ഇടയിൽ എവിടെയോ

“ഓർമ്മ പോലെ
ഇടയ്ക്കു വരാറുണ്ട്
മറവി പോലെ
ഇടയ്ക്കു പോകാറുണ്ട്
എന്നും പറയാം
ഇവയ്ക്കിടയിൽ
എവിടെയോ ഉണ്ട്
അറിയാതെ, ഒച്ച വെക്കാതെ.”
(ഞാൻ)

ആവിഷ്കാരങ്ങളിൽ തന്റെ സ്വത്വത്തെ മറ്റാരെക്കാളുമുപരി അറിഞ്ഞടയാളപ്പെടുത്തിയത് ബിജുവിന്റെതന്നെ ഈ വരികളാണ് എന്നു ഞാൻ കരുതുന്നു. ഓർമ്മയ്ക്കും മറവിക്കും ഇടയിലുള്ള, വരവിനും പോക്കിനും ഇടയിലുള്ള ഒരസ്ഥിരതയിലാണ് താൻ. ഒച്ചവച്ച് ആരെയും അറിയിക്കാത്ത വിധമാണ് തന്റെ അദൃശ്യസാന്നിദ്ധ്യം. കവിയുടേയും ചിത്രകാരന്റേയും ഇടയിൽ നിൽക്കുന്ന ഒരു പ്രതിഭയുടെ സന്ദിഗ്ദ്ധതകൂടിയാണ് ഈ വരികൾ.

ഓർമ്മയ്ക്കും മറവിക്കും ഇടയിലുള്ള ബിജുവിനെ സങ്കല്പിച്ചുനോക്കുകയാണ് ഞാൻ. വശ്യവും ഹൃദ്യവുമായ ആ പുഞ്ചിരി. സൗമ്യമധുരമായ വാക്ക്. അപ്പോൾ വായിച്ചു മടക്കിവെച്ച പുസ്തകത്തിൽനിന്ന് എഴുന്നേറ്റുവന്നതുപോലെയുള്ള ഉണർവ്. കീശയിൽ പേന കുത്തിവെച്ച ആ ചെക്ക് ഷർട്ട്.

കാഞ്ഞങ്ങാട്ട് പോയപ്പോഴൊക്കെ ബിജുവിനെ കണ്ടിട്ടുണ്ട്. കണ്ടപ്പോഴൊക്കെ തൊട്ടിരുന്നു സംസാരിച്ചിട്ടുണ്ട്. കവിതയെപ്പറ്റി, ചിത്രകലയെപ്പറ്റി അപൂർവ്വം അവസരങ്ങളിൽ ജീവിതത്തെപ്പറ്റി. അംബികാസുതൻ മാഷാണ് ഞങ്ങളെ കൂട്ടിയിണക്കുന്ന കണ്ണി. ഞങ്ങളിരുവരേയും മാത്രമല്ല നീളാതീരത്തും പരിസരപ്രദേശങ്ങളിലുമുള്ള കവികളെയെല്ലാം കാഞ്ഞങ്ങാട്ടേക്കു കൊണ്ടുവരാറുള്ളത് അംബികാസുതൻമാഷാണ്. അതിനും മുമ്പ് പട്ടാമ്പിയേയും കാഞ്ഞങ്ങാടിനേയും ബന്ധിപ്പിച്ച കണ്ണി മഹാകവി പി. ആയിരുന്നല്ലോ; ബിജുവിന്റെ ഇഷ്ടകവി.

പക്ഷെ കവിതയിൽ പി.യുടെ ഭൂതം ബിജുവിനെ പിടികൂടിയില്ല. വാക്കിൽ പി. ധൂർത്തനെങ്കിൽ ബിജു അതീവലുബ്ധൻ. നിരവധി പ്രണയകവിതകൾ ബിജു എഴുതിയിട്ടുണ്ടെങ്കിലും അവയിലൊന്നിലും കാല്പനികതയുടെ ചെടിപ്പ് അനുഭവപ്പെടില്ല. ‘ആരുടെ സ്വപ്നമാണ് ഇപ്പോൾ നാം’ എന്നേ ബിജു പ്രണയിയോടു പറയൂ (സ്വപ്നാടനം).


‘കുഞ്ഞിരാമായണം’ എന്ന സചിത്ര കാവ്യപരമ്പരയിൽ ഒരിടത്ത് എന്റെ ‘കാറ്റേ കടലേ’ എന്ന കവിതയിലെ വരികൾ ബിജു എടുത്തു ചേർത്തിരുന്നു. ഒരു കുന്നിടിച്ചു നിരത്തുന്ന മണ്ണുമാന്തിയെ നോക്കിയിരിക്കുന്ന മഹാകവിയുടെ ചിത്രം! കുന്നും കുളവും വയലും വരമ്പും കിളികളും മരങ്ങളും ബിജുവിന്റെ ഭാഷയ്ക്ക് അക്ഷരമാലയാണ്. നമ്മൾ ഭാഷ കൊണ്ട് എഴുതുമ്പോൾ ബിജു അതുകൊണ്ട് വരയ്ക്കുകയാണ് എന്നും തോന്നിയിട്ടുണ്ട്. എന്നാൽ വരയിലും വരിയിലും അയാൾ മിതവ്യയനായിരുന്നു. അപൂർണ്ണമെന്ന് തോന്നിപ്പിക്കുന്ന രചനാശില്പങ്ങളായിരുന്നു ബിജുവിന്റേത്. ബാക്കി നിങ്ങൾ പൂർത്തിയാക്കൂ എന്ന് സഹൃദയരോട് സ്നേഹപൂർവം നിർബന്ധിക്കുന്ന മട്ടിൽ.

കാഞ്ഞങ്ങാട് നെഹറു കോളേജിൽ പലതവണ പോയിട്ടുണ്ട്. രാത്രി മിക്കവാറും അംബികാസുതന്റെ വീട്ടിൽ ഒരു കൂടിച്ചേരലുണ്ടാവും. ദിവാകരൻ വിഷ്ണുമംഗലം, പ്രകാശൻ മടിക്കൈ, ബിജു തുടങ്ങി ഞാൻ വല്ലപ്പോഴും മാത്രം കാണാറുള്ള സുഹൃത്തുക്കളോടൊപ്പം ചിലവഴിച്ച അവിസ്മരണീയ രാത്രികൾ. ഒരിക്കൽ എന്നെ യാത്രയാക്കാൻ റെയിൽവേസ്റ്റേഷനിലേക്ക് ബിജു കൂട്ടുവന്നു. വണ്ടി കാത്ത് പ്ലാറ്റ്ഫോമിലിരിക്കേ ബിജു തന്റെ മിടിക്കുന്ന ഹൃദയത്തെപ്പറ്റി എന്തോ വ്യംഗ്യം പറഞ്ഞ് ചിരിച്ചതോർക്കുന്നു. അത് ഗൂഢഭാഷയിലുള്ള ഒരു സന്ദേശമായിരുന്നു. (ഞാൻ മരിക്കുമ്പോൾ/ഗൂഢഭാഷയിലുള്ള ഒരു സന്ദേശം/ വിട്ടുപോകും – ഈയൽ).

“തീവണ്ടിയുടെ മഹാമുഴക്കം കേട്ടു അപ്പോൾ.”
(ആ മാന്ത്രികനിമിഷം)

പി. പി. രാമചന്ദ്രൻ