പൊന്നാനി ബസ്

പൊന്നാനിയില്‍ സ്കൂള്‍മാഷായി ചേര്‍ന്ന കാലത്ത്
ബസ്സില്‍ ഒരു സ്ഥിരം സഹയാത്രികനുണ്ടായിരുന്നു
ആലൂര്‍ക്കാരന്‍ ഒരു ബാങ്കുമാനേജര്‍.
എത്ര തിരക്കുണ്ടെങ്കിലും അയാള്‍ക്ക് സീറ്റു കിട്ടും.
അയാളുടെ അരികത്തെ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ് പതിവ്.
അതിലിരിക്കാന്‍ ആളുകള്‍ക്ക് ഭയം.
ചുളിവീഴാത്ത അയാളുടെ കുപ്പായത്തിലെങ്ങാനും
അബദ്ധത്തില്‍ ചാരിപ്പോയാലോ.
മാഷായതുകൊണ്ട് എന്നെ അടുത്തുപിടിച്ചിരുത്തും.
ലോകകാര്യങ്ങളെപ്പറ്റി തന്റെ അഭിപ്രായം ഉച്ചത്തില്‍ കേള്‍പ്പിക്കും.
റേഡിയോ പോലെയാണ്
അങ്ങോട്ടു മിണ്ടാനാവില്ല.
ഒരിക്കല്‍ ഒരു വഴിതടസ്സം.
വിദ്യാര്‍ത്ഥിസമരമായിരുന്നു.
റോഡു മുഴുവന്‍ പരന്ന് വലിയൊരു ജാഥ.
ബസ്സ് ജാഥക്കു പിന്നാലെ അരിച്ചരിച്ചു നീങ്ങി.
ഓഫീസിലെത്താന്‍ നേരം വൈകുമെന്ന് ഉറപ്പായി.
ആലൂര്‍ക്കാരന്‍ ബാങ്കുമാനേജരുടെ തൊണ്ടയില്‍നിന്ന്
അന്നൊരു സൈറണ്‍ മുഴങ്ങി:
“ജനാധിപത്യമാണത്രേ ജനാധിപത്യം!
മാഷേ, രാജ്യത്തു പട്ടാളഭരണം വരണം
എന്നാലേ ഇവര്‍ പഠിക്കൂ!”
അയാള്‍ അസഹിഷ്ണുതയോടെ ബസ്സില്‍നിന്നു ചാടിയിറങ്ങി.
ഓട്ടോ പിടിച്ച് കുറുക്കുവഴിയിലൂടെ അപ്രത്യക്ഷനായി.
വര്‍ഷങ്ങളെത്ര കഴിഞ്ഞു!
ഇന്നലെ വീണ്ടും ആ രംഗം വിഭാവനം ചെയ്തു.
അതേ പൊന്നാനി ബസ്സ് അതേ തിരക്ക്.
പതിവു സീറ്റില്‍ പക്ഷേ അയാളില്ല.
എനിക്കു ചുറ്റും വിദ്യാര്‍ത്ഥികള്‍.
അവരുടെ കൈയ്യില്‍ പ്ലക്കാഡുകള്‍.
അവര്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നു:
“ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും
എന്റെ സഹോദരീസഹോദരന്മാരാണ്”
അപ്പോള്‍ പഴയ മാനേജരുടെ സൈറണ്‍ മുഴങ്ങി
“മാഷേ, ഇതു പഴയ ബസ്സല്ല.
അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികളെ നീക്കം ചെയ്യുന്ന പോലീസ് വാനാണ്.
ഞാന്‍ റിട്ടയര്‍ ചെയ്തു.
ശിഷ്ടകാലം രാഷ്ട്രസേവനത്തിനു നീക്കിവെച്ചു.”
അതാ അയാള്‍.
ഡ്രൈവറുടെ സീറ്റില്‍.
മെഡലുകള്‍ ചാര്‍ത്തിയ യൂണിഫോം അണിഞ്ഞ്!

2022