കുളിമുറിച്ചുമരിലെ ഒച്ച്

പ്രസവിച്ചയുടനെ
ഈ ചോരക്കുഞ്ഞിനെ
എന്റെ കുളിമുറിയിൽ ഉപേക്ഷിച്ച്
കടന്നുകളഞ്ഞ കാലമേ,
നീ ഒരമ്മയാണോ?
ഓരോ തവണ ലൈറ്റിട്ട്
ഞാൻ അകത്തു കടക്കുമ്പോഴും
അതിന്റെ ഒച്ചയില്ലാത്ത നിലവിളി.
എവിടെ എവിടെ എന്ന്
രണ്ട് ആന്റിനകൾ.
ഒന്നുകിൽ ചുമരിൽ
അല്ലെങ്കിൽ തറയിൽ
ചിലപ്പോൾ കമ്മോഡിന്റെ മൂടിയിൽ
ചിലപ്പോൾ വാഷ്ബേസിന്റെ വക്കിൽ.
ക്ലോക്കിലെ സെക്കന്റ്സൂചിയെ
മണിക്കൂർ സൂചിയാക്കി
എന്റെ ദിനചര്യ തെറ്റിക്കുന്ന
പൊന്നോമനേ,
നിന്നെ കോരിയെടുത്ത്
വഴിയോരത്തെ അമ്മത്തൊട്ടിലിൽ
കിടത്തട്ടെ ഞാൻ.
വാ കുഞ്ഞേ
പതുക്കെ
സാവധാനം
ഇഴഞ്ഞു വാ
ഈ കവിതയിലേക്ക്.