മുജ്ജന്മത്തിൽ വനവേടനായിരുന്ന ഒരാൾ പക്ഷിശാപം കൊണ്ട് മരമായി പുനർജനിച്ചു. ആ മരത്തിന്റെ ചില്ലയിൽ ഒരു കാട്ടുപക്ഷി കൂടുവെച്ചു. ഒരിക്കൽ പക്ഷി മരമായിത്തീർന്ന ആ മനുഷ്യനോടു ചോദിച്ചു: “നിങ്ങളുടെ ഭാഷയിൽ കാട്ടാളനെ കവിയും മാമുനിയെ മാൻകിടാവുമാക്കി മാറ്റുന്ന മഹാമന്ത്രങ്ങളില്ലേ?” അയാൾ പറഞ്ഞു: “ഞങ്ങളുടെ ഭാഷയിലിപ്പോൾ തവളകൾ പോലും കരയാറില്ല. വാക്കുകൾക്ക് വാത്സല്യവും പൂമ്പൊടിയും ഇല്ലാതായി. മൊഴികളിലെ മഴവില്ലു മാഞ്ഞ് നേർരേഖയായി”. പിന്നീട് അവർ സംസാരിച്ചതേയില്ല. കാലം കടന്നുപോയി. വൃക്ഷത്തിന്റെ നെഞ്ചിൻകൂട്ടിലെ കിളിമുട്ടകൾ വിരിഞ്ഞു. അവ പുതിയ ഭാഷയിൽ ചുണ്ടുപിളർത്തി കൊഞ്ചാൻ തുടങ്ങി. അപ്പോൾ അയാളുടെ ഭാഷയിൽ പുതിയ കിളിപ്പാട്ടുകളുണ്ടായി. സംസ്കാരത്തിൽ പുതിയ പൂക്കാലമുണ്ടായി.
ഋതുഭേദങ്ങൾ
ചിങ്ങമൊന്നു രണ്ടുമൂന്നായ്
കന്നിവെയിൽ പൊള്ളുമാറായ്
തുലാമഴയിടക്കിടെ
ചൊരിയുകയായ്.
കാലഭേദം കൊണ്ടു മാസ-
മുറതെറ്റി വരും പ്രതി-
ഭാസമിന്നു നമ്മളനു-
ഭവിക്കുമാറായ്.
നാളുപക്കം ഞാറ്റുവേല
സംക്രമങ്ങളറിയേണ്ട
ന്യൂനമർദ്ദം നിർണ്ണയിപ്പൂ
ദിനഫലങ്ങൾ.
സിഗ്നലുള്ള ജംങ്ഷനിലെ
വാഹനത്തിലെന്നപോലെ
മുന്നിലേക്കു ദൃഷ്ടിയൂന്നി
യിരിപ്പു നമ്മൾ
ഇന്നു മഞ്ഞയെങ്കിൽ നാളെ
ചുവപ്പാകാമോറഞ്ചാകാം
മിന്നുമടയാളമായി
ഋതുഭേദങ്ങൾ.
2022 August
ഷേക്സ്പിയർ ഗീതകങ്ങൾ
“അയാളുടെ ദേഹത്തുനിന്ന് കൃത്യം അളവ് മാംസം മുറിച്ചെടുത്തോളൂ. എന്നാൽ ഒറ്റത്തുള്ളി ചോര വീണുപോകരുത്.” ഷേക്സ്പിയറുടേതായി എന്റെ മനസ്സിൽ ആദ്യം തങ്ങിനിന്ന ഒരു വാക്യമാണിത്. ചെറിയ ക്ലാസിൽ പഠിച്ച മർച്ചെന്റ് ഓഫ് വെനീസിന്റെ ആ മലയാളപരിഭാഷയിലൂടെയാണ് ഞാൻ ഷെക്സ്പിയറെക്കുറിച്ച് കേൾക്കുന്നത്. പണത്തിനുവേണ്ടി കൊല്ലാനും മടിക്കാത്ത ലോകത്തിന്റെ ക്രൂരതെക്കുറിച്ച് മനസ്സിലാക്കുന്നതും അതുവഴിയാണ്.
