മൂന്നു പതിറ്റാണ്ടുമുമ്പ് കോഴിക്കോടു സർവ്വകലാശാലയുടെ മീഞ്ചന്തയിലുള്ള ബി.എഡ് സെന്ററിൽ വെച്ചാണ് സായിയെ പരിചയപ്പെടുന്നത്. എന്റെ വിഷയം മലയാളവും സായിയുടേത് സംസ്കൃതവുമായിരുന്നു. സാഹിത്യം സംഗീതം സംസ്കാരം എന്നിവകളിൽ ഒരേ അഭിരുചി പങ്കിട്ടിരുന്ന ഞങ്ങൾ അതിവേഗം സുഹൃത്തുക്കളായി. കോളേജിലേക്കും തിരിച്ചുമുള്ള ഞങ്ങളുട യാത്രയും ഒരുമിച്ചായിരുന്നു. കോഴിക്കോട്ടേക്കുള്ള പാസഞ്ചർ വണ്ടിയിൽ കുറ്റിപ്പുറത്തുനിന്ന് ഞാനും തിരുനാവായിൽനിന്ന് സായിയും കയറും. സ്വദേശം പാലായ്ക്കടുത്തുള്ള രാമപുരമാണെങ്കിലും അക്കാലത്ത് സായി താമസിച്ചിരുന്നത് തിരുനാവായിലെ ബന്ധുവീട്ടിൽ ആയിരുന്നു.
കൂവിപ്പായുന്ന തീവണ്ടിയെപ്പോലെ കുതികൊള്ളുന്ന കാലവുമായിരുന്നു അത്. പൊന്നാനിയിൽ അധ്യാപകനായിരിക്കെ തപാൽ മാർഗ്ഗം ബിരുദം നേടിയ എനിക്ക് കോഴിക്കോട്ടെ ബി എഡ് പഠനം വൈകിക്കിട്ടിയ കലാലയജീവിതമായിരുന്നു. പലയിടങ്ങളിൽനിന്നും വന്നുചേർന്ന പല പ്രായത്തിലുള്ള സഹപാഠികൾ. അവരുമായുള്ള സൗഹൃദം. കളി ചിരി പാട്ട് പ്രണയം. അതിലെല്ലാമുള്ള കവിത. ആ കവിത കണ്ടും കൊണ്ടും അനുഭവിച്ച എന്റെ സഹയാത്രികനാണ് സായി. ഇപ്പോൾ സായിയുടെ കവിതയിലൂടെ ഞാൻ അയാളോടൊപ്പം സഞ്ചരിക്കുന്നു.
ഭാഷയിലേക്ക് ആറ്റിക്കുറുക്കിയെടുത്ത ജീവിതനിരീക്ഷണങ്ങളാണ് സായിയുടെ കവിത. പൊടിമണ്ണിൽക്കിടക്കുന്ന വളപ്പൊട്ട് വെയിൽ തട്ടി മിന്നിത്തിളങ്ങുന്നതുപോലെ സായിയുടെ കവിതയിൽ നിത്യസാധാരണമായ കാര്യങ്ങൾ പുതിയൊരുൾക്കാഴ്ച കൊണ്ട് പ്രകാശിക്കുന്നതു കാണാം. “എഴുതാൻ വിരിച്ചിട്ട / താളിൽ വിരിഞ്ഞത് / നാലഞ്ചു കുