പരിഷ്കരിച്ച പാഠ്യപദ്ധതി നിലവിൽവന്ന കാലത്ത് ഒരിക്കൽ എട്ടാംക്ലാസിലെ കുട്ടികൾക്ക് ഒരു പഠനപ്രവർത്തനം നിർദ്ദേശിച്ചു. നാടൻപാട്ടുകൾ ശേഖരിക്കുക. വീട്ടിലോ അയൽപക്കത്തോ ഉള്ള പ്രായംചെന്നവരോടു ചോദിച്ച് എഴുതിക്കൊണ്ടുവരണം. അവരെക്കൊണ്ടു ചൊല്ലിച്ച് ഈണം മനസ്സിലാക്കണം. പിന്നീട് ക്ലാസിൽ ചൊല്ലി അവതരിപ്പിക്കണം.
ഭൂരിപക്ഷം പേരും ‘ലേബർ ഇന്ത്യ’ നോക്കി എഴുതിക്കൊണ്ടുവന്നു. (അക്കാലത്തെ പോപ്പുലർ പഠനസഹായി ആയിരുന്നു അത്. ഇപ്പോൾ ഉണ്ടോ ആവോ). ഒരു കുട്ടിയുടെ എഴുത്ത് വ്യത്യസ്തമായി തോന്നി. അക്ഷരത്തെറ്റുകളുണ്ടെങ്കിലും ശരിക്കും ചോദിച്ചറിഞ്ഞ് എഴുതിയെടുത്തതാണെന്ന് മനസ്സിലായി. പത്തിരുപതു വരികളേ ഉള്ളു. വടക്കൻപാട്ടിന്റെ മട്ടിലുള്ള ഈരടികൾ. രാമായണമാണ് കഥ. വരികൾ ഓർക്കുന്നില്ല. സന്ദർഭം ഇതാണ്:
വനവാസത്തിന് രാമലക്ഷ്മണന്മാരോടൊപ്പം സീത പോയില്ല. പതിനാലു കൊല്ലം വനവാസം കഴിഞ്ഞ് രാമൻ തിരിച്ചെത്തി സീതയുടെ വാതിൽക്കൽ മുട്ടി. അപ്പോൾ അകത്തുനിന്ന് സീത:
‘ഏതൊരറ പോയി പൂക്യേതാവാം
ഏതൊരു സീതേനെ തൊട്ടതാവാം
വാതിലു ഞാനു തുറക്കയില്ല’
രാമൻ എത്ര അപേക്ഷിച്ചിട്ടും സീത വാതിൽ തുറന്നില്ല. ഒടുവിൽ രാമൻ സത്യം ചെയ്തു.
‘കത്തും വിളക്കാണേ സത്യമാണേ
മറ്റൊരു സീതേനെ തൊട്ടിട്ടില്ല
വാതിലു നീയു തുറക്കവേണം’
അപ്പോൾ സീത വാതിൽ തുറന്നു. രാമനെ സ്വീകരിച്ചു.
ഈ പാട്ടിൽ ചാരിത്രശങ്ക നേരിടുന്നത് രാമനാണ്, സീതയല്ല! ഇത് ആരാണ് പാടിത്തന്നത്? ഞാൻ ആ കുട്ടിയോടു ചോദിച്ചു. പാടത്ത് കൃഷിപ്പണിക്കു പോയിരുന്ന അവന്റെ മുത്തശ്ശിയമ്മയാണത്രേ.
രാമായണത്തിന് ഇങ്ങനെ എത്രയെത്ര ‘പാട’ഭേദങ്ങൾ! തുഞ്ചത്തു രാമാനുജൻ ഒരു രാമായണം എഴുതി. ഏ.കെ.രാമാനുജൻ മുന്നൂറു രാമായണങ്ങൾ എഴുതി.
