മൊയ്തു മായിച്ചാൻകുന്ന്

മൊയ്തു മായിച്ചാൻകുന്ന്
(കൂറ്റനാട്ട് കലവറയുടെ കുടിയിരിക്കലിനോടനുബന്ധിച്ച് 2019 മെയ് 1 ന് ചെയ്ത പ്രഭാഷണത്തിന്റെ ചുരുക്കെഴുത്ത്.)
മെയ്ദിനം എന്ന പദത്തിന് മലയാളത്തിലെ വിഗ്രഹാര്‍ത്ഥം മെയ്യിന്റെ ദിനം എന്നാണ്. ഉടല്ത്തിരുനാള്! തൊഴിലാളിദിനം ഉടലിന്റെ ആഘോഷം കൂടിയാണ്. ഉത്പാദനത്തിന് ആധാരം അധ്വാനമാണ്. അധ്വാനമാകട്ടെ ഉടലിനെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യന്റെ ഉടല് അധ്വാനത്തിനുമാത്രമായുള്ളതല്ല. ആവിഷ്കാരത്തിനും കൂടിയുള്ളതാണ്. ചൂഷണരഹിതമായ സാമൂഹ്യവ്യവസ്ഥയില്‍ ഉത്പാദനപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളിക്ക് അധ്വാനം ആനന്ദമോ ആവിഷ്കാരമോ ആകും എന്നാണ് സങ്കല്പം. അപ്പോള്‍ അവളുടെ ഉടല് ഒരു നൃത്തം ചെയ്യുകയാണ്. ഉടല്മൊഴിയില് സ്വയം ആവിഷ്കരിക്കുകയാണ്.
അധ്വാനിക്കുന്ന മനുഷ്യരാണ് ഏറ്റവും സൗന്ദര്യമുള്ളവര്‍ എന്ന് വാന്‍ഗോഗ് തിയോക്ക് എഴുതിയ കത്തുകളില്‍ പറയുന്നുണ്ട്. വയലില്‍ പണിയെടുക്കുന്നവരുടേയും ഉരുളക്കിഴങ്ങു തിന്നുന്ന തൊഴിലാളികളുടേയും നിരവധി ചിത്രങ്ങള്‍ അദ്ദേഹം വരച്ചിട്ടുണ്ട്. റഷ്യന്‍ നാടകസംവിധായകന്‍ മേയര്‍ഹോള്‍ഡ് തന്റെ നടീനടന്മാരോട് തൊഴിലെടുക്കുന്ന മനുഷ്യരെ നിരീക്ഷിക്കലാണ് അഭിനയപരിശീലനത്തിന്റെ ആദ്യപാഠമായി നിര്‍ദ്ദേശിക്കുന്നത്. വിദഗ്ദ്ധനായ ഒരു തൊഴിലാളി ജോലി ചെയ്യുന്നത് ഒരു നൃത്തം ചെയ്യുന്നതുപോലെ അനായാസമായിരിക്കും. വിറകു വെട്ടുന്നവരുടേയും നിലം ഉഴുന്നവരുടേയും ചലനങ്ങളും ശരീരഭാഷയും അനുകരിച്ച് ശീലിക്കണമെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചു. കളരിയില്‍ കച്ചകെട്ടി എണ്ണയുഴിഞ്ഞുണ്ടാക്കുന്ന നമ്മുടെ മെയ് വഴക്കമായിരുന്നില്ല മേയര്ഹോള്ഡിന് വേണ്ടിയിരുന്നത്. കഥാപാത്രത്തെ മനസ്സിലേക്കാവാഹിച്ചാല് മാത്രം പോര, മെയ്യിലേക്കു കൂടി പകരണമെന്നാണ് താത്പര്യം. പറഞ്ഞുവന്നത് നാടകകലയെ സംബന്ധിച്ചിടത്തോളം മെയ്ദിനം മെയ്യിന്റെ ദിനം കൂടിയാണ് എന്നാണ്.
മെയ്ദിനാചരണത്തിന് ആധാരമായ തൊഴിലാളിസമരത്തേയും ഒരു നാടകമായി കാണാവുന്നതാണ്. 1886 മെയ് 1 ന് അമേരിക്കയിലെ ചിക്കാഗോ നഗരത്തിലായിരുന്നു അതിന്റെ അവതരണം. ജോലിസമയം എട്ടുമണിക്കൂറാക്കുക എന്ന മനുഷ്യാവകാശമായിരുന്നു മുദ്രാവാക്യം. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ഒരു തിയ്യേറ്റര്‍ ഇവന്റുകൂടിയായിരുന്നു അത്. വെടിവെപ്പില്‍ കലാശിച്ച ഒരു ദുരന്ത സോദ്ദേശ തെരുവുനാടകം. എട്ടു മണിക്കൂര്‍ വിനോദവും ആവശ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ അത് നാടകത്തിനു വേണ്ടിക്കൂടിയുള്ള നാടകമായിരുന്നു എന്നു പറയാം. എന്നാല്‍ അതൊരു നാടകമായിരുന്നു എന്ന് ഇന്നു പറഞ്ഞാല്‍ അതു വ്യാജമായ എന്തോ ആയിരുന്നു എന്നാണ് നമുക്കു തോന്നുക. അതായത്, നാടകം ഒരു വ്യാജപ്രവൃത്തിയാണ് എന്നാണ് വിശ്വാസം. നടക്കുന്നതല്ല, നടക്കേണ്ടതാണ് നാടകത്തില്‍ ആവിഷ്കരിക്കുന്നത് എന്നതാണ് അതിനു കാരണം. പില്ക്കാലത്ത് നടക്കേണ്ട സമരങ്ങള്‍ക്ക് വഴികാട്ടിയായി എന്നതുകൊണ്ടാണ് ചിക്കാഗോ സമരത്തെ ഒരു നാടകാവതരണമായി ഇന്ന് വിശേഷിപ്പിച്ചത്. അല്ലാതെ അതിന്റെ ചരിത്രയാഥാര്‍ത്ഥ്യത്തെ മറന്നുകൊണ്ടല്ല.
