കവി പാലൂരിന്റെ ‘കഥയില്ലാത്തവന്റെ കഥ’ എന്ന ആത്മകഥയിൽ അദ്ദേഹം കുട്ടിക്കാലത്ത് കഥകളി പഠിക്കാൻ കലാമണ്ഡലത്തിൽ പോയ സംഭവം വിവരിക്കുന്നുണ്ട്. വേഷം പഠിക്കാനായിരുന്നു മോഹം. മൂത്തമന പട്ടേരിയുടെ ശുപാർശക്കത്തുമായി വെങ്കിച്ചസ്വാമിയെ ചെന്നു കണ്ടു. അദ്ദേഹം കുട്ടിപ്പാലൂരിനെയും കൊണ്ട് മഹാകവി വള്ളത്തോളിന്റെ ഭവനത്തിലെത്തി. ഉച്ചമയക്കം കഴിഞ്ഞ് വള്ളത്തോൾ വന്നപ്പോൾ സ്വാമി കാര്യം അവതരിപ്പിച്ചു. പാലൂരിനെ അടിമുടി ഒന്നു നോക്കിയിട്ട് സ്വകാര്യമായി (ആംഗ്യഭാഷയിൽ) പറഞ്ഞുവത്രേ: “കുട്ടിക്കു കണ്ണു പോരാ. പൊയ്ക്കൊള്ളാൻ പറയൂ.” പിന്നീട് പാലൂർ ഒളപ്പമണ്ണയിൽ പോയി പട്ടിക്കാംതൊടിയുടെ ശിഷ്യനായി എങ്കിലും വേഷത്തിൽ ഉറച്ചില്ല. കഥകളി വിട്ട് കാർഡ്രൈവറായി, കവിയായി.
ഗോപിയാശാൻ കലാമണ്ഡലത്തിൽ ചേരാൻ ചെന്നപ്പോഴും മഹാകവിയാണ് അഭിമുഖം നടത്തിയത്. അടിമുടി നോക്കി. കൈ ഒന്നു പിടിച്ചു. എന്നിട്ട് പറഞ്ഞു: “ഇവനെ തേപ്പിച്ചു നോക്ക്വന്നും വേണ്ട. എടുത്തോളാൻ പറയൂ രാമൻകുട്ടിയോട്”. (ശ്രീജിത് കെ.വാരിയർ, ഗോപീചരിതം, ഭാഷാപോഷിണി മെയ് ലക്കത്തിൽ). എത്ര കൃത്യമായിരുന്നു ആ പ്രവചനം! ഗോപിയാശാൻ കളിയരങ്ങിൽനിന്ന് സ്വയം വിരമിച്ചിട്ടും ആ മഹാനടൻ്റെ ശിരസ്സിനു ചുറ്റും വേഷത്തിൻ്റെ പരിവേഷം നിലനിൽക്കുന്നു.
ക്രാന്തദർശിയാണ് കവി
