കവിയുടെ കല്ലറ

ഷുൺടാരോ താനിക്കാവ

ഒരിടത്ത് ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു
കവിതയെഴുതിയാണ് അയാള്‍ കഴിഞ്ഞുകൂടിയിരുന്നത്.
വിവാഹങ്ങള്‍ക്ക് അയാള്‍ മംഗളഗീതമെഴുതിക്കൊടുക്കും
മരണമുണ്ടായാല്‍ കല്ലറയില്‍ കൊത്തിവെക്കാന്‍ വരികളെഴുതിക്കൊടുക്കും

ആളുകള്‍ നന്ദിപൂര്‍വ്വം അയാള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുമായിരുന്നു
ചിലര്‍ കൊട്ടനിറച്ചും മുട്ട കൊടുത്തു
ചിലര്‍ കുപ്പായം തുന്നിക്കൊടുത്തു
മറ്റൊന്നും നല്‍കാനില്ലാത്ത ചിലരാകട്ടെ
അയാളുടെ മുറി തൂത്തുവാരിക്കൊടുത്തു

എന്തുകിട്ടിയാലും അയാള്‍ സന്തോഷിച്ചു
സ്വര്‍ണ്ണമോതിരം ഊരിത്തന്ന വൃദ്ധയോടും
കടലാസുകൊണ്ട് താനുണ്ടാക്കിയ കളിപ്പാവയെ സമ്മാനിച്ച ബാലികയോടും
അയാള്‍ ഒരുപോലെ കൃതജ്ഞത പ്രകടിപ്പിച്ചു

അയാള്‍ക്ക് ഒരു പേരുണ്ടായിരുന്നു. എന്നാല്‍ അതാരും ഉപയോഗിച്ചിരുന്നില്ല
ആളുകള്‍ അയാളെ കവി എന്നുമാത്രം വിളിച്ചു
ആദ്യമൊക്കെ അയാള്‍ക്കതില്‍ വിഷമമുണ്ടായിരുന്നുവെങ്കിലും
പിന്നെപ്പിന്നെ അതു ശീലമായി.

ദൂരദേശങ്ങളില്‍ അയാളുടെ ഖ്യാതി പടര്‍ന്നു
അകലങ്ങളില്‍നിന്നും ആവശ്യക്കാര്‍ തേടിവന്നു
പൂച്ചപ്രിയന്മാര്‍ അയാളോട് പൂച്ചകളെക്കുറിച്ചുള്ള കവിതകളാവശ്യപ്പെട്ടു
തീറ്റപ്രിയന്മാര്‍ ഭക്ഷണവിഭവങ്ങളെക്കുറിച്ചുള്ള കവിതയാവശ്യപ്പെട്ടു
കമിതാക്കള്‍ പ്രണയകവിതകളാവശ്യപ്പെട്ടു

എത്ര പ്രയാസമുള്ളതായാലും ആരുടേയും അപേക്ഷ അയാള്‍ നിരസിച്ചില്ല
തന്റെ ഇളകുന്ന പഴയ മേശയ്ക്കരികില്‍
ശൂന്യതയിലേക്ക് നോക്കി അയാള്‍ കുറച്ചുനേരം ഇരിക്കും
എന്നിട്ട് എങ്ങിനേയോ ഒരു കവിതയുമായി എഴുന്നേല്‍ക്കും

അയാളുടെ കവിതകള്‍ എല്ലാവര്‍ക്കും ആസ്വാദ്യമായിരുന്നു
ചിലത് നമ്മളെ ഉറക്കെ കരയിപ്പിക്കുന്നവ
ചിലത് കുടുകുടെ ചിരിപ്പിക്കുന്നവ
ചിലതാകട്ടെ കഠിനവും സുദീര്‍ഘവുമായ ചിന്തയിലാഴ്ത്തുന്നവ

ആളുകള്‍ അയാളോട് ചോദിക്കാറുണ്ട്
താങ്കള്‍ക്ക് എങ്ങനെ സാധിക്കുന്നു ഇത്ര നന്നായി എഴുതുവാന്‍?
ഒരു കവിയായിത്തീരാന്‍ ഞാനെന്തെല്ലാമാണ് പഠിക്കേണ്ടത്?
താങ്കള്‍ക്ക് എവിടന്നു കിട്ടുന്നു ഇത്രനല്ല വാക്കുകള്‍?

എന്നാല്‍ അയാള്‍ക്കു മറുപടിയുണ്ടായിരുന്നില്ല
ഉണ്ടെങ്കിലും അതു പറയാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല
അതൊന്നും എനിക്കറിഞ്ഞുകൂടാ എന്നുമാത്രമേ അയാള്‍ പറഞ്ഞുള്ളു
എന്തു നല്ല മനുഷ്യന്‍ എന്ന് ആളുകള്‍ അയാളെപ്പറ്റി അഭിപ്രായപ്പെട്ടു

ഒരുദിവസം ഒരു യുവതി അയാളെ കാണാന്‍ വന്നു
അയാളുടെ കവിതകള്‍ അവള്‍ വായിച്ചിരുന്നു, നേരില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നു
ആദ്യദര്‍ശനത്തില്‍ത്തന്നെ അയാള്‍ക്ക് അവളോട് അനുരാഗം തോന്നി
ഉടന്‍തന്നെ ഒരു കവിതയെഴുതി അവള്‍ക്കു സമര്‍പ്പിക്കുകയും ചെയ്തു

ആ കവിത വായിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരം അവള്‍ക്കനുഭവപ്പെട്ടു
ആഹ്ലാദമാണോ വിഷാദമാണോ അതെന്ന് അവള്‍ക്കു പറയാനായില്ല
രാത്രിയില്‍ ആകാശത്തെ നക്ഷത്രങ്ങളെ തഴുകുന്നുതുപോലെ
താന്‍ പിറക്കുന്നതിനും മുമ്പത്തെ കാലത്തേക്ക് തിരിച്ചുപോകുന്നതുപോലെ

ഇത് മനുഷ്യസഹജമായ ഒരനുഭൂതിയല്ല അവള്‍ വിചാരിച്ചു
ദിവ്യമായ ഒന്ന്, അല്ലെങ്കില്‍ പൈശാചികം
ഒരിളംകാറ്റുപോലെ അയാള്‍ അവളെ ഉമ്മവെച്ചു
അയാളെയാണോ അയാളുടെ കവിതകളെയാണോ താന്‍ സ്‌നേഹിക്കുന്നതെന്ന്
അവള്‍ക്കു തീര്‍ച്ചയുണ്ടായിരുന്നില്ല

അന്നുമുതല്‍ അവള്‍ അയാളോടൊത്ത് ജീവിതം തുടങ്ങി
അവള്‍ പ്രാതലുണ്ടാക്കുമ്പോള്‍ അയാള്‍ പ്രാതലിനെക്കുറിച്ച് കവിതയെഴുതി
അവള്‍ കാട്ടുപഴങ്ങള്‍ പറിക്കുമ്പോള്‍ അയാള്‍ പഴങ്ങളെപ്പറ്റി കവിതയെഴുതി
അവള്‍ വസ്ത്രമൂരുമ്പോള്‍ അയാള്‍ അവളുടെ സൗന്ദര്യത്തെക്കുറിച്ച കവിതയെഴുതി

അയാളൊരു കവിയാണെന്നതില്‍ അവള്‍ അഭിമാനിച്ചു
കവിതയെഴുതുന്നത് നിലമുഴുന്നതിനേക്കാളും യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിനേക്കാളും
രത്‌നവില്‍പ്പനയേക്കാളും എന്തിന്, ഒരു രാജാവായിരിക്കുന്നതിനേക്കാളും
മികച്ചതാണെന്ന് അവള്‍ കരുതി

