മുജ്ജന്മത്തിൽ വനവേടനായിരുന്ന ഒരാൾ പക്ഷിശാപം കൊണ്ട് മരമായി പുനർജനിച്ചു. ആ മരത്തിന്റെ ചില്ലയിൽ ഒരു കാട്ടുപക്ഷി കൂടുവെച്ചു. ഒരിക്കൽ പക്ഷി മരമായിത്തീർന്ന ആ മനുഷ്യനോടു ചോദിച്ചു: “നിങ്ങളുടെ ഭാഷയിൽ കാട്ടാളനെ കവിയും മാമുനിയെ മാൻകിടാവുമാക്കി മാറ്റുന്ന മഹാമന്ത്രങ്ങളില്ലേ?” അയാൾ പറഞ്ഞു: “ഞങ്ങളുടെ ഭാഷയിലിപ്പോൾ തവളകൾ പോലും കരയാറില്ല. വാക്കുകൾക്ക് വാത്സല്യവും പൂമ്പൊടിയും ഇല്ലാതായി. മൊഴികളിലെ മഴവില്ലു മാഞ്ഞ് നേർരേഖയായി”. പിന്നീട് അവർ സംസാരിച്ചതേയില്ല. കാലം കടന്നുപോയി. വൃക്ഷത്തിന്റെ നെഞ്ചിൻകൂട്ടിലെ കിളിമുട്ടകൾ വിരിഞ്ഞു. അവ പുതിയ ഭാഷയിൽ ചുണ്ടുപിളർത്തി കൊഞ്ചാൻ തുടങ്ങി. അപ്പോൾ അയാളുടെ ഭാഷയിൽ പുതിയ കിളിപ്പാട്ടുകളുണ്ടായി. സംസ്കാരത്തിൽ പുതിയ പൂക്കാലമുണ്ടായി.
അഗസ്റ്റിൻ കുട്ടനെല്ലൂരിന്റെ ‘നെഞ്ചിൽ പക്ഷിക്കൂടുള്ള ഒരാൾ’ എന്ന കവിതയുടെ രത്നച്ചുരുക്കമാണ് ഇത്. വാത്മീകിയും ആദികാവ്യവും എഴുത്തച്ഛനും കിളിപ്പാട്ടും മലയാളവും പൂക്കാലവും എല്ലാം സൂചകങ്ങളായി വർത്തിക്കുന്ന ഈ കവിത ഒരു പുതിയ പുരാവൃത്തസൃഷ്ടിയിലൂടെ തന്റെ ഭാഷയേയും കവിതയേയും വീണ്ടെടുക്കാൻ ഉദ്യമിക്കുകയാണ്. നേർരേഖയായിപ്പോയ മൊഴിയിലേക്ക് മഴവില്ലിന്റെ വർണ്ണവൈവിധ്യത്തെ തിരിച്ചുകൊണ്ടുവരാൻ പരിശ്രമിക്കുകയാണ്. എന്നാൽ പഴയ കിളിപ്പാട്ടല്ല പുതിയ കിളിപ്പേച്ചാണ് അഗസ്റ്റിന്റെ ഭാഷയെ വ്യത്യസ്തമാക്കുന്നത് എന്നുകൂടി പറയണം.
കിളി, അഗസ്റ്റിൻകവിതയിൽ ആവർത്തിച്ചുവരുന്ന ഒരു പ്രതീകമാണ്. എന്നാൽ പൊതുവേ സ്വീകരിക്കപ്പെടുന്നതുപോലെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായല്ല അഗസ്റ്റിന്റെ കിളി പ്രത്യക്ഷപ്പെടുന്നത്. ‘ഒറ്റക്കാലൻ കാക്ക’ എന്ന കവിതയിൽ കാക്ക ഓരങ്ങളിലേക്കു തള്ളിമാറ്റപ്പെട്ട ജനതയുടെ പ്രതിനിധിയാണ്. തത്തക്കു സാഹിത്യമുണ്ട്, കുയിലിനു സംഗീതവും. കാക്കക്കു പക്ഷേ, കരച്ചിൽ മാത്രം. ആട്ടിയോടിക്കപ്പെട്ടവരും അഴുക്കു ചികയാൻ വിധിക്കപ്പെട്ടവരുമാണ് അവർ. അഗസ്റ്റിന് പക്ഷികൾ മാത്രമല്ല പക്ഷികൾ. ‘കടൽപ്പക്ഷി’, ‘രക്തസാക്ഷിപ്പക്ഷി’ എന്നീ കവിതാശീർഷകങ്ങൾ പോലും ഈ കവിയുടെ ‘പക്ഷിപാതം’ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞില്ല, തിരകൾ മഹാസമുദ്രത്തിന്റെ അഗാധനിശ്ശബ്ദതയിൽ തടവിലാക്കപ്പെട്ട ഒരു കൂറ്റൻ പക്ഷിയുടെ ചിറകുകളത്രേ! പ്രളയത്തിന്റെ ചിറകിൻകീഴിൽ അടവെച്ച് മരണം വിരിയിക്കാനുള്ള ഒരു മുട്ടയാണ് അതിനു ഭൂമി. കാറ്റിനുമുണ്ട് ചിറക്. കരയിൽ വീശുന്ന കാറ്റ് പ്രത്യാശയുടെ പ്രതീകമാണ്. മഹാസങ്കടങ്ങൾക്കൊടുവിൽ മനുഷ്യൻ നേടിയ പ്രത്യാശയുടെ സുവർണ്ണകേസരങ്ങൾ കാറ്റിന്റെ ചിറകിൽ ഉണ്ട്. (തിരയും കാറ്റും). വാക്കു കിട്ടാനായി ഊരുചുറ്റുന്ന ഉന്തുവണ്ടിക്കാരൻ വഴിയോരത്തണലിൽ വിശ്രമിക്കുമ്പോൾ മരക്കൊമ്പത്തിരുന്ന കിളികളാണ് അയാൾക്ക് വഴികാട്ടുന്നത്. മൗനത്തിന്റെ ഗൂഢാലോചനക്കു വെളിയിലുള്ള ഇടവഴികളിലൂടെ പോകട്ടെ. കൃഷിക്കാരന്റെ മണ്ണിലോ ട്രാൻസ്ജെന്ററുകളുടെ മനസ്സിലോ അവഗണിക്കപ്പെട്ടവരുടെ പ്രേതഭൂമിയിലോ നിന്ന് അയാൾക്ക് തീതുപ്പുന്ന വാക്കുകൾ കിട്ടും എന്ന് കിളികൾ പ്രവചിക്കുന്നു (കൂടുപൊട്ടിക്കുന്ന വാക്ക്).
മരവും കിളിയും മാത്രമല്ല, സമസ്തജീവജാലങ്ങളുടേയും ആവാസവ്യവസ്ഥ ഈ കവിയുടെ പ്രമേയഖനിയാണ്. മനുഷ്യൻ മരമായി മാറുംപോലെ മീനുകളും മനുഷ്യരായി രൂപാന്തരം ചെയ്യുന്നു. ‘മത്സ്യങ്ങൾ വേട്ടയാടപ്പെടുന്നത്, മനുഷ്യരും’ എന്ന കവിതയിൽ മീനിന്റേയും മനുഷ്യന്റേയും ജീവിതം കൂട്ടിവായിക്കുന്നു. പശുവിനെ വിശുദ്ധമൃഗവും മനുഷ്യനെ കേവലം നാൽക്കാലിയുമാക്കുന്ന ചരിത്രത്തിന്റെ വൈപരീത്യം ‘വണ്ടിക്കാളകളും വിശുദ്ധമൃഗവും’ എന്ന കവിതയിൽ വായിക്കാം. കരചരണങ്ങളരിഞ്ഞ് ചുടലയിൽ തള്ളിയവളെപ്പോലെ ഒരു വൃക്ഷത്തെ വർണ്ണിക്കുന്നുണ്ട് ‘വേടഭൂമിയിലെ ബൗദ്ധവൃക്ഷം’ എന്ന കവിതയിൽ. പുരാതന വേദഭൂമി എങ്ങനെ ഇന്ന് വേടഭൂമിയായി എന്നൊരു രാഷ്ട്രീയവിമർശം പലകവിതകളിലും ഉന്നയിക്കുന്നുണ്ട്. വർഗ്ഗീയ തീവ്രവാദിളുടെ ഹിംസക്ക് ഇരയായി, നദിയുടെ അടിത്തട്ടിലേക്ക് വലിച്ചെറിയപ്പെട്ട പ്രേതപ്പെണ്മയുടെ വിലാപമാണ് ‘ഒരുവൾ ജീവിതം വായിക്കുന്നു’ എന്ന കവിത.
ചുരുക്കത്തിൽ, കടലും കരയും ചുഴലുന്ന ജീവജാലങ്ങളുടെ ആവാസഭൂമിയിലേക്കുള്ള ഒരു വിഹഗവീക്ഷണമാണ് അഗസ്റ്റിന്റെ കവിതകൾ. അനുഭവങ്ങളേക്കാൾ ആശയങ്ങളും ആദർശങ്ങളുമാണ് ഈ കവിയെ പ്രചോദിപ്പിക്കുന്നത്. “അനാഥമാക്കപ്പെട്ടവരുടെ പൂങ്കുയിൽ വസന്തകാലത്തേക്കു കരുതിവെച്ച പാട്ടാ”ണ് ഈ കവിപ്പേച്ചുകൾ.