‘പി.പി.രാമചന്ദ്രനല്ലേ?’
‘അതെ.’
‘ഇവിടെയുണ്ടു ഞാൻ എന്നറിയിക്കുവാൻ
മധുരമാമൊരു കൂവൽ മാത്രം മതി.’
ഘനഗംഭീരമായ ശബ്ദം!
‘ഈ കവിത എനിക്കു വലിയ ഇഷ്ടമായി.’
‘സന്തോഷം.’
‘എന്നെ മനസ്സിലായോ? ഞാൻ മുരളി.’
മറുപടി പറയാൻ എനിക്കു വാക്കു കിട്ടുന്നില്ല. ഭരത് മുരളിയാണ് വിളിക്കുന്നത്! എന്റെ കവിത അദ്ദേഹം ഹൃദിസ്ഥമാക്കിയിരിക്കുന്നു! ആഹ്ലാദവും സങ്കോചവും കൊണ്ട് വീർപ്പുമുട്ടി ഞാൻ എങ്ങനെയെല്ലാമോ നന്ദി പ്രകടിപ്പിച്ച് ആ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. മറ്റൊരിക്കൽ നരേന്ദ്രപ്രസാദും ആ കവിതയെപ്പറ്റി എഴുതുകയും പറയുകയും ചെയ്തതോർക്കുന്നു.
അന്ന് സിനിമാക്കാർക്കിടയിൽ ഈ കവിത പ്രചരിപ്പിച്ചത് ശ്രീരാമേട്ടനാണ് എന്ന് പിന്നീടറിഞ്ഞു. അത്രക്കു ‘ലളിത’വും കാവ്യാത്മകവുമാണ് ശ്രീരാമേട്ടനുമായുള്ള എന്റെ ഹൃദയബന്ധം. ഞങ്ങളെ തമ്മിൽ ബന്ധിപ്പിച്ചത് ആ കവിതയാണ്. ഇഷ്ടപ്പെട്ടാൽ ഏതു രചനയും ശ്രീരാമേട്ടൻ കിട്ടുന്ന സന്ദർഭങ്ങളിലും സൗഹൃദങ്ങളിലും പ്രചരിപ്പിക്കും. കവിതയോ കഥയോ ഗാനമോ ചിത്രമോ ശില്പമോ എന്തുമാകട്ടെ. ആ കലാകാരനെ അദ്ദേഹം പിന്തുടരും.
റഫീക്കിന്റെ ‘സ്വപ്നവാങ്മൂല’ത്തിന്റെ പ്രകാശനത്തോടെയാണ് ഞാൻ ശ്രീരാമേട്ടന്റെ സൗഹൃദവലയത്തിലെ സ്ഥിരാംഗമായി മാറുന്നത്. അതിന്റെ സംഘാടനത്തിനുവേണ്ടി അന്യോന്യം എന്നൊരു സംഘവും അദ്ദേഹം ഉണ്ടാക്കിയിരുന്നു. പിൽക്കാലത്ത് കുന്നംകുളം കേന്ദ്രമായി അദ്ദേഹമുണ്ടാക്കിയ നിരവധി സാംസ്കാരികസംഘങ്ങളുടെ തുടക്കമായിരിക്കണം അത്. ഇന്റർനെറ്റും സ്മാർട്ഫോണും ഒന്നും ഇല്ലാത്ത കാലമാണ്. കത്തെഴുത്തും നേരിൽകൂടലും മാത്രമേയുള്ളു.
പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും നടക്കാറുള്ള സാംസ്കാരികപരിപാടികളിൽ ഞാനും സജീവമായി പങ്കെടുത്തിരുന്നു. ഇടശ്ശേരിയുടെ കൂട്ടുകൃഷി നാടകത്തിന് ഞങ്ങൾ ഒരു പുതിയ രംഗാവിഷ്കാരം നൽകി. കവിതയും നാടകവും അധ്യാപനവും ഒക്കെയായി നടക്കുന്ന എന്നെക്കുറിച്ച് ഒരു വേറിട്ട കാഴ്ച ചെയ്യാൻ ശ്രീരാമേട്ടൻ പരിപാടിയിട്ടു. ഷൂട്ട് ഷെഡ്യൂൾ ചെയ്തു. ക്യാമറയും യൂണിറ്റുമെല്ലാം സജ്ജമായി. പക്ഷെ ഞാൻ മുങ്ങി. കാരണം, ഒന്നാമത് എനിക്ക് സ്വയം പ്രദർശിപ്പിക്കാൻ സങ്കോചമാണ്. രണ്ടാമത് അക്കാലത്ത് ആ പരിപാടിയിൽ അവതരിപ്പിച്ചവരെപ്പോലെ എന്നേയും തലക്കു വെളിവില്ലാത്ത ഒരുന്മാദിയായി ആളുകൾ തെറ്റിദ്ധരിച്ചാലോ എന്ന പേടിയും. വാസ്തവത്തിൽ ശ്രീരാമേട്ടന്റെ വേറിട്ട കാഴ്ചയെപ്പറ്റിയുള്ള എന്റെ തെറ്റിദ്ധാരണയായിരുന്നു അത്.
