കഥകളിയും പാശ്ചാത്യസാഹിത്യവും നവീനനാടകവേദിയും ഇടകലർന്നൊരു രംഗാവിഷ്കാരമാണ് കേരള കലാമണ്ഡലം ഇന്നലെ അവതരിപ്പിച്ച ഓൾഡ് മാൻ ആന്റ് ദ സീ. അപൂർവ്വതകൊണ്ട് അവിസ്മരണീയമായ ഒരു ദൃശ്യാനുഭവം. ഹെമിങ് വേയുടെ പ്രസിദ്ധമായ നോവല്ലയാണ് ആധാരം. പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും തമ്മിലുള്ള സംഘർഷങ്ങളുടേയും പാരസ്പര്യത്തിന്റേയും സങ്കീർത്തനം.
പ്രമേയസ്വീകരണത്തിൽ മാത്രമല്ല രംഗവേദിയുടെ രൂപഘടനയിലും വലിയൊരു പൊളിച്ചെഴുത്താണ് ഈ കളി. ദീർഘചതുരാകൃതിയിലുള്ള സാൻഡ്വിച്ച് വേദി. മധ്യത്തിലും രണ്ടഗ്രങ്ങളിലും ഉയർന്ന പ്ലാറ്റ്ഫോമുകൾ. വൈദ്യുത ദീപവിതാനവും നൂതനശബ്ദസംവിധാനവും. പ്രേക്ഷകരെ ചുറ്റി സഞ്ചരിച്ചുകൊണ്ട് അവരെക്കൂടി കളിക്കളത്തിനുള്ളിലാക്കുന്ന വ്യതിചലനങ്ങൾ.
വേഷത്തിലും ആട്ടത്തിലും ഉണ്ട് പുതുക്കൽ. സാന്റിയാഗോ, മനോലിൻ, സമുദ്രം, മകരമത്സ്യം ഇവർ കഥാപാത്രങ്ങൾ. സ്രാവുകൾ തുടങ്ങി വേറേയും ജലജീവികൾ പ്രത്യക്ഷപ്പെടുന്നു. ചമയത്തിൽ നേരിയ ഏറ്റക്കുറച്ചിലോടെ മിനുക്കും (സമുദ്രം) കത്തിയും (സ്രാവുകൾ) ചുവന്നതാടിയും (മകരമത്സ്യം). പിന്നണിയിൽ വാദ്യങ്ങളും പദങ്ങളും ആലാപനരീതിയും പതിവുശീലിൽത്തന്നെ. മാരിയോ ബർസാഗിയുടെ സാന്റിയാഗോ, പീശപ്പിള്ളിയുടെ സമുദ്രം, കലാ.ഹരി ആർ നായരുടെ മകരമത്സ്യം എന്നീ വേഷങ്ങൾ ഗംഭീരം.
ഒരു പോരായ്മയായി തോന്നിയത് വേദിയുടെ ഘടനയാണ്. കഥകളിവേഷങ്ങൾ നേർകാഴ്ചക്കാണ് ഭംഗി (സദസ്സിന് അഭിമുഖമായി). സാന്റ്വിച്ച് വേദിയിൽ കളിക്കുമ്പോൾ വശക്കാഴ്ചയാണ് പ്രേക്ഷകർക്ക് കൂടുതലും കിട്ടുന്നത്. (സ്വകാര്യം: ഇതു കണ്ടപ്പോൾ ഞങ്ങൾ പണ്ട് ഇടശ്ശേരിയുടെ കൂട്ടുകൃഷി കളിച്ച വേദി ഓർമ്മ വന്നു. അന്ന് അതും ഒരു പൊളിച്ചെഴുത്തായിരുന്നു).
കലയിലെ ശുദ്ധിവാദങ്ങൾ വളർച്ച മുരടിപ്പിക്കും. കലർപ്പാണ് കല.
സംവിധായകൻ കലാ.നീരജിനും കേരളകലാമണ്ഡലത്തിനും അഭിവാദ്യങ്ങൾ!