ഷുൺടാരോ താനിക്കാവ
ഒരിടത്ത് ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു
കവിതയെഴുതിയാണ് അയാള്‍ കഴിഞ്ഞുകൂടിയിരുന്നത്.
വിവാഹങ്ങള്‍ക്ക് അയാള്‍ മംഗളഗീതമെഴുതിക്കൊടുക്കും
മരണമുണ്ടായാല്‍ കല്ലറയില്‍ കൊത്തിവെക്കാന്‍ വരികളെഴുതിക്കൊടുക്കും
ഷുൺടാരോ താനിക്കാവ
ഒരിടത്ത് ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു
കവിതയെഴുതിയാണ് അയാള്‍ കഴിഞ്ഞുകൂടിയിരുന്നത്.
വിവാഹങ്ങള്‍ക്ക് അയാള്‍ മംഗളഗീതമെഴുതിക്കൊടുക്കും
മരണമുണ്ടായാല്‍ കല്ലറയില്‍ കൊത്തിവെക്കാന്‍ വരികളെഴുതിക്കൊടുക്കും
ഹര്‍കയിറ്റ്സ് കാനോ
(കോഴിക്കോട്ട് കെ.എല്‍.എഫിനോടനുബന്ധിച്ചു നടന്ന പരിഭാഷാ ശില്പശാലയില്‍വെച്ചാണ് ബാസ്ക് ഭാഷാകവി ഹര്‍കെയിറ്റ്സ് കാനോവിനെ പരിചയപ്പെട്ടത്. വടക്കന്‍ സ്പെയിനിനും തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിനും ഇടയ്ക്ക് കിടക്കുന്ന ചെറിയ പ്രേദേശത്തുമാത്രം പ്രചാരമുള്ള യൂറോപ്യന്‍ ഭാഷയത്രേ ബാസ്ക്. നാല്പതുകാരനായ ഹര്‍കെയിറ്റ്സ് കാനോ ഈ ഭാഷയില്‍നിന്നുള്ള പ്രമുഖ കവിയും വിവര്‍ത്തകനുമാണ്. സച്ചിദാനന്ദന്‍ സാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന ശില്പശാലയില്‍ മുഖ്യസംഘാടകയായിരുന്ന സംപൂര്‍ണ്ണ ചാറ്റര്‍ജി നല്‍കിയ കവിതകളില്‍നിന്ന് ഞാന്‍ തിരഞ്ഞെടുത്തത് അല്പം നീണ്ട Living with a Tiger എന്ന കവിതയാണ്. കേദാര്‍നാഥ് സിങ്ങിന്റെ വ്യാഘ്രം എന്ന കവിതയോട് അസാധാരണമായ സാദൃശ്യം തോന്നിയതുകൊണ്ടാണ് ഈ കവിതതന്നെ ഞാന്‍ തിരഞ്ഞെടുത്തത്. നര്‍മ്മരസികത തുളുമ്പുന്ന നിരീക്ഷണങ്ങളുടെ മിന്നാമിന്നിവെളിച്ചംകൊണ്ട് പ്രകാശിക്കുന്നവയാണ് പൊതുവേ കാനോയുടെ കവിത.)
അതെങ്ങനെ ഇവിടെ വന്നു എന്നതല്ല കാര്യം.
ഒരുപക്ഷെ, ഞങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന വാടകക്കാരന്‍
ബോധപൂര്‍വ്വമോ അല്ലാതെയോ
ഇവിടെ ഉപേക്ഷിച്ചു പോയതായിരിക്കാം.
ഞങ്ങളുടെ നോട്ടം തെറ്റിയ സമയത്ത്
ജനലിലൂടെ ഒളിച്ചുകടന്നതാകാം.
ഞങ്ങളുടെ ഗ്രാമഫോണ്‍ ശേഖരം കേട്ടു സഹികെട്ട
അയല്‍ക്കാരിലാരോ പണി തന്നതാവാം.
അല്ലെങ്കില്‍ ആ നീലക്കുപ്പായക്കാരനായ,
ഗ്യാസ്, വെള്ളം, വൈദ്യുതി മീറ്റര്‍ പരിശോധകന്റെ പണിയാവാം.
എന്റെ പ്രിയപ്പെട്ട ചിന്തകരായ വിറ്റ്ഗെന്‍സ്റ്റീന്‍, സിയോറാന്‍, സ്റ്റേയ്നര്‍
എന്നിവരെന്തെങ്കിലും ഇതെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ എന്നു നോക്കി
അവര്‍ക്കൊന്നും ഉത്തരമില്ല.
ആകെക്കൂടി എനിക്കറിയാവുന്നത്
ഒരു പുലി ഞങ്ങളോടൊപ്പമുണ്ട് എന്ന വസ്തുതയാണ്.
ദിവസങ്ങളോളം കാണാതായാല്‍പ്പോലും
അതു പോയിക്കാണും എന്ന് പതിവുപോലെ
ഞങ്ങള്‍ ആശ്വസിക്കാറില്ല. കാരണം ഞങ്ങള്‍ക്കറിയാം
അതു തിരിച്ചുവരുമെന്ന്. വന്നിട്ടുമുണ്ട്.
പൂച്ചയല്ല പുലി, അതിനാല്‍ പ്രയാസമാണ്
അതിന്റെ ജന്മങ്ങള്‍ അവസാനിച്ചു എന്നു കരുതാന്‍.
അപ്പുറത്ത് അതുണ്ട് എന്ന ഒറ്റവിചാരം മതി
കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാതിരിക്കാന്‍.
ഒരു പുലി, നായാട്ടിനു പ്രേരിപ്പിക്കുകയാണ് വേണ്ടത്.
എന്നാല്‍ ഇവിടെ അതുമില്ല.
ഞങ്ങളുടെ വീട്ടില്‍ സഹോദരങ്ങളായി ഒരുപാടു പേരുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ എല്ലാവരുമില്ല.
ചിലരെല്ലാം പോയതിന് പുലിയെ കുറ്റപ്പെടുത്താനാകുമോ?
ഓരോരുത്തരും സ്ഥലം വിടുന്നതിനുമുമ്പ്
ഒരു കലഹം നടക്കുക പതിവായിരുന്നു.
കുറ്റം ചാരാന്‍ വീട്ടില്‍ ഒരു പുലിയുണ്ടാകുന്നത്
സൗകര്യമാണ് എന്നുവെച്ച് അതെല്ലാം അവന്‍ കാരണമാണെന്ന്
തീര്‍ച്ചപ്പെടുത്തുന്നതു ശരിയല്ലല്ലോ.
ജോലിക്ക് വൈകിയെത്തിയാല്‍
അതു പുലി കാരണമാണ് എന്നു ന്യായീകരിക്കും
ചിലപ്പോഴെല്ലാം അതു വാസ്തവമാണ്. എല്ലായ്പോഴും അല്ലതാനും.
പുലിയോടൊത്താണ് ജീവിതമെങ്കില്‍
ക്ലോക്ക് അല്പം പതുക്കെയാവും.
വളരെ നേരത്തെയാണ് എന്നു വിചാരിച്ചത്
പൊടുന്നനെ, വളരെ വൈകിയാണെന്ന് തിരിച്ചറിയും.
കാരണം, പുലികള്‍ക്ക് സമയത്തെ നിശ്ചലമാക്കാന്‍ കഴിയും.
ഇതൊരു ബഡായി പറച്ചിലായി തോന്നാം.
പക്ഷെ വാസ്തവമാണ്. വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും
ഒരു പുലിക്ക് അതിന്റെ കൈപ്പത്തികൊണ്ട്
ക്ലോക്കിന്റെ സൂചി തിരിച്ചുവെക്കാനാവും.
ഫ്രിഡ്ജില്‍നിന്നു ഭക്ഷണം കാണാതാകുന്നത്,
അലമാരയില്‍ അടുക്കിയ വസ്ത്രങ്ങള്‍ അലങ്കോലമായിരിക്കുന്നത്,
തുണികള്‍ കീറിക്കാണുന്നത് –
ഈ സുചനകളൊന്നും നമ്മള്‍ ശരിക്കു മനസ്സിലാക്കാത്തതുകൊണ്ടാണ്.
സദാ കരുതിയിരിക്കണം,
ഒരു പുലി കൂടെ പാര്‍ക്കുന്നുണ്ടെങ്കില്‍.
