ചിത്രൻനമ്പൂതിരിപ്പാട്

പലതവണ ഹിമാലയാരോഹണം ചെയ്ത, നൂറ്റിമൂന്നു വയസ്സുവരെ ജീവിച്ച, പി. ചിത്രൻ നമ്പൂതിരിപ്പാടിനെക്കുറിച്ച് ഒരിംഗ്ലീഷ് പത്രത്തിൽ വന്ന ലേഖനത്തിന്റെ ശീർഷകം Old man and the Mountain എന്നായിരുന്നു. എന്തൊരൗചിത്യം! Old man and the Sea യിലെ സാന്തിയാഗോ സമുദ്രത്തിലേക്കെന്നപോലെ അദ്ദേഹം പർവ്വതങ്ങളിലേക്കു സാഹസികയാത്ര ചെയ്തു. സാന്തിയാഗോവിനെപ്പോലെ വെറുംകൈയോടെ തിരിച്ചുവന്നു, എന്നാൽ അതിജീവനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും മൃതസഞ്ജീവനി ആത്മാവിൽ നിറച്ചുകൊണ്ട്. പിടിച്ച മീനല്ല, അതിനായുള്ള സമരവും ത്യാഗവുമാണ് സാന്തിയാഗോവിന്റെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കിയത്. അതുപോലെ കയറിയ ഉയരങ്ങളല്ല, അവിടെനിന്ന് താൻ ഉൾക്കൊണ്ട വിശുദ്ധിയും തിരിച്ചറിഞ്ഞ താഴ്മയുടെ ദർശനവുമാണ് ചിത്രൻനമ്പൂതിരിപ്പാടിന്റെ മഹത്വം.