എങ്കിലും ചിലപ്പോഴെല്ലാം അവള്‍ക്ക് ഏകാന്തത അനുഭവപ്പെടും
അവളുടെ കൈയ്യില്‍നിന്ന് വിലപിടിപ്പുള്ള പ്ലേറ്റോ മറ്റോ പൊട്ടിയാലും
അയാള്‍ ദേഷ്യപ്പെടില്ല. മാത്രമല്ല, ആശ്വസിപ്പിക്കുകയും ചെയ്യും
അതവള്‍ക്കു സന്തോഷമാണ്. എന്നാലും എന്തിന്റേയോ കുറവ് അനുഭവപ്പെടാറുണ്ട്

ഒരിക്കല്‍ താന്‍ ഉപേക്ഷിച്ചുപോന്ന മുത്തശ്ശിയെക്കുറിച്ച് അവള്‍ പറഞ്ഞപ്പോള്‍
അയാളുടെ കണ്ണു തുളുമ്പിപ്പോയി.
എന്നാല്‍ അടുത്തദിവസമായപ്പോഴേക്കും അയാളതെല്ലാം മറന്നുകഴിഞ്ഞിരുന്നു
അതിലെന്തോ കുഴപ്പമുണ്ടെന്ന് അവള്‍ക്കു തോന്നി

എങ്കിലും അവള്‍ സന്തുഷ്ടയായിരുന്നു
ഇനിയും വളരെക്കാലം അയാളോടൊത്തു കഴിയാന്‍ അവള്‍ മോഹിച്ചു
അതു പറഞ്ഞപ്പോള്‍ അയാള്‍ അവളെ തന്റെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു
അവളിലല്ല ശൂന്യതയിലാണ് അയാള്‍ കണ്ണുനട്ടിരുന്നത്

അയാള്‍ കവിത രചിച്ചിരുന്നത് ഒറ്റയ്ക്കിരുന്നാണ്
അയാള്‍ക്ക് കൂട്ടുകാരുണ്ടായിരുന്നില്ല
കവിതയെഴുതാത്തപ്പോഴെല്ലാം അയാള്‍
അങ്ങേയറ്റം മുഷിഞ്ഞ ഭാവത്തോടെ കാണപ്പെട്ടു

ഒരു പൂവിന്റെ പേരുപോലും അയാള്‍ക്കറിയില്ലായിരുന്നു
എന്നിട്ടും അയാള്‍ പൂക്കളെപ്പറ്റി നിരവധി കവിതകളെഴുതി
പലരും അയാള്‍ക്ക് പൂച്ചെടികളുടെ വിത്തു സമ്മാനിക്കാറുണ്ടായിരുന്നു
എന്നാല്‍ അവളാണ് മുറ്റത്ത് പൂന്തോട്ടമുണ്ടാക്കിയത്

ഒരു സന്ധ്യക്ക് എന്തിനെന്നില്ലാതെ വിഷാദവതിയായി
അവള്‍ അയാളുടെ മേനിയില്‍ വീണ് പൊട്ടിക്കരഞ്ഞു
അപ്പോള്‍ത്തന്നെ, തുളുമ്പുന്ന ബാഷ്പകണങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട്
അയാളൊരു കവിത രചിച്ചു
ആ കവിത വലിച്ചുകീറി ദൂരേക്കെറിഞ്ഞു അവള്‍

അയാള്‍ക്കു വേദനിച്ചു
അയാളുടെ മുഖത്തു നോക്കി കൂടുതല്‍ ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് അവള്‍ അലറി
കവിതയല്ലാത്ത എന്തെങ്കിലുമൊന്ന് എന്നോടു പറയൂ
എന്തായാലും വേണ്ടില്ല, പറയൂ എന്നോട്

അയാള്‍ തല താഴ്ത്തി നിശ്ശബ്ദനായി
ഒന്നും പറയാനില്ല അല്ലേ?
നിങ്ങളൊരു പൊള്ളമനുഷ്യനാണ്
സകലതിനേയും കടത്തിവിടുന്ന ഒരു ശൂന്യത