മുമ്പത്തെപ്പോലെ അതിപ്പോള്‍ ഒരു കുഞ്ഞുപുലിയല്ല
ഞങ്ങളോടൊപ്പം അതും വളരുകയായിരുന്നോ?
തുടക്കം മുതലേ അതൊരു വളര്‍ച്ചയെത്തിയ പുലിയായിരുന്നോ?
അത് ഒരൊറ്റപ്പുലിയോ രണ്ടോ, മൂന്നോ?
ഒരു നിശ്ചയവുമില്ല. രഹസ്യമാണത്.
ഇതേച്ചൊല്ലി വീട്ടില്‍ ഞങ്ങള്‍ക്ക് അഭിപ്രായൈക്യമില്ല.
എന്തെന്നാല്‍ അതിനെ മുഴുവനായി കണ്ടിട്ടുള്ള സന്ദര്‍ഭം ചുരുക്കമാണ്.
ചിലപ്പോഴെല്ലാം അവന്‍ ഞങ്ങളുടെ പിറകില്‍ത്തന്നെയുള്ള
ഒരവ്യക്ത സാന്നിദ്ധ്യമായിരിക്കും,
ശ്വാസം വലിക്കുകയും നാറുകയും ചെയ്യുന്ന ഒന്ന്.
ഞങ്ങള്‍ വിനോദത്തിലേര്‍പ്പെടുമ്പോള്‍ അതു
ചാരനെപ്പോലെ നിരീക്ഷിക്കും.
ഞങ്ങളുടെ സ്വപ്നങ്ങളെ അത് വിശകലനം ചെയ്യും.
ഞങ്ങളുടെ ചിരി അതിനെ അസൂയാലുവാക്കും.
കണ്ണീര് സംശയാലുവാക്കും,
എന്തു കാരണം കൊണ്ട് എന്നതിശയിക്കും.
ഒരു മിന്നല്‍ക്കാഴ്ചയില്‍
പളുങ്ങിമറയുന്ന പട്ടുരോമങ്ങളുള്ള അവന്റെ വാല്,
കാര്‍പ്പെറ്റില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍,
വന്യമായ ഒരിരമ്പം,
മരം പതിച്ച നിലത്തു കാണുന്ന വിള്ളല്‍,
അതിവിടെ ഉണ്ട് എന്നതിന്
കണ്ണില്‍പ്പെടാന്‍ പ്രയാസമായ
ഇത്തരം ചെറിയ തെളിവുകള്‍, അടയാളങ്ങള്‍
ഞങ്ങള്‍ കാണാറുണ്ട്.
പുലി അതാണ്, പുലി ഇതാണ്,
അതങ്ങനെയാണ്, ഇങ്ങനെയാണ്
എന്നെല്ലാം വിദഗ്ദ്ധര്‍ റേഡിയോയില്‍ പറയുന്നതു കേള്‍ക്കാറുണ്ട്.
എന്നാല്‍, വീട്ടില്‍ ഒരു പുലിയുണ്ടെങ്കില്‍ ആരുമിങ്ങനെ പറയില്ല
എന്നേ എനിക്കു പറയാനുള്ളു.
ഞങ്ങളുടെ ഇളയകുഞ്ഞിനെ വേഗത്തില്‍ നടക്കാന്‍ പഠിപ്പിച്ചു.
എന്തുകൊണ്ടാണെന്നോ, നാലുകാലില്‍ സഞ്ചരിക്കുന്നതിനോട്
പുലി ഒരു ദയവും കാണിക്കില്ല എന്ന പേടിയുള്ളതുകൊണ്ടുതന്നെ.
ഒരു പുലി നിങ്ങളോടൊപ്പം പാര്‍പ്പുണ്ടെങ്കില്‍
ഒരു സന്ദര്‍ശകനും നിങ്ങളെത്തേടി വരികയില്ല.
എന്നാലും ചിലപ്പോള്‍
ഒരു പുലി കൂടെ താമസിക്കുന്നുണ്ടെന്ന്
നമ്മള്‍ മറന്നുപോകും.
ചിലപ്പോള്‍ ദിവസങ്ങളോളം മറക്കും.
