ഇറ്റ്ഫോക്ക് 25

അങ്ങനെ മൂടിക്കെട്ടിയ അന്തരീക്ഷം മാറി ഇറ്റ്ഫോക് വീണ്ടും വരുന്നതിൽ സന്തോഷം! ജനപങ്കാളിത്തംകൊണ്ടും തിരഞ്ഞെടുക്കുന്ന നാടകങ്ങളുടെ സമകാലികത കൊണ്ടും ലോകശ്രദ്ധ നേടിയ ഇന്ത്യയിലെ ഏറ്റവും വലിയ തിയറ്റർ ഫെസ്റ്റിവലാണ് ഇറ്റ്ഫോക്ക്. കൊച്ചുകേരളത്തിലിരുന്ന് ലോകനാടകവേദിയിലെ വിസ്മയപ്രകടനങ്ങൾ കാണാൻ സഹായിക്കുന്ന ഏകജാലകം. ഒന്നരപ്പതിറ്റാണ്ടു മുമ്പ് ഭരത് മുരളിയുടെ നേതൃത്വത്തിൽ അക്കാദമി തുടക്കമിട്ട ഇറ്റഫോക്ക് ഇന്ന് മലയാള രംഗവേദിയെ നിരന്തരം പുതുക്കിപ്പണിയാനുള്ള പ്രേരകശക്തിയായിത്തീർന്നിരിക്കുന്നു.

‘പ്രതിരോധത്തിന്റെ സാംസ്കാരം’ ഉയർത്തിപ്പിടിക്കുന്ന ഇത്തവണത്തെ ഇറ്റ്ഫോക്കിൽ നാടകങ്ങളുടെ എണ്ണം കുറവാണെങ്കിലും ഉള്ളവക്ക് കൂടുതൽ പ്രദർശനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആൾത്തിരക്കാണ് ഇറ്റ്ഫോക്കിന്റെ (കേരളത്തിലെ എല്ലാ ഫെസ്റ്റിവലുകളുടേയും) വലിയ പ്രശ്നമായി അനുഭവപ്പെട്ടിട്ടുള്ളത്. സിനിമയാണെങ്കിൽ മറ്റൊരവസരത്തില്‍ കാണാമെന്നു കരുതി നീട്ടിവെക്കാം. എന്നാല്‍ നാടകം അതു നടക്കുന്ന സ്ഥലത്തും സമയത്തും ഹാജരായിത്തന്നെ കാണേണ്ട കലയാണ്. അതുകൊണ്ടുതന്നെയാണ് കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള നാടകപ്രേമികള്‍ തൃശ്ശൂരില്‍ തടിച്ചുകൂടുന്നത്. ഇന്റിമേറ്റ് തിയ്യേറ്ററായ ബ്ലാക്ക് ബോക്‌സില്‍പ്പോലും തിക്കും തിരക്കുമായിരിക്കും. എന്നാലും ഇത് അവതരണങ്ങളെ ബാധിക്കാതിരിക്കാന്‍ പ്രേക്ഷകര്‍ കാണിക്കുന്ന ക്ഷമയും സഹിഷ്ണുതയും രംഗവേദിയോടുള്ള നമ്മുടെ സമര്‍പ്പണത്തിന്റെ സാക്ഷ്യമാണ്.

ഒരിക്കൽ റീജ്യണൽ തിയ്യറ്ററിന്റെ മുന്നിൽവെച്ച് ജോസേട്ടൻ (ജോസ് ചിറമ്മൽ) പറഞ്ഞത് ഓർമ്മവരുന്നു: “നടക്കുന്നതാണെടാ നാടകം. അത് നടക്കുന്നടത്ത് പോയി കാൺണം. നാടകം നിന്റ്യടുത്തക്ക് വരില്യ.”
അതുകൊണ്ട് ഞാനുമുണ്ടാവും പ്രിയപ്പെട്ടവരേ നിങ്ങളോടൊപ്പം.