മലബാർ മഹോത്സവം
ബാബുക്ക പാടിപ്പാടി
മധുരീകരിച്ചതാം
ബീച്ചിലെ മണൽവിരി
അവിടെ ചമ്രംപടി-
ഞ്ഞിരിപ്പൂ താളക്കുത്തിൽ
ഹൃദയം പിടിവിട്ടു
മിടിക്കും ജനാവലി
വേദിയിൽ അല്ലാരാഖ
കൂടെയോ സാക്കിർഹുസൈൻ
താളശില്പികൾ പെരും
തച്ചനും മകനും ചേർ-
ന്നാരചിക്കുന്നൂ നാദ
ഗോപുരം മണൽത്തിട്ടിൽ
ആഴിവീചികൾ മീട്ടും
ലഹരക്കൊപ്പം രാവിൽ
തിത്തിൻ ന ധിൻ ന ധിൻ ന
തിത്തിൻ ന ധിൻ ന ധിൻ ന
തീരത്തു പതഞ്ഞു പിൻ
വാങ്ങുന്ന തിരപോലെ
ദൂരത്തു മരങ്ങൾതൻ
ദലമർമ്മരം പോലെ
പ്രാവുകൾ ചിറകടി
ച്ചുയരുംപോലെ, വർഷ
കാലത്തു നിലയ്ക്കാതെ
പേമാരി പെയ്യും പോലെ
പെട്ടെന്നൊരിടിവെട്ടി
ദിഗന്തം വിറയ്ക്കുമ്പോൾ
ചക്രവാളത്തിൽ പ്രതി
ധ്വനിക്കും പോലെ, പിന്നെ
യൊക്കെയും നിശ്ശബ്ദമാ-
യപ്പൊഴും മിടിക്കുന്ന
ഹൃത്താളം തുടരും പോൽ
തിത്തിൻ ന ധിൻ ന ധിൻ ന
അന്നത്തെ ജുഗൽബന്ദി
കണ്ടതിൽപ്പിന്നെ രാത്രി
കണ്ണടച്ചിട്ടേയില്ല
കോഴിക്കോടിന്നോളവും;
അന്നത്തെ ജുഗൽബന്ദി
തീർന്നപ്പോളാരംഭിച്ച
കൈയ്യടി തുടരുന്നു-
ണ്ടറബിക്കടൽ ഇന്നും
…
ലഹര: തബല വായനയ്ക്ക് പശ്ചാത്തലമാവുന്ന ഈണം