എതിരേ വന്നയാൾ

എതിരേ വന്ന അപരിചിതന്റെ മുഖം ഒറ്റനോട്ടത്തിൽ രാജനെ ഓർമ്മിപ്പിച്ചു. മരിച്ചുപോയ സുഹൃത്ത്, രാജൻ. രാജനെ അപ്രതീക്ഷിതമായി ഓർമ്മിപ്പിച്ചതിന് ഞാനയാളോടു കടപ്പെട്ടിരിക്കുന്നു. അയാൾ എതിരേ വന്നില്ലായിരുന്നെങ്കിൽ, നിശ്ചയമായും ഞാൻ രാജനെ ഓർക്കുമായിരുന്നില്ല. ഞാൻ തിരിഞ്ഞുനിന്ന് നടന്നകലുന്ന അയാളെ കൈകൊട്ടി വിളിച്ചു. അയാൾ നടത്തം നിർത്തി, പതുക്കെ പിന്നിലേക്കു തിരിഞ്ഞ്, എന്നെയാണോ എന്ന് ചോദിക്കുന്നതുപോലെ മുഖമുയർത്തി. ഞാൻ അയാൾക്കുനേരെ നടന്നു. അടുത്തുചെന്ന് ഒരിക്കൽക്കൂടി അയാളുടെ മുഖത്തേക്കു നോക്കി. അയാളുടെ മുഖത്തിന് രാജന്റെ ഛായയുണ്ട്. എന്നാൽ കൃത്യമായി ഏതവയവമാണ് ആ ഛായ വരുത്തുന്നത് എന്നു നിശ്ചയിക്കാനാവുന്നില്ല. കണ്ണ്, മൂക്ക്, താടി, ചെവികൾ, നെറ്റിത്തടം. ഇവയുടെയൊക്കെ പിന്നിൽ രാജൻ ഒളിച്ചിരിക്കുന്നതുപോലെ തോന്നി. ഞാൻ അങ്ങനെ സൂക്ഷിച്ചു നോക്കുന്നതു അയാൾക്കു രസിക്കുന്നില്ല എന്ന് അയാളുടെ ഭാവത്തിൽനിന്ന് മനസ്സിലാക്കാം. അയാൾ നെറ്റിചുളിച്ചപ്പോൾ അതാ, ആ ചുളിവിൽ ഒരു മിന്നൽ പോലെ രാജൻ! പുരികത്തിന് ഇത്ര കട്ടിയില്ല എന്നേയുള്ളു.
ആരാ, എന്താ?
അയാൾ ചോദിച്ചു. അതിശയം തന്നെ. രാജന്റെ ശബ്ദം! കണ്ണടച്ചിട്ടാണ് ആ ചോദ്യം കേട്ടത് എങ്കിൽ തീർച്ചയായും മുന്നിൽ രാജൻ നിൽക്കുന്നതായേ തോന്നു. അത്രയ്ക്കുണ്ട് സാമ്യം. അയാൾ എന്റെ മറുപടിക്കു കാക്കുകയാണ്. അക്ഷമനാണ് അയാൾ എന്നു വ്യക്തം.
ചോദിച്ചതു കേട്ടില്ലേ? എന്താ നിങ്ങൾക്കു വേണ്ടത്? എന്റെ അന്തംവിട്ടുള്ള നിൽപ്പുകണ്ട് അയാൾക്ക് ശുണ്ഠിവരുന്നതുപോലെ തോന്നി.
രാജൻ.. ഞാൻ ആ പേരുച്ചരിച്ച് പിന്നെ എന്തു പറയണമെന്നറിയാതെ വിക്കി.
രാജനോ? ഏതു രാജൻ?
നിങ്ങൾ…
എന്റെ പേര് രാജനെന്നല്ല. നിങ്ങൾക്കു ആളു മാറിയതാണ്. അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങി. അപ്പോൾ ഞാൻ പറഞ്ഞു.
നന്ദി സർ. വളരെ നന്ദി.
അയാൾ അത്ഭുതത്തോടെ വീണ്ടും എനിക്കുനേരേ തിരിഞ്ഞു.
മനസ്സിലായില്ല. നന്ദി പറയാൻ ഞാൻ നിങ്ങൾക്ക് ഒന്നും ചെയ്തുതന്നില്ലല്ലോ?
ഉവ്വ്. നിങ്ങൾ രാജനെ ഓർമ്മിപ്പിച്ചു.
പിന്നെയും നിങ്ങൾ അതുതന്നെ പറയുന്നു. ആരാ ഈ രാജൻ?
രാജൻ എന്റെ സുഹൃത്ത്.
…..
(അപൂർണ്ണം)

സുന്ദരൻ

സുന്ദരന്‍ എന്നായിരുന്നു അയാളുടെ പേര്. നരച്ച താടിയും മുടിയും. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടും. അറുപതോ എഴുപതോ ആയിക്കാണും പ്രായം. ആരെക്കണ്ടാലും “ഒരു പത്തുറുപ്യ തര്വോ?” എന്നു ചോദിക്കും. കൊടുത്താലും കൊടുത്തില്ലെങ്കിലും ചിരിക്കും.

