“ചീറിയലറും അലയാഴിയാം വാക്യത്തിന്നു
കീഴ് വരയിട്ടപോലാം കനോലിക്കനാൽ”
ഭൂമിയുടെ അറ്റത്തേക്ക് എന്ന കവിതയിൽ പൊന്നാനിപ്പുഴയിൽനിന്ന് വെളിയങ്കോട്ടഴിയിലേക്കു പോകുന്ന കനോലിക്കനാലിനെ ഇടശ്ശേരി വർണ്ണിച്ചത് ഇങ്ങനെയാണ്. അലറുന്ന അലയാഴി എന്ന വാക്യത്തിന് ഇട്ട അടിവരയത്രേ കനാൽ! പ്രകൃതിയെഴുതിയ മഹാവാക്യത്തിന് മനുഷ്യനിട്ട അടിവര!
തിരൂരിൽ നടക്കുന്ന സൈൻ ഫെസ്റ്റിവലിൽ സുഹൃത്ത് കവി പി.അജിത്കുമാർ സംവിധാനം ചെയ്ത ‘ജലമുദ്ര’ എന്ന ഡോക്യുമെന്ററി കണ്ടപ്പോഴാണ് ഈ വരികൾ വീണ്ടും ഓർമ്മയിലെത്തിയത്. കേരളത്തിന്റെ പശ്ചിമതീരത്തിനു സമാന്തരമായി നീണ്ടുകിടക്കുന്ന ജലപാതയെക്കുറിച്ചുള്ള അപൂർവ്വവും സമഗ്രവുമായ ഒരു ദൃശ്യപാഠമാണ് ജലമുദ്ര. തെക്കു കോവളത്തു തുടങ്ങി വടക്ക് ബേക്കലോളം പുഴകളും അഴികളും കായലുകളും മുറിച്ചുകടന്നും ഇടയ്ക്ക് തുരങ്കങ്ങൾ നൂണുകടന്നും ചിലയിടങ്ങളിൽ മുറിഞ്ഞു ഗതിമുട്ടിയും ഏതാണ്ട് അറുനൂറു കിലോമീറ്ററോളം നീണ്ട ഈ ജലപാത കേരളത്തിന്റെ ജീവരക്തം പായുന്ന നീലഞരമ്പാണെന്ന് ബോധ്യപ്പെടുത്തുന്നു. അതിവേഗ റെയിൽപ്പാതയും എക്സ്പ്രസ് ഹൈവേയും ചർച്ചയാവുന്ന പശ്ചാത്തലത്തിൽ അതിനേക്കാളെല്ലാം പ്രകൃതിസൗഹൃദവും ചിലവുകുറഞ്ഞതുമായ വലിയൊരു സാധ്യത കാണിച്ചുതരുന്നു.
ഡ്രോൺ ക്യാമറ ഒപ്പിയെടുത്ത, ജലപാത പോകുന്ന ഭൂപ്രദേശങ്ങളുടെ മനോഹരമായ വിഹഗവീക്ഷണമാണ് ദൃശ്യാഖ്യാനത്തിൽ നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്. ഇടതടവില്ലാത്ത വിവരണത്തിന്റെ അകമ്പടി അതിനെ ഒരു പാഠപുസ്തകമാക്കുന്നുമുണ്ട്. മനുഷ്യനിർമ്മിതമായ കനാലുകളുടെ ചരിത്രം പറയുമ്പോൾ അതിനായി രക്തസാക്ഷികളാകേണ്ടിവന്ന അനേകായിരം അടിമജീവിതങ്ങളെ ഓർമ്മിക്കുന്നു. ഒപ്പം മലബാറിൽ കനാൽ രൂപകല്പനചെയ്ത് നിർമ്മാണത്തിനു നേതൃത്വം നൽകിയ കനോലി സായ്പിന്റെ ദാരുണവധവും പ്രതിപാദിക്കുന്നു. ജലയാനം സുഗമമാക്കുന്ന നാവിഗേഷൻ ലോക്കുകളെ പരിചയപ്പെടുത്തുമ്പോൾ അതു കണ്ടുപിടിച്ചത് ലിയനാർഡോ ഡാവിഞ്ചിയാണ് തുടങ്ങിയ കൗതുകകരമായ വെളിപ്പെടുത്തലുകളും ഉണ്ട്.
ഒരു പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണങ്ങളുടേയും തയ്യാറെടുപ്പുകളുടേയും ഫലമാണ് ഈ ഡോക്യുമെന്ററി എന്ന് അജിത്ത് പറയുന്നു. അതു നിഷ്ഫലമായില്ല എന്ന് തീർച്ചയായും അഭിമാനിക്കാം.
അഭിനന്ദനം അജിത്ത്!