ഒരു വിശേഷവുമില്ലാത്ത ഏതെങ്കിലുമൊരു ദിവസം
ജോലി കഴിഞ്ഞു ക്ഷീണിച്ചു മടങ്ങുമ്പോഴോ മറ്റോ
അപ്രതീക്ഷിതമായി, ആ നാശം
കണ്‍മുന്നില്‍ പ്രത്യക്ഷപ്പെടുന്നതുവരെ.
എന്താ പറഞ്ഞത്? ചില പുലികള്‍ മാന്യരാണ് എന്നോ?
പുലികള്‍ പുലികളാണ്.
കൂടുതലൊന്നും ഞാന്‍ പറയുന്നില്ല.
ഇതു സര്‍ക്കാര്‍ അനുവദിച്ച ഭവനമല്ല.
എന്നിട്ടും ഒരു പുലിക്ക് ഞങ്ങളിവിടെ അഭയം കൊടുത്തിരിക്കുന്നു.
ഈ ശല്യമൊഴിവാക്കുന്നതിനെപ്പറ്റി
ഗൗരവമായിത്തന്നെ ഞങ്ങള്‍ ആലോചിച്ചിരുന്നു-
വീട് വില്‍ക്കാം. വാങ്ങുന്നയാളോട് കാര്യം പറയേണ്ട.
അഴികളും വാതിലുകളെല്ലാം തുറന്നിട്ട് അതിനെ പോകാന്‍ വിടാം
അങ്ങനെ നിരവധി സാദ്ധ്യതകള്‍ ഞങ്ങളുടെ മനസ്സിലൂടെ കടന്നുപോയി
എന്നിട്ടെന്തായി ഒടുക്കം? ഒരു പുലിയൊടൊപ്പം പൊറുക്കുന്നത്
ഞങ്ങള്‍ക്കങ്ങു ശീലമായി എന്നു പറഞ്ഞാല്‍ മതിയല്ലോ.
പുലിയോടു ഇഷ്ടം തോന്നുമോ? ആ ഇഷ്ടം വളര്‍ന്നുവലുതാകുമോ?
സംഭവിക്കാം. വളരുകയും ചെയ്തേക്കാം.
എന്നാലും ഒന്നുണ്ട്. പുലി പുലിയാണ്.
അതിന്റെ വര മായില്ല.
അത് ആണോ പെണ്ണോ?
വയസ്സ് അമ്പതായിക്കാണുമോ? അതോ പതിനഞ്ചോ?
എഴുപത്തിരണ്ടോ? അഞ്ഞൂറായിക്കാണുമോ?
അത്താഴപ്പുറത്ത്, പുലി തിന്നാത്ത വാള്‍നട്ടു കൊറിച്ചുകൊണ്ട്
ഞങ്ങള്‍ പുലിയുടെ പ്രായത്തെച്ചൊല്ലി വിചാരപ്പെടും.
അതിനു പ്രായമേയില്ലെന്നു വരുമോ? അതിന്റെ സ്വഭാവം
കുറച്ചു മൃദുവായിട്ടുണ്ടോ? അതോ മൂര്‍ച്ച കൂടിയോ?
ഇതെല്ലാംതന്നെ ഒരു നുണയാണെന്നു വരുമോ?
ഒരുപക്ഷെ, ഇവന്‍ പുലിത്തോലണിഞ്ഞ
ചെകുത്താന്‍തന്നെയായിരിക്കുമോ?
പുലിയുടെ പുറത്തെ വളഞ്ഞ വരകളെപ്പറ്റി
ചുരുക്കിയും വ്യക്തമായും എഴുതണമെന്നുതന്നെയാണ് എനിക്കു മോഹം.
ധൈര്യമില്ലെങ്കിലും തെരുവില്‍ കണ്ട മനുഷ്യരോടെല്ലാം
എനിക്കിങ്ങനെ ചോദിക്കാന്‍ തോന്നും :
നിങ്ങള്‍ ഒരു പുലിയോടൊപ്പമാണോ ജീവിക്കുന്നത്? സത്യം പറയണം.
എല്ലാവരും അങ്ങനെയല്ലേ?
ഈ കൊടിയ ശല്യം – ആണായാലും പെണ്ണായാലും
നാമെല്ലാം ഒരുപോലെ അനുഭവിക്കുന്ന ഈ ലോകത്തിന്റെ
മറ്റൊരു പേരുതന്നെയല്ലേ അത്?
