നനവുള്ള മിന്നൽ

നനവുള്ള മിന്നൽ വായിക്കുമ്പോൾ രാമൻ കൈയ്യകലത്തിൽ മുന്നിൽ നിൽക്കുന്നതുപോലെ. അയാളുടെ ശബ്ദം കേൾക്കുന്നതുപോലെ. ശ്വാസോച്ഛ്വാസം വരികളെ വിഭജിക്കുന്നതുപോലെ. ഉച്ചരിക്കപ്പെടുന്ന വാക്കിലാണ്, അച്ചടിക്കപ്പെട്ട വാക്കിലേക്കാൾ കവിത എന്ന് രാമനെ ഒരിക്കലെങ്കിലും കേട്ടവർക്ക് തോന്നിയിട്ടുണ്ടാവും.

ഇയാൾക്ക് എഴുത്ത് വായന. സ്വകാര്യ അനുഭവങ്ങളെ ഉറക്കെ വായിക്കൽ രചന. നനവുള്ള മിന്നൽ എന്ന പുതിയ പുസ്തകവും അതിനു സാക്ഷ്യം. വീട്ടകവും നാട്ടകവും ഇതിൽ മുഴങ്ങുന്നു. അച്ഛനമ്മമാർ ഭാര്യ മക്കൾ സുഹൃത്തുക്കൾ – ആരും കവിതക്കു പുറത്തല്ല. പട്ടാമ്പിയിലെ ഇടുങ്ങിയ തെരുവുകൾ, സ്കൂളിലെ ക്ലാസുമുറികൾ, വേലപൂരങ്ങൾ – എവിടെയുമുണ്ട് കവിതയുടെ നനവുള്ള മിന്നൽ.

പത്തുകൊല്ലം പണിയില്ലാതലഞ്ഞിട്ടും നാടുവിട്ടുപോകാൻ വിടാതെ പിടിച്ചുനിർത്തിയ മലയാളത്തിനോട് അയാൾ ജീവിതം കൊണ്ടും കവിതകൊണ്ടും കടപ്പെട്ടിരിക്കുന്നു. ‘ഭാഷയിൽ മുറുകെ പിടിച്ചതിനാൽമാത്രം കയ്യിൽ ഒട്ടി കവിതയായ് കുരുത്തത്’ എന്ന് സ്വന്തം കവിതകളെ നിർവചിക്കുന്നു (നാടുവിടേണ്ട കാലത്ത്).

വൈവിദ്ധ്യമാണ് ഈ സമാഹാരത്തിലെ ഉള്ളടക്കത്തിന്റെ സവിശേഷത. കേവലം ഈരടി തൊട്ട് 17 ഖണ്ഡങ്ങളുള്ള തിരക്കഥാകാവ്യം വരെയുണ്ട് (ശ്രീധരൻ) ഇതിൽ. ഗദ്യകവിതയും വൃത്തബദ്ധമായ ശ്ലോകങ്ങളും ഉണ്ട് (പെട്ടെന്നു പാറിവന്ന കിളികൾ). ആഖ്യാനങ്ങളും മുക്തകങ്ങളും കാണാം. ചിലത് ക്യാൻവാസിൽ വരച്ചുവെച്ച വാങ്മയചിത്രം (പിൻവെളിച്ചം). ചിലത് ഭാഷയിൽ കൊത്തിവെച്ച ശില്പം.

‘സമയനൃത്തം’ ഇങ്ങനെ:

അരങ്ങത്ത്
ഒരു ചുവടുവെപ്പിൽ
കാണാതായി
തൊട്ടടുത്ത ചുവടുവെപ്പിൽ
വീണ്ടും പ്രത്യക്ഷപ്പെടുന്നയാൾ
നർത്തകൻ

ആ ഒരു നിമിഷത്തിൽ
അയാൾ പോകുന്ന ദൂരം
നൃത്തം

ആ ദൂരത്തിനിടയിൽ
ഈ ലോകത്ത് എന്തെല്ലാം സംഭവിക്കുന്നോ
അതെല്ലാം ചേർന്നത്
സദസ്സ്

ഞാൻ ജനിച്ചത് ജീവിച്ചത്
ഇപ്പോഴിതാ മരിച്ചുപോകുന്നതും
ചേർന്നത്.