ഒരിക്കൽ ശ്രീരാമേട്ടന്റെ വിളി. “കുമരനെല്ലൂര് മാഷടെ വീടിന്റെ അടുത്തല്ലേ?”
അതെ എന്നു ഞാൻ.
“അവിടെ ഒരു കുന്നിൻപുറത്ത് പാമ്പിനേം മയിലിനേം തീറ്റിപ്പോറ്റ്ണ വയസ്സായ ഒരു സ്ത്രീ ഒറ്റക്ക് പാർക്ക്ണ് ണ്ട് ന്ന് കേട്ട്ട്ട്ണ്ടാ?”
ഇല്ലല്ലോ.
“ന്നാ നമ്മക്ക് അവിട്യൊന്ന് പൂവാ. മാഷ് പൊറപ്പെട്ടോളോ.”
ശ്രീരാമേട്ടനോടൊപ്പം കുമരനെല്ലൂരുനിന്ന് തിരിഞ്ഞ് വഴിയന്വേഷിച്ചുപോയി കുന്നിൻമോളിലെ വൃദ്ധയെ കണ്ടു. പൊട്ടിപ്പൊളിഞ്ഞ മൺചുമരോടുകൂടിയ ചെറിയൊരോലപ്പുര. അതിനുചുറ്റും അതിരിന്മേൽ കിണ്ണങ്ങളും പാത്രങ്ങളും വെച്ചിട്ടുണ്ട്. മുറ്റത്തിരുന്ന് ഓല മെടയുകയാണ് അവർ.
ശ്രീരാമേട്ടൻ അവരോടു സംസാരിച്ചു. പേര് യശോധര. പലതും പറയുന്ന കൂട്ടത്തിൽ അവർ ഇംഗ്ലീഷിൽ സംസാരിക്കുന്നു!
‘ഇങ്ങള് നല്ല പഠിപ്പുള്ള കൂട്ടത്തിലാണല്ലോ. എത്രവരെ പഠിച്ചു?’ ശ്രീരാമേട്ടൻ ചോദിച്ചു. അവർ കുമരനെല്ലൂർ ഹൈസ്കൂളിൽ എം.ടി.വാസുദേവൻനായരുടെ സഹപാഠിയായിരുന്നു എന്നും അവരെ കഥാപാത്രമാക്കിക്കൊണ്ട് എം ടി കഥയെഴുതിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയത് ഞങ്ങളെ അത്ഭുതപ്പെടുത്തി. അന്വേഷിച്ചപ്പോൾ സംഗതി സത്യമാണ്. ‘അജ്ഞാതന്റെ ഉയരാത്ത സ്മാരകം’ എന്ന കഥയിലെ നായിക വസുന്ധര ഈ യശോധരയാണ്! എം ടി എഴുതിയ കഥ അവർ വായിച്ചിട്ടുണ്ട്. പേരിനു പുറമെ മറ്റൊരു മാറ്റം കൂടിയേ വരുത്തിയിട്ടുള്ളു. അന്ന് സ്കൂളിലേക്കു പോകുമ്പോൾ മുടിയിൽ ചൂടിയത് മന്ദാരപ്പൂവല്ല!
ഈ സംഭവത്തെ ആസ്പദമാക്കി പിന്നീട് കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച ‘അത് മന്ദാരപ്പൂവല്ല’ എന്ന ശ്രീരാമേട്ടന്റെ ലേഖനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രിയനന്ദൻ അതു സിനിമയാക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. അപ്പോഴേക്കും ആ വൃദ്ധ അന്തരിക്കുകയും ചെയ്തു. മരിക്കും മുമ്പ് പലതവണ അവരെക്കാണാൻ ശ്രീരാമേട്ടനോടൊപ്പം ഞാനും പോയിരുന്നു. പോകുമ്പോൾ അവർക്കു കൊടുക്കാൻ മിക്ചറും പുകയിലയും വാങ്ങിക്കരുതുമായിരുന്നു. യശോധരാമ്മക്ക് വലിയ ഇഷ്ടമായിരുന്നു രണ്ടും. എന്തൊരു കരുതൽ! അവർ മരിച്ചതിനുശേഷവും ആ കുന്നിൻപുറത്തെ ഇടുങ്ങിയ വഴിയിൽകൂടി ശ്രീരാമേട്ടന്റെ കൂടെ പോയിട്ടുണ്ട്. വെറുതെ, അവരെ ഓർക്കാൻ വേണ്ടി മാത്രം.