പ്രക്ഷോഭസമരങ്ങളിലെ നാടകീയാംശത്തെ നമ്മള് വേര്‍തിരിച്ചു വിലയിരുത്താറില്ല. രംഗവേദിയില്‍ അവതരിപ്പിക്കുന്നതു മാത്രമാണ് നമുക്കു നാടകം. ഗാന്ധിജിയുടെ ഉപ്പുസത്യഗ്രത്തില്‍ ഒരു നാടകമുണ്ടായിരുന്നില്ലേ? നര്‍മ്മദയില്‍ മേധാ പട്കറുടെ നേതൃത്വത്തിലുണ്ടായ ജലസമാധി സമരത്തില്‍ ഒരു നാടകമില്ലേ? പാലക്കാട് ജില്ലാ കളക്ടറായിരുന്ന റെഡ്ഡിയെ അയ്യങ്കാളിപ്പട ബന്ദിയാക്കിയതില്‍ ഒരു നാടകമുണ്ടായില്ലേ? (പത്രങ്ങളിലെല്ലാം ‘ബന്ദിനാടകം’ എന്നാണ് വാര്‍ത്ത വന്നത്.) തെക്കുവടക്കു നെടുനീളത്തില്‍ തോളോടുതോള്ചേര്ന്ന് അണിനിരന്ന വനിതാമതില്‍ ഒരു നാടകമായിരുന്നില്ലേ? തീര്‍ച്ചയായും സംഘടിതവും പ്രതീകാത്മകവുമായ ഇത്തരം എല്ലാ മനുഷ്യാവിഷ്കാരത്തിലും നാടകം കണ്ടെടുക്കാം. ഇവിടെയെല്ലാം മനുഷ്യരുടെ കൂട്ടായ്മയുണ്ട്. അവര്‍ക്ക് ഒരു സന്ദേശമുണ്ട്. അതിന്റെ ആവിഷ്കാരമാണ് നടക്കുന്നത്. അതായത്, കളിക്കുന്നതു മാത്രമല്ല കണ്ടെടുക്കേണ്ടതുകൂടിയാണ് നാടകം എന്നര്‍ത്ഥം. Beauty is in the eye of the beholder. കാണിയുടെ കണ്ണിലാണ് കല.
നാടകവും നാട്ടകവും തമ്മിലുള്ള ബന്ധമാണ് നമ്മുടെ വിഷയം. നാടകം നാട്ടിന്‍പുറത്തിന്റെ കലയാണോ? എന്നാല്‍ എന്തുകൊണ്ട് അതൊരു നാടോടിക്കലയായില്ല? നാടും നഗരവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാവാത്തവിധം മാറിപ്പോയ ഇന്നത്തെ കേരളീയ ചുറ്റുപാടില്‍ ഇത് വ്യവച്ഛേദിച്ചു പറയുക പ്രയാസമാണ്. മലയാള നാടകത്തിന്റെ സമീപകാല ചരിത്രവുമായി ബന്ധിപ്പിച്ചുകൊണ്ടേ ഇതു പറയാനാവു.
നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം / നാട്യപ്രധാനം നഗരം ദരിദ്രം എന്നിങ്ങനെയാണ് ഗ്രാമ-നഗര വൈരുദ്ധ്യത്തെ കവി വിശേഷിപ്പിച്ചത്. നാട്യം നഗരത്തിലാണ് എന്നതു കൊണ്ട് നാടകം അവിടെയാണ് എന്നല്ല അര്‍ഥമാക്കുന്നത്. നാട്യം ജീവിതത്തിലാണ് എന്നാണ്. നഗരമനുഷ്യന് നാട്ടുമനുഷ്യനെ അപേക്ഷിച്ച് സ്വതന്ത്രനും എന്നാല്‍ സ്വാര്‍ത്ഥനും ആണ്. ഉള്ളിലുള്ളതു പുറത്തു കാണിക്കാതെ പുറമേക്ക് പരിഷ്കാരിയായി പെരുമാറുന്നതാണ് നഗരജീവിതത്തിലെ നാട്യം. നഗരത്തില്‍ ജീവിതത്തിലാണ് നാട്യം. നാട്ടിന്‍പുറത്ത് നാടകത്തിലാണ് ജീവിതം എന്നും പറയാം.
ഒറ്റപ്പെട്ട മനുഷ്യരുടെ ആള്‍ക്കൂട്ടമാണ് നഗരം. ഒറ്റപ്പെടാന്‍ നിവൃത്തിയില്ലാത്ത മനുഷ്യരുടെ കൂട്ടായ്മയാണ് നാട്ടിന്‍പുറത്തിന്റെ നന്മ. ആള്‍ക്കൂട്ടത്തിന് നാടകമില്ല. നാടകം ഒരു സംഘകലയാണ്. കൂട്ടു ചേര്‍ന്നാലേ കൂത്തുണ്ടാവൂ. ഒറ്റക്കു നാടകം സാധ്യമല്ല. ഒറ്റക്ക് ഒരാള്‍ക്ക് കൃഷി ചെയ്യാന്‍ സാധ്യമല്ലാത്തതുപോലെ. വാസ്തവത്തില്‍ നാടകം ഒരു കൂട്ടുകൃഷിയാണ്. കൂട്ടുകൃഷി എന്നത് ഇടശ്ശേരിയുടെ ഒരു നാടകത്തിന്റെ പേരുമാത്രമല്ല, ആ കലാരൂപത്തിന്റെ നിര്‍വ്വചനം കൂടിയാണ്.
