാണ്. സച്ചിദാനന്ദന്‍ സാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന ശില്പശാലയില്‍ മുഖ്യസംഘാടകയായിരുന്ന സംപൂര്‍ണ്ണ ചാറ്റര്‍ജി നല്‍കിയ കവിതകളില്‍നിന്ന് ഞാന്‍ തിരഞ്ഞെടുത്തത് അല്പം നീണ്ട Living with a Tiger എന്ന കവിതയാണ്. കേദാര്‍നാഥ് സിങ്ങിന്റെ വ്യാഘ്രം എന്ന കവിതയോട് അസാധാരണമായ സാദൃശ്യം തോന്നിയതുകൊണ്ടാണ് ഈ കവിതതന്നെ ഞാന്‍ തിരഞ്ഞെടുത്തത്. നര്‍മ്മരസികത തുളുമ്പുന്ന നിരീക്ഷണങ്ങളുടെ മിന്നാമിന്നിവെളിച്ചംകൊണ്ട് പ്രകാശിക്കുന്നവയാണ് പൊതുവേ കാനോയുടെ കവിത.)

അതെങ്ങനെ ഇവിടെ വന്നു എന്നതല്ല കാര്യം.
ഒരുപക്ഷെ, ഞങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന വാടകക്കാരന്‍
ബോധപൂര്‍വ്വമോ അല്ലാതെയോ
ഇവിടെ ഉപേക്ഷിച്ചു പോയതായിരിക്കാം.
ഞങ്ങളുടെ നോട്ടം തെറ്റിയ സമയത്ത്
ജനലിലൂടെ ഒളിച്ചുകടന്നതാകാം.
ഞങ്ങളുടെ ഗ്രാമഫോണ്‍ ശേഖരം കേട്ടു സഹികെട്ട
അയല്‍ക്കാരിലാരോ പണി തന്നതാവാം.
അല്ലെങ്കില്‍ ആ നീലക്കുപ്പായക്കാരനായ,
ഗ്യാസ്, വെള്ളം, വൈദ്യുതി മീറ്റര്‍ പരിശോധകന്റെ പണിയാവാം.
എന്റെ പ്രിയപ്പെട്ട ചിന്തകരായ വിറ്റ്ഗെന്‍സ്റ്റീന്‍, സിയോറാന്‍, സ്റ്റേയ്നര്‍
എന്നിവരെന്തെങ്കിലും ഇതെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ എന്നു നോക്കി
അവര്‍ക്കൊന്നും ഉത്തരമില്ല.
ആകെക്കൂടി എനിക്കറിയാവുന്നത്
ഒരു പുലി ഞങ്ങളോടൊപ്പമുണ്ട് എന്ന വസ്തുതയാണ്.
ദിവസങ്ങളോളം കാണാതായാല്‍പ്പോലും
അതു പോയിക്കാണും എന്ന് പതിവുപോലെ
ഞങ്ങള്‍ ആശ്വസിക്കാറില്ല. കാരണം ഞങ്ങള്‍ക്കറിയാം
അതു തിരിച്ചുവരുമെന്ന്. വന്നിട്ടുമുണ്ട്.
പൂച്ചയല്ല പുലി, അതിനാല്‍ പ്രയാസമാണ്
അതിന്റെ ജന്മങ്ങള്‍ അവസാനിച്ചു എന്നു കരുതാന്‍.
അപ്പുറത്ത് അതുണ്ട് എന്ന ഒറ്റവിചാരം മതി
കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാതിരിക്കാന്‍.
ഒരു പുലി, നായാട്ടിനു പ്രേരിപ്പിക്കുകയാണ് വേണ്ടത്.
എന്നാല്‍ ഇവിടെ അതുമില്ല.
ഞങ്ങളുടെ വീട്ടില്‍ സഹോദരങ്ങളായി ഒരുപാടു പേരുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ എല്ലാവരുമില്ല.
ചിലരെല്ലാം പോയതിന് പുലിയെ കുറ്റപ്പെടുത്താനാകുമോ?
ഓരോരുത്തരും സ്ഥലം വിടുന്നതിനുമുമ്പ്
ഒരു കലഹം നടക്കുക പതിവായിരുന്നു.
കുറ്റം ചാരാന്‍ വീട്ടില്‍ ഒരു പുലിയുണ്ടാകുന്നത്
സൗകര്യമാണ് എന്നുവെച്ച് അതെല്ലാം അവന്‍ കാരണമാണെന്ന്
തീര്‍ച്ചപ്പെടുത്തുന്നതു ശരിയല്ലല്ലോ.
ജോലിക്ക് വൈകിയെത്തിയാല്‍
അതു പുലി കാരണമാണ് എന്നു ന്യായീകരിക്കും
ചിലപ്പോഴെല്ലാം അതു വാസ്തവമാണ്. എല്ലായ്പോഴും അല്ലതാനും.
പുലിയോടൊത്താണ് ജീവിതമെങ്കില്‍
ക്ലോക്ക് അല്പം പതുക്കെയാവും.
