ടർഫിൽനിന്ന് മാളിലേക്ക്

അരങ്ങിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പം – നിൽക്കാനൊരു തറയും മൂന്നു മറയും മുന്നിലൊരു തുറയും – പൊളിച്ചുകളഞ്ഞിട്ട് കാലമേറെയായി. തുറന്ന അരങ്ങ് പുതുമയല്ലാതായി. ഇന്നലെ കൂറ്റനാട്ട് ‘രൂപകല്പനയുടെ ഉത്സവ’ത്തിൽ ഷാജി ഊരാളിയുടെ ഏകാംഗനാടകം ‘മിന്നുന്നതെല്ലാം’ അവതരിപ്പിക്കാനായി സംഘാടകർ തിരഞ്ഞെടുത്തത് ഒരു മാളിനു സമീപമുള്ള ഫുട്ബോൾ ടർഫ് ആയിരുന്നു!

പന്തുരുളുന്ന മൈതാനത്ത് നടന്റെ വാക്കുരുണ്ടു. പ്രേക്ഷകരെക്കൂടി പങ്കാളികളാക്കിക്കൊണ്ട് കളി പുരോഗമിക്കവേ അപ്രതീക്ഷിതമായി മഴ പെയ്തു. സംഘാടകർ ഇടപെട്ട് തൊട്ടടുത്തുള്ള മാളിനകത്തെ നടുമുറ്റത്ത് അരങ്ങൊരുക്കി. പ്രേക്ഷകർ ടർഫിൽനിന്ന് ഇരുന്ന കസേരകൊണ്ടു കുടചൂടി മാളിലേക്ക് നടന്നു. പെർഫോമെൻസിന് ഒട്ടും അനുകൂലമല്ലാത്ത ആ ചുറ്റുപാടിനെ അവഗണിച്ചുകൊണ്ട് നാടകം തുടർന്നു. സമർപ്പിതമനസ്കരായി കാണികളും പങ്കുകൊണ്ടു.

നാടകത്തിന് അടുക്കളയിൽനിന്ന് അരങ്ങത്തേക്കു മാത്രമല്ല ടർഫിൽനിന്ന് മാളിലേക്കും മാറാവുന്നതാണ്. കളിക്കുന്ന തുറസ്സല്ല കാണിയുടെ മനസ്സാണ് യഥാർത്ഥ അരങ്ങ്.