ഹാ!കക്ഷം

സീതാസ്വയംവരമാണ് കളി. അരങ്ങുതകര്‍ത്താടിയ പരശുരാമന്‍ വിടവാങ്ങാനുള്ള ഭാവമാണ്. ക്ഷോഭിച്ചതിനു ക്ഷമചോദിച്ചും രാമലക്ഷ്മണന്മാരെ അനുഗ്രഹിച്ചും ഇനി തപസ്സിനായി വനം പൂകുകയാണെന്നു പ്രസ്താവിച്ചും കലാശമെടുത്തു മറയുകയാണ്. ചടുലമായ ചലനംകൊണ്ട് അരങ്ങു സജീവമായി.

അരസികനായ എന്റെ കണ്ണ് പക്ഷേ, ആ നടന്റെ മുദ്രക്കൈയിലോ മുഖതേജസ്സിലോ ആയിരുന്നില്ല. ഇളകിയാടുമ്പോഴും തന്റെ ദിവ്യായുധം താഴെവീഴാതെ ഇറുക്കിപ്പിടിച്ച കക്ഷത്തായിരുന്നു! കക്ഷം എന്ന അവയവസന്ധിയുടെ അത്ഭുതകരമായ സാധ്യതകളെക്കുറിച്ചും മലയാളിയുടെ ശരീരഭാഷയില്‍ അതിനുള്ള സവിശേഷമായ പ്രയോഗരീതികളെക്കുറിച്ചും വിചാരപ്പെടാന്‍ ഈ പരശുരാമന്‍ നിമിത്തമായി.

പാശ്ചാത്യര്‍ക്ക് ഗുഹ്യദേശത്തേക്കാള്‍ അശ്ലീലമോ ലജ്ജാകരമോ ആയ ഈ അവയവം പക്ഷേ, മലയാളികള്‍ മാന്യമായി കരുതുന്നു. പ്രിയപ്പെട്ടതെന്തും കക്ഷത്തുവയ്ക്കുന്നവനാണ് മലയാളി. “മുണ്ടില്‍ പൊതിഞ്ഞ പൊതിയും മുഖ്യമായ പുസ്തകവും രണ്ടുംകൂടി കക്ഷത്തിങ്കലിടുക്കി”ക്കൊണ്ടാണ് രാമപുരത്തുവാര്യരുടെ കുചേലന്‍ കൃഷ്ണനെ കാണാന്‍ പോകുന്നത്. കോടതിയിലോ രജിസ്ട്രാപ്പീസിലോ ചെന്നുനോക്കൂ. വിലപിടിപ്പുള്ള ആധാരക്കെട്ടുകള്‍ കക്ഷത്തുവച്ചു ചുറ്റിനടക്കുന്ന കാരണവന്മാരെക്കാണാം. മാന്യന്മാരായ പല നാട്ടുപ്രമാണിമാരും നടക്കുമ്പോള്‍ മുണ്ടിന്റെ കോന്തല കക്ഷത്ത് ഇറുക്കിപ്പിടിക്കുന്നതു കണ്ടിട്ടുണ്ട്. ചെറിയ പണിയായുധങ്ങള്‍, പുസ്തകക്കെട്ട് ഇങ്ങനെ ചിലതെല്ലാം കൊണ്ടുനടക്കാവുന്ന സൌകര്യപ്രദമായ, ശരീരത്തിലെ ഒരു “ബില്‍ട്ട് ഇന്‍ കാരിയര്‍” ആണ് ഈ അവയവം. “കക്ഷത്തിലുള്ളതു വീഴാതെ ഉത്തരത്തിലുള്ളത് എടുക്ക”ലാണ് പൊതുവേ ഇടത്തരക്കാരായ മലയാളികളുടെ ജീവിതം. അവനു നഷ്ടപ്പെടാന്‍ ചിലതുണ്ട്. നേടാനും ചിലതുണ്ട്. പാരമ്പര്യവും വേണം. പുരോഗാമിത്വവും വേണം.

ശരീരത്തിലെ സന്ധികള്‍, ഇടുക്കുകള്‍ ഇതെല്ലാം മറ്റുപലവിധത്തിലും നമ്മുടെ പഴമക്കാര്‍ പ്രയോജനപ്പെടുത്തിയിരുന്നത് ഓര്‍ത്താല്‍ രസമായിരിക്കും. ‘തകര’യില്‍ നെടുമുടി വേണു ചെവിയിടുക്കില്‍ പെന്‍സില്‍ തിരുകിവച്ചുകൊണ്ട് എത്ര സ്വാഭാവികമായാണ് ചെല്ലപ്പനാശാരിയായിത്തീര്‍ന്നത്! ബസ്സിലെ കണ്ടക്ടര്‍മാരും അവിടം ‘പെന്‍സ്റ്റാന്റായി’ ഉപയോഗിച്ചുകാണാറുണ്ട്.

പണ്ട് ഞങ്ങളുടെ വീട്ടില്‍ പണിക്കു വരാറുണ്ടായിരുന്ന തുപ്രന്‍ കടയില്‍ ചെന്ന് നാണയത്തുട്ടുകള്‍ ‘ചെവിയില്‍നിന്നെടുത്തു’കൊടുത്താണ് ബീഡിവാങ്ങുക. പാതിവലിച്ചശേഷം ബീഡി കുത്തിക്കെടുത്തി ചെവിപ്പിന്നില്‍ സൂക്ഷിക്കുകയും ചെയ്യും.