ശങ്കുണ്ണിമാഷ്

ഹൈസ്കൂൾകാലം മുതൽ എടപ്പാളിലും പൊന്നാനിയിലും പരിസരങ്ങളിലും നടക്കാറുള്ള സാഹിത്യസദസ്സുകളിൽ പങ്കെടുക്കുന്നത് വലിയ ആവേശമായിരുന്നു. അവിടങ്ങളിലെല്ലാം സ്ഥിരമായി വേദിയിൽ കാണാറുള്ള ദേശത്തെ കവികളിൽ പ്രധാനികളായിരുന്നു പി.എം.പള്ളിപ്പാടു മാഷും വട്ടംകുളം ശങ്കുണ്ണിമാഷും. പള്ളിപ്പാട് മാഷ് നേരത്തേ പോയി. ഇപ്പോൾ ശങ്കുണ്ണിമാഷും.

ദേശത്തെ കവികൾ നാട്ടുമാവുകൾ പോലെയാണ്. ആ മധുരം നുകരാൻ അതിന്റെ ചുവട്ടിൽ തന്നെ പോകണം. അതിനു ദൂരേക്കു ശാഖകളില്ല. ശങ്കുണ്ണിമാഷ് വട്ടംകുളം എന്ന ദേശനാമം തന്റെ പേരിനോടു ചേർത്തെഴുതി. “ഞാനൊരു വട്ടംകുളത്തുകാരൻ” എന്നു തുടങ്ങുന്ന കവിത അദ്ദേഹം ഉറച്ചശബ്ദത്തിൽ ചൊല്ലിയിരുന്നത് ഓർക്കുന്നു. കുറുങ്കവിതയായിരുന്നു അദ്ദേഹത്തിനു പഥ്യം. വാർദ്ധക്യത്തിൽ പുരാണപാരായണത്തിലേക്കും അവയുടെ പുനരാഖ്യാനത്തിലേക്കും അദ്ദേഹം ശ്രദ്ധ തിരിച്ചു.

വൈകുന്നേരങ്ങളിൽ കൈയ്യിൽ ഒരു പ്രാരബ്ധസ്സഞ്ചിയുമായി അങ്ങാടിയിൽ കണ്ടുമുട്ടാറുണ്ടായിരുന്ന, സാധാരണക്കാരനായിരുന്ന വട്ടംകുളത്തിന്റെ മുതിർന്ന കവിക്ക് വിട!