വളരെ നേരത്തെയാണ് എന്നു വിചാരിച്ചത്
പൊടുന്നനെ, വളരെ വൈകിയാണെന്ന് തിരിച്ചറിയും.
കാരണം, പുലികള്‍ക്ക് സമയത്തെ നിശ്ചലമാക്കാന്‍ കഴിയും.
ഇതൊരു ബഡായി പറച്ചിലായി തോന്നാം.
പക്ഷെ വാസ്തവമാണ്. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും
ഒരു പുലിക്ക് അതിന്റെ കൈപ്പത്തികൊണ്ട്
ക്ലോക്കിന്റെ സൂചി തിരിച്ചുവെക്കാനാവും.
ഫ്രിഡ്ജില്‍നിന്നു ഭക്ഷണം കാണാതാകുന്നത്,
അലമാരയില്‍ അടുക്കിയ വസ്ത്രങ്ങള്‍ അലങ്കോലമായിരിക്കുന്നത്,
തുണികള്‍ കീറിക്കാണുന്നത് –
ഈ സുചനകളൊന്നും നമ്മള്‍ ശരിക്കു മനസ്സിലാക്കാത്തതുകൊണ്ടാണ്.
സദാ കരുതിയിരിക്കണം,
ഒരു പുലി കൂടെ പാര്‍ക്കുന്നുണ്ടെങ്കില്‍.
മുമ്പത്തെപ്പോലെ അതിപ്പോള്‍ ഒരു കുഞ്ഞുപുലിയല്ല
ഞങ്ങളോടൊപ്പം അതും വളരുകയായിരുന്നോ?
തുടക്കം മുതലേ അതൊരു വളര്‍ച്ചയെത്തിയ പുലിയായിരുന്നോ?
അത് ഒരൊറ്റപ്പുലിയോ രണ്ടോ, മൂന്നോ?
ഒരു നിശ്ചയവുമില്ല. രഹസ്യമാണത്.
ഇതേച്ചൊല്ലി വീട്ടില്‍ ഞങ്ങള്‍ക്ക് അഭിപ്രായൈക്യമില്ല.
എന്തെന്നാല്‍ അതിനെ മുഴുവനായി കണ്ടിട്ടുള്ള സന്ദര്‍ഭം ചുരുക്കമാണ്.
ചിലപ്പോഴെല്ലാം അവന്‍ ഞങ്ങളുടെ പിറകില്‍ത്തന്നെയുള്ള
ഒരവ്യക്ത സാന്നിദ്ധ്യമായിരിക്കും,
ശ്വാസം വലിക്കുകയും നാറുകയും ചെയ്യുന്ന ഒന്ന്.
ഞങ്ങള്‍ വിനോദത്തിലേര്‍പ്പെടുമ്പോള്‍ അതു
ചാരനെപ്പോലെ നിരീക്ഷിക്കും.
ഞങ്ങളുടെ സ്വപ്നങ്ങളെ അത് വിശകലനം ചെയ്യും.
ഞങ്ങളുടെ ചിരി അതിനെ അസൂയാലുവാക്കും.
കണ്ണീര് സംശയാലുവാക്കും,
എന്തു കാരണം കൊണ്ട് എന്നതിശയിക്കും.
ഒരു മിന്നല്‍ക്കാഴ്ചയില്‍
പളുങ്ങിമറയുന്ന പട്ടുരോമങ്ങളുള്ള അവന്റെ വാല്,
കാര്‍പ്പെറ്റില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍,
വന്യമായ ഒരിരമ്പം,
മരം പതിച്ച നിലത്തു കാണുന്ന വിള്ളല്‍,
അതിവിടെ ഉണ്ട് എന്നതിന്
കണ്ണില്‍പ്പെടാന്‍ പ്രയാസമായ
ഇത്തരം ചെറിയ തെളിവുകള്‍, അടയാളങ്ങള്‍
ഞങ്ങള്‍ കാണാറുണ്ട്.
പുലി അതാണ്, പുലി ഇതാണ്,
അതങ്ങനെയാണ്, ഇങ്ങനെയാണ്
എന്നെല്ലാം വിദഗ്ദ്ധര്‍ റേഡിയോയില്‍ പറയുന്നതു കേള്‍ക്കാറുണ്ട്.
എന്നാല്‍, വീട്ടില്‍ ഒരു പുലിയുണ്ടെങ്കില്‍ ആരുമിങ്ങനെ പറയില്ല
എന്നേ എനിക്കു പറയാനുള്ളു.
ഞങ്ങളുടെ ഇളയകുഞ്ഞിനെ വേഗത്തില്‍ നടക്കാന്‍ പഠിപ്പിച്ചു.
എന്തുകൊണ്ടാണെന്നോ, നാലുകാലില്‍ സഞ്ചരിക്കുന്നതിനോട്
പുലി ഒരു ദയവും കാണിക്കില്ല എന്ന പേടിയുള്ളതുകൊണ്ടുതന്നെ.
ഒരു പുലി നിങ്ങളോടൊപ്പം പാര്‍പ്പുണ്ടെങ്കില്‍
ഒരു സന്ദര്‍ശകനും നിങ്ങളെത്തേടി വരികയില്ല.