സുന്ദരന്റെ കൂടെ എല്ലായ്പോഴും ഒരാടോ പശുവോ പോത്തോ പട്ടിയോ പൂച്ചയോ കാണും. അതിന്റെ ഉടമസ്ഥതയൊന്നും അയാള്‍ക്കുണ്ടാവില്ല. എന്നാലും അതിനെ മേയ്ക്കുകയാണ് എന്നാണ് നാട്യം. ഉച്ചകളില്‍ കുന്നിന്‍ചെരിവിലെ മരച്ചുവട്ടില്‍ ആടുമേയ്ക്കുന്നവനായി. അല്ലെങ്കില്‍ കൊയ്ത്തുകഴിഞ്ഞ പാടത്ത് പശുവിനെ തീറ്റുന്നവനായി.

സുന്ദരന്‍ മരിച്ചുപോയി. ഇല കൊഴിയുംപോലെ സ്വാഭാവികമായി. ഇപ്പോഴും വിജനതയില്‍ ഒരാടോ പശുവോ ഒറ്റയ്ക്കു മേയുന്നതു കാണുമ്പോള്‍ ചുറ്റുവട്ടത്തെവിടെയോ സുന്ദരന്‍ ഉണ്ടെന്നു തോന്നും. ഇടവഴി തിരിയുമ്പോള്‍ ഒരു പത്തുറുപ്യ തര്വോ എന്ന് ഉടമസ്ഥനില്ലാത്ത ഒരു നിഴല്‍ ചോദിക്കും. അതിരിന്മേല്‍ ഒരു വെള്ളില ചിരിക്കും.

മുറിക്കഥ

രഘു കമ്പനിയുടെ കോൺഫറൻസിൽ പങ്കെടുക്കാൻ ചെന്നൈയിൽ പോയി. മക്കൾ രണ്ടുപേരും സ്കൂളിൽനിന്ന് പഠനയാത്രക്കും പോയി. ഒറ്റയ്ക്കായപ്പോൾ സ്മിതക്ക് വല്ലാത്തൊരു ലാഘവത്വം അനുഭവപ്പെട്ടു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അന്നു സന്ധ്യക്ക് അവൾ ബാൽക്കണിയിൽ പോയിരുന്നു.
അപ്പാർട്മെന്റിന്റെ ഒമ്പതാം നിലയിലായിരുന്നു അവരുടെ ഫ്ലാറ്റ്. ബാൽക്കണിയിൽ ഇരുന്നാൽ അന്തിമങ്ങൂഴത്തിൽ അകലെ ഇരമ്പുന്ന നഗരപ്രകാശം കാണാം. അവൾ ചെവിയിൽ ബ്ലൂടൂത്ത് കേൾവിമുകുളങ്ങൾ തിരുകിയിരുന്നു. മിന്നാമിനുങ്ങിനെപ്പോലെ അവളുടെ കാതുകളിൽ ഒരു പ്രകാശം ഉണ്ടായിരുന്നു.
പി.ജി മലയാളത്തിലെ സഹപാഠികളുടെ വാട്സ്അപ്പ് ഗ്രൂപ്പ് തുറന്ന് മെസേജുകൾ സ്ക്രോൾ ചെയ്തു പോവുകയായിരുന്നു അവൾ. പ്രവീണിന്റെ ഓഡിയോ മെസേജ് കണ്ടപ്പോൾ അവൾക്കു കൗതുകം തോന്നി. നന്നായി കവിത ചൊല്ലുന്ന സുന്ദരനായിരുന്നു അവൻ. അവനിപ്പോൾ എന്തു ചെയ്യുന്നു ആവോ!
അവൾ മെസേജ് പ്ലേ ചെയ്തു:
സുതർ മാമുനിയോടയോദ്ധ്യയിൽ
ഗതരായോളവന്നൊരന്തിയിൽ..