കൈയ്യിൽ തടഞ്ഞത് എം.പി.നാരായണപിള്ളയുടെ പുസ്തകമാണ്. പകുത്തുകിട്ടിയ താളിൽ ഊണി എന്ന കഥ. ആ ശീർഷകത്തിന് മുൻപു കേൾക്കാത്ത കൗതുകം തോന്നി. കഥയിലെ നായകൻ ഒരു ഊണിയാണ്. പണ്ട് നാട്ടിൻപുറങ്ങളിൽ സദ്യയുണ്ടെന്ന് കേട്ടറിഞ്ഞ് ക്ഷണിക്കാതെ ഉണ്ണാനെത്തുന്ന നിസ്വനും അനാഥനുമായ ആളാണ് ഊണി. ചിലയിടങ്ങളിൽ മരണാനന്തര ചടങ്ങുകളുടെ ഭാഗമായുള്ള ഊട്ടിനു നിയോഗിക്കുന്ന ആളെയും ഊണി എന്നു പറയാറുണ്ടത്രേ. നാരായണപിള്ളയുടെ കഥയിലെ നായകൻ ആദ്യവിഭാഗത്തിൽ പെട്ടയാളാണ്.
സദ്യയുണ്ടെന്ന് കേട്ടറിഞ്ഞ് തലേന്നു രാത്രിതന്നെ ഊണി കമ്പിറാന്തലും ഭാണ്ഡവുമായി കല്യാണവീട്ടിലെത്തി. നടന്നുവലഞ്ഞാണ് വന്നത്. കുറേക്കാലമായി വാതം ബാധിച്ച് കിടപ്പായിരുന്നു. നല്ലരിച്ചോറുണ്ടിട്ട് കാലമേറെയായി. പതിനഞ്ചുപറ അരിയുടെ സദ്യ. രണ്ടുകൂട്ടം പ്രഥമൻ. പണിക്കർ അത്താഴമുണ്ടു. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. പക്ഷെ, ദേഹണ്ണക്കാരൻ ചെവിയിൽ വെള്ളമൊഴിച്ച് ഉറക്കമുണർത്തി. ആദ്യം ഒരു മുറം ഉള്ളി കൊടുത്തു, തൊലികളയാൻ. അതുകഴിഞ്ഞ് ഒരു കെട്ട് ഇല, തുടച്ചുവൃത്തിയാക്കാൻ. പണിക്കരുടെ കണ്ണും മനസ്സും നീറി. എങ്ങനെയോ രാവു വെളുപ്പിച്ചു. കുളിച്ചുവന്ന് ഒരു മൂലയ്ക്കിരുന്നു ചടങ്ങു കണ്ടു. ഇലയിട്ടപ്പോൾ ആദ്യപന്തിയിൽത്തന്നെ ഇരിക്കാൻ പുറപ്പെട്ടു. പക്ഷെ പണിക്കരെ എഴുന്നേല്പിച്ചു. രണ്ടും മൂന്നും പന്തിയിലും ഇല കിട്ടിയില്ല. പുറത്ത് അന്യജാതിക്കാരുടെ കൂടെയിരിക്കാൻ കല്പന കിട്ടി. അപമാനിതനായ ഊണി ഉണ്ണാതെ പടിയിറങ്ങിപ്പോയി. കഥ വായിച്ചുകഴിയുമ്പോൾ നമ്മളും ഊണിയോടൊപ്പം കഥയിൽനിന്ന് ഇറങ്ങിപ്പോയതായി (തെറിച്ചുപോയതായി) അനുഭവിക്കും. അതാണ് ആഖ്യാനത്തിന്റെ ശക്തി. കഥയുടെ രാഷ്ട്രീയവും സമകാലികപ്രസക്തിയും മറ്റും ‘ഇടയുള്ളോർ ചിന്തിപ്പിൻ’.

ഇതു വായിച്ചപ്പോൾ ഒളപ്പമണ്ണയുടെ ഭിക്ഷാംദേഹി എന്ന കവിത ഓർമ്മ വന്നു. പണ്ട് ഇല്ലങ്ങളിൽ ചോറൂണും പിറന്നാളും വേളിയും മറ്റും കേട്ടറിഞ്ഞ് പതിവായി ഉണ്ണാനെത്തുന്ന ഒരാളാണ് ഭിക്ഷാംദേഹിയായ രാമനാഥൻ.
“ഉച്ചയ്ക്കുമന്തിക്കുമിലയിട്ടാൽ ആദ്യത്തെ
ഇലയിലുണ്ടാകുമീ രാമനാഥൻ
എല്ലാരുമുണ്ടെഴുന്നേറ്റാലുമുണ്ടുകൊ-
ണ്ടിലവെച്ചിരിക്കുന്നു രാമനാഥൻ”
ജീവിതം ആഹാരമായിരുന്ന ഈ രാമനാഥൻമാർ എവിടെപ്പോയി? കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്:
“കണ്ടാലറിയില്ല വെട്ടുവഴികളിൽ
തെണ്ടിത്തിരിയുന്നു രാമനാഥൻ
എങ്ങോട്ടെന്നില്ലാതെ തിക്കിത്തിരക്കുന്ന
ഞങ്ങളും നിങ്ങളും രാമനാഥൻ!”