കഥയും പാട്ടും

കഥയെക്കുറിച്ച് ഒരു കഥ പറയാം. അതെന്തു കഥ എന്നല്ലേ? അതൊരു നാടോടിക്കഥയാണ്. കഥയാണ് ഈ കഥയിലെ ഒരു കഥാപാത്രം. മറ്റൊരു കഥാപാത്രം ആരാണെന്നോ? അതൊരു പാട്ട് ആണ്. കഥയുടെയും പാട്ടിന്റേയും കഥയാണ് പറയാൻ പോകുന്നത്.

കഥയും പാട്ടുമൊക്കെ എവിടെനിന്നാണ് ഉണ്ടാവുന്നത്? ആലോചിച്ചുനോക്കൂ. മരത്തിൽ ഉണ്ടാവുന്നതാണോ? ഏതെങ്കിലും ജന്തുക്കൾ പ്രസവിച്ചുണ്ടാകുന്നതാണോ? ആകാശത്തുനിന്ന് മഴ പോലെ പെയ്ത് താഴേക്ക് ഒലിച്ചുവരുന്നതാണോ? അല്ലല്ലോ. പിന്നെ എവിടന്നാണ് കഥയും പാട്ടും വരുന്നത്? ആളുകളുടെ ഉള്ളിൽനിന്ന്. കഥയും പാട്ടുമെല്ലാം ഉണ്ടാകുന്നത് മനുഷ്യരുടെ ഉള്ളിലാണ്. ഉള്ളിൽ എന്നു വെച്ചാലോ? മനസ്സിൽ, അല്ലേ?

ഉള്ളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പുറത്തു കാണിക്കണം. കഥയായാലും കാര്യമായാലും അതു മറ്റുള്ളവരുമായി പങ്കിടണം. ഇല്ലെങ്കിലോ? ഇല്ലെങ്കിൽ എന്തു സംഭവിക്കും? അതാണ് ഇനി പറയാൻ പോകുന്നത്. പറയാത്ത ഒരു കഥയുടെയും പാടാത്ത ഒരു പാട്ടിന്റെയും കഥ. എന്നാൽ പറയട്ടെ? ശരി, കേട്ടോളൂ.

ഒരു സ്ത്രീക്ക് നല്ലൊരു കഥയറിയാം. നല്ലൊരു പാട്ടും അറിയാം. എന്നാൽ അവർ ഈ കഥ ആർക്കും പറഞ്ഞുകൊടുക്കില്ല. പാട്ട് ആരെയും പാടി കേൾപ്പിക്കുകയുമില്ല. കഥയും പാട്ടും പുറത്തേക്കു വരാനാകാതെ അവരുടെ ഉള്ളിലങ്ങനെ വീർപ്പുമുട്ടി കഴിയുകയാണ്. അവർക്ക് എങ്ങനെയെങ്കിലും ആ സ്ത്രീയുടെ ഉള്ളിൽനിന്നും പുറത്തുകടക്കണമെന്നുണ്ട്. പക്ഷെ അവർ വിചാരിക്കാതെ അതു നടക്കില്ലല്ലോ. അങ്ങനെയിരിക്കെ ഒരു ദിവസം ആ സ്ത്രീ വായും പൊളിച്ച് കിടന്നുറങ്ങുകയാണ്. ഇതുതന്നെ തക്കം എന്നു കണ്ട് കഥയും കവിതയും ആ സ്ത്രീ അറിയാതെ പുറത്തുകടക്കാൻ നിശ്ചയിച്ചു. തുറന്നു പിടിച്ച വായിലൂടെ ആദ്യം കഥ പുറത്തു കടന്നു. കടന്നയുടൻ എന്തു ചെയ്തു എന്നോ? അത് ഒരു ജോഡി ചെരിപ്പായി രൂപം മാറി വീട്ടിലേക്കു കേറുന്ന പടിയിൽ പോയി കിടന്നു. പാന്നാലെ പാട്ടും പുറത്തു ചാടി. പാട്ട് എന്തു ചെയ്തു? അത് ഒരു പുരുഷന്റെ കുപ്പായമായി രൂപം മാറി ചുമരിലെ കൊളുത്തിൽ തൂങ്ങിക്കിടന്നു.

