മൂന്ന് ആളുകൾ

ഒന്നാമൻ
അയാളെ ഓര്‍മ്മ വന്നു.
കണ്‍മുന്നില്‍ നില്ക്കുംപോലെ.
ഒരു കാരണവും കൂടാതെ.

ഉത്സാഹത്തിന്റെ ആള്‍രൂപം.
കാറ്റത്ത് ഉയര്‍ത്തിപ്പിടിച്ച കൊടി.
നിലയ്ക്കാത്ത ചിരി.

കൂടെപ്പഠിച്ചതാണോ
സഹപ്രവര്‍ത്തകനാണോ
വഴിയില്‍ കണ്ടുമുട്ടിയതാണോ
ഒന്നും ഓര്‍മ്മയില്ല.
പേരും അറിയില്ല.

എന്നാലും
ഇടയ്ക്ക് ഇതുപോലെ
അയാളെ ഓര്‍മ്മവരും.
ഒരു കാരണവും കൂടാതെ.

രണ്ടാമൻ
അയാളെ നമുക്ക് ഏറെക്കാലമായി
നല്ല പരിചയമുണ്ട്,
എന്നും കാണാറുണ്ട്
ആൽത്തറത്തണലിൽ.

അലക്കിത്തേച്ച മുണ്ടും ഷർട്ടും വേഷം
തെളിഞ്ഞ ചിരി;
വാക്ക്, നോക്ക്.

അയാൾ ഉടുത്ത മുണ്ടിനടിയിൽ
എന്തു കാണുമെന്ന്
എല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളു.

എന്നാലും ചിലർക്ക്
അതു പൊക്കിക്കാണിച്ചാലേ
ബോധ്യമാവൂ.

മൂന്നാമൻ
ഈയിടെ
ഞാൻ എന്റെ ശരീരത്തെ
മറ്റൊരാളുടേതുപോലെ
നോക്കിക്കാണുകയാണ്.

അയാളുടെ തല നരച്ചിരിക്കുന്നു
വയറല്പം ചാടിയിട്ടുണ്ട്
ചന്തിയിൽ വിട്ടുമാറാത്ത ഒരു ചൊറി.

പിന്നെപ്പിന്നെ അയാൾ
സ്വന്തംകാര്യത്തിൽ ഉദാസീനനാവുന്നത്
എന്റെ ശ്രദ്ധയിൽ പെട്ടു
പതിവുകളെല്ലാം തെറ്റിക്കുന്നു.

അയാൾ ആവശ്യപ്പെട്ടില്ലെങ്കിലും
മാനുഷികമായ ഒരു പരിഗണനകൊണ്ട്
ഞാനയാളെ പരിചരിച്ചുതുടങ്ങി.

നിത്യവും സോപ്പുതേച്ച് കുളിപ്പിക്കുന്നു
കുപ്പായമിടുവിക്കുന്നു
ഭക്ഷണം ഉരുളയുരുട്ടി
വായിൽ വെച്ചുകൊടുക്കുന്നു.

കോവിഡുകാലത്ത് ആമസോൺ വഴി
വാങ്ങിയ ഒരു ട്രിമ്മർ ഉപയോഗിച്ച്
മുടി പറ്റെ വെട്ടിക്കൊടുക്കുന്നു.

അപൂർവ്വമായി
സ്വയംഭോഗം ചെയ്യാൻ
ഒരുകൈ സഹായിക്കുന്നു.

അയാൾ മരിച്ചാൽ
ഞാൻ എന്തു ചെയ്യും എന്നാണ്
ഇപ്പോഴത്തെ എന്റെ വേവലാതി.

▪️
മാതൃഭൂമി ഓണപ്പതിപ്പ് 2024