അയാള്‍ പറഞ്ഞു: ഇവിടെ, ഇപ്പോള്‍ മാത്രം ഞാന്‍ ജീവിക്കുന്നു
എനിക്ക് ഇന്നലെയോ നാളെയോ ഇല്ല
ഒരു വസ്തുവുമില്ലാത്ത ശൂന്യമായ ഒരിടത്തെയാണ് ഞാന്‍ സ്വപ്‌നം കാണുന്നത്
കാരണം ഈ ലോകം അത്രക്കു സമൃദ്ധവും സുന്ദരവുമാണ്

അവള്‍ മുഷ്ടിചുരുട്ടി അയാളെ ഇടിക്കാന്‍ തുടങ്ങി
പല തവണ, പരമാവധി ശക്തിയില്‍
അപ്പോള്‍ അയാളുടെ ശരീരം സുതാര്യമായിത്തീര്‍ന്നു
അയാളുടെ ഹൃദയം തലച്ചോറ് കുടല്‍ എല്ലാം വായുകണക്കെ അദൃശ്യമായി

അയാള്‍ക്കുള്ളിലൂടെ ഒരു നഗരം അവള്‍ക്കു കാണാറായി
അവിടെ ഒളിച്ചുകളിക്കുന്ന കുട്ടികളെ അവള്‍ കണ്ടു
ആലിംഗനത്തിലേര്‍പ്പെട്ട കമിതാക്കളെ കണ്ടു
അടുപ്പത്തിരിക്കുന്ന പാത്രത്തില്‍ എന്തോ ഇളക്കിക്കൊണ്ടിരിക്കുന്ന അമ്മയെ കണ്ടു

മദ്യപിച്ച ഒരുദ്യോഗസ്ഥനെ കണ്ടു
ഒരു മരക്കഷണം ഈര്‍ന്നു മുറിക്കുന്ന ആശാരിയെ കണ്ടു
ചുമച്ചു കഫം തുപ്പുന്ന ഒരു വൃദ്ധനെ കണ്ടു
പൊട്ടിപ്പൊളിഞ്ഞ ഒരു കല്ലറ കണ്ടു

ആ കല്ലറയ്ക്കരികില്‍ ഏകാകിയായി താന്‍ നില്‍ക്കുന്നത് അവളറിഞ്ഞു
നീലാകാശം അവളെന്നും കാണാറുള്ളതുപോലെ വിസ്തൃതമായിത്തന്നെ കാണപ്പെട്ടു
എന്നാല്‍ ആ കല്ലറയ്ക്കുമേല്‍ ഒറ്റവാക്കുപോലും കൊത്തിവെച്ചിരുന്നില്ല.

(ഇത് 2013ൽ ചെയ്ത ഒരു പരിഭാഷയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. Source ഓർമ്മയില്ല.)

പീശപ്പിള്ളി

വേഷത്തിന്നുള്ള ഭംഗി, കരമതിൽ വിരിയും
മുദ്രയിൽ ചേർന്ന വൃത്തി,
ഭാവത്തിന്നുള്ള പൂർത്തി, നവരസമുണരും
കൺകളാർജ്ജിച്ച സിദ്ധി
പാത്രത്തിന്നുള്ളുകാട്ടി,പ്പുതുവഴി തിരയാ-
നുള്ളൊരന്വേഷബുദ്ധി;
പീശപ്പിള്ളിക്കിണങ്ങീ, കലയതിലമരും
ഭാവിതൻ ഭാസവൃദ്ധി!

(2018 ജനുവരി 2ലെ ഒരു FB പോസ്റ്റ് ആണ്. മെമ്മറീസ് പൊക്കിക്കൊണ്ടുതന്നത്. പീശപ്പിള്ളി രാജീവനെ ആദരിക്കുന്നതിനായി കുന്നംകുളത്തു സംഘടിപ്പിച്ച രംഗരാജീവത്തിൽ രാജീവനു സമർപ്പിച്ച മംഗളപത്രിലെഴുതിയ ഒരു ശ്ലോകം.)