“ഉര്‍വ്വിയെ പുഷ്പിപ്പിക്കും കല പോല്‍ നമുക്കത്ര
നിര്‍വൃതികരം സര്‍ഗ്ഗവ്യാപാരമുണ്ടോ മന്നില്‍?”
കൃഷിയാണ് ഏറ്റവും വലിയ സൃഷ്ടകര്മ്മം. കൃഷിയുമായി ബന്ധപ്പെട്ടതാണ് എല്ലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളും. നാടകവും അങ്ങനെ രൂപപ്പെട്ടതാവണം. വെള്ളരിനാടകം നാട്ടിന്‍പുറത്തിന്റെ വിളവാണ്. മലയാളത്തിലെ ആദ്യകാല സാമൂഹികനാടകങ്ങള്‍ പരിശോധിച്ചാല്‍ അവ മിക്കവാറും മണ്ണിനും പെണ്ണിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങളായിരുന്നു എന്നു കാണാം. വിപ്ലവവും പ്രണയവും അതിനു വൈകാരികപിന്തുണ നല്കി.
ഇത്തരം നിരീക്ഷണങ്ങളൊക്കെ കാലഹരണപ്പെട്ടുകഴിഞ്ഞ കാലത്താണ് നാം ജീവിക്കുന്നത്. എന്താണ് നാടകത്തിന്റെ സമകാലികാവസ്ഥ? ഇന്നെവിടെയാണ് നാടകം? നാടകം നാടുവിട്ടുപോയ്ക്കഴിഞ്ഞു. പഴയകാലത്ത് നാട്ടിന്‍പുറത്തെ ചെറുപ്പക്കാര്‍ തൊഴില്‍ അന്വേഷിച്ച് നഗരങ്ങളിലേക്ക് ചേക്കേറിയതുപോലെ നാടകവും നിലനില്‍പ്പിനായി നഗരത്തിലേക്ക് കടന്നുകളഞ്ഞിരിക്കുന്നു. ഇതൊരതിവാദമല്ലേ എന്നു സംശയിക്കാം. ആറങ്ങോട്ടുകരയിലും കൂറ്റനാട്ടും കൊളത്തൂരിലും കടമ്പഴിപ്പുറത്തുമെല്ലാം നാടകാവതരണങ്ങള്‍ നടക്കാറില്ലേ? ഉണ്ട്. പക്ഷെ ഈ പ്രദേശങ്ങളെല്ലാം ഇന്ന് കവി പറഞ്ഞതുപോലുള്ള നാട്ടിന്പുറങ്ങളാണോ? ഏതു സമയവും ഒരു മാളോ മള്‍ട്ടിപ്ലക്സ് തിയ്യേറ്ററോ മുളച്ചുപൊന്താന്‍ വെമ്പിനില്ക്കുന്ന അര്‍ദ്ധനഗരങ്ങളാണ് കേരളത്തിലെ കൊച്ചുപട്ടണങ്ങള്‍. നാട്ടിന്‍പുറത്തെ തനതു സംസ്കൃതിയില്‍ നിലനിര്‍ത്തിയിരുന്ന കൃഷി ഇല്ലാതായി. ഇന്ന് കൃഷി ഒരു സ്വാഭാവിക പ്രക്രിയയല്ല. ബോധപൂര്‍വ്വം ഏര്‍പ്പെടുന്ന ഒരു സംരംഭകത്വമാണ്. കൃഷിയിലും നാടകത്തിലും ഒരുപോലെ വിളയിറക്കുന്ന പാഠശാലയെ ഒരപവാദമായിട്ടേ കാണാനാവു. എന്നാല്‍ അത് നമ്മുടെ സമീപകാല സാംസ്കാരിക ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു മുന്നേറ്റവുമാണെന്നതില് സംശയമില്ല. ഈ കലവറ പോലും ആ നെല്ലറയുടെ അനുബന്ധമാണെന്ന് പറയാം.
ആദ്യകാല സിനിമകള്‍ നാടകവേദിയെ അനുകരിക്കുകയായിരുന്നു എന്ന് നമുക്കറിയാം. എന്നാലിന്ന് നാടകം സിനിമയെ അനുകരിക്കുന്നു എന്നല്ല പറയേണ്ടത്. സിനിമയടക്കം അനേകം മാധ്യമങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഭീമന് നിര്‍മ്മിതികളായി പരിണമിച്ചിരിക്കുന്നു. ഇറ്റ്ഫോക്കിലും മറ്റു മത്സരവേദികളിലും നാമതു തിരിച്ചറിയുന്നുണ്ട്. പഴയ നാട്ടിന്‍പുറത്തെ കൂട്ടായ്മകള്‍ക്ക് സങ്കല്പിക്കാനാവാത്തവിധം അതിന്റെ ഘടന മാറിക്കഴിഞ്ഞു. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കുന്ന ഇത്തരം രംഗാവതരണങ്ങള്‍ നഗരത്തെ ലക്ഷ്യമാക്കിയുള്ളതാണ്.
