സുന്ദരൻ

സുന്ദരന്‍ എന്നായിരുന്നു അയാളുടെ പേര്. നരച്ച താടിയും മുടിയും. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും. അറുപതോ എഴുപതോ ആയിക്കാണും പ്രായം. ആരെക്കണ്ടാലും “ഒരു പത്തുറുപ്യ തര്വോ?” എന്നു ചോദിക്കും. കൊടുത്താലും കൊടുത്തില്ലെങ്കിലും ചിരിക്കും.

സുന്ദരന്റെ കൂടെ എല്ലായ്പോഴും ഒരാടോ പശുവോ പോത്തോ പട്ടിയോ പൂച്ചയോ കാണും. അതിന്റെ ഉടമസ്ഥതയൊന്നും അയാള്‍ക്കുണ്ടാവില്ല. എന്നാലും അതിനെ മേയ്ക്കുകയാണ് എന്നാണ് നാട്യം. ഉച്ചകളില്‍ കുന്നിന്‍ചെരിവിലെ മരച്ചുവട്ടില്‍ ആടുമേയ്ക്കുന്നവനായി. അല്ലെങ്കില്‍ കൊയ്ത്തുകഴിഞ്ഞ പാടത്ത് പശുവിനെ തീറ്റുന്നവനായി.

സുന്ദരന്‍ മരിച്ചുപോയി. ഇല കൊഴിയുംപോലെ സ്വാഭാവികമായി. ഇപ്പോഴും വിജനതയില്‍ ഒരാടോ പശുവോ ഒറ്റയ്ക്കു മേയുന്നതു കാണുമ്പോള്‍ ചുറ്റുവട്ടത്തെവിടെയോ സുന്ദരന്‍ ഉണ്ടെന്നു തോന്നും. ഇടവഴി തിരിയുമ്പോള്‍ ഒരു പത്തുറുപ്യ തര്വോ എന്ന് ഉടമസ്ഥനില്ലാത്ത ഒരു നിഴല്‍ ചോദിക്കും. അതിരിന്മേല്‍ ഒരു വെള്ളില ചിരിക്കും.