“നീ നല്ല ഉറക്കത്തിലായിരുന്നു അല്ലേ?
പുലരുവോളം കാക്കാൻ ക്ഷമയില്ലാത്തോണ്ടാ
ഈ പാതിരക്കുതന്നെ വിളിച്ചത്
ഇവിടെ വന്നിട്ടും സ്വസ്ഥതയില്ല
എഴുന്നേൽക്കാനേ വയ്യ
മേലാകെ മണ്ണിട്ടു മൂടിയപോലെ
സന്ധിവേദനയ്ക്ക് ഒരു കുറവുമില്ല
കുഴമ്പുതേച്ചു കുളിച്ചിട്ട് ദിവസമെത്രമായി
മൂത്രത്തിന്റെ ബാഗും കത്തീറ്ററും മാറ്റാറായില്ലേ
നാളെത്തന്നെ വന്ന്
എന്നെ അങ്ങോട്ടു കൊണ്ടുപോകണം
ഡോക്ടറെ കാണണം
ടോക്കൺ എടുത്തുവെക്കണം
ഇങ്ങോട്ടു പോരുമ്പോൾ
നാരായണീയം എടുക്കാൻ മറന്നു
മേശപ്പുറത്തുതന്നെ കാണും
തുന്നുവിട്ട അത് ഒന്നുകൂടി ശരിയാക്കണം”
മേശപ്പുറത്ത്
ചെറിയൊരു പ്ലാസ്റ്റിക് പെട്ടിയിൽ
ഒരുണ്ട നൂൽ, സൂചി
കത്രിക, പശക്കുപ്പി
എല്ലാം തയ്യാറാക്കി വെച്ചതുപോലെ
ഇരിക്കുന്നു
നിത്യപാരായണം കൊണ്ട് മുഷിഞ്ഞും
പലതവണ താളടർന്നും തുന്നിച്ചേർത്തും
പുറംചട്ടയിട്ടു സൂക്ഷിച്ചിരുന്ന
ആ നാരായണീയം മാത്രം
ഇല്ല.
(29 Jan 2020.Revised on 22/07/2025)