വന്‍കിട അണക്കെട്ടുകളേക്കാള്‍ ചെറിയ തടയണകളാണ് ജലദൗര്‍ലഭ്യത്തിനു പരിഹാരമെന്ന് പരിസ്ഥിതിവാദികള്‍ നിരീക്ഷിക്കുന്നു. അതുപോലെ ഇത്തരം വന്‍കിട കെട്ടുകാഴ്ചകളാണോ ചെറുകിട രംഗോദ്യമങ്ങളാണോ നാടകത്തിനു നല്ലതെന്ന് ആലോചിക്കേണ്ട കാലമായി. അതിനും മുമ്പ് നാടകവേദിയെ സ്വന്തം കാലില്‍ നില്ക്കാന് നമ്മള് സഹായിക്കേണ്ടതുണ്ട്.
ഇത്രകാലവും നാടകം മനുഷ്യന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടു. എങ്കില്‍ ഇനി നാടകത്തിന്റെ സ്വയംനിര്ണ്ണയാവകാശത്തിനുവേണ്ടി നമ്മളും ഒരു നിലപാട് എടുക്കേണ്ടതല്ലേ? നാടകത്തിന് സമൂഹത്തിനോട് പ്രതിബദ്ധത വേണം എന്നു വാദിക്കുന്നവരോട് സമൂഹത്തിന് ഒരു നാടകപ്രതിബദ്ധതയും വേണ്ടേ എന്നു തിരിച്ചു ചോദിക്കണ്ടതല്ലേ?
നാടകം സൗജന്യമായി കാണിച്ചുകൊടുത്തുകൂടാ എന്ന് അന്‍പതുകളില്‍ ഇടശ്ശേരി ഗോവിന്ദന് നായര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അക്കാലത്തെഴുതിയ ഒരു ലേഖനത്തില്‍ ചുരുങ്ങിയത് രണ്ടു രൂപയെങ്കിലും പ്രേക്ഷകരില്‍നിന്ന് പ്രവേശനഫീസായി വാങ്ങണമെന്ന് ഇടശ്ശേരി നിര്‍ദ്ദേശിക്കുന്നു. നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നവരുടെ അധ്വാനത്തിനും സേവനത്തിനും മാന്യതയുണ്ടാകണമെങ്കില് അതു വിലമതിക്കപ്പെടണം എന്നാണ് ആ പ്രവേശനഫീസിന്റെ താത്പര്യം. ഇതു മാത്രമല്ല, നാടാകപരിശീലനത്തിനും രംഗാവതരണത്തിനുമായി സ്കൂളുകളിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നാടകസംഘങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും ടിക്കറ്റുവെച്ചുള്ള നാടകാവതരണങ്ങളെ സര്‍ക്കാര്‍ വിനോദനികുതിയില്‍നിന്ന് ഒഴിവാക്കിക്കൊടുക്കണമെന്നും ഇടശ്ശേരി ആവശ്യപ്പെടുന്നുണ്ട്.
നാടകവേദിക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തിക്കുവേണ്ടി ആറുപതിറ്റാണ്ടു മുമ്പ് ഇടശ്ശേരി മുന്നോട്ടുവെച്ച നിര്‍ദ്ദേശം ഇന്നും നടപ്പിലായില്ല. നാടകം ടിക്കറ്റെടുത്തു കാണേണ്ട ഒരു കലയായി സമൂഹം പരിഗണിച്ചുതുടങ്ങിയില്ല. എന്തുകൊണ്ട്? ഇവിടെ നാടകം മുഖ്യമായും ഒരു പ്രചരണോപാധിയായിരുന്നു. പുരോഗമനപ്രസ്ഥാനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും അവരുടെ ആശയപ്രചരണത്തിന് ചെലവുകുറഞ്ഞ ഒരു മാധ്യമമായി നാടകത്തെ കണ്ടു. സിനിമാപ്രദര്‍ശനത്തിനുവേണ്ടി കൈരളി, ശ്രീ പോലുള്ള തിയ്യേറ്ററുകള്‍ സര്‍ക്കാര്‍ തുടങ്ങിയെങ്കിലും നാടകം മാത്രം പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററുകള്‍ നഗരങ്ങളില്‍പ്പോലും ഉണ്ടായില്ല. ഉണ്ടായത് കല്യാണമണ്ഡപങ്ങളും കമ്യൂണിറ്റി ഹാളുകളുമാണ്. മുംബൈയിലെ പൃഥ്വി തിയ്യേറ്റര്‍ പോലെ എന്നും നാടകാവതരണങ്ങളുള്ള ഒരു നാടകശാല കേരളത്തിലില്ല എന്നത് പൂരപ്പറമ്പില്‍ രാജ്യാന്തര നാടകമേള സംഘടിപ്പിക്കുന്ന നമുക്ക് ഒരു കുറച്ചിലായി തോന്നുന്നില്ല എന്നതാണ് അത്ഭുതം.
“വിറകു വെട്ടാൻ ണ്ടോ… വിറക്.. വിറക്..”
ദൂരത്തുനിന്നോ ഭൂതത്തിൽനിന്നോ എന്നു തിരിച്ചറിയാനാവാത്ത വിധം ആ വിളി കേട്ടപ്പോൾ ദിവാകര മേനോന് താൻ തറവാട്ടിലെ പടിപ്പുരക്കോലായിൽ ഇരിക്കയാണെന്ന് ഒരു നിമിഷം സ്ഥലജലഭ്രമം അനുഭവപ്പെട്ടു. വാസ്തവത്തിൽ മുംബൈയിലെ വിലപിടിപ്പുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലെ മൂന്നാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിലാണ് ആ സമയം മേനോൻ ഇരുന്നിരുന്നത്. അയാളുടെ കൈയ്യിൽ അന്നത്തെ ഇംഗ്ലീഷ് ദിനപത്രം മലർക്കെ തുറന്നു പിടിച്ച മട്ടിൽ കാണാം.
