ദേശങ്ങളുടേയും സംസ്കാരങ്ങളുടേയും വൈജാത്യത്തെ നിരപ്പാക്കിക്കൊണ്ടുള്ള വികസനരീതികളും ഉപഭോഗശീലങ്ങളും ലോകമെങ്ങും വ്യാപിച്ചതോടെയാണ് മനുഷ്യൻ തന്റെ തന്മയെയും ഉണ്മയെയും ചൊല്ലി ആകുലപ്പെടാൻ ആരംഭിക്കുന്നത്. എന്നാൽ അതിനും മുമ്പേ മതന്യൂനപക്ഷമായും ജാതിശ്രേണിയിൽ അടിപെട്ടും ലിംഗവിവേചനത്താലും ഗോത്രജീവിതം നയിക്കാൻ നിർബന്ധിതരായ സമൂഹങ്ങൾക്ക്, വിശേഷിച്ച് ഇന്ത്യയിൽ, ഈ ആകുലത ആജീവനാന്തം കൊണ്ടുനടക്കേണ്ട ഒന്നായിരുന്നു. സമ്പത്തിനും സംസ്കാരത്തിനും അധികാരികളായ മേലാളർ അവർക്കിണങ്ങുംവിധം നിശ്ചയിച്ച മുഖ്യധാരയെ അവലംബിക്കാൻ വിധിക്കപ്പെട്ടപ്പോൾ കീഴാളർക്ക് നഷ്ടപ്പെട്ടത് അവരുടെ സ്വത്വത്തെ നിർണ്ണയിച്ച ഭാഷയും സംസ്കാരവും ആയിരുന്നു.
പുറമേക്ക് നിരപ്പായി കാണുന്നതെങ്കിലും അകമേ ഉച്ചനീചത്വങ്ങളുടെ ചതിക്കുഴി ഒളിപ്പിച്ച ഭൂമികയിലാണ് തങ്ങൾ ചവിട്ടിനിൽക്കുന്നത് എന്ന തിരിച്ചറിവ് കലയിൽ പുതിയൊരു നേർകാണൽ കൊണ്ടുവന്നു. കീഴാളസ്വത്വം അതിന്റെ മുദ്രകൾ തിരിച്ചുപിടിക്കാനാരംഭിച്ചു. ചിത്രകലയിൽ അതു കുലചിഹ്നങ്ങളായി. സംഗീതത്തിൽ ഗോത്രവാദ്യങ്ങളുടെ ഇടിമുഴക്കമായി. നൃത്തത്തിൽ അടിമുടിയാട്ടമായി. ഭാഷയിൽ മാന്ത്രികശക്തിയുള്ള പേച്ചായി. സാഹിത്യത്തിലെ വരമൊഴിയെ അത് തുപ്പൽതെറിക്കുന്ന വാമൊഴിയാൽ സംബോധന ചെയ്തു.
മലയാളത്തിൽ ഗോത്രഭാഷാകവിത പ്രത്യക്ഷപ്പെട്ടിട്ട് അധികമായില്ല. ഒരു മലയാളത്തിൽ പല മലയാളങ്ങളുണ്ടെന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. മുഖ്യധാര മാത്രമാണ് മാനകമലയാളമെന്ന് അക്കാദമിക് ലോകവും ഇന്ന് അവകാശപ്പെടുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കെ.സി.വേലായുധന്റെ ‘നിഴൽവിളി’ വേറിട്ട ഒച്ച കേൾപ്പിക്കുന്നത്.
ഒച്ചകൾക്ക് നിറമുണ്ടെന്നും തന്റെ ഒച്ച കറുത്തിട്ടാണെന്നും വേലായുധൻ അഭിമാനിക്കുന്നു. ‘വെളുത്ത ഒച്ചകൾ പൂരപ്പറമ്പ് കയറി ആനപ്പള്ളമതിൽ കടന്ന് കോവിലകത്ത് മിഴിവാർന്ന മിഴാവാകുമ്പോൾ’ കറുത്ത ഒച്ച ‘പൂരപ്പറമ്പേറാതെ പാടമിറങ്ങി നേർത്തുനേർത്ത് അകലങ്ങളിൽ ലയിക്കുകയാണ്’. ദേവനിരിക്കുന്ന ശ്രീകോവിലിന്റെ ശിലാഭിത്തിയിൽ തട്ടി തകരുകയല്ല, മനുഷ്യർ പണിയെടുക്കുന്ന വയലേലകളിൽ പ്രതിധ്വനിക്കുകയാണ് അത്.
കീഴാളരായ പറയരുടെ ജീവിതത്തിൽനിന്നും വിശ്വാസങ്ങളിൽനിന്നും ആചാരാനുഷ്ഠാനങ്ങളിൽനിന്നും ആറ്റിക്കുറുക്കിയെടുത്ത പുതുകാലത്തോറ്റങ്ങളാണ് ‘നിഴൽവിളി’യിൽ ഉള്ളത്. ഇടശ്ശേരിയുടെ പൂതത്തിന്റെ ‘തേങ്ങലിനൊത്ത കുഴൽവിളി’യെ ആ ശീർഷകം ഓർമ്മിപ്പിക്കും. നിഴലും അഴലും ഇരുളും മറവും കരിയും കറുപ്പും ഈ കവിതകളിൽ ആവർത്തിക്കുന്ന പദാവലിയാണ്. ഉള്ളടക്കത്തിൽ കീഴാള രാഷ്ട്രീയം കനൽപോലെ ജ്വലിക്കുമ്പോഴും വാക്കുകളുടെ തിരഞ്ഞെടുപ്പിലും പ്രയോഗത്തിലും പാലിക്കുന്ന സൂക്ഷ്മതയും മിതത്വവും വേലായുധന്റെ രചനകളെ ഉപരിപ്ലവമായ മുദ്രാവാക്യങ്ങളല്ലാതാക്കുന്നു.