എഴുത്തുകാരൻ എന്നല്ല ചരിത്രകാരൻ എന്നാണ് ബഷീർ തമാശയായി സ്വയം വിശേഷിപ്പിച്ചിരുന്നത്. കഥകൾ എഴുതുകയല്ല, ഉണ്ടായ സംഭവങ്ങൾ പറയുന്നതുപോലെ എഴുതി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. തകഴിയും ദേവും വർക്കിയുമെല്ലാം അടങ്ങുന്ന അക്കാലത്തെ പുരോഗമന സാഹിത്യത്തിന്റെ പൊതുസ്വഭാവമായിരുന്നു അത്. അന്നത്തെ നമ്മുടെ കഥാസാഹിത്യം അനുദിനം പരിവർത്തനവിധേയമായിരുന്ന കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രവും ആയിരുന്നു. എഴുത്തിൽ സാമൂഹ്യാവസ്ഥയുടെ പ്രതിഫലനമുണ്ടെങ്കിൽ എഴുത്തുകാർ ചരിത്രകാരന്മാർ കൂടിയാണ്.
എഴുത്തുകാർക്ക് ചരിത്രകാരന്മാരാകാമെങ്കിൽ ചരിത്രകാരന്മാർക്ക് എഴുത്തുകാരുമാകാം. അകാലത്തിൽ അപ്രതീക്ഷിതമായി ഈ കഥാസമാഹാരവുമായി പ്രത്യക്ഷപ്പെട്ട് നമ്മളെ ആശ്ചര്യപ്പെടുത്തുന്ന കെ.പി.രാജൻ മാറഞ്ചേരിയുടെ ചരിത്രകാരനാണ്. ദേശത്തിന്റെ കഥ എഴുതാമെങ്കിൽ എന്തുകൊണ്ട് ദേശവാസികളായ മനുഷ്യരുടെ കഥകളും എഴുതിക്കൂടാ? പൊതുപ്രവർത്തനെന്നനിലയിൽ തനിക്കു ചിരപരിചിതമായ നാടും നാട്ടുകാരും അവിടത്തെ ജീവിതവുമാണ് കെ.പി.രാജന്റെ കഥാലോകത്തിലുള്ളത്.
ആത്മകഥാംശമുള്ള രാജന്റെ കഥയിലെ സംഭവങ്ങളെല്ലാം നടക്കുന്നത് മാറഞ്ചേരിയിലും പൊന്നാനിയിലും പരിസരപ്രദേശങ്ങളിലുമാണ്. എന്നാൽ നടക്കുന്ന കാലമാകട്ടെ അരനൂറ്റാണ്ടു മുമ്പും. ദുരിതപൂർണ്ണമെങ്കിലും സമരധീരമായിരുന്ന ഒരു ഭൂതകാലക്കനൽ ഈ കഥകളിൽ അണയാതെ കിടക്കുന്നതു കാണാം. പഴമയോടും പഴങ്കഥകളോടും രാജനുള്ള ഭൂതാവേശത്തിന് കാരണം ചരിത്രാന്വേഷണത്തിലുള്ള കൗതുകവും പുരോഗമനാശയങ്ങളോടുള്ള പ്രതിബദ്ധതയും ആയിരിക്കണം.
കലർപ്പോ കളങ്കമോ ഇല്ലാത്ത നേരെഴുത്താണ് രാജന്റെ രീതി. സംഭവങ്ങളുടെ നേർമൊഴി. ചിലപ്പോഴെല്ലാം കഥാകൃത്തായ രാജന്റെ പേന അദ്ദേഹത്തിന്റെ ഉള്ളിലിരിക്കുന്ന പത്രറിപ്പോർട്ടർ തട്ടിയെടുക്കുന്നതായും തോന്നിയേക്കാം. തനിക്കു ചുറ്റുമുള്ള മനുഷ്യരേയും അവരുടെ സ്വഭാവസവിശേഷതകളേയും നിരീക്ഷിക്കുകയും അത് അല്പം നാടകീയതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു; ചായക്കടയിലോ പാടവരമ്പത്തോ കൂട്ടംകൂടി ഇരുന്ന് സൊറ പറയുന്ന നാട്ടുമൊഴിയിൽ.
വേറിട്ട മനുഷ്യരാണ് രാജന്റെ കഥാപാത്രങ്ങൾ. പാത്രങ്ങളിൽനിന്നാണ് കഥയുണ്ടാകുന്നത് എന്നും പറയാം. വെല്ലിമ്മയെ കെട്ടിപ്പിടിച്ച് ഉറങ്ങുകയും സ്വപ്നത്തിൽ അവരെ ചവിട്ടിവീഴ്ത്തി ദുരന്തം വരുത്തിവെക്കുകയും ചെയ്ത അബു, വിശപ്പുമാറ്റാൻ മതം മാറാനും വിരോധമില്ലാത്ത വേലാവു, ശവക്കുഴി മാന്തുന്ന കുറുക്കൻ കിട്ടു, കൃഷിക്കാരിയും തന്റേടിയുമായ ഒരുമ്പെട്ടോൾ, ജാതിമതഭേദമില്ലാതെ ഒരേ അമ്മിഞ്ഞ കുടിച്ചു വളർന്ന മൊഞ്ഞമ്മക്കുട്ടികൾ, കാസർട്ടിന്റെ വിളക്ക് പൂജാവിഗ്രഹമായി കാണുന്ന അച്ചമ്മ, കായംകുളം കൊച്ചുണ്ണിയെപ്പോലെ പാവപ്പെട്ടവരുടെ പ്രിയപ്പെട്ട കള്ളൻ ചങ്കുണ്ണ്യേട്ടൻ…
പണ്ടൊരിക്കൽ കണ്ടകുറുമ്പക്കാവിലെ പൂരത്തിരക്കിൽ നോട്ടം തെറ്റിയപ്പോൾ കാണാതെപോയ കുഞ്ഞിനെ അന്വേഷിച്ച് ജീവിതകാലം മുഴുവൻ ഭ്രാന്തിയായി അലയുകയും ഒടുവിൽ മയ്യത്തുകട്ടിലിൽ കണ്ണും തുറിച്ച് കിടക്കുകയും ചെയ്ത കദ്യാത്ത ഇക്കൂട്ടത്തിൽ മറക്കാനാവാത്ത ഒരു കഥാപാത്രമാണ്. നങ്ങേലിയുടെ ഉണ്ണിയെത്തേടി നാടുനീളെ അലയുന്ന ഇടശ്ശേരിയുടെ പൂതത്തെ ഓർമ്മിപ്പിക്കും ദീനയായ ഈ അമ്മ.
സാഹിത്യത്തിന്റെ പൊന്നാനിക്കൈവഴികളിൽ കെ.പി.രാജന്റെ നടവഴിയിലൂടെയും ഇനി ആസ്വാദകർ സഞ്ചരിക്കട്ടെ.
(കെ.പി.രാജന്റെ കഥാപുസ്തകത്തിന് എഴുതിയ അവതാരിക)