ഒരു കാര്യം തുറന്നു പറയാം,
പുലിയോടൊപ്പമാണ് എന്റെ ജീവിതം.
അതുകൂടെയില്ലാത്ത ഒരു ജീവിതം
ഇനി സാധ്യമാകുമെന്നോ,
അങ്ങനെയൊരു ജീവിതത്തിന്
എന്തെങ്കിലും അര്‍ത്ഥമുണ്ടാകുമെന്നോ,
ഞാന്‍ കരുതുന്നുമില്ല.
വിജയ് നമ്പീശൻ (1963-2017)
പ്രശസ്ത കവയത്രി
ഒരു ബ്രെഡ്ഡു വാങ്ങാൻ
കടയിൽ ചെന്നു.
കടക്കാരൻ ചോദിച്ചു:
‘നിങ്ങൾ എലിസബത്ത് ഊമഞ്ചേരിയല്ലേ,
പ്രശസ്ത കവയത്രി?’
എലിസബത്ത് ഊമഞ്ചേരി
വീട്ടിലേക്കു തിരിച്ചുപോയി.
ഒരു വൈകുന്നേരം
എലിസബത്ത് ഊമഞ്ചേരി
തനിക്കായി ഒരു കവിത
രചിക്കാനിരുന്നു.
കവിത ചോദിച്ചു:
‘നിങ്ങളല്ലേ എലിസബത്ത് ഊമഞ്ചേരി,
പ്രശസ്ത കവയിത്രി?’
‘അതെ’, എലിസബത്ത് ഊമഞ്ചേരി പറഞ്ഞു.
അപ്പോൾ കവിത വീട്ടിലേക്കു തിരിച്ചുപോയി.
മേരി ഒലിവർ
ആ കൊച്ചുജന്തുവുണ്ടല്ലോ, കവിത,
അതൊരു താന്തോന്നിയാണ്.
ആപ്പിളാകാമെന്നു ഞാൻ വിചാരിച്ചാൽ
അതിന് ഇറച്ചിതന്നെ വേണം.
തീരത്തൂടെ സ്വൈര്യമായി നടക്കാമെന്നു കരുതിയാൽ
അതിന് ഉടുപ്പൂരി വെള്ളത്തിലേക്കു കൂപ്പുകുത്തണം.
ചിലപ്പോൾ ഞാൻ ലളിതമായ പദങ്ങൾക്ക്
പ്രാധാന്യം നൽകാനാഗ്രഹിക്കും;
അപ്പോൾ അത്
സാധ്യതകളുടെ ഒരു നിഘണ്ടുതന്നെ
വിളിച്ചുപറയും.
എല്ലാം മതിയാക്കി, നന്ദി പ്രകാശിപ്പിച്ച്,
അടങ്ങിയൊതുങ്ങിക്കൂടാൻ
നിശ്ചയിച്ചാലോ;
അതു നാലുകാലിൽ മുറിക്കുള്ളിൽ
ചുവടുവെക്കാനാരംഭിക്കും,
അതിരുകടന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട്
എന്നെ കൂട്ടുവിളിക്കും.
എന്നാൽ ഞാൻ
നിന്നെ ഓർമ്മിക്കുന്ന സമയത്ത്-
അപ്പോൾ മാത്രം –
അത് അനങ്ങാതിരിക്കും;
കൈപ്പത്തിമേൽ കൈപ്പത്തി വെച്ച്,
അതിന്മേൽ താടി ചേർത്ത്,
കാതോർത്തുകൊണ്ട്.
