കാവ്യാധ്യാപിക

മേരി ഒലിവർ

എനിക്കു പഠിപ്പിക്കാൻ സർവ്വകലാശാല പുതിയതും ഗംഭീരവുമായ ഒരു ക്ലാസ്മുറി അനുവദിച്ചു. “എന്നാൽ ഒരുകാര്യം: നിങ്ങളുടെ വളർത്തുനായയെ ഇവിടെ കയറ്റരുത്.” അവർ പറഞ്ഞു. “പക്ഷെ അത് അനുവദിക്കണമെന്ന് എന്റെ കരാറിൽ ഞാൻ ചേർത്തിട്ടുള്ളതാണല്ലോ?” ഞാൻ വാദിച്ചു. (ഇക്കാര്യം മുൻകൂട്ടിക്കണ്ട് ഞാൻ ഉറപ്പുവരുത്തിയിരുന്നു.)

ഏതായാലും വാദപ്രതിവാദങ്ങൾക്കൊടുവിൽ പഴയൊരു കെട്ടിടത്തിലെ പഴയൊരു മുറിയിലേക്കു മാറാൻ ഞാൻ തയ്യാറായി. വാതിൽ തുറന്നുതന്നെ വെച്ചു. മുറിയിൽ ഒരു പാത്രം വെള്ളം നിറച്ചുവെച്ചു. അകലെനിന്ന് ബെൻ (നായ) കുരയ്ക്കുന്നതും ഓരിയിടുന്നതും മറ്റുശബ്ദങ്ങൾക്കിടയിൽ എനിക്കു കേൾക്കാമായിരുന്നു. ചിലപ്പോൾ അവരെല്ലാം കൂടി – ബെന്നും അവന്റ കൂട്ടുകാരായ ഏതാനും അപരിചിതരും – മുറിയിലേക്കു കയറിവരും. അവർക്ക് നല്ല ദാഹവും സന്തോഷവും! അവർ വെള്ളം കുടിച്ച് എന്റെ വിദ്യാർത്ഥികൾക്കിടയിൽ ഓടിക്കളിക്കും. അവർക്കും അത് വലിയ ഇഷ്ടമായി.

അങ്ങനെ എന്റെ വിദ്യാർത്ഥികൾ ദാഹവും ആനന്ദവുമുള്ള കവിതകൾ എഴുതാൻ പഠിച്ചു.

ശേഷം

ലോർണ ക്രോസിയെർ

ഞാൻ തന്നെ
എന്റെ വളർത്തു നായ്.
നടക്ക് –
ഞാൻ എന്നോടു പറയും;
എന്നിട്ട് വാതിൽക്കലോളം പോകും.
തിന്ന്, എന്നു പറഞ്ഞ്
എനിക്കു വെച്ചത്
ഞാൻതന്നെ തിന്നും.
കിടക്ക്, എന്നു കല്പിച്ച്
ഞാൻ തന്നെ നിലത്തു ചുരുണ്ടുകൂടും;
കൈപ്പത്തിമേൽ തല ചായ്ക്കും.
മറ്റൊന്നും ആവശ്യമില്ല.
ഇനിയെന്തെന്ന്
വിചാരവുമില്ല.
നായ് ഓരിയിടുംപോലെ
ഞാൻ ഓരിയിടുന്നു.
നായ് മോങ്ങുംപോലെ
ഞാൻ മോങ്ങുന്നു.
രാത്രികളിൽ
എന്റെ കാൽക്കൽ ഇരിക്കുന്ന,
എന്നെത്തന്നെ നാറുന്ന,
ഉറക്കം നിറച്ച ചാക്കും
ഞാൻ തന്നെ.

ഗൂർണിക്ക

കുതിരതൻ വായിൽനിന്നു
തെറിക്കും ബാണം;
അഥവാ തേഞ്ഞൊരു പല്ല്.
കത്തും ബൾബുകണക്കൊരു സൂര്യൻ;
അഥവാ
ബൾബിൽ നിന്നു പരക്കും വെട്ടം
ഒരു കുഞ്ഞുവരയ്ക്കും സൂര്യൻ
ചൊരിയും രശ്മികൾ പോലെ.

അറ്റുതെറിച്ചൊരു കൈ,
മുറിഞ്ഞ വാൾ,
വെടിയുണ്ട തുളച്ച ഉടൽ,
ബോംബു കുഴിക്കും ഗർത്തം,
യുദ്ധം, പ്രവചിതമാം യാതനകൾ,
വിധി കോറിവരച്ചൊരു യാചനകൾ,
പറയുന്നുണ്ടവ നിരർത്ഥകമെന്തോ
പരസ്പരമല്ലെന്നാലും.

ഭയചകിതം തിരിഞ്ഞുനോക്കുന്നു
കുതിക്കുമൊരു കുതിര,
തകരും മാളികമുകളിൽനിന്നു പതിക്കുന്നു
വായുകണക്കൊരു ഒരു മാലാഖ-
ശാന്തിതൻ ഇല പോൽ
ജ്വലിക്കും നാളമുള്ളൊരു വിളക്കുമേന്തി-
ഇരുളും സൂര്യനു താഴെ.

വിശ്വസിക്കില്ലാരും.
അവർ അലറുന്നെങ്കിലും
കേൾക്കുകയില്ലതു പൊട്ടിത്തെറിയുടെയിടയിൽ.
ആ പെണ്ണിൻ മുലഞെട്ടുകൾ
സ്ഫോടകവസ്തുക്കൾ.
കാളയോ, വലിയ വൃഷണങ്ങളുള്ള ഒരു ദൈവം.
അതു തിരിഞ്ഞുനോക്കുന്നു;
വരുന്നൂ സർവ്വനാശം വഴിയേ.

Guernica, by Billy Howell-Sinnard

കബീർ ഗാനം

ആയിരം നൂലിനാൽ പാവിട്ടതാണെന്റെ
മാനസം; ഞാൻ നെയ്തു ചേർപ്പൂ
ആയിരമാവർത്തി നിന്റെ പേർ, നീവരും
നാളിൽ നിനക്കണിയാനായ്!

സൂര്യനും ചന്ദ്രനും കാണുന്നു ഞാൻ നിന്റെ
നാമങ്ങൾ നെയ്തു ചേർക്കുമ്പോൾ
സൂര്യനും ചന്ദ്രനും കേൾക്കുന്നു ഞാൻ നിന്റെ
നാമങ്ങളാലപിക്കുമ്പോൾ!

രാവും പകലുമെനിക്കു കിട്ടുന്നതു
കൂലിയായ് ഒന്നുമാത്രം;
താമരക്കുമ്പിളിൽ തേൻകണമെന്നപോൽ
താനേ നിറയും ഹൃദയം!