എഡിറ്റോറിയൽ പേജിൽ വന്ന ഇന്ത്യാ ചൈനാ അതിർത്തി സംഘർഷത്തെപ്പറ്റിയുള്ള ആഴമേറിയ ഒരു ലേഖനം വായിക്കുകയായിരുന്നു മേനോൻ. സർവീസിൽ ഉണ്ടായിരുന്ന കാലത്ത് ഇപ്പോൾ സംഘർഷമുണ്ടായ ഗാൽവാൻ താഴ്വരയിൽ താൻ ചിലവിട്ട കൊടുംശൈത്യനാളുകളെ ഓർത്തു രോമാഞ്ചം കൊണ്ടിരിക്കെയാണ് പെട്ടെന്ന് വിറകു വെട്ടാൻ ണ്ടോ എന്ന വിളി കേട്ടതും വള്ളുവനാട്ടിലെ ഭാരതപ്പുഴയുടെ തീരത്തെ തറവാട്ടു പടിപ്പുരയിൽ എത്തിച്ചേർന്നതും. കാഷ്മീരിലെ പർവതമുടിയിൽനിന്ന് കേരളത്തിലെ പുഴവക്കത്തേക്ക് ഒറ്റ വീഴ്ച!
ഈ മഹാനഗരത്തിലെ അംബരചുംബികളായ ഫ്ലാറ്റു സമുച്ചയങ്ങൾക്കിടയിലെ കോൺക്രീറ്റുപാതയിലൂടെ ഏതു നട്ടപ്രാന്തൻ മലയാളിയാണ് വിറകു വെട്ടാൻ ണ്ടോ എന്നു വിളിച്ചു കൂവുന്നത്! മേനോന്റെ മുഖത്ത് ഒരസംബന്ധഫലിതം കേട്ടതുപോലെ ചിരി വിടർന്നുവെങ്കിലും അതേസമയം തൊണ്ടയിൽ ഒരു സങ്കടം തേങ്ങുന്നതുപോലെ അനുഭവപ്പെടുകയും ചെയ്തു. ഇവിടെ ആർക്കു വേണം വിറക്? മേനോൻ എഴുന്നേറ്റ് ബാൽക്കണിയുടെ റെയിലിങ്ങിൽ പിടിച്ച് കൗതുകത്തോടെ താഴേക്ക് എത്തിനോക്കി. തിരുമിറ്റക്കോട്ടെ മരംവെട്ടുകാരൻ സുബ്രുവിനെപ്പോലെ തോളിൽ ഒരു മഴുവും അരയിൽ കോടാലിയുമായി ഒരു തലേക്കെട്ടുകാരൻ കെട്ടിടസമുച്ചയങ്ങൾക്കിടയിലൂടെ നടന്നുപോകുന്നുണ്ടോ? മൂന്നു നിലകൾക്കു താഴെ ഉച്ചനേരത്തെ വിജനതയിൽ റോഡ് ശൂന്യമായിക്കിടക്കുന്നു.
അച്ഛൻ മരിച്ച് ജഡം തെക്കേ തൊടിയിലേക്ക് എടുക്കുമ്പോൾ മൂത്ത മകനായ മേനോൻ ആണ് തലഭാഗം താങ്ങിയത്. ചിത തയ്യാറാക്കി കാർമ്മികരും പണിക്കാരും കൂടി നിന്നിരുന്നു. കാഫലം മുടിഞ്ഞ് ദ്രവിച്ചുതുടങ്ങിയ അതിരിലെ പുളിമാവ് വെട്ടി ചിതയിൽ വെക്കാൻ പാകത്തിൽ മുട്ടികൾ വെട്ടിയിട്ടത് സുബ്രുവാണ്. പച്ചവിറകിന്റെ മുട്ടിമേൽ കിടത്തുമ്പോൾ അച്ഛന് വേദനിക്കുമോ എന്നു പേടിക്കുന്നതുപോലെ പതുക്കെയാണ് മേനോൻ ജഡം വെച്ചത്. പിന്നെ കാർമ്മികൻ നിർദ്ദേശിച്ച പ്രകാരം നെഞ്ചിന്റെ ഭാഗത്ത് നെയ് വീഴ്ത്തി. ചകിരിപ്പൊളികൾ തിരുകി. മേലെ വീണ്ടും വിറകിൻ മുട്ടികൾ പാകി. തീ കൊടുത്തു. പച്ചവിറക് കത്തിപ്പിടിച്ചു.
ആ സമയം മാലിന്യം ശേഖരിച്ചുകൊണ്ട് റോഡിലൂടെ കടന്നുപോയ കോർപ്പറേഷന്റെ ഒരു ചവറുവണ്ടിയിലെ ജോലിക്കാരാണ് മേനോൻ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്ന് പുകപടലം പൊങ്ങുന്നത് ആദ്യം കണ്ടത്.