എന്നിട്ടോ? എന്നിട്ട് നേരം വൈകുന്നേരമായി. ആ സ്ത്രീയുടെ ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തി. പടിക്കെട്ടിൽ ഒരു ജോഡി ചെരിപ്പു കണ്ടു. ചുമരിൽ ആരുടേയോ കുപ്പായവും തൂങ്ങിക്കിടക്കുന്നു. ആരോ വിരുന്നുകാരുണ്ട് എന്ന് അയാൾ വിചാരിച്ചു. പുറത്തു വന്ന ഭാര്യയോട് അയാൾ ചോദിച്ചു. ആരാ ഇവിടെ വന്നിരിക്കുന്നത്?
ഇവിടെ ആരും വന്നില്ലല്ലോ. ഭാര്യ പറഞ്ഞു.
അപ്പോൾ ഈ ചെരിപ്പാരുടേയാ? ഈ കുപ്പായം ആരുടേയാ?
ഭർത്താവു ചൂണ്ടിക്കാണിച്ച ചെരിപ്പും കുപ്പായവും ആ സ്ത്രീ അപ്പോഴാണ് കാണുന്നത്. ഇതെങ്ങനെ വന്നു? എനിക്കറിയില്ല. അവർ പറഞ്ഞു. അവൾ കള്ളം പറയുകയാണെന്ന് ഭർത്താവിനു തോന്നി. അവർ തമ്മിൽ വാക്കേറ്റമായി. വഴക്കായി. ഭാര്യ തന്നെ ചതിക്കുകയാണ് എന്നയാൾ കരുതി. തമ്മിൽ തെറ്റി, ദേഷ്യത്തോടെ അയാൾ തന്റെ പുതപ്പുമെടുത്ത് വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. നേരം രാത്രിയായി. ആ സ്ത്രീ വീട്ടിൽ ഒറ്റക്കിരുന്ന് കരയാൻ തുടങ്ങി. അവർക്ക് എത്ര ആലോചിച്ചിട്ടും ആ ചെരിപ്പും കുപ്പായവും എങ്ങനെ അവിടെ വന്നു എന്ന് പിടികിട്ടിയില്ല. കുറേനേരം കരഞ്ഞുതളർന്ന് ഒടുവിൽ അവർ വിളക്ക് ഊതിക്കെടുത്തി ഉറങ്ങാൻ കിടന്നു.

വീട്ടിൽനിന്ന് ഇറങ്ങിയ ഭർത്താവ് അടുത്തുള്ള ഹനുമാൻ കോവിലിലേക്കാണ് പോയത്. അയാൾ അവിടെ ചെന്ന് പായ വിരിച്ചു കിടന്നു. ഓരോന്ന് ആലോചിച്ച് അയാൾക്ക് ഉറക്കം വരുന്നില്ല. അങ്ങനെ കിടക്കുമ്പോൾ എവിടെനിന്നോ ഒരു തരിവെളിച്ചം തന്റെ അടുത്തേക്കു വരുന്നതായി അയാൾക്കു തോന്നി. അയാൾ അനങ്ങാതെ പുതപ്പിനിടയിലൂടെ ഒളിച്ചു നോക്കി. അത്ഭുതം! അതാ കുറേ തിരിനാളങ്ങൾ കോവിലിലേക്കു കയറിവരുന്നു. അത് താനേ വരികയാണ്. ആളുകൾ കൊണ്ടുവരികയല്ല. നാളങ്ങൾ കോവിലിന്റെ വരാന്തയിൽ വെച്ച ചെരാതുകളിൽ വന്നിരുന്ന് പ്രകാശിക്കാൻ തുടങ്ങി. പ്രകാശിക്കുക മാത്രമല്ല. അവ അന്യോന്യം സംസാരിക്കാനും തുടങ്ങി.

ആ നാടിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. രാത്രി വീടുകളിൽ ആളുകൾ ഉറങ്ങാൻ കിടക്കുമ്പോൾ വിളക്ക് ഊതുമല്ലോ. അപ്പോൾ വിളക്കിലെ നാളങ്ങൾ വീടുവിട്ട് ഹനുമാൻ കോവിലിൽ ഒത്തുകൂടും. ചെരാതുകളിലിരുന്ന് ഓരോരുത്തരും അവരവരുടെ വീട്ടിലെ വിശേഷങ്ങൾ പറയും. പുതച്ചുകിടക്കുന്ന ഭർത്താവ് കണ്ടത് ഈ വിളക്കുകളുടെ സമ്മേളനമാണ്.