പിന്നീട് കോളേജുക്ലാസുകളിലൊന്നിൽ ഷെക്സ്പിയറുടെ മാക്ബെത്ത് പഠിച്ചു. നാടകത്തിലുള്ള ആവേശം കൊണ്ട് ഒഥെല്ലോയും ആന്റണി ക്ലിയോപാട്രയും ട്വൽഫ്ത്ത് നൈറ്റും സ്വയം വായിച്ചുപഠിച്ചു. തൊണ്ണൂറുകളിൽ മായാ തോങ്ബെർഗ് കേരളത്തിൽവന്ന് കാറൽമണ്ണയിൽ ഷെക്സ്പിയറുടെ ടെംപെസ്റ്റിന് രംഗാവതരണമൊരുക്കിയപ്പോൾ അതിനായി ചില പാട്ടുകൾ എഴുതി. കാലിബനെ കഥാകേന്ദ്രമാക്കിയുള്ള ഒരു രംഗവ്യാഖ്യാനമായിരുന്നു അത്.
അപ്പോഴൊന്നും ഷെക്സ്പിയറുടെ സോണെറ്റ്സ് എന്റെ വായനാപരിചയത്തിൽ വന്നില്ല. ഏതോ ക്ലാസിൽ ഒരു സോണെറ്റ് പഠിച്ചതായി ഓർക്കുന്നുണ്ടെങ്കിലും അന്നത് ഉൾക്കൊണ്ടിട്ടില്ല. ഇപ്പോൾ സച്ചിമാഷുടെ പരിഭാഷ, ഷെക്സ്പിയറുടെ ഗീതകങ്ങൾ, പ്രകാശനം ചെയ്യാൻ ഇടവന്നപ്പോഴാണ് അത് വീണ്ടും വായിക്കുന്നത്. നൂറ്റി അമ്പത്തിനാലു ഗീതകങ്ങളിൽ പകുതിയോളമേ ഇതിനകം വായിച്ചിട്ടുള്ളു. വായിച്ചേടത്തോളം വെച്ചു പറഞ്ഞാൽ ഇതു ശരിക്കുമൊരു മലയാളപ്പകർച്ചയാണ്. രൂപം കൊണ്ടു മലയാളിയും ഭാവം കൊണ്ട് ആംഗലനും. അയാംബിക് പെന്റാമീറ്ററിൽ എഴുതിയ ഗീതകങ്ങളെല്ലാം മാഷ് കേകാവൃത്തത്തിലാണ് പകർന്നിട്ടുള്ളത്. കോവിഡിന്റെ അടച്ചിരിപ്പുകാലത്തെ വ്യായാമമായിരുന്നു ഇത് എന്നു മാഷ് പറയുന്നു.
കവിതയിലെ വക്താവ് തന്റെ തോഴനോട് പറയുന്ന നിവേദനങ്ങളോ വിചാരങ്ങളോ ഒക്കെയാണ് ഈ ഗീതകങ്ങൾ. യുവാവും സുന്ദരനുമായ തോഴനോട് അനന്തര തലമുറയെ സൃഷ്ടിക്കുന്നതിനായി സന്തത്യുത്പാദനത്തിൽ ഏർപ്പെടാനും അതുവഴി സൗന്ദര്യവും പൗരുഷവും അനശ്വരമാക്കാനും അപേക്ഷിക്കുകയാണ് ആദ്യഗീതങ്ങളിലെ പ്രമേയം. യൗവനം ഭോഗിക്കുവാനുള്ളതാണ്, അതു ചെയ്യാതിരുന്നാൽ ജീവിതം പാഴായിപ്പോകും എന്നുപദേശിക്കുന്നു. പതിനാറാം നൂറ്റാണ്ടിൽ ഷെക്സ്പിയർ ആസക്തിയുടെ ഈ ഗീതങ്ങൾ രചിക്കുമ്പോൾ മലയാളത്തിൽ എഴുത്തച്ഛൻ വിരക്തിയുടെ കിളിപ്പാട്ടുകളാണ് രചിച്ചിരുന്നത് എന്നോർക്കുന്നത് കൗതുകമായിരിക്കും. ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലമാണ് എന്ന് നമ്മുടെ എഴുത്തച്ഛൻ ഉപദേശിക്കുമ്പോൾ അതനുഷ്ഠിച്ച് അനശ്വരത കൈവരിക്കാനാണ് ആംഗലത്തെ എഴുത്തച്ഛൻ ആഹ്വാനം ചെയ്യുന്നത്.
