1
സത്യമായും മരണമേ, എനിക്ക് നിന്നെ ഭയമില്ല.
നിന്റെ മൃദുപാദങ്ങളെ നോക്കി ഞാൻ പുഞ്ചിരിക്കുന്നു;
നിന്റെ കരം ഗ്രഹിക്കാനായി ഞാൻ കൈ നീട്ടുന്നു.
ഇന്ദ്രിയങ്ങളെ ശാന്തമാക്കി,
എനിക്കും ദുരിതങ്ങൾക്കും ഇടയിലുള്ള
അവസാന മറയും അഴിഞ്ഞു വീഴുന്ന നിമിഷത്തിനായി
ഞാൻ കാത്തിരിക്കുന്നു.
കഷ്ടതകൾക്ക് ഒരതിരു വേണം.
നീ എന്റെ വീടിനു പകരമാകണം.
എന്റെ പലായനങ്ങളുടെ അന്ത്യമാകണം.
എത്രയോ നാളായി നിന്നെ പരിചയമുള്ള ഒരാളെപ്പോലെ
എനിക്കു നിന്റെ ചിറകേറി പോകണം,
പിറവിക്കു മുമ്പ് ഉണ്ടായിരുന്ന ആ കാലത്തിലേക്ക്.
നിലവിളിച്ചുകൊണ്ട് ഞാൻ ഈ പാലത്തിലൂടെ നടക്കുന്നു.
എന്റെ നിലവിളി ചുറ്റുമുള്ളവരിലേക്ക് തീ പോലെ ആളിപ്പടരുന്നു.
പക്ഷെ, ആ പൊള്ളലും ആളുകൾ ശീലിച്ചുപഴകിയല്ലോ
എന്നോർക്കുമ്പോൾ എനിക്കു പേടിയാവുന്നു.
പൂച്ചെടി പരിപാലിക്കുന്നവർ
മുറിവുകളെ ശവക്കുഴികളായി കരുതി
ദുഃഖിക്കുന്നു, എന്തൊരനുഭവം!
സ്വർഗ്ഗത്തിൽനിന്നാണ് എനിക്കു കവിത കിട്ടിയിരുന്നത്.
ഇപ്പോൾ ആ സ്വർഗ്ഗവും തടവിലായിരിക്കുന്നു.
ദൈവത്തിന്റെ കൈ നീളുന്നുണ്ട്,
പക്ഷേ എഴുത്തുമുട്ടുള്ളവനെപ്പോലെ
ഒന്നും രചിക്കാനാവുന്നില്ല.
അല്ലയോ മരണമേ,
സ്വീകരിക്കൂ എന്നെ.
കൊണ്ടുപോകൂ, ആ ഇരുളാണ്ട ഇടത്തേക്ക്,
ആദിശൂന്യതയിലേക്ക്.
ജീർണ്ണിച്ച തലയോട്ടിയിലെ വിള്ളലിൽ എന്നപോലെ
ഈ ഇടുങ്ങിയ ഇടത്തിൽ
എനിക്കിനിയും കഴിയാനാവില്ല.
2
അല്ലയോ സങ്കുചിഹൃദയങ്ങളേ,
നിങ്ങളുടെ സങ്കോചം ആരറിയാനാണ്?
ലോകഭൂപടത്തിന്മേൽ
മൊട്ടുസൂചിയാൽ തറയ്ക്കപ്പെട്ട
ഹേ പുഷ്പമേ,
നമുക്ക് ഇരുവർക്കും കൂടി ഇത്തവണ
ആ തുളയിലൂടെ കടന്നുപോകാൻ കഴിയില്ല;
കാരണം നമ്മൾ രണ്ടുപേരേയും ഉൾക്കൊള്ളാൻ മാത്രം
വലുപ്പമില്ല മരണത്തിന്.
എന്നിട്ടും നമ്മൾ ഇവിടെയുണ്ട്.
വെടിയുണ്ടകളില്ലാത്ത ഒരു കാടു വേണം നമുക്ക്
പാതവക്കത്ത് അഴുകിയ ജഡങ്ങൾ കാണാത്ത
ഇത്രയും ക്രൂരതളില്ലാത്ത ഒരു കാട്
കുറഞ്ഞപക്ഷം ചെവി പൊത്തിപ്പിടിക്കാത്ത
മനുഷ്യരുള്ള ഒരിടം.
വയറു ശൂന്യമായിരിക്കുമ്പോൾ
മാംസം ചുടുന്ന മണം ആരാണ് കൊണ്ടുവരുന്നത്?
നിറവയറോടെ ഇരിക്കുമ്പോൾ
മരിച്ചവരെക്കുറിച്ചുള്ള കഥകളിൽനിന്ന് മോചിപ്പിക്കാൻ
താക്കോലുമായി വരുന്നതാര്?
രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരെ വലിച്ചുകയറ്റാൻ
ഒരു കൈയും നീളുന്നില്ല.
ഉള്ളിലെ കത്തുന്ന വിറകു കെടുത്താനും ആരുമില്ല.
വികാരങ്ങൾ ഈ ലോകത്ത് പാഴ്മരത്തിലെ ഉണക്കച്ചില്ലപോലെ
ഇത്രയും വരണ്ടതാണെന്ന് ഞാനറിഞ്ഞില്ല.
സ്വയം കത്തിയെരിയുന്നവന് തന്റെ പ്രതിച്ഛായയല്ല
വേദനയാണ് മുഖ്യം.
പുറത്തു തീ, അകത്തും തീ.
ജീർണ്ണിച്ച ചർമ്മം കൊണ്ടു പൊതിഞ്ഞ ഇത് എന്തൊരു ജന്മം?
ദൈവമേ, കഴുത്തിനു ചുറ്റും മുറുകുന്ന വിരലുകളാൽ
അവശരായിരിക്കുന്നു ഞങ്ങൾ.
3
സഹിക്കാവുന്നതിലും അപ്പുറമാണ് ഈ ദുഃഖം.
ശരീരമോ കടലാസുചുമരുപോലെ ദുർബ്ബലവും.
ഊരിനെ മറന്ന്, അപരിചിതരെപ്പോലെ
നാം കടന്നുപോകുന്നു.
ഊരടയാളങ്ങൾ ഇങ്ങനെ തിരിച്ചുകിട്ടാത്തവിധം
മായ്ച്ചുകളയാനാവുമെന്ന്
നമ്മൾ വിചാരിച്ചില്ല.
ചിത്രത്തിന്റെ ചട്ടങ്ങൾക്കുള്ളിലേക്ക്
ഒതുക്കാൻ പ്രയാസപ്പെടുമായിരുന്ന
നമ്മുടെ സന്തോഷം
നമ്മൾ മറന്നുപോയി.
ഇപ്പോൾ ദുഃഖം മാത്രം ബാക്കി;
വിശക്കുന്നവന്റെ വായിൽ അവശേഷിക്കുന്ന
അപ്പക്കഷണം പോലെ.
ചുറ്റും നിലവിളികൾ ഉയരുമ്പോൾ
തലയിലൊരു ഭാരം
കല്ലുപോലെ വളരുന്നു;
ദയ കൂടാതെ ദുരിതങ്ങൾ
ജീവിതം കാർന്നുതിന്നുന്നു.
നഷ്ടപ്പെട്ടതിനെയോർത്തല്ല സങ്കടം
അവശേഷിക്കുന്ന പ്രതീക്ഷയെച്ചൊല്ലിയാണ്.
പ്രതീക്ഷയാണ് ഞങ്ങളുടെ ഏക നിധിപേടകം
ഞങ്ങളുടെ ചിരി അതിലാണ് ഇരിക്കുന്നത്.
വീടു നഷ്ടപ്പെട്ടവൻ തന്റെ പ്രതിച്ഛായയെ ഓർത്തല്ല വേവലാതിപ്പെടുന്നത്
തന്നെ വിജനതയിലേക്കു വലിച്ചിഴച്ച്
കൊത്തിനുറുക്കുന്ന കൈകളെക്കുറിച്ചാണ്.
ഈ ശരീരത്തിൽ ചിരിയില്ല.
ഒരു തുറന്ന വായ മാത്രം.
അതിൽനിന്ന് അവശത ഒലിച്ചിറങ്ങുന്നു.
ക്യാമറയ്ക്ക് ഞങ്ങളുടെ ശരീരം അഴുകുന്നതിന്റെ ദുർഗന്ധം
പകർത്താൻ കഴിഞ്ഞേക്കും. എന്നാൽ
ചാകുമ്പോൾ ഞങ്ങളിലുണ്ടായ വികാരമെന്തെന്ന്
അതിനു പകർത്താനാവില്ല.
തെരുവുകളിൽ കിടക്കുന്ന അസ്ഥികൂടങ്ങളെ
ശോകം പൊതിഞ്ഞുകാണാം,
ഒടുവിൽ അവ അപ്രത്യക്ഷമാകുവോളം.
4
ഞങ്ങൾക്ക് നിങ്ങളിൽനിന്ന് ഇനി ഒന്നും ആവശ്യമില്ല.
ഞങ്ങൾക്ക് സമാധാനം നൽകാൻ
നിങ്ങളുടെ വിളറിയ നോട്ടങ്ങൾക്കാകില്ല.
നിങ്ങളെല്ലാവരും ദൃശ്യത്തിനു പുറത്താണ്.
കുഴപ്പം ഉടനെയൊന്നും ഒടുങ്ങാൻ പോകുന്നില്ല.