ഒരു വീട്ടിൽനിന്നൊഴിച്ച് മറ്റെല്ലാ വീട്ടിൽനിന്നും തിരിനാളങ്ങൾ നേരത്തേ എത്തി. കുറേ വൈകിയാണ് അവസാനത്തെ നാളം വന്നത്. അപ്പോൾ മറ്റു തിരിനാളങ്ങൾ അതിനോടു ചോദിച്ചു. നീ എന്താ ഇത്ര വൈകിയത്?
വൈകിയെത്തിയ തിരിനാളം പറഞ്ഞു. എന്റെ വീട്ടിൽ ഭർത്താവും ഭാര്യയും തമ്മിൽ വലിയ വഴക്കായിരുന്നു. ഒടുവിൽ ഭർത്താവ് വീടുവിട്ടിറങ്ങി. ഭാര്യ കരഞ്ഞുകരഞ്ഞ് കിടക്കാനും വൈകി. അതുകൊണ്ടാ ഞാനും വൈകിയത്.

ഓഹോ! എന്തിനായിരുന്നു അവരു വഴക്കു കൂടിയത്? മറ്റു വിളക്കുകൾ ചോദിച്ചു.
അതോ. ആ സ്ത്രീക്ക് നല്ലൊരു കഥയറിയാം. നല്ലൊരു പാട്ടും അറിയാം. എന്നാൽ അവരത് ആർക്കും പറഞ്ഞുകൊടുക്കുകയോ പാടിക്കൊടുക്കുകയോ ഇല്ല. ഒടുക്കം സഹികെട്ട് പാട്ടും കഥയും ആ സ്ത്രീയുടെ ഉള്ളിൽനിന്ന് പുറത്തുചാടി. ചെരിപ്പായും കുപ്പായമായും രൂപം മാറി വീട്ടിനുള്ളിൽ കിടന്നു. അവളുടെ ഭർത്താവ് ഇതു കണ്ട് ഭാര്യക്ക് മറ്റൊരാളുമായി കൂട്ടുണ്ടെന്ന് തെറ്റിദ്ധരിച്ചു. സത്യത്തിൽ ആ കഥയും പാട്ടും ഇല്ലാത്ത വസ്തുക്കളുടെ രൂപം ധരിച്ച് അവളോട് പ്രതികാരം ചെയ്തതാണ്.

പുതപ്പിനടിയിൽ ചുരുണ്ടുകിടന്ന ഭർത്താവ് ഇതു കേട്ടു. അയാൾക്ക് സത്യം മനസ്സിലായി. അതിരാവിലെ എഴുന്നേറ്റ് അയാൾ വീട്ടിലെത്തി. ഭാര്യയെ വിളിച്ച് ആശ്വസിപ്പിച്ചു. അവൾക്കും സന്തോഷമായി. അപ്പോൾ അയാൾ ചോദിച്ചു. എവിടെ നിന്റെ കഥ, പറയൂ ഞാനും കേൾക്കട്ടെ. ഏതാ ആ പാട്ട്, പാടൂ കേൾക്കട്ടെ.
എന്റെ കഥയോ? പാട്ടോ? ആ സ്ത്രീ അന്തംവിട്ടു നിന്നു. ഇതെന്തു കഥ!
അവരുടെ ഉള്ളിൽനിന്ന് അവ പുറത്തുചാടിപ്പോയത് ആ പാവം സ്ത്രീ അറിഞ്ഞിട്ടില്ലല്ലോ.

ഇപ്പോൾ ഇതാ ഈ കഥ എന്റെ ഉള്ളിൽനിന്നും പുറത്തുചാടി. എന്നിട്ട് നിങ്ങളുടെ ഉള്ളിൽ കേറി. ഇനി നിങ്ങൾ ഇത് മറ്റാർക്കെങ്കിലും പറഞ്ഞുകൊടുക്കണം കേട്ടോ. ഇല്ലെങ്കിൽ.. ഇല്ലെങ്കിൽ എന്തു സംഭവിക്കും? പറയൂ.