മാവിൻചുവട്ടിലെ നാടകം

വീട്ടിലെത്തിയ വിരുന്നുകാർക്ക് ‘ഇത് ഞങ്ങളുടെ തോട്ടത്തിലുണ്ടായ പഴമാണ്’ എന്നു വിളമ്പി സത്കരിക്കുന്നതിലെ നൈർമല്യമുണ്ട് നാട്ടിൻപുറത്തെ കലാസമിതി നാടകങ്ങൾക്ക്. കുറ്റവും കുറവും പറയാമെങ്കിലും രാസവളമിടാത്ത ജൈവോത്പന്നങ്ങളാണ് അവ. ആ നാടകങ്ങൾ നഗരങ്ങളിലെ മത്സരങ്ങൾക്കു പോകാറില്ല. അകലങ്ങളിലെ പ്രേക്ഷകരെ ആകർഷിച്ചു വരുത്താറുമില്ല. വാർഷികാഘോഷത്തിന് തൻനാട്ടുകാർക്കും വീട്ടുകാർക്കും ഒത്തൊരുമിക്കാൻ ഒരു നിമിത്തമാകുന്നു എന്നതാണ് അവയുടെ അവതരണസാഫല്യം.

ഇടശ്ശേരിയുടെ ‘മാവിൻചുവട്ടിലെ നാടകം’ എന്ന കവിത ഓർമ്മവന്നു. മാമ്പഴക്കാലത്ത് കുട്ടികൾ മാവിൻചുവട്ടിൽ നാടകം കളിക്കുകയാണ്. തനിക്ക് ഹനുമാന്റെ വേഷം വേണം എന്നു വാശിപിടിച്ച വിജയനെ കൂട്ടുകാർ കുരങ്ങനെന്നു വിളിച്ചു പരിഹസിച്ചു. അന്നേരം അഭിമാനിയായ വിജയൻ പറയുന്നു:
“ആകട്ടെ കുരങ്ങുതാൻ, എന്നാലും ഹനൂമാൻ ഞാൻ
ആവശ്യപ്പെടുന്നീ’ലൊരയ്യോ പാവം;’
ഉണ്ടായിരിക്കാമെനിക്കെന്റേതാം കുറവുകൾ
ഉണ്ടാവില്ലെങ്കിൽ അതാണാക്ഷേപാർഹം”
മാളുകളും ഫ്ലൈഓവറുകളും ആറുവരിപ്പാതകളുമെല്ലാമായി അതിവേഗം നഗരവത്കൃതമാകുന്ന കേരളത്തിൽ, അപൂർവ്വമായി പ്രകാശം ചൊരിയുന്ന ഇത്തരം ഗ്രാമീണനാടകവേദികൾ ഇനിയും ശേഷിക്കുന്ന മാവിൻചുവട്ടിലെ വിജയന്മാരാണ്.