വിഖ്യാത ജർമ്മൻ കവി റെയ്നർ മരിയ റിൽക്കെ (1875 – 1926) ഫ്രഞ്ചുഭാഷയിലെഴുതിയ ഒരു കവിതാപരമ്പരയുടെ മലയാളപ്പകർച്ചയാണ് ഈ കാവ്യജാലകങ്ങൾ. സൂസാന്ന പീറ്റർമാൻ ഫ്രഞ്ചിൽനിന്ന് ഇംഗ്ലീഷിലേക്കു മൊഴിമാറ്റി പ്രസിദ്ധീകരിച്ച When I go – Selected French Poems of Rainer Maria Rilke എന്ന പുസ്തകമാണ് അവലംബം. ഒന്നാം ലോകയുദ്ധാനന്തരം സ്വിറ്റ്സർലണ്ടിലേക്കു താമസം മാറ്റിയ റിൽകെ തന്റെ ജീവിതാന്ത്യത്തിലെഴുതിയതാണ് ഈ രചനകൾ. Windows എന്ന ഈ പരമ്പരയ്ക്ക് പ്രചോദകമായത് കവിയുടെ ഫ്രഞ്ചുഭാഷ സംസാരിക്കുന്ന ഒരു കാമുകിയായിരുന്നു എന്ന് സൂസാന്ന പറയുന്നുണ്ട്.
ബാൽക്കണിയിൽ ഉദ്യാനത്തിലേക്കു തുറക്കുന്ന ചില്ലുജാലകങ്ങളുള്ള ഒരു മന്ദിരം. ആ ജാലകങ്ങളുടെ തിരശ്ശീലയിട്ട ചട്ടത്തിൽ എപ്പൊഴോ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഒരു സുന്ദരിയുടെ നിഴൽ. അസ്പഷ്ടവും അമൂർത്തവുമായ ആ നിഴലിനെ ആകാംക്ഷാപൂർവ്വം ഉറ്റുനോക്കി താഴെ ഒരു കാമുകൻ. ഒരു യൂറോപ്യൻ ക്ലാസിക്കിൽ വായിച്ചുപരിചയിച്ച ഇത്തരമൊരു സന്ദർഭമാണ് ഈ പരമ്പരയുടെ പശ്ചാത്തലം.
ജാലകത്തിലൂടെ നോക്കിക്കാണുന്നതിനു പകരം ജാലകത്തെത്തന്നെ പല കോണിൽനിന്നു നോക്കിക്കാണുന്ന ഒരു പ്രതീകാത്മക ആവിഷ്കാരമാണ് ഇത്. ജാലകം ചിലപ്പോൾ മണൽഘടികാരം പോലെ ‘കാത്തിരിപ്പിൻ മാപിനി’യാവാം. ചിലപ്പോൾ അതു ‘കിന്നരം’ പോലെ ഒരു തന്ത്രിവാദ്യമാകാം. അഴികളുള്ള ആ ചട്ടം ചിലപ്പോൾ ഒരു തടവറയാകാം. അതിലൂടെയുള്ള നോട്ടമാകട്ടെ കൂടുവിട്ടു പറക്കുന്ന ഒരു പക്ഷിയുടെ സ്വതന്ത്രവിഹാരവുമാകാം.
ജനലിന്റെ ജ്യാമിതീയ ഘടനയെത്തന്നെയും റിൽക്കെ പ്രതീകവത്കരിക്കുന്നുണ്ട്. ആ ദീർഘചതുരം ചിതറിപ്പോകുന്ന നിത്യജീവിതത്തിന് ഒരു ശ്രദ്ധാകേന്ദ്രം നൽകുന്നു. ചട്ടങ്ങൾ – ഫ്രെയിം എന്ന അർത്ഥത്തിലും നിയമങ്ങൾ എന്ന അർത്ഥത്തിലും – പാലിക്കുവാനുള്ളതോ മാറ്റുവാനുള്ളതോ എന്ന സന്ദിഗ്ദ്ധതയും അതുന്നയിക്കുന്നു.