2022 July
വില്ലന്മാർ

ലിറ്റിൽ എർത്ത് തിയ്യേറ്റർ അവതരിപ്പിച്ച ‘ദ വില്ലന്മാർ’ രൂപഘടനയിൽ അനേകം ചെറുനാടകങ്ങൾ കോർത്തുണ്ടാക്കിയ ഒരു നാടകമാലയാണ്. പ്രമേയപരമായി ഐക്യമുള്ളതും എന്നാൽ സന്ദർഭങ്ങളിൽ വ്യത്യസ്തവുമായ ഒരു ദൃശ്യപരമ്പര. രേഖീയമായ കഥാഖ്യാനം ഇല്ല. പാഠങ്ങൾ ഹൈപ്പർലിങ്കുവഴി ബന്ധിപ്പിക്കുന്നതുപോലെ സന്ദർഭങ്ങൾക്ക് ലിങ്ക് നൽകിയിരിക്കുന്നു. ഒരേയൊരു നായകൻ എല്ലായ്പോഴും വിജയിക്കുന്നതിനുവേണ്ടി പരാജയപ്പെട്ടുകൊടുക്കേണ്ടിവരുന്ന വില്ലന്മാരുടെ വിധിയാണ് ഈ ലിങ്ക്.
പൊന്നാനി ബസ്
പൊന്നാനിയില്‍ സ്കൂള്‍മാഷായി ചേര്‍ന്ന കാലത്ത്
ബസ്സില്‍ ഒരു സ്ഥിരം സഹയാത്രികനുണ്ടായിരുന്നു
ആലൂര്‍ക്കാരന്‍ ഒരു ബാങ്കുമാനേജര്‍.
എത്ര തിരക്കുണ്ടെങ്കിലും അയാള്‍ക്ക് സീറ്റു കിട്ടും.
അയാളുടെ അരികത്തെ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ് പതിവ്.
അതിലിരിക്കാന്‍ ആളുകള്‍ക്ക് ഭയം.
ചുളിവീഴാത്ത അയാളുടെ കുപ്പായത്തിലെങ്ങാനും
അബദ്ധത്തില്‍ ചാരിപ്പോയാലോ.
മാഷായതുകൊണ്ട് എന്നെ അടുത്തുപിടിച്ചിരുത്തും.
ലോകകാര്യങ്ങളെപ്പറ്റി തന്റെ അഭിപ്രായം ഉച്ചത്തില്‍ കേള്‍പ്പിക്കും.
റേഡിയോ പോലെയാണ്
അങ്ങോട്ടു മിണ്ടാനാവില്ല.
ഒരിക്കല്‍ ഒരു വഴിതടസ്സം.
വിദ്യാര്‍ത്ഥിസമരമായിരുന്നു.
റോഡു മുഴുവന്‍ പരന്ന് വലിയൊരു ജാഥ.
ബസ്സ് ജാഥക്കു പിന്നാലെ അരിച്ചരിച്ചു നീങ്ങി.
ഓഫീസിലെത്താന്‍ നേരം വൈകുമെന്ന് ഉറപ്പായി.
ആലൂര്‍ക്കാരന്‍ ബാങ്കുമാനേജരുടെ തൊണ്ടയില്‍നിന്ന്
അന്നൊരു സൈറണ്‍ മുഴങ്ങി:
“ജനാധിപത്യമാണത്രേ ജനാധിപത്യം!
മാഷേ, രാജ്യത്തു പട്ടാളഭരണം വരണം
എന്നാലേ ഇവര്‍ പഠിക്കൂ!”
അയാള്‍ അസഹിഷ്ണുതയോടെ ബസ്സില്‍നിന്നു ചാടിയിറങ്ങി.
ഓട്ടോ പിടിച്ച് കുറുക്കുവഴിയിലൂടെ അപ്രത്യക്ഷനായി.
വര്‍ഷങ്ങളെത്ര കഴിഞ്ഞു!
ഇന്നലെ വീണ്ടും ആ രംഗം വിഭാവനം ചെയ്തു.
അതേ പൊന്നാനി ബസ്സ് അതേ തിരക്ക്.
പതിവു സീറ്റില്‍ പക്ഷേ അയാളില്ല.
എനിക്കു ചുറ്റും വിദ്യാര്‍ത്ഥികള്‍.
അവരുടെ കൈയ്യില്‍ പ്ലക്കാഡുകള്‍.
അവര്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നു:
“ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും
എന്റെ സഹോദരീസഹോദരന്മാരാണ്”
അപ്പോള്‍ പഴയ മാനേജരുടെ സൈറണ്‍ മുഴങ്ങി
“മാഷേ, ഇതു പഴയ ബസ്സല്ല.
അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികളെ നീക്കം ചെയ്യുന്ന പോലീസ് വാനാണ്.
ഞാന്‍ റിട്ടയര്‍ ചെയ്തു.
ശിഷ്ടകാലം രാഷ്ട്രസേവനത്തിനു നീക്കിവെച്ചു.”
അതാ അയാള്‍.
ഡ്രൈവറുടെ സീറ്റില്‍.
മെഡലുകള്‍ ചാര്‍ത്തിയ യൂണിഫോം അണിഞ്ഞ്!
2022