ഏഴുപതിറ്റാണ്ടു മുമ്പ് കുറ്റിപ്പുറം പാലത്തിന്മേൽ നിന്ന് ഇടശ്ശേരി പേരാറിനെ നോക്കിയതുപോലുള്ള ഒരു നോട്ടം ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ആലുവാപ്പുഴ’യിൽ ഉണ്ട് (മാതൃഭൂമി ആഴ്ചപ്പതിപ്പ്).
ഇടശ്ശേരിയുടേത് മനുഷ്യകർമ്മങ്ങളെച്ചൊല്ലി അഭിമാനിക്കുന്ന കാലമായിരുന്നു. നമ്മുടേത് അക്കാരണത്താൽത്തന്നെ അപമാനപ്പെടുന്ന കാലവും.
‘എങ്കിലും മർത്ത്യവിജയത്തിന്മേൽ
എൻകഴലൂന്നി നിവർന്നുനിൽക്കേ
ഉറവാർന്നിടുന്നുണ്ടെൻ ചേതസ്സിങ്കൽ
അറിയാത്ത വേദനയൊന്നു മെല്ല’.
പേരാറിൽനിന്ന് പെരിയാറിലെത്തുമ്പോൾ അറിയാത്ത ആ വേദനയുടെ മറ്റൊരു പരിണാമം കാണാം.
‘ആലുവാപ്പാലത്തിന്റെ കമാനത്തിന്മേൽ പണ്ടു
പാലൊളിനിലാവിലെപ്പുഴകണ്ടിരിക്കുമ്പോൾ’
എന്ന തുടക്കം ആ തുടർച്ചയുടെ സൂചകമാണ്.
പുഴയുടെ പുരാവൃത്തവും ചരിത്രവും അനുസ്മരിക്കുന്ന കവിതയൊടുങ്ങുന്നതാവട്ടെ പ്രകൃതിശക്തിക്കുമുന്നിൽ മനുഷ്യന്റെ മൃഗതുല്യമായ നിസ്സഹായതയും നിസ്സാരതയും തിരിച്ചറിഞ്ഞുകൊണ്ടും.
‘അന്തരാ പരലോകശങ്കയില്ലാത്ത ഞാനോ
നിന്റെ നീർ പുലർത്തുന്ന മറ്റൊരു മൃഗം മാത്രം
വൃദ്ധനാം ഗജത്തെപ്പോൽ, ശൈലപുത്രി, നിൻ ജല
വൃദ്ധിയിൽച്ചത്തുപൊങ്ങിയൊഴുകാൻ കഴിഞ്ഞെങ്കിൽ’.
