ലോകസൈക്കിൾദിനമാണ്*; മൂലയിൽ
ചാരിനിൽക്കുന്നു പാവം! ചിലന്തികൾ
നൂലുപാകിയ ചക്രങ്ങൾ നിശ്ചലം,
നാവുപോയി ചിലയ്ക്കാത്ത കൈമണി.
ഭ്രാന്തവേഗം കുതിച്ചു പിന്തള്ളിയ
മാന്ദ്യഭാവനാം നിത്യപരാജിതൻ;
വിറ്റൊഴിക്കാൻ മനസ്സുവരായ്കയാൽ
കെട്ടിയിട്ടു വളർത്തുമോമൽ മൃഗം.
ഓർത്തു; പോയനാൾ ആംസ്റ്റർഡാമിൽ കണ്ട
കാഴ്ച്ച, നൂറുനൂറായിരം തുമ്പികൾ
ഓണവായുവിലെന്നപോൽ പാതയിൽ
ഓടി സൈക്കിളാഘോഷിക്കുമുത്സവം!
പട്ടണം തന്നെയെങ്കിലും ഗ്രാമ്യത
മുറ്റിനിൽക്കുന്ന ശാന്തമാം വീഥികൾ,
തൊട്ടുതൊട്ടൊഴുകുന്ന കനാലുകൾ,
കല്പടവുകൾ, പാലക്കമാനങ്ങൾ.
‘ഒട്ടുമില്ല തിരക്ക്, നടക്കുന്ന
മിത്രമേ നിങ്ങളാദ്യം’ എന്നോതുന്ന,
നിർത്തിയിട്ടുള്ള വാഹനങ്ങൾ, മണി
യൊച്ച വേറിട്ടു കേൾപ്പിച്ചു സൈക്കിളും
കാലുകൊണ്ടു സംഗീതം രചിക്കുന്ന
വാദകരുടെ സിംഫണി! വായുവിൽ
പ്രേമമുണ്ടെന്ന് പൊങ്ങിയാടും ബലൂൺ,
നീലവാനവും വെള്ളിമേഘങ്ങളും
ഞെട്ടി; അപ്പോൾ പിറകിൽനിന്നും ചെവി
പൊട്ടുമാറൊരു ഹോൺ മുഴങ്ങീടുന്നു
നില്പതാംസ്റ്റർഡാം സിറ്റിയിലല്ലിങ്ങു
പച്ച കെട്ടു ചുവപ്പായ നാട്ടിൽ ഞാൻ.
▪️
ജൂൺ 3 ലോക സൈക്കിൾ ദിനം