മൂന്നു കവിതകൾ

കവി
‘ട്ർ’ എന്ന ശബ്ദത്തൊടൊപ്പം
അ എന്നോ ഇ എന്നോ ഉ എന്നോ
പലതരം സ്വരങ്ങൾ കൂട്ടിച്ചേർത്തിട്ടും
ചുണ്ടും തൊണ്ടയും പലമാതിരി
കോട്ടി ഉച്ചരിച്ചിട്ടും
ആ കിളിയുടെ കൂജനം അയാൾക്ക്
അനുകരിക്കാനായില്ല.
അതിൽ നിറഞ്ഞുതുളുമ്പിയ ആനന്ദം
ഉള്ളിൽ അടക്കാനായില്ല.
പ്രഭാതനടത്തത്തിനിടയിൽ
മരച്ചുവട്ടിൽനിന്ന് മുകളിലേക്കു നോക്കി
അയാൾ വികൃതശബ്ദങ്ങളുണ്ടാക്കുന്നത്
ആ വഴി സ്കൂട്ടറിൽ പോകുന്ന
ഒരാളുടെ കണ്ണിൽ പെടുകയും,
അടുത്തുചെന്ന്
ഹെൽമറ്റുചില്ല് പൊക്കി
എന്തുപറ്റി? സഹായിക്കണോ
എന്നു ചോദിക്കുകയും,
അതു ശ്രദ്ധിക്കാതെ
പൊയ്ക്കൊള്ളാൻ കാണിച്ച ആംഗ്യം കണ്ട്
വട്ടൻ എന്നു ചില്ലു താഴ്ത്തി
കടന്നുപോവുകയും ചെയ്തു.
നടത്തം മതിയാക്കി തിരിച്ചെത്തിയ ഉടനെ അയാൾ
അടുക്കളയിൽ ദോശയുണ്ടാക്കുകയായിരുന്ന കൂട്ടുകാരിയെ
ഓർക്കാപ്പുറത്തു ചെന്നു കെട്ടിപ്പിടിച്ച്
ചുണ്ടുകളിൽ ഉമ്മവെച്ചു.
‘ഈ കവിത എനിക്കിഷ്ടമായി’;
അവൾ പറഞ്ഞു.

ശീർഷകം
അക്വേറിയത്തിലെ ആ മീൻ
അടുത്തനിമിഷം
ഏതു ദിശയിലേക്കു തല വെട്ടിക്കും
എന്നു പ്രവചിക്കാനാവത്തതിലെ
വിസ്മയത്തെപ്പറ്റി
ഒരു കവിത എഴുതുകയാണെങ്കിൽ
അതിനെന്തു ശീർഷകം
നൽകുമെന്ന് ആലോചിച്ചുകൊണ്ട്,
ഈ സുപ്രഭാതത്തിൽ ഞാൻ
സ്പോണ്ടിലോസിസിനു
നിർദ്ദേശിക്കപ്പെട്ട
കഴുത്തുവ്യായാമം ആരംഭിക്കുന്നു.

വായന
‘നിനക്കൊരിക്കലുമുൾക്കൊള്ളാനാവാത്ത,
നിന്നെയൊരിക്കലും മറക്കാനാവാത്ത ഞാൻ
നിന്റെ മൂന്നാമത്തെ കൈയ്യാകുന്നു.
രണ്ടാമത്തെ നിഴലും, വെളുത്തത്.’*
എന്ന വരികൾ വായിച്ചു കോരിത്തരിച്ച്
ഞാൻ തിരിഞ്ഞുനോക്കുന്നു.
എനിക്ക് രണ്ടു നിഴലുകൾ!
അതിലൊന്നു വെളുത്തത്.
ഞാനെന്റെ മൂന്നാമത്തെ കൈ
കവിക്കു നേരേ നീട്ടുന്നു.

(*റോൾഫ് ജാക്കോബ്സന്റെ രക്ഷാദേവത എന്ന കവിതയിലെ വരികൾ. മൊഴിമാറ്റം പി.രാമൻ)