എന്നാലും ചിലപ്പോള്‍
ഒരു പുലി കൂടെ താമസിക്കുന്നുണ്ടെന്ന്
നമ്മള്‍ മറന്നുപോകും.
ചിലപ്പോള്‍ ദിവസങ്ങളോളം മറക്കും.
ഒരു വിശേഷവുമില്ലാത്ത ഏതെങ്കിലുമൊരു ദിവസം
ജോലി കഴിഞ്ഞു ക്ഷീണിച്ചു മടങ്ങുമ്പോഴോ മറ്റോ
അപ്രതീക്ഷിതമായി, ആ നാശം
കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുന്നതുവരെ.
എന്താ പറഞ്ഞത്? ചില പുലികള്‍ മാന്യരാണ് എന്നോ?
പുലികള്‍ പുലികളാണ്.
കൂടുതലൊന്നും ഞാന്‍ പറയുന്നില്ല.
ഇതു സര്‍ക്കാര്‍ അനുവദിച്ച ഭവനമല്ല.
എന്നിട്ടും ഒരു പുലിക്ക് ഞങ്ങളിവിടെ അഭയം കൊടുത്തിരിക്കുന്നു.
ഈ ശല്യമൊഴിവാക്കുന്നതിനെപ്പറ്റി
ഗൗരവമായിത്തന്നെ ഞങ്ങള്‍ ആലോചിച്ചിരുന്നു-
വീട് വില്‍ക്കാം. വാങ്ങുന്നയാളോട് കാര്യം പറയേണ്ട.
അഴികളും വാതിലുകളെല്ലാം തുറന്നിട്ട് അതിനെ പോകാന്‍ വിടാം
അങ്ങനെ നിരവധി സാദ്ധ്യതകള്‍ ഞങ്ങളുടെ മനസ്സിലൂടെ കടന്നുപോയി
എന്നിട്ടെന്തായി ഒടുക്കം? ഒരു പുലിയൊടൊപ്പം പൊറുക്കുന്നത്
ഞങ്ങള്‍ക്കങ്ങു ശീലമായി എന്നു പറഞ്ഞാല്‍ മതിയല്ലോ.
പുലിയോടു ഇഷ്ടം തോന്നുമോ? ആ ഇഷ്ടം വളര്‍ന്നുവലുതാകുമോ?
സംഭവിക്കാം. വളരുകയും ചെയ്തേക്കാം.
എന്നാലും ഒന്നുണ്ട്. പുലി പുലിയാണ്.
അതിന്റെ വര മായില്ല.
അത് ആണോ പെണ്ണോ?
വയസ്സ് അമ്പതായിക്കാണുമോ? അതോ പതിനഞ്ചോ?
എഴുപത്തിരണ്ടോ? അഞ്ഞൂറായിക്കാണുമോ?
അത്താഴപ്പുറത്ത്, പുലി തിന്നാത്ത വാള്‍നട്ടു കൊറിച്ചുകൊണ്ട്
ഞങ്ങള്‍ പുലിയുടെ പ്രായത്തെച്ചൊല്ലി വിചാരപ്പെടും.
അതിനു പ്രായമേയില്ലെന്നു വരുമോ? അതിന്റെ സ്വഭാവം
കുറച്ചു മൃദുവായിട്ടുണ്ടോ? അതോ മൂര്‍ച്ച കൂടിയോ?
ഇതെല്ലാംതന്നെ ഒരു നുണയാണെന്നു വരുമോ?
ഒരുപക്ഷെ, ഇവന്‍ പുലിത്തോലണിഞ്ഞ
ചെകുത്താന്‍തന്നെയായിരിക്കുമോ?
പുലിയുടെ പുറത്തെ വളഞ്ഞ വരകളെപ്പറ്റി
ചുരുക്കിയും വ്യക്തമായും എഴുതണമെന്നുതന്നെയാണ് എനിക്കു മോഹം.
ധൈര്യമില്ലെങ്കിലും തെരുവില്‍ കണ്ട മനുഷ്യരോടെല്ലാം
എനിക്കിങ്ങനെ ചോദിക്കാന്‍ തോന്നും :
നിങ്ങള്‍ ഒരു പുലിയോടൊപ്പമാണോ ജീവിക്കുന്നത്? സത്യം പറയണം.
എല്ലാവരും അങ്ങനെയല്ലേ?
ഈ കൊടിയ ശല്യം – ആണായാലും പെണ്ണായാലും
നാമെല്ലാം ഒരുപോലെ അനുഭവിക്കുന്ന ഈ ലോകത്തിന്റെ
മറ്റൊരു പേരുതന്നെയല്ലേ അത്?
ഒരു കാര്യം തുറന്നു പറയാം,
പുലിയോടൊപ്പമാണ് എന്റെ ജീവിതം.
അതുകൂടെയില്ലാത്ത ഒരു ജീവിതം
ഇനി സാധ്യമാകുമെന്നോ,
അങ്ങനെയൊരു ജീവിതത്തിന്
എന്തെങ്കിലും അര്‍ത്ഥമുണ്ടാകുമെന്നോ,
ഞാന്‍ കരുതുന്നുമില്ല.