മദർ മേരി

മലയാള മനോരമ സൺഡേ സപ്ലിമെന്റിൽ (19/10/2025) വന്ന ‘ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച്’ എഴുതിയ കുറിപ്പ്:

ഓർമ്മക്കുറിപ്പുകൾ, ജീവചരിത്രം, ആത്മകഥ, നോവൽ എന്നിങ്ങനെ കള്ളിതിരിക്കാൻ കഴിയാത്തവിധം എഴുത്തുരൂപങ്ങളുടെ അപൂർവ്വ സങ്കലനമായ അരുന്ധതി റോയിയുടെ മദർ മേരി കംസ് ടു മീ എന്ന പുസ്തകമാണ് ഏറ്റവും ഒടുവിൽ വായിച്ചുതീർത്തത്. ഒറ്റയിരിപ്പിൽ അല്ലെങ്കിലും മുഴുനീളം രസിച്ചുവായിച്ചു. മനോഹരമായ ഭാഷ. തീക്ഷ്ണമായ അനുഭവങ്ങളുടെ നാടകീയമായ അവതരണം.

ഒരമ്മയും മകളും തമ്മിൽ വൈകാരികവും ആശയപരവുമായി ഇത്രയും സങ്കീർണ്ണമായ ഒരു പരസ്പരബന്ധം ഉണ്ടാകുന്നത് അത്യപൂർവ്വമായിരിക്കും. ഒരേസമയം ആകർഷിക്കുകയും വികർഷിക്കുകയും ചെയ്യുന്ന, ധ്രുവങ്ങൾ അപ്രതീക്ഷിതമായി മാറിമറിയുന്ന, അത്ഭുതകാന്തം പോലെയാണ് അരുന്ധതിയുടെ വിവരണത്തിൽ അമ്മ മേരി റോയ് പ്രത്യക്ഷപ്പെടുന്നത്.

പള്ളിക്കൂടം ഡിസൈൻ ചെയ്യാൻ എത്തിയ പ്രശസ്ത വാസ്തുശില്പി ലാറി ബേക്കറാണ് അരുന്ധതിയുടെ ആദ്യ ആരാധാനാമൂർത്തി. ഉപരിപഠനത്തിന് ആർക്കിടെക്ചർ സ്വയം തിരഞ്ഞെടുത്ത് ഒറ്റയ്ക്ക് ദില്ലിയിൽ പോകുമ്പോൾ അവൾക്ക് പതിനാറോ പതിനേഴോ മാത്രമായിരുന്നു പ്രായം. ജീവിതത്തിലേക്ക് സ്വയം വലിച്ചെറിഞ്ഞ ആ മകളെ അമ്മ വർഷങ്ങളോളം കണ്ടില്ലെന്നു മാത്രമല്ല, അന്വേഷിച്ചതുപോലുമില്ല! വിദ്യാർത്ഥിജീവിതം സ്വാതന്ത്ര്യത്തിന്റെയും ഉത്തരവാദിത്വത്തിന്റേയും പാഠങ്ങൾ പകർന്നു. യാദൃച്ഛികമായി മാധ്യമപ്രവർത്തനത്തിലേക്കും സിനിമാഭിനയത്തിലേക്കും പിൽക്കാലത്ത് എഴുത്തിലേക്കും പരിണമിക്കുന്ന അരുന്ധതിയുടെ വ്യക്തിത്വപരിണാമത്തിന്റെ കഥകൂടിയാണ് ഈ പുസ്തകം. ഗോഡ് ഓഫ് സ്മാൾ തിങ്സിലെ പല സംഭവങ്ങളുടേയും കഥാപാത്രങ്ങളുടേയും ഉറവിടം ഈ പുസ്തകത്തിൽ കണ്ടെത്താം.


അമ്മ മേരി റോയുടെ ജീവിതം പറയുന്നതോടൊപ്പം അരുന്ധതി സ്വന്തം ജീവിതകഥയും പറയുകയാണ്. ഒപ്പം അത് സംഭവബഹുലമായ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ പശ്ചാത്തലമാക്കുകയും ചെയ്യുന്നുണ്ട്. അടിയന്തരാവസ്ഥ തൊട്ട് ഹിന്ദുത്വവാദികൾ അധികാരത്തിലെത്തുന്നതുവരെ രാജ്യം കടന്നുപോയ രാഷ്ട്രീയം. അസാധാരണമായ മേധാശക്തിയുള്ള ഒരമ്മയും പ്രതിഭാശാലിയും സ്വാതന്ത്ര്യേച്ഛുവും ആയ ഒരു മകളും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഈ കഥ, ഒരു രാഷ്ട്രവും അതിലെ പൗരയും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തിന്റെകൂടി കഥയാണ്.


മേധാ പട്കറോടൊപ്പം നർമ്മദാ സമരത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന കാലത്ത്, ഒരു ഞായറാഴ്ചപ്പതിപ്പിനു കൊടുത്ത അഭിമുഖത്തിൽ അരുന്ധതി പറഞ്ഞത് ഓർമ്മവന്നു. ഗോഡ് ഓഫ് സ്മാൾ തിങ്സിനു ശേഷം പുതിയ രചനകളൊന്നും ഇല്ലല്ലോ എന്ന ചോദ്യത്തിന് അവർ പറഞ്ഞത്, അതിന്റെ തുടർച്ചയാണ് താനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ്. തന്റെ ആക്ടിവിസത്തെ അത്രമാത്രം സർഗ്ഗാത്മകമായ ഒരു പ്രവൃത്തിയായിട്ടാണ് അവർ കണ്ടത്. പൊതുസമൂഹത്തിൽനിന്നും ഭരണകൂടത്തിൽനിന്നും ഉയർന്നുവന്ന എല്ലാ ഭീഷണികളേയും അവഗണിച്ച് എഴുത്തും കഴുത്തും ഉയർത്തിപ്പിടിച്ച ഒരെഴുത്തുകാരിയുടെ സർഗ്ഗധീരതയുടെ ജനിതകസ്രോതസ്സുകൾ മദർ മേരിയിൽ കണ്ടെത്താം.