കുഴിക്കാട്ടുശ്ശേരി ചർച്ച

1.

സുബൈദ ടീച്ചറോട് പുതുകവിത ഏറെ കടപ്പെട്ടിരിക്കുന്നു. ടീച്ചറെപ്പോലെ കവിതയിലെ പുതുവഴികളെ പിന്തുടരുകയും അടയാളപ്പെടുത്തുകയും ചെയ്ത കാവ്യാസ്വാദകർ വിരളമാണ്. അതുകൊണ്ടുതന്നെ ടീച്ചറുടെ സാന്നിദ്ധ്യം ഈ അരങ്ങിനെ ധന്യമാക്കുന്നു.

ഭാഷയിലെ കൊത്തുപണിയാണ് എനിക്കു കവിത. രചന ഒരു ഭാഷാശില്പമാണ്. കവിതയിലെ വാക്കിന് അനുഭവങ്ങളുടെ അനേകം അടരുകളുണ്ട്. അർത്ഥത്തിന്റെ കൃത്യതയല്ല, സന്ദിഗ്ധതയാണ് കവിതയിലെ വാക്കിന്റെ കല. ഈ സൗന്ദര്യം തിരിച്ചറിഞ്ഞാൽ പിന്നെ കവിത ഒരു ബാധ പോലെ നമ്മളെ പിടികൂടും. വിക്രമാദിത്യന്റെ തോളിലെ വേതാളം പോലെ നമ്മളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ട്, എന്നാൽ ആഹ്ലാദിപ്പിച്ചുകൊണ്ട്, കൂടെ വരും. 

ലോകം മാറുന്നതോടൊപ്പം കവിതയും മാറുന്നു. ഞാനും എന്റെ കവിതയും മാറിയിട്ടുണ്ട്. എൺപതുകളിലെ ഞാനല്ല ഇന്നെഴുതുന്നത്. അന്നത്തെ മൂശ ഇന്നില്ല. ആ വാർപ്പുകളും ഇല്ല. ആവർത്തനമോ തുടർച്ചയോ അല്ല പുതുക്കലാണ് ഇപ്പോഴത്തെ എന്റെ വഴി. 

ആദ്യകാലത്ത് ഞാനെഴുതിയ കവിതകളെ ഇന്ന് എനിക്കുതന്നെ ന്യായീകരിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. പണ്ടു കൊണ്ടാടിയവയിൽ പലതും ഇന്ന് വായിക്കപ്പെടുന്നില്ല. വായുണ്ടെങ്കിൽ വാഴട്ടെ എന്ന വരരുചി മട്ടിലാണ് ഞാൻ സ്വന്തം കവിതകളെ കാണുന്നത്. ഉൾക്കനമുള്ളതുമാത്രം അതിജീവിക്കട്ടെ. അല്ലാത്തത് വിസ്മൃതമായിക്കൊള്ളട്ടെ. ഞാനതു ഗൗനിക്കുന്നില്ല.

2.

രാമന്റെ ആദ്യകാല കവിതകൾ അതീവസൂക്ഷ്മങ്ങളായിരുന്നു. വാക്കിലും പൊരുളിലും അതു സ്ഥൂലതക്ക് എതിരായിരുന്നു. “ആഴമേ നിന്റെ കാതലിലെങ്ങും മീനുകൾ കൊത്തുവേല ചെയ്യുന്നു.” ഇതാണ് അക്കാലത്തെ ഒരു രാമകവിത. ഇതു വായിച്ചുകേട്ടപ്പോൾ ‘ഇനിയും വരികൾ കുറയ്ക്കാവുന്നതാണ്’ എന്ന ആറ്റൂർമാഷിന്റെ കമന്റ് പിൽക്കാലത്ത് ഞങ്ങൾ ഇടക്കെല്ലാം ഓർത്തു ചിരിക്കാറുണ്ട്. പൊതുവെ ചുരുക്കെഴുത്തായിരുന്നു അക്കാലത്തെ കവിത.

രാമന് ഈ സൂക്ഷ്മത കെണിയായിത്തീർന്നതുപോലെ എനിക്കു ശില്പകൗശലമാണ് കെണിയായിത്തീർന്നത്. ഞാൻ ഭാഷയും സാഹിത്യവും ഇവരെപ്പോലെ കോളേജിൽ പോയി പഠിച്ചതല്ല. സ്വയംപഠനമായിരുന്നു എന്റെ വഴി. കവിതയുടെ ക്രാഫ്റ്റിലും രൂപഭദ്രതയിലും എനിക്ക് പ്രത്യേകം അഭിരുചിയുണ്ടായിരുന്നു. അതിൽ അഭിമാനിക്കുകയും അഭിരമിക്കുകയും ചെയ്തു എന്നു പറയാം. മാമ്പഴക്കാലമൊക്കെ അങ്ങനെയുള്ള രചനയാണ്. എന്റെ ശില്പകൗതുകത്തിനു പിന്നിൽ സാങ്കേതികവിദ്യയിലുള്ള എന്റെ അഭിരുചിയും കാരണമാവാം. ഭാഷയെ ഒരു സാങ്കേതികവിദ്യ പോലെ പഠിച്ചെടുക്കുകയും പ്രയോഗിക്കുകയും ചെയ്തിരിക്കാം. 

അന്തരിച്ച നമ്മുടെ പ്രിയപ്പെട്ട കവി ടി.പി.രാജീവൻ പറയാറുണ്ട്, മലയാളത്തിൽ വ്യക്തിയുടെ കവിതയല്ല പൗരന്റെ കവിതയാണ് (Citizens Poetry) കൊണ്ടാടപ്പെടുന്നത് എന്ന്. ഒരു ജനപ്രതിനിധി അയാളുടെ മണ്ഡലത്തിനുവേണ്ടി നിയമസഭയിൽ പ്രസംഗിക്കുന്നതു പോലെയാണോ ഒരു കവി കവിത എഴുതേണ്ടത്? അയാളുടെ സ്വകാര്യ അനുഭവങ്ങളും വിചാരങ്ങളും വികാരങ്ങളുമല്ലേ ആവിഷ്കരിക്കേണ്ടത്? അതിലല്ലേ സത്യസന്ധത? ഇത്തരം പൗരകവിതയുടെ രചനാവഴി എന്റെ ആദ്യകാല കവിതകളിലുണ്ട്. അതു ബോധ്യപ്പെട്ടതിൽപ്പിന്നെ അതിൽനിന്നു പുറത്തുകടക്കാനും എന്റെതന്നെ ഉണ്മയെ ആവിഷ്കരിക്കാനും ഞാൻ ശ്രമിച്ചുതുടങ്ങി.