മേഘങ്ങളെത്താനയക്കൂ

അഞ്ചരയിഞ്ചു ചതുരത്തിര നോക്കി-
യഞ്ചിയ കണ്ണുകള്‍ മങ്ങി,
കാതുകള്‍ക്കുള്ളില്‍ തിരുകിയ സംഗീത
നാളിയാല്‍ കേള്‍വി ചുരുങ്ങി,
കാലവും ദേശവുമില്ലാതെ, ചൂഴുന്ന
ലോകം തിരിച്ചറിയാതെ,
വാതിലടച്ചു തപസ്സിരിക്കും നവ
യോഗിയെത്തട്ടിയുണര്‍ത്താന്‍
മേനകയേയല്ല വിദ്യുല്ലതാവൃത
മേഘങ്ങളെത്താനയക്കൂ,
തോരാതെ പെയ്യട്ടെ, വീണ്ടും പ്രളയത്തി-
നാഘാതമേറ്റെണീക്കട്ടെ!

2022

തുരുമ്പ്

ഗവണ്‍മെന്റാസ്പത്രി
ജനല്‍ക്കമ്പി, കഫം
പുരണ്ടിരുണ്ടത്,
തുരുമ്പെടുത്തത്.

അതിന്നു മേലൊരു
ചെറുതുമ്പി; ചിറ-
കൊതുക്കി പ്രാര്‍ത്ഥിക്കാ-
നിരുന്നു തെല്ലിട

ദിനരാത്രമെണ്ണി-
ക്കഴിയും രോഗികള്‍
അതുകണ്ടു മിഴി-
യിമകള്‍ പൂട്ടുന്നു

അവരുടെ നെഞ്ചി-
ന്നകത്തുമന്നേരം
ഒരു തുമ്പിച്ചിറ-
കനക്കം കാണുന്നു

ഇരുമ്പിനെപ്പോലും
തുരുമ്പെടുപ്പിച്ചു
പ്രചണ്ഡവേഗത്തില്‍
പറക്കും കാലമേ,

ഇവര്‍ക്കുവേണ്ടി നീ
കുറച്ചു നേരമീ
ജനല്‍ക്കമ്പിയിന്മേല്‍
ഇരുന്നുകൊണ്ടാലും.

(ആറുവർഷം മുമ്പ് തൃശൂർ മെഡിക്കൽ കോളേജിൽ ക്യാൻസർ രോഗികൾക്കുള്ള പാലീയേറ്റീവ് വാർഡിൽ രാജുവിനെ പരിചരിച്ചുകൊണ്ടിരിക്കെ മനസ്സിൽ ഊറിക്കൂടിയ വരികളാണ് ഇത്. ഇന്ന് FB അത് വീണ്ടും ഓർമ്മിപ്പിച്ചു.) 

വാൽ മുറിഞ്ഞ പട്ടി

അങ്ങാടിയിൽ പതിവായി കാണാറുള്ള
വാൽ മുറിഞ്ഞ ആ പട്ടിയെ ഇന്നും കണ്ടു.
വണ്ടിക്കടിപെട്ട് ചത്തിട്ടില്ല.
ഏറുകൊണ്ട് കാലൊടിഞ്ഞിട്ടില്ല.
ആരൊക്കെയോ വലിച്ചെറിഞ്ഞ
എന്തൊക്കെയോ തിന്ന്
അത് ജീവിച്ചിരിക്കുന്നു.
കൂട്ടരോടൊപ്പം ഫൂട്പാത്തിൽ
കിടക്കുന്നു.
മനുഷ്യർ നടന്നടുക്കുമ്പോൾ
എഴുന്നേറ്റ് വഴിമാറുന്നു.
വാഹനങ്ങൾ കടന്നുപോകാൻ
റോഡരുകിൽ കാത്തുനിൽക്കുന്നു.

ഇന്നു രാവിലെ
പാലു വാങ്ങാൻ പോകുമ്പോൾ
അതെന്നെ നോക്കി ഒന്നു ചിരിച്ചു.

സന്തോഷമായി, എനിക്ക്.