പീശപ്പിള്ളി

വേഷത്തിന്നുള്ള ഭംഗി, കരമതിൽ വിരിയും
മുദ്രയിൽ ചേർന്ന വൃത്തി,
ഭാവത്തിന്നുള്ള പൂർത്തി, നവരസമുണരും
കൺകളാർജ്ജിച്ച സിദ്ധി
പാത്രത്തിന്നുള്ളുകാട്ടി,പ്പുതുവഴി തിരയാ-
നുള്ളൊരന്വേഷബുദ്ധി;
പീശപ്പിള്ളിക്കിണങ്ങീ, കലയതിലമരും
ഭാവിതൻ ഭാസവൃദ്ധി!

(2018 ജനുവരി 2ലെ ഒരു FB പോസ്റ്റ് ആണ്. മെമ്മറീസ് പൊക്കിക്കൊണ്ടുതന്നത്. പീശപ്പിള്ളി രാജീവനെ ആദരിക്കുന്നതിനായി കുന്നംകുളത്തു സംഘടിപ്പിച്ച രംഗരാജീവത്തിൽ രാജീവനു സമർപ്പിച്ച മംഗളപത്രിലെഴുതിയ ഒരു ശ്ലോകം.)

മേഘങ്ങളെത്താനയക്കൂ

അഞ്ചരയിഞ്ചു ചതുരത്തിര നോക്കി-
യഞ്ചിയ കണ്ണുകള്‍ മങ്ങി,
കാതുകള്‍ക്കുള്ളില്‍ തിരുകിയ സംഗീത
നാളിയാല്‍ കേള്‍വി ചുരുങ്ങി,
കാലവും ദേശവുമില്ലാതെ, ചൂഴുന്ന
ലോകം തിരിച്ചറിയാതെ,
വാതിലടച്ചു തപസ്സിരിക്കും നവ
യോഗിയെത്തട്ടിയുണര്‍ത്താന്‍
മേനകയേയല്ല വിദ്യുല്ലതാവൃത
മേഘങ്ങളെത്താനയക്കൂ,
തോരാതെ പെയ്യട്ടെ, വീണ്ടും പ്രളയത്തി-
നാഘാതമേറ്റെണീക്കട്ടെ!

2022

തുരുമ്പ്

ഗവണ്‍മെന്റാസ്പത്രി
ജനല്‍ക്കമ്പി, കഫം
പുരണ്ടിരുണ്ടത്,
തുരുമ്പെടുത്തത്.

അതിന്നു മേലൊരു
ചെറുതുമ്പി; ചിറ-
കൊതുക്കി പ്രാര്‍ത്ഥിക്കാ-
നിരുന്നു തെല്ലിട

ദിനരാത്രമെണ്ണി-
ക്കഴിയും രോഗികള്‍
അതുകണ്ടു മിഴി-
യിമകള്‍ പൂട്ടുന്നു

അവരുടെ നെഞ്ചി-
ന്നകത്തുമന്നേരം
ഒരു തുമ്പിച്ചിറ-
കനക്കം കാണുന്നു

ഇരുമ്പിനെപ്പോലും
തുരുമ്പെടുപ്പിച്ചു
പ്രചണ്ഡവേഗത്തില്‍
പറക്കും കാലമേ,

ഇവര്‍ക്കുവേണ്ടി നീ
കുറച്ചു നേരമീ
ജനല്‍ക്കമ്പിയിന്മേല്‍
ഇരുന്നുകൊണ്ടാലും.

(ആറുവർഷം മുമ്പ് തൃശൂർ മെഡിക്കൽ കോളേജിൽ ക്യാൻസർ രോഗികൾക്കുള്ള പാലീയേറ്റീവ് വാർഡിൽ രാജുവിനെ പരിചരിച്ചുകൊണ്ടിരിക്കെ മനസ്സിൽ ഊറിക്കൂടിയ വരികളാണ് ഇത്. ഇന്ന് FB അത് വീണ്ടും ഓർമ്മിപ്പിച്ചു.) 

വാൽ മുറിഞ്ഞ പട്ടി

അങ്ങാടിയിൽ പതിവായി കാണാറുള്ള
വാൽ മുറിഞ്ഞ ആ പട്ടിയെ ഇന്നും കണ്ടു.
വണ്ടിക്കടിപെട്ട് ചത്തിട്ടില്ല.
ഏറുകൊണ്ട് കാലൊടിഞ്ഞിട്ടില്ല.
ആരൊക്കെയോ വലിച്ചെറിഞ്ഞ
എന്തൊക്കെയോ തിന്ന്
അത് ജീവിച്ചിരിക്കുന്നു.
കൂട്ടരോടൊപ്പം ഫൂട്പാത്തിൽ
കിടക്കുന്നു.
മനുഷ്യർ നടന്നടുക്കുമ്പോൾ
എഴുന്നേറ്റ് വഴിമാറുന്നു.
വാഹനങ്ങൾ കടന്നുപോകാൻ
റോഡരുകിൽ കാത്തുനിൽക്കുന്നു.

ഇന്നു രാവിലെ
പാലു വാങ്ങാൻ പോകുമ്പോൾ
അതെന്നെ നോക്കി ഒന്നു ചിരിച്ചു.

സന്തോഷമായി, എനിക്ക്.

ബ്രാഹ്മണിയമ്മയെ ഓർത്തു

നിലത്തുവീണാൽ
അശുദ്ധമാകുമല്ലോ എന്നു കരുതി
ക്ഷമയോടെ കാത്തുനിന്ന്
പശു വാൽ പൊക്കുന്നേരം
പിന്നിൽച്ചെന്ന്
ഭക്തിപൂർവം ഇരുകൈകളും നീട്ടി
സ്വീകരിക്കുമായിരുന്ന
ബ്രാഹ്മണിയമ്മയെ ഓർമ്മവന്നു

ഒരു പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുത്ത്
അതു സ്വീകരിച്ചുകൊണ്ട്
ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ.