ഉല്പം

ഈ മണ്ണിൽ വീണുമുളച്ചു ഞാൻ
നിന്നെപ്പോലെ
ഈ വിണ്ണിൻ നേർക്കു വളർന്നു ഞാൻ
നിന്നെപ്പോലെ
ഈ മണ്ണിൽ വേരുകളാഴ്ത്തീ ഞാൻ
നിന്നെപ്പോലെ
ഈ മഴയും വെയിലും കൊണ്ടു ഞാൻ
നിന്നെപ്പോലെ
ഈ കിളിതൻ പാട്ടുകൾ കേട്ടു ഞാൻ
നിന്നെപ്പോലെ
ഈ തണലിനു കുടകൾ ചൂടീ ഞാൻ
നിന്നെപ്പോലെ

അങ്ങനെയങ്ങനെ
ഒരുനാൾ വന്നൂ ജേസീബിസ്സാറ്
അപ്പോൾ
വരിയായ് നിന്നു മരങ്ങൾ മലകൾ
മനുഷ്യരുമൊരുപോലെ

അതുചോദിച്ചു തിരിച്ചറിയൽ രേഖ.
അതിനെന്തപ്പോൾ കീശയിൽ നിന്നും നീ
ഉടനെയെടുത്തൂ ആധാർ,
നിന്റെയഹങ്കാർക്കാർഡ്.
അതുകണ്ടു വണങ്ങിപ്പോയീ
ജേസീബിസ്സാറ്.

ഈ മണ്ണിൽ വീണു മുളച്ചൂ ഞാൻ
എന്നാൽ നിന്നെപ്പോലെ
ഈ രേഖ – അതില്ലാ കാണിക്കാൻ.

അടിവേരും മാന്തിയെടുക്കാനായ്
നെടുനീളൻ കോരിക നീട്ടിക്കൊ-
ണ്ടതുവന്നെൻ മുന്നിൽ നിന്നു.

അപ്പോൾ ഞാനിട്ടുകൊടുത്തൂ
ചില്ല കുടഞ്ഞൊരു പച്ചയില.

ഈയിലയെന്റെ തിരിച്ചറിവോല.
ഇതിലുണ്ടെന്നുടെയുൽപ്പം; നിന്റെയു-
മുലകത്തിന്റെയുമൊപ്പം.
▪️
മാതൃഭൂമി ആഴ്ചപ്പതിപ്പ് 2024