ബസ്സിൽ നല്ല തിരക്കുണ്ട്. കമ്പിയിൽ പിടിച്ച് തൂങ്ങിനില്ക്കുമ്പോൾ വലതുവശത്തെ സീറ്റുകളിലേക്കായിരുന്നു കണ്ണ്. മൂന്നുപേർ ഇരിക്കുന്നു. വിന്റോ സീറ്റിൽ ഒരു മധ്യവസ്ക. അവർ ഒരു ഷാളുകൊണ്ട് തല മൂടി ചാഞ്ഞുറങ്ങുകയാണ്. നടുവിൽ ഇരിക്കുന്ന ചെറുപ്പക്കാരൻ അവരുടെ മകനാവണം. അയാൾ മൊബൈൽ സ്ക്രീനിൽനിന്ന് കണ്ണെടുക്കുന്നില്ല. ഇങ്ങേയറ്റത്തുള്ള വൃദ്ധൻ അക്ഷമയോടെ തല പൊക്കി പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുന്നു. ഇറങ്ങാനുള്ള സ്ഥലമായോ എന്ന് അയാൾക്ക് പരിഭ്രമമുണ്ട്. ബസ്സ് ഒരു സ്റ്റോപ്പു കഴിഞ്ഞ് പുറപ്പെട്ടതോടെ അയാൾ വഴിയോരത്തെ കെട്ടടങ്ങളിലെ ബോർഡുകളിലെഴുതിയ സ്ഥലപ്പേരു ഉരുവിട്ടു. “അടുത്ത സ്റ്റോപ്പാവും.” വൃദ്ധൻ ചെറുപ്പക്കാരനോടു പറഞ്ഞു. അയാളും തല പൊക്കി പുറത്തേക്കു നോക്കി. മൊബൈൽ കാലുറയുടെ പിൻകീശയിൽ നിക്ഷേപിക്കാൻ പാതി എഴുന്നേറ്റു നിന്നു. പിന്നെ അമ്മയെ തൊട്ടുണർത്തി ഇറങ്ങാൻ തയ്യാറാകാൻ സൂചന കൊടുത്തു. അപ്പോഴേക്കും വൃദ്ധനും പാതി എഴുന്നേറ്റുകഴിഞ്ഞിരുന്നു. റാക്കിൽ വെച്ച കനമുള്ള ഒരു സഞ്ചിക്കു നേരേ വൃദ്ധൻ കൈ ചൂണ്ടി.
“അമല.. അമല ആസ്പത്രി..” ബസ്സിലെ കിളി ഉച്ചത്തിൽ വിളിച്ചുപറഞ്ഞതോടെ മൂവരും ധൃതിവെച്ച് സീറ്റിൽനിന്ന് പുറത്തിറങ്ങാൻ ശ്രമപ്പെട്ടു. അപ്പോഴേക്കും ഒഴിയുന്ന സീറ്റിലേക്ക് തള്ളിക്കയറാനുള്ളവർ മുന്നിൽനിന്നും പിന്നിൽനിന്നും ഇടിച്ചുകയറി.
ഇരിക്കാൻ സീറ്റു കിട്ടിയപ്പോൾ ഒന്നു നെടുവീർപ്പിട്ടു. വെറുതെ സഞ്ചിയൊന്നു തപ്പി നോക്കി. പേഴ്സും മൊബൈലും കണ്ണടക്കൂടും പേനയും തടഞ്ഞു. എന്നാൽ ആ പുസ്തകമെവിടെ? അതുമാത്രം കാണാനില്ല. അതെവിടെപ്പോയി? പുസ്തകം ആരെങ്കിലും പോക്കറ്റടിക്കുമോ? അതോ വരുമ്പോൾ പുസ്തകം എടുത്തില്ലെന്നു വരുമോ? ഉവ്വ്. പുസ്തകം എടുത്തു സഞ്ചിയിൽ വെച്ചത് നല്ല ഓർമ്മയുണ്ട്. ബസ്സു കാത്ത് വെയിറ്റിങ് ഷെഡ്ഡിൽ ഇരിക്കുമ്പോൾ അതു പുറത്തെടുത്തു മറിച്ചുനോക്കിയല്ലോ. ടൈറ്റിൽ പേജിൽ “പ്രിയപ്പെട്ട പത്മനാഭൻ മാഷക്ക് സ്നേഹപൂർവ്വം” എന്നെഴുതി ഒപ്പിട്ടിരുന്നതുമാണ്. എങ്കിൽ വെയിറ്റിങ് ഷെഡ്ഡിലെ ബഞ്ചിൽ അതു മറന്നുവെച്ചിരിക്കണം. എന്തൊരു മറവിയാണ്. എന്തൊരമളിയാണ് പറ്റിപ്പോയത്. ഇനി ഇന്ന് നഗരത്തിൽ ചെന്നിട്ട് മാഷെ കാണേണ്ട കാര്യമില്ല.
കടലാസുകൾ ശരിയാക്കാനായി ഓഫീസുകൾ കയറിയിറങ്ങി നേരം വൈകി. സുഹൃത്തിനെ വിളിച്ചപ്പോൾ അയാൾ ലൂസിയയിലുണ്ടെന്നു പറഞ്ഞു. “വാ. രണ്ടെണ്ണം അടിച്ചിട്ടുപോകാം. കണ്ടിട്ടും കുറേയായില്ലേ?” കവിതയും കുശുമ്പും പറഞ്ഞിരുന്ന് പിന്നേയും വൈകി. നഗരത്തിൽനിന്നുള്ള അവസാനത്തെ ബസ്സിൽ കയറിപ്പറ്റി പുറപ്പെട്ടേടത്തു തിരിച്ചെത്തിയപ്പോഴേക്കും അർദ്ധരാത്രി പിന്നിട്ടു.
തെരുവുവിളക്കിന്റെ വെളിച്ചത്തിൽ ആളൊഴിഞ്ഞ അങ്ങാടി അനക്കമറ്റു കിടക്കുന്നു. വെറുതെ വെയിറ്റിങ് ഷെഡ്ഡിലേക്കൊന്നു നോക്കി. ഇരുട്ടത്ത് ബഞ്ചിൽ ആരോ കിടക്കുന്നുണ്ട്. നാടോടിയായ ഏതോ യാചകനാവണം. പുസ്തകം അവിടെത്തന്നെ ഇരിപ്പുണ്ടാകുമോ എന്നൊരാകാംക്ഷ തോന്നി. ബഞ്ചിലേക്ക് മൊബൈൽ ടോർച്ച് അടിച്ചുനോക്കി.
