ലിറ്റിൽ എർത്ത് തിയ്യേറ്റർ അവതരിപ്പിച്ച ‘ദ വില്ലന്മാർ’ രൂപഘടനയിൽ അനേകം ചെറുനാടകങ്ങൾ കോർത്തുണ്ടാക്കിയ ഒരു നാടകമാലയാണ്. പ്രമേയപരമായി ഐക്യമുള്ളതും എന്നാൽ സന്ദർഭങ്ങളിൽ വ്യത്യസ്തവുമായ ഒരു ദൃശ്യപരമ്പര. രേഖീയമായ കഥാഖ്യാനം ഇല്ല. പാഠങ്ങൾ ഹൈപ്പർലിങ്കുവഴി ബന്ധിപ്പിക്കുന്നതുപോലെ സന്ദർഭങ്ങൾക്ക് ലിങ്ക് നൽകിയിരിക്കുന്നു. ഒരേയൊരു നായകൻ എല്ലായ്പോഴും വിജയിക്കുന്നതിനുവേണ്ടി പരാജയപ്പെട്ടുകൊടുക്കേണ്ടിവരുന്ന വില്ലന്മാരുടെ വിധിയാണ് ഈ ലിങ്ക്.
സിനിമ, ഷൂട്ടിങ്, വിഷ്വൽ ഇഫക്ട് എന്നിവകളിൽനിന്ന് വളരെയേറെ ഇമേജുകൾ നാടകം സ്വീകരിച്ചിട്ടുള്ളതായി കാണാം. വി.എഫ്.എക്സ് ഉപയോഗിച്ചുള്ള എഡിറ്റിങ്ങിൽ പച്ചനിറമുള്ള പശ്ചാത്തലമോ പച്ചവേഷം ധരിച്ചവരോ അദൃശ്യരായി മാറുന്ന സാങ്കേതികതയെ ഇവിടെ ഒരു പ്രതീകമാക്കുന്നു. തോല്പിക്കപ്പെട്ടും കീഴടക്കപ്പെട്ടും അദൃശ്യരായി മാറുന്ന ജനതയാണ് ഇവിടെ പച്ച. നാടകാരംഭത്തിലെ വിഡിയോ പ്രൊജക്ഷൻ ഈ സാങ്കേതികവിദ്യയെ പരിചയപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ജയൻ, സുരേഷ്ഗോപി, വിജയ് തുടങ്ങിയ പോപ്പുലർനടന്മാരുടെ അനുകരണം, ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡസിനിമകളെ ഓർമ്മപ്പെടുത്തൽ, ഷൂട്ടിങ് സൈറ്റുകളിലെ കൃത്രിമങ്ങൾ തുടങ്ങിയവ ഉദാഹരണം.
സിനിമാചിത്രീകരണം, കുതിരപ്പുറത്തേറിയ ദ്വിഗ്വിജയയാത്ര, നിരീക്ഷണക്യാമറയും അധ്യാപകരും, മാജിക്ക്, സ്കേറ്റിങ് ചെയ്യുന്ന പ്രണയജോഡി, പെണ്ണുകാണൽ, കീടനാശിനിയും കൃഷിയും, ചാർളി ചാപ്ലിനും ദ ഗ്രേറ്റ് ഡിക്ടേറ്ററും… സീക്വൻസുകളിൽ അവിസ്മരണീയമായത് ബാലിവധം തന്നെ. കൃഷിപ്പണിയുടെ പശ്ചാത്തലത്തിൽ ജ്യേഷ്ഠാനുജന്മാരുടെ മത്സരത്തിൽനിന്ന് ക്രമാനുഗതമായി വികസിച്ച് ബാലിസുഗ്രീവയുദ്ധമായി പരിണമിച്ച ആ നാടൻകലാപ്രകടനം ഉജ്ജ്വലം. നായകനാൽ ചതിക്കപ്പെട്ട ആ വില്ലൻ ബാലി മാത്രമല്ല, ബലിയുമാകുന്നു.
സംവിധായകൻ അരുൺലാലിനും സംഘത്തിനും അഭിനന്ദനം!
2022 ഏപ്രിൽ