വലിയ ഹരമാണ് ശ്രീരാമേട്ടന്റെ കൂടെയുള്ള യാത്ര. അനുഭവകഥകൾ, കെട്ടുകഥകൾ, തെറിക്കഥകൾ… അങ്ങനെ പറച്ചിലും ചിരിയും ബഹളവും കൊണ്ട് സമയവും ദൂരവും പോകുന്നതറിയില്ല. ചിലപ്പോൾ ലക്ഷ്യം തെറ്റി കറങ്ങും. അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ ചെന്നെത്തും. എവിടെച്ചെന്നാലും ആ ഇടത്തെ അപൂർവമായ അനുഭവങ്ങളുടെ ഒരിടമാക്കിമാറ്റും. തനിക്കു ഗുരുതുല്യനായ അരവിന്ദനെപ്പോലെ ശ്രീരാമേട്ടൻ ചെറിയ മനുഷ്യരുടെ ജീവിതം നിരീക്ഷിച്ചു. അവരുടെ വലിയ ലോകം ആവിഷ്കരിച്ചു.
അങ്ങനെയൊരു യാത്രക്കിടയിലാണ് ഞാറ്റുവേല ഉണ്ടായത്. അപ്പോഴേക്കും സ്മാർട്ട്ഫോൺ പ്രചാരത്തിലായിരുന്നു. ശ്രീരാമേട്ടന്റെ കൈവശവും ഒന്നു വന്നുചേർന്നു. വൈകാതെ ഫോണിൽ മലയാളം എഴുതാൻ പഠിച്ചു. വാട്സാപ്പ് വലിയൊരു സാധ്യതയാണെന്ന് മൂപ്പനു തോന്നി. ‘നമ്മക്കൊരു ഗ്രൂപ്പുണ്ടാക്കിയാലോ മാഷേ? ആൾക്കാരെയൊക്കെ ഞാൻ ചേർത്തോളാം. മാഷ് ഇണ്ടാക്കിത്തന്നാൽ മതി.’ സാങ്കേതികവിദ്യയിൽ അല്പം താത്പര്യമുള്ള ആളായതുകൊണ്ടാവും എന്നോട് ഗ്രൂപ്പുണ്ടാക്കാൻ മൂപ്പൻ ആവശ്യപ്പെട്ടത്. അങ്ങനെ, 2015 ഡിസംബർ 4ന് ആണ് സന്ദേശങ്ങളുടെ നിലയ്ക്കാത്ത ആ ഞാറ്റുവേലപ്പെയ്ത്ത് ആരംഭിച്ചത്.
തുടർന്ന് എത്രയെത്ര ഗ്രൂപ്പുകൾ! ഓരോരുത്തരുടേയും അഭിരുചിക്കനുസരിച്ച് വൈവിദ്ധ്യമാർന്ന വിഷയങ്ങളിൽ ശ്രീരാമേട്ടൻ തന്നെ ഗ്രൂപ്പുകളുണ്ടാക്കി സുഹൃത്തുക്കളെ അവിടെ പാർപ്പിക്കുന്നു. തറവാട്ടുകാരണവരെപ്പോലെ എന്നും രാവിലെ എല്ലാ ഗ്രൂപ്പിലും കയറിയിറങ്ങി ക്ഷേമാന്വേഷണം നടത്തുന്നു. അടുക്കളയും പൊറോട്ടയും ചായ്പ്പും പടിപ്പുരയും പാട്ടുപുരയും മുതൽ തെറിത്തറ വരെയുള്ള താവഴികളുടെയെല്ലാം തറവാട് ഇന്നും ഞാറ്റുവേല തന്നെ.
ചെറുവത്താനിയിലാണ് ആ തറവാട്. അതിന്റെ മുറ്റത്ത് വലിയൊരു തണൽമരമുണ്ട്. ആഴത്തിൽ വേരുകളുള്ള, ദൂരത്തിൽ ശാഖകളുള്ള ഒരു മനുഷ്യനാണ് ആ മരം. ആ മരത്തെക്കുറിച്ച് ഒരു കിളിപ്പാട്ടുണ്ട് :
ആദികഥ രാമകഥ
ആമരാമ ഈമരാമ
വായിലിട്ട വാക്കുരുട്ടി
കാട്ടാളൻ കവിയായി
കാടനുള്ളിൽ കവിയെങ്കിൽ
കവിയിലുണ്ട് കാട്ടാളൻ
ആമരത്തിൽ രാമനെങ്കിൽ
രാമനുള്ളിൽ രാവണനും
വാക്കിനുള്ളിൽ പൊരുളുണ്ട്
പൊരുളിനുള്ളിൽ പൊയ്യുണ്ട്
മനുഷ്യനുള്ളിൽ മരമുണ്ട്
അവനു മണ്ണിൽ വേരുമുണ്ട്
ചെറുവിത്തിൽ വലിയൊരാല്
ചെറുവത്താനി ഉള്ളൊരാള്
ആൽത്തറയിൽ സദാ കോള്
കഥ കേൾക്കാൻ കൂടുമാള്
തടിയൊന്ന് തല പത്ത്
കൈശാഖകളിരുപത്ത്
രാമരത്തിൻ ശാഖതോറും
കിളികളൊരു നൂറുപത്ത്
കിളി പാടീ, “ഞങ്ങളിയാൾ-
മരമുകളിൽ വാഴുന്നു
കണയേൽക്കാതെങ്ങളെയീ
മറയത്രേ കാക്കുന്നു.”