മുഷിഞ്ഞ മുണ്ടുകൊണ്ട് മൂടിപ്പുതച്ചു കിടന്നുറങ്ങുകയാണ് ഒരു വൃദ്ധൻ. അയാളുടെ തലയിണ ഏതാനും ന്യൂസ്പേപ്പറുകളാണ്. കൂട്ടത്തിൽ ആ പുസ്തകവും! മൊബൈൽ വെളിച്ചത്തിൽ അതിന്റെ വാരിയിൽ എഴുതിയത് വ്യക്തമായി കണ്ടു. പി പി രാമചന്ദ്രന്റെ കവിതകൾ.
അയാളെ ഉണർത്താൻ തോന്നിയില്ല.
ആമിനുമ്മയ്ക്ക് ഉറക്കമില്ല. ഇടനാഴിയിലെ കട്ടിലിൽ അവർ ഉറങ്ങിക്കിടക്കുന്നത് ആരും കണ്ടിട്ടില്ല. കണ്ണടച്ചാൽ മയ്യത്തുകട്ടിലിലാണ് കിടക്കുന്നത് എന്നു തോന്നും. പെട്ടെന്ന് എഴുന്നേറ്റിരിക്കും. അവർ എത്തിവലിഞ്ഞ് ജനൽപ്പാളി തുറന്നിട്ടു. രാത്രി എത്രയായിക്കാണും? പുറത്ത് നിലാവുണ്ട്.ആമിനുമ്മ ജനൽപ്പടിയിൽ വെച്ച ചെറിയ കല്ലുരൽ എടുത്തു. മരപ്പെട്ടിയിൽ നിന്ന് അടയ്ക്കാ കഷണങ്ങളിട്ട് ശബ്ദമുണ്ടാക്കാതെ ഇടിക്കാൻ തുടങ്ങി. ഒച്ച കേട്ടാൽ ഉറങ്ങിക്കിടക്കുന്ന മക്കളാരെങ്കിലും എഴുന്നേറ്റുവന്ന് പ്രാകുമെന്ന് അവർക്കറിയാം.
ധും ധും ധും .. ആ ഇടിയിൽ ഒരു താളമുണ്ട്. ആ താളത്തിൽ അവർക്ക് ഒരു പഴയ പാട്ട് ഓർമ്മ വരും.
നിലാവിന്റെ വെത്തിലയിൽ
കിനാവിന്റെ നൂറു തേച്ച്
വെളുക്കോളം ചവച്ചിട്ടും
ചുവന്നീലല്ലോ
കെയക്കത്തീ നിന്റെ ചുണ്ട്
ചുവന്നീലല്ലോ
ആമിനുമ്മ വെറ്റിലനീരിറക്കിക്കൊണ്ട് നിലാവിലേക്കു നോക്കി. അവർക്ക് താൻ ചെറുപ്പമായ പോലെ തോന്നി. ധും ധും ധും … അവരുടെ ഹൃദയവും അതേ താളത്തിൽ മിടിച്ചുകൊണ്ടിരുന്നു.
“മാത്തുസ്സാറേ.. ഇങ്ക്ട് നോക്യേ”
പീള കെട്ടിയ കണ്ണു തുറന്ന് മാത്യു സാറ് അട്ടത്തേക്കു നോക്കി.
“അവിട്യല്ല… ഇബടെ”
ഷീജ സാറിന്റെ ശ്രദ്ധ തന്റെ മുഖത്തേക്കു തിരിക്കാൻ അല്പം ഒച്ച കൂട്ടി പറഞ്ഞു. സാറ് അവളെ നോക്കിയില്ല. മരം കൊണ്ടുള്ള തട്ടിന്മേൽ ഏതോ കൊളുത്തിൽ തൂക്കിയിട്ട ഒരു വസ്തുപോലെ സാറിന്റെ കണ്ണ് തൂങ്ങിക്കിടന്നു. അവൾക്ക് ആ കണ്ണിലെ പീള കണ്ടിട്ട് സഹിക്കാനായില്ല. ഇത്തിരി പഞ്ഞി നനച്ച് ആ കണ്ണൊന്നു തുടച്ചുകൊടുക്കാൻ ഷീജക്കു തോന്നി.
മുറിക്കുള്ളിൽ അപരിചിതമായ ഒരു മണം കെട്ടിനില്പുണ്ടായിരുന്നു. മൂത്രച്ചൂരുള്ള ജരാനരയുടെ ഗന്ധം. സാറിന്റെ മുണ്ടിനിടയിൽനിന്ന് ഒരു വള്ളി പോലെ കത്തീറ്ററിന്റെ കുഴൽ പുറത്തേക്കു തൂങ്ങിക്കിടക്കുന്നുണ്ട്. കട്ടിലിന്റെ വാരിക്ക് പിടിപ്പിച്ച ഒരു കൊളുത്തിൽ പാതി നിറഞ്ഞ യൂറിൻ ബാഗും കാണാം.
അപ്പോൾ ഷീജയ്ക്ക് താൻ സ്കൂൾ ഗ്രൗണ്ടിലാണെന്ന് ഒരു തോന്നലുണ്ടായി. പച്ച പാവാടയും കോളറുള്ള വെള്ള ഷർട്ടുമാണ് യൂണിഫോം. രാവിലെ അമ്മ രണ്ടു വാലായി മുടി മെടഞ്ഞ് റിബൺ കെട്ടി വിട്ടതാണെങ്കിലും ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിനു മുമ്പ് ശാരികടീച്ചർ ഒന്നുകൂടി മുറുക്കിത്തന്നു. 100 മീറ്റർ ഫൈനലിൽ ഒന്നാമതായി ഓടിയെത്തിയപ്പോളേക്കും കെട്ടിയ മുടിയെല്ലാം അഴിയുകയും റിബ്ബൺ എവിടേയോ ഊരിപ്പോവുകയും ചെയ്തു.