‘ചട്ടക്കൂടുകളുടെ പരിമിതി സൃഷ്ടിക്കുന്ന അപരിമിതമായ സാധ്യത’ എന്ന വൈരുദ്ധ്യത്തെ പ്രകീർത്തിക്കുകയാണ് റിൽക്കെ; വൃത്തബദ്ധമായ പദ്യത്തിനുള്ളിൽ കവിത എന്ന പോലെ! (“Henceforth, the window serves as an ironic gift: limitless possibility within a limited framework, like poetry contained within rhyme and meter.” – Susanne Petermann)
പുസ്തകദാരിദ്ര്യം മൂലം വളരെ വൈകിയാണ് ഞാൻ റിൽകെയെ വായിക്കാനാരംഭിച്ചത്. വർഷങ്ങൾക്കു മുമ്പ് കെ.ജി.എസ് എഡിറ്ററായി പ്രസിദ്ധീകരിച്ചിരുന്ന ‘സമകാലീനകവിത’ ഒരു റിൽക്കെ പതിപ്പ് ഇറക്കുകയുണ്ടായി. അതിലേക്ക് പരിഭാഷപ്പെടുത്താമോ എന്നു ചോദിച്ചുകൊണ്ട് മാഷ് ഒരു ഇംഗ്ലീഷ് ടെക്സ്റ്റ് ഫോട്ടോസ്റ്റാറ്റ് ചെയ്ത് എനിക്ക് അയച്ചുതന്നു. എത്ര പരിശ്രമിച്ചിട്ടും ആ കവിത എനിക്കു വഴങ്ങിയില്ല. ഞാൻ പരാജയം സമ്മതിച്ചു. എന്നാലും ഒരിക്കലും മുഴുവനായും പിടി തരാത്ത റിൽക്കെ എന്നെ വെല്ലുവിളിച്ചുകൊണ്ട് പിന്തുടർന്നു. ഈ മൊഴിമാറ്റവും വഴക്കത്തോടെ ചെയ്തതല്ല. ഉയരത്തിലുള്ളതിനെ എത്തിപ്പിടിക്കാൻ നടത്തിയ ഒരു പരിശ്രമം മാത്രമായി കരുതിയാൽ മതി.
ജാലകമേ ജാലകമേ
1 നിന്റെ ക്ഷണം
ജാലകമേ, ചിത്രജാലകമേ, ഇളം
നീലയവനിക മെല്ലെയിളക്കി നീ
കാത്തുനില്കാനോ പറഞ്ഞു? ഇളം
കാറ്റില്‍ സ്വകാര്യം പറഞ്ഞു?
ആരു നീയെന്നറിവീല ഞാന്‍, എങ്കിലും
നീങ്ങുവാന്‍ വയ്യ, തങ്ങാനും
ദൂരേയ്ക്കു പാതകള്‍ മാടി വിളിക്കിലും
ആയില്ലെ,നിക്കനങ്ങാനും!
ശോകം നിറഞ്ഞുകവിയും മനസ്സുമായ്
ആശങ്കയോടെ ഞാന്‍ നിന്നു
കാണാന്‍ കൊതിച്ച കിനാവൊന്നു ജാലക
പാളിയില്‍ കാണുവാനാമോ?
2 കണ്ട നിമിഷം
ബാല്‍ക്കണിയില്‍, ജാലകചതുരത്തില്‍
കേവലമൊരു നിമിഷം ഞാനവളെ
കണ്ടൂ, കണ്ടൊരുമാത്ര മറഞ്ഞൂ
എന്തൊരു കഷ്ടം നോക്കൂ!
അങ്ങിനെയെങ്കില,വള്‍ മുടി കെട്ടാന്‍
മന്ദം കൈകളുയര്‍ത്തീയെങ്കില്‍,
അരികിലിരിക്കും പൂപ്പാത്രത്തെ
പരിചോടൊന്നു തൊടാനാഞ്ഞെങ്കില്‍,
എത്ര മുറിഞ്ഞേനേ ശോകത്താല്‍
എത്രയെരിഞ്ഞേനേ താപത്താല്‍!
3 ജ്യാമിതി
വലുതാം ജീവിതമെത്രയെളുപ്പം
ചെറുതാം കള്ളിയിലാക്കി – നീയൊരു
ചതുരക്കള്ളിയിലാക്കി!
നിന്നരികില്‍ കാണുമ്പോള്‍ മാത്രം
സുന്ദരിയാവുന്നു – ഒരുവള്‍
അനശ്വരയാവുന്നു!
എത്ര സുരക്ഷിതരായീ നമ്മള്‍
ഇച്ചതുരക്കൂട്ടില്‍
ചുറ്റും പരിമിതിതന്‍ നടുവിങ്ങനെ
പറ്റിയിരിക്കുമ്പോള്‍!
4 കാത്തിരിപ്പിൻ മാപിനി
നീളമേറും കാത്തിരിപ്പിന്‍
വേളയെണ്ണും മാപിനീ,
ജാലകമേ, ഓ! മണല്‍ഘടി-
കാരമല്ലേ നീ?
