ഒരിടത്തൊരു രാജാവ്. രാജാവിന് മീശയുള്ളവരെ പേടി! പേടിമൂത്ത രാജാവ് പ്രജകളോട് ദേഹത്തെ രോമമെല്ലാം വടിക്കാൻ കല്പിച്ചു. ക്ഷുരകന്മാർക്ക് പണിയായി. രാജ്യമാകെ വടിച്ചിട്ട രോമക്കാടു നിറഞ്ഞു. അതിൽനിന്ന് പുറത്തുകടന്ന പേനുകൾ നാടെങ്ങും പരന്നു . പേൻബാധയെ പേടിച്ച് കോവിഡുകാലത്തെന്നപോലെ ആളുകൾ വീട്ടിൽനിന്നു പുറത്തിറങ്ങാതായി. സ്കൂളുകൾക്ക് അവധി കൊടുത്തു. കുട്ടികളോട് വീട്ടിലിരുന്നു കളിക്കാൻ ഉത്തരവായി.
ഇതെന്തൊരു രാജ്യം! എന്തൊരു പൊട്ടൻ രാജാവ്! ചിരിക്കാതെ വായിക്കാനാവില്ല സന്ധ്യ.എൻ.പി രചിച്ച മുടിപ്പാലം എന്ന പുസ്തകം. നരകത്തിൽ ചെന്നാൽ മുടിയിഴ കൊണ്ടുണ്ടാക്കിയ പാലത്തിന്മീതെ നടക്കേണ്ടിവരും എന്ന് കുട്ടികളെ പേടിപ്പിക്കാറുണ്ടായിരുന്നു പണ്ട്. എന്നാലിവിടെ പെണ്ണുങ്ങളുടെ തലമുടി പിരിച്ചുണ്ടാക്കിയ ബലമുള്ള പാലമാണ് നിർമ്മിക്കുന്നത്. നാട്ടുകാർക്ക് നരകത്തിൽനിന്നും ദുരിതത്തിൽനിന്നും കരകയറാനുള്ള മുടിപ്പാലം!
കുട്ടികൾക്കു പരിചിതമായ കോമിക്കിന്റേയും ആനിമേഷന്റെയും രീതിയിൽ ചടുലമായി പറഞ്ഞുപോകുന്നു ഈ കഥ. പുതുകാലത്തെ കുട്ടികൾക്ക് രസിച്ചുവായിക്കാവുന്ന പുതുപുത്തൻ നാടോടിക്കഥ.