സർട്ടിഫിക്കറ്റു വാങ്ങാൻ വിക്ടറി സ്റ്റാന്റിൽ കയറിനില്‍ക്കുകയായിരുന്നു. സമ്മാനം നൽകിയശേഷം മാത്തുസ്സാറ് അവളുടെ തുടയിലേക്കു നോക്കി ഒന്നു പകച്ചു. സല്യൂട്ട് ചെയ്ത് ഇറങ്ങുമ്പോൾ മാത്തുസ്സാറ് അവളുടെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു. “മോളു വാ.” സാറ് അവളെ സ്റ്റാഫ് റൂമിലേക്കു കൊണ്ടുപോയി. എന്നിട്ട് ശാരിക ടീച്ചറെ വിളിച്ച് എന്തോ സ്വകാര്യം പറഞ്ഞു. ടീച്ചർ അവളെയും കൊണ്ട് മൂത്രപ്പുരയിലേക്കു നടന്നു.
കഫം നിറഞ്ഞ തൊണ്ടയിൽ നിന്ന് ഒരു കുറുകുറു ശബ്ദം പൊന്തിയപ്പോൾ ഷീജ വീണ്ടും മാത്തുസ്സാറിന്റെ ശ്രദ്ധ തിരിക്കാൻ നോക്കി. “മാത്തുസ്സാറേ.. നോക്യേ. ഞാനാ.. ഷീജ. മാഷക്ക് ഓർമ്മേണ്ടോ ഇന്നെ?”
മാത്യു സാറ് കേട്ടതായി തോന്നിയില്ല. കണ്ണുകൾ അപ്പോഴും അട്ടത്തെ കൊളുത്തിൽത്തന്നെ. ഷീജ പതുക്കെ സാറിന്റെ മുഖത്തിനുനേരെ കുനിഞ്ഞു. സാരിത്തലപ്പുകൊണ്ട് കണ്ണിലെ പീള സാവകാശം തുടച്ചുമാറ്റി.
അയാളെ ഓര്‍മ്മ വന്നു.
കണ്മുന്നില് നില്ക്കുംപോലെ.
ഒരു കാരണവും കൂടാതെ.
ഉത്സാഹത്തിന്റെ ആള്‍രൂപം.
കാറ്റത്ത് ഉയര്‍ത്തിപ്പിടിച്ച കൊടി.
നിലയ്ക്കാത്ത ചിരി.
കൂടെപ്പഠിച്ചതാണോ
സഹപ്രവര്‍ത്തകനാണോ
വഴിയില്‍ കണ്ടുമുട്ടിയതാണോ
ഒന്നും ഓര്‍മ്മയില്ല.
പേരും അറിയില്ല.
എന്നാലും
ഇടയ്ക്ക് ഇതുപോലെ
അയാളെ ഓര്‍മ്മവരും.
ഒരു കാരണവും കൂടാതെ.
കുട്ടികള്‍ക്കും അമ്മമാര്‍ക്കും
അച്ഛന് പണികഴിഞ്ഞെത്തിയാല്‍ കുഞ്ഞിനെ മുത്തമിടാന്‍ ഓടിയെത്തും അപ്പൊഴേയ്ക്കമ്മ തടുക്കും: "കൈ സോപ്പിട്ടു വൃത്തിയാക്കീട്ടേ തൊടാവൂ!" സോപ്പിട്ടിടയ്ക്കിടെ കൈ കഴുകീല്ലെങ്കില് ചീത്തവിളിക്കുമെല്ലാരേം കാരണമെന്തെന്നു ചോദിച്ചാല്‍, അമ്മ "കൊ- റോണ"യെന്നെല്ലാം പറയും. കുന്തമുനയ്ക്കൊത്തു ചുറ്റിലും മുള്ളുള്ള പന്തുപോലുള്ളതാണത്രേ വായിലും മൂക്കിലും കേറുമത്രേ, പ്രാണ വായുകിട്ടാതെ മരിക്കുമത്രേ! സോപ്പിന്പതയിട്ടു കൈ കഴുകുന്നേരം കൂട്ടിപ്പിടിച്ചു കുഴല്പോല് എന്നിട്ടതിലൂടെ ഊതിയപ്പോളതാ പൊങ്ങുന്നു നൂറു കുമിള! "മാരിവില്‍ മിന്നും കുമിളയിലൊന്നില് നാം കേറിയിരുന്നെങ്കിലമ്മേ, കീടാണു തോറ്റു തുലഞ്ഞുപോം, നമ്മള്‍ക്കു പേടികൂടാതങ്ങു വാഴാം!" പൊങ്ങും കുമിളകള്‍ നോക്കിനിന്നിട്ടമ്മ ചൊന്നതിന്നര്ത്ഥമെന്താവോ: "സോപ്പുകുമിളയീ ഭൂമിയും- ആയതില്‍ പാര്‍ക്കുമീ നമ്മുടെ വാഴ്വും!"
മുഖാവരണമില്ലാതെ
ഉദിക്കാറില്ല സൂര്യനും
കാർമുകിൽക്കീറണിഞ്ഞവൻ
അടച്ചുപൂട്ടിവെച്ചിട്ടെ- ന്തലമാരയില് ജീവിതം? ആടു തിന്നുന്ന പുസ്തകം.
ഇണചേരുക നിർബാധം നായ്ക്കളേ നടുറോട്ടിലും ലോകം മുപ്പൂട്ടിലായ നാൾ