കണ്ണുകളടയ്ക്കുകയോ തുറക്കുകയോ
കണ്ണീരൊഴുക്കുകയോ ചെയ്തുകൊള്ളു.
ക്ഷുഭിതമായ അന്തരീക്ഷത്തിൽ
നിങ്ങൾക്ക് ഏറെനേരം നീന്താൻ കഴിഞ്ഞേക്കും
എന്നാൽ ദൂരദർശിനിയിലൂടെ നോക്കിനിൽക്കുന്നവർക്ക്
മുങ്ങിത്താഴുന്നവരെ രക്ഷിക്കാനാവില്ല.
എത്ര ഉച്ചത്തിലായാലും
നിങ്ങളുടെ ശബ്ദം ഞങ്ങളുടെ നിലവിളിയെ
ആകാശത്തോളം ഉയർത്താൻ സഹായിക്കില്ല.
നിങ്ങളെ വേദനിപ്പിക്കുന്ന ആ കാഴ്ച;
അതു നിങ്ങളുടെ വീഴ്ച.
അതു ഞങ്ങൾക്കുനേരെ അല്ല.
നിങ്ങളുടെ കണ്ണുകളെ കുത്തിനോവിക്കുന്ന,
മൃതദേഹങ്ങൾക്കിടയിൽ നിങ്ങൾ കണ്ടിട്ടുള്ള,
ആ മുറിഞ്ഞ കൈപ്പത്തി –
അതു നിങ്ങളുടെ ശാശ്വതമായ ദുഃഖം.
ആ ഒഴിഞ്ഞ വയർ
അത് നിങ്ങൾക്കും നിങ്ങളുടെ ജീവിതത്തിനും ഇടയിലുള്ള
ശൂന്യത.
പുഴയോരത്തു ചെന്ന് രണ്ടുതവണ കരയേണ്ട കാര്യമില്ല.
ആദ്യത്തേത് ഒരോളമുണ്ടാക്കും.
രണ്ടാമത്തേത് അതിനെ മായ്ച്ചുകളയും.
അതൊരു പുഴയാണ്. ശൂന്യതയുടെ പ്രവാഹം.
പിച്ചിച്ചീന്തപ്പെട്ട ശരീരത്തിനോട്
സഹതാപം കാണിച്ച് പരീക്ഷണം നടത്തേണ്ടതുമില്ല.
ആഘാതമേറ്റവർക്ക് പറന്നുയരാൻ കാലുകൾ പോര
ചിറകുകൾതന്നെ വേണം.
മരണനിമിഷത്തിലെ ആ ചിരി,
അതിന് ചുണ്ടുകൾ ചലിപ്പിക്കുകപോലും വേണ്ട.
വിശന്നുമരിച്ച ആ മനുഷ്യൻ എന്തിനാവാം ചിരിച്ചത്?
അല്പം കഴിഞ്ഞ് തന്റെ ജഡത്തെ
ഏതെങ്കിലും ജന്തു തിന്നുന്നതോർത്ത് ആശ്വസിച്ചായിരിക്കുമോ?
നിങ്ങളിൽനിന്ന് ഞങ്ങൾക്ക് ഇനി ഒന്നും ആവശ്യമില്ല.
സുരക്ഷിതമായി മരിക്കുക;
അതുമാത്രമേ ഞങ്ങളാഗ്രഹിക്കുന്നുള്ളു.
▪️
(പലസ്തീനിലെ സമകാലിക സാഹിത്യലോകത്തെ കരുത്തുറ്റ ശബ്ദങ്ങളിലൊന്നാണ് ഹുസാം മാറൂഫ്. താൻ നേരിട്ടുകൊണ്ടിരിക്കുന്ന വംശഹത്യയുടെയും കഷ്ടപ്പാടുകളുടെയും നേർചിത്രങ്ങൾ കവിതകളിലൂടെ അദ്ദേഹം ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നു. അദ്ദേഹത്തിന്റെ കവിതകളിൽ മരണം, വിശപ്പ്, പലായനം, ഏകാന്തത തുടങ്ങിയ പ്രമേയങ്ങൾ നിഴലിക്കുന്നു. യുദ്ധത്തിന്റെ ഭീകരതയെക്കാൾ, അത് മനുഷ്യന്റെ ആന്തരിക ജീവിതത്തിലും വികാരങ്ങളിലും ഉണ്ടാക്കുന്ന ആഘാതങ്ങളെയാണ് അദ്ദേഹം തന്റെ വരികളിൽ കൂടുതൽ പ്രതിഫലിപ്പിക്കുന്നത്. നെറ്റിൽ തപ്പിക്കിട്ടിയ വിവരം.)
മലയാളപ്പകർച്ച : പി പി രാമചന്ദ്രൻ
