പട്ടാമ്പിപ്പുഴക്കരയിൽ
പാട്ടുപന്തൽ പടിക്കരികിൽ
പത്തുനൂറു കരിമ്പനകൾ
പാർത്തുനിൽക്കും വരമ്പരികിൽ
ഉയരത്തിലുയരത്തിൽ
ഒരു കമ്പിൽ തലയോട്!
നാലു പതിറ്റാണ്ടുമുമ്പ് എം ഗോവിന്ദൻ എഴുതിയ നോക്കുകുത്തിയിലെ വരികൾ ഓർമ്മവന്നു. പട്ടാമ്പിയിലൂടെ കടന്നുപോകുമ്പോൾ പുഴക്കരയിൽ കണ്ട ഒരു കാഴ്ചയിൽനിന്നാണ് ആ കാവ്യം ഉണ്ടായത്. വിളകൾക്കു കണ്ണു പറ്റാതിരിക്കാൻ വയലോരത്ത് ആരോ കുത്തിനാട്ടിയ ഒരു നോക്കുകുത്തി. അസാധാരണമായി കണ്ടത്, കമഴ്ത്തിവെച്ച മൺകലത്തിനു പകരം മനുഷ്യന്റെ തലയോടാണ്. പണ്ട് പുഴയോരത്ത് (വെള്ളരി)കൃഷിയും (ശവ)സംസ്കാരവും പതിവാണല്ലോ. മണലു മാന്തിയപ്പോൾ കിട്ടിയ തലയോടായിരിക്കാം അത്. ആ കാഴ്ച കവിയെ ആഴത്തിൽ സ്പർശിച്ചു. ‘ഒരു തലയോടിനുള്ളിൽ മറ്റൊരു തലയോടും കൊണ്ടു നടക്കുക’ അസാധ്യമായപ്പോൾ ഈ കവിതയുണ്ടായി എന്നാണ് ഗോവിന്ദൻ ആ രചനയെക്കുറിച്ച് പറഞ്ഞത്.
എല്ലാ നദീതടസംസ്കാരങ്ങളിലും സൃഷ്ടിയേയും സംഹാരത്തേയും ആഘോഷിക്കുന്ന ഉത്സവങ്ങളുണ്ട്. തുഞ്ചൻ മഠവും ഐവർ മഠവും ഭാരതപ്പുഴയുടെ തീരത്തുതന്നെ! ഓരോ ദേശത്തു ചെല്ലുമ്പോഴും പുഴയ്ക്ക് ആ ദേശപ്പേരു കിട്ടി. ചിറ്റൂർപ്പുഴയും തൂതപ്പുഴയും കുന്തിപ്പുഴയും പട്ടാമ്പിപ്പുഴയും പൊന്നാനിപ്പുഴയും ഒരേ പുഴ. കവിതയുടെ ഒഴുക്കും അങ്ങനെ. ഒരു മലയാളത്തിൽ പലമലയാളം. കവിതയിൽ പലമയുടെ ആഘോഷമായി പട്ടാമ്പിയിലെ കാർണിവൽ!
‘പട്ടാമ്പിപ്പുഴമണലിൽ’ എന്ന കവിതയുണ്ടായതും പട്ടാമ്പിപ്പുഴമണലിൽനിന്നാണ്; ഇരുപത്തഞ്ചുവർഷം മുമ്പ്. ഒരിക്കൽ ഞാനും രാമനും കിഴായൂരിലെ പുഴയോരത്ത് ഒരു സന്ധ്യക്ക് കവിത പറഞ്ഞിരിക്കുകയായിരുന്നു. പറയുന്നതിനിടയിൽ ഇരുന്നിടത്തെ നനഞ്ഞ മണലിൽ ഞാനൊരു പെണ്ണുടലിന്റെ ശില്പം നിർമ്മിച്ചു. പൂർത്തിയാക്കുംമുമ്പ് അത് പുഴയോളങ്ങൾ വന്നു മായ്ച്ചുകളയുകയും ചെയ്തു. അന്നേരം അകലെ നിരന്നു നിൽക്കുന്ന ലോറികളിലേക്ക് തൊഴിലാളികൾ പുഴമണൽ കയറ്റുകയായിരുന്നു. അക്കാലത്ത് മലിഞ്ഞ പുഴയുടെ നടുവോളം ലോറികൾ കയറിവരുമായിരുന്നു.
പൊളിയല്ലിതു പിറ്റേന്നാ-
പ്പുഴയിൽനിന്നൊരു പെണ്ണിൻ
ജഡവും കൊണ്ടൊരു ലോറി
കയറിപ്പോയതു കണ്ടു
പുഴമണൽ നശ്വരതയുടെ സൗന്ദര്യധാമം. മണലുരുവങ്ങൾ പ്രകൃതിയിൽ ലയിച്ചുപോകുന്ന പ്രതിഷ്ഠാപനകല. എല്ലാം മായ്ക്കുന്ന കടൽ നശ്വരതയുടെ മുദ്രാകാവ്യം.
ഇങ്ങനെ ആലോചിച്ചുപോയപ്പോൾ മറ്റൊരോർമ്മ കൂടി വന്നു. തുഞ്ചൻ ഉത്സവത്തിന് തിരൂരിൽ അതിഥിയായി എത്തിയ യശഃശരീരനായ കവി കേദാർനാഥ് സിങ്ങിനെ കൂട്ടി ഞാനും അൻവർ അലിയും കൂട്ടായി കടപ്പുറത്തു പോയത്. അദ്ദേഹം കൺനിറയെ കടൽ കാണുന്നത് ഞങ്ങൾ കൗതുകത്തോടെ നോക്കിനിന്നു. അഴിമുഖത്തെ മണലിൽ ഞങ്ങൾ എഴുതിയ വരികൾ കടൽത്തിരകൾ മായ്ച്ചുകളയുന്നത് നോക്കി അദ്ദേഹം ചിന്താമഗ്നനായി. എന്തായിരിക്കാം അദ്ദേഹം ചിന്തിച്ചത്?
കാലം സൃഷ്ടിയെക്കുറിച്ചുള്ള എല്ലാ അനശ്വരസങ്കല്പത്തേയും മായ്ച്ചുകളയുന്നു. ഓരോ മായ്ച്ചുകളയലും പുതുക്കാനുള്ള ആഹ്വാനമാണ്. ഇന്നു ഞങ്ങൾ എഴുതിയ വരികൾക്കുമേൽ നിങ്ങൾ എഴുതും. അതിനുമേൽ നിങ്ങൾക്കു പിറകെ വരുന്നവരും.
കന്നിനാളിലെക്കൊയ്ത്തിനുവേണ്ടി
മന്നിലാദിയിൽ നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു നോക്കൂ
പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ
പുതുക്കത്തിന്റെ ഉത്സവമാണ് കവിതയുടെ കാർണിവൽ!