നീയടുപ്പിക്കുന്നു, നീതാന്‍
വേര്‍പെടുത്തുന്നു
സാഗരം പോല്‍ ചഞ്ചലം നീ
പ്രേമജാലകമേ!
നോക്കിടുന്നോര്‍തന്‍ മുഖങ്ങള്‍
ചേര്‍ത്തുകാട്ടുന്നു
നിന്റെ ചട്ടം ചേര്‍ന്നിണങ്ങും
ചില്ലുകണ്ണാടി.
5 ഓര്‍മ്മയില്‍ തങ്ങും മുഹൂര്‍ത്തം
ആരെയോ കാത്തുകൊ-
ണ്ടാരെങ്കിലും നിന്റെ
ചാരേയണഞ്ഞു നിന്നെങ്കില്‍,
ആരംഗമോര്‍മ്മയില്‍
തങ്ങും മുഹൂര്‍ത്തമായ്
നീ ചട്ടമിട്ടു തൂക്കുന്നൂ
ജാലകമേ നിന്നരികിലണഞ്ഞതൊ-
രാലസ്യം താനോ
വാതിൽപ്പഴുതിൽ കണ്ടതു ചിതറിയൊ-
രാലോചനയാണോ
സ്വപ്നം കാണുകയാണൊരു കുഞ്ഞാ
ചട്ടത്തിൽ ചാരി
കുപ്പായം പഴകുന്നതുമറിയാ-
താന്തരസഞ്ചാരി
ചിറകിനു വേണ്ടി കുത്തിനിറുത്തിയ
ശലഭങ്ങള്‍ പോലെ
പ്രണയികളിരുവര്‍ നില്പാണവിടെ
വിളറിയുമിളകാതെ
6 ജാലകാധീനന്‍
ജാലകാധീനനാകുന്നു ഞാന്‍ കേവലം
ആലോകനം തന്നെ ജന്മം
കാണുന്നതെന്തിലും കൗതുകം, കാഴ്ചകള്‍
കാര്യങ്ങളോതുന്ന ഗ്രന്ഥം
ഓരോ പറവയുമെന്നോടു സമ്മതം
ചോദിച്ചിടുന്നതു പോലെ
പേടിപ്പെടുത്തുന്നതില്ലാ പൊരുത്ത-
ക്കേടുകള്‍ പണ്ടെന്നപോലെ
നീളും പകല്‍മുഴുനീളവും ഈ ജനല്‍-
പ്പാളിക്കടിപ്പെട്ടൊരെന്നെ
കാണാമിരവിലീ ഭൂലോകഗോളത്തിന്‍
കാണാമറുപുറം പോലെ
7 ജാലകാധീന
ജാലകാധീനയാണിന്നിവൾ, ജീവിതം
കേവലമാലസ്യമാർന്ന നോട്ടം.
ലോകം അനിശ്ചിതത്വം വിട്ടു തൻ മനോ-
ഭാവത്തിനൊത്തിണങ്ങുന്ന നേരം
താഴെയുദ്യാനത്തിലെങ്ങുമാ വീക്ഷണം
മാധുര്യവർഷം ചൊരിഞ്ഞിടുന്നു.
ബന്ദിയോ സർവ്വസ്വതന്ത്രയോ – കാരണ-
മെന്തിവൾ ഇങ്ങനെ നിൽക്കാൻ?
ആയിരം മങ്ങിയ താരകങ്ങൾക്കിട-
ക്കേതാനുമെണ്ണം തിളങ്ങി,
ഏതോ വിദൂരസ്ഥ നക്ഷത്രരാശിയെ
വേറിട്ടു കാട്ടുന്ന പോലെ
കാണുക, നഷ്ടഹൃദയവുമായൊരാൾ
ജാലകത്തിൻ ചതുരത്തിൽ.
8 കിന്നരം
ജാലകമേ, ഓ ജാലകമേ!
ഞങ്ങടെയാത്മാവിഷ്കാരത്തിൻ
കിന്നരമത്രേ നീ
ഇതുവരെ ഞങ്ങൾ മീട്ടി കണ്ണാൽ
ഉയരുകയിനി വിണ്ണിൽ
ഗഗനപഥത്തിൽനിന്നു പ്രകാശം
ചൊരിയുക കാവ്യത്തിൽ.