വസ്തുക്കൾ

ലിസെൽ മുള്ളർ

വസ്തുക്കള്‍ക്കിടയ്ക്കാണു
ജീവിതം, അതിനാലേ
ഒറ്റപ്പെടാതെ കഴി-
ഞ്ഞീടുവാന്‍ അവയെ നാം
സൃഷ്ടിച്ചു നമ്മേപ്പോലെ.
ക്ലോക്കിന്നു മുഖം നല്‍കി
കൈകളീ കസേരക്ക്,
വീഴാതെ നില്‍ക്കാന്‍ നാലു
കാലുകള്‍ ഈ മേശയ്ക്കും.
ഷൂസിനെ വായ്ക്കുള്ളിലെ
നാവുപോല്‍ മൃദുവാക്കി.
നാഴികമണികള്‍ക്കും
നാവേകി, അവരുടെ –
യാര്‍ദ്രമാം മൊഴി കേള്‍ക്കാന്‍
രൂപസൗന്ദര്യത്തില്‍ നാം
മുഗ്ദ്ധരാണതുകൊണ്ട്
കൂജയ്ക്കു നല്‍കീ ചുണ്ട്
കുപ്പിക്കു നീളന്‍ കണ്ഠം
നമ്മൾക്കുമുപരിയാ
യുള്ളവ പോലും നമ്മൾ
നമ്മുടെ സ്വരൂപത്തിൽ
പുതുക്കിപ്പണിയുന്നു
ഹൃദയം രാജ്യത്തിന്ന്
കൊടുങ്കാറ്റിനു കണ്ണ്
ഗുഹയ്ക്കു വായ, സുര-
ക്ഷിതരായ് കടക്കുവാൻ