പ്രഭയായ് നിനച്ചതെല്ലാം

പ്രകാശം പരത്തുന്ന പെണ്ണുങ്ങളുടെ കഥയാണ് പ്രഭയായ് നിനച്ചതെല്ലാം. മുംബൈയിലെ ഒരു സ്വകാര്യ ആസ്പത്രിജീവനക്കാരികളായ പ്രഭ, അനു, പാർവതി എന്നിങ്ങനെ മൂന്നു തലമുറകളെ പ്രതിനിധീകരിക്കുന്ന മൂന്നു നായികമാർ. ദുരിതങ്ങളോടു പൊരുതി ജീവിക്കുന്ന അവർക്കു മുന്നിൽ അവരോട് ഇടപെടുന്ന ആണുങ്ങൾ വെറും നിഴലുകൾ.

മുംബൈയിലെ രാത്രിവണ്ടികൾ. ഇടുങ്ങിയ മുറികളിലെ ജീവിതം. പ്രണയവും ശരീരകാമനകളും. ഇടവേളയോളം ഇരമ്പുന്ന നഗരത്തിൽ. ശേഷം പ്രശാന്തമായ ഒരു കടൽക്കരയിലും. ചെറിയ ചെറിയ സന്ദർഭങ്ങളെ കോർത്തിണക്കിക്കൊണ്ട് നിർവഹിച്ച ലളിതമായ ഒരാഖ്യാനം.

കടലിൽനിന്നു കരയ്ക്കടിഞ്ഞ ആ മനുഷ്യൻ. പ്രഭ പ്രാണവായു നൽകി ജീവൻ കൊടുത്ത സ്വപ്നം.

പകലിനേക്കാൾ രാത്രിയാണ് സിനിമയിൽ. തുടക്കം നഗരത്തിലെ രാത്രി. ഒടുക്കം കടൽക്കരയിലെ രാത്രി. തിരകളിരമ്പുന്ന കടലോരത്തെ ഓലമേഞ്ഞ കടയിലെ പാട്ടുകേൾക്കുന്ന, ചുറുചുറുക്കുള്ള ആ ബാലൻ ശരിക്കും പ്രകാശം പരത്തുന്ന ഒരാൺകുട്ടിയും!