ക്ലാസുമുറികളിൽ ഇലക്ട്രിക് ബെൽ വരുന്നതിനു മുമ്പ് സ്കൂളുകളിലുണ്ടായിരുന്നത് ഇത്തരം ലോഹക്കഷണവും അതിൽ മുട്ടാനുള്ള ഇരുമ്പുദണ്ഡുമായിരുന്നു. ഇന്റർവെൽ സമയത്ത് സ്കൂൾശിപായി ദണ്ഡുമായി വരാന്തയിലൂടെ നടന്നുവരുന്നതു കാണാൻ കുട്ടികൾ ജനാലയിലൂടെ കണ്ണയച്ചു കാത്തിരിക്കും. ഇന്റർവെൽ മണി ‘മൂത്രബെല്ല്’ എന്നാണ് അറിയപ്പെട്ടത്. പ്രാർത്ഥനക്ക് ഒറ്റമണി, പിരീഡ് കഴിയുമ്പോൾ ഇരട്ടമണി, സ്കൂൾ വിടുമ്പോൾ കൂട്ടമണി എന്നിങ്ങനെ അതിനു നിശ്ചിതമായ എണ്ണങ്ങളുണ്ട്. കൂട്ടമണിയുടെ അന്ത്യത്തിൽ കലാശം കൊട്ടുന്നതുപോലെ രണ്ടുമണി വേറിട്ടു മുട്ടും. ചടങ്ങും ചിട്ടയും ഓർത്താൽ ചേങ്ങില പോലെ ഒരു ഘനവാദ്യം തന്നെയോ സ്കൂൾബെല്ല് എന്നും തോന്നിപ്പോകും!
നാലുമണി ബെല്ലടിച്ച്, ക്ലാസുമുറികളിൽനിന്നു പുറത്തേക്കു കുതിക്കുന്ന കുട്ടികളെ നോക്കി, വരാന്തയിൽ നിൽക്കുന്ന ശിപായി നാണുമ്മാനെ ഓർമ്മവരുന്നു. തടവറയുടെ വാതിൽ തുറന്നുകൊടുത്ത ഒരു വിമോചകന്റെ കൃതാർത്ഥതയും വാത്സല്യവും കാണാം ആ കണ്ണുകളിൽ!

ഇന്ന് സ്കൂൾ തുറക്കുന്നു.
ഞാൻ പ്രാർത്ഥനയ്ക്കുള്ള ഒറ്റമണി അടിക്കുന്നു.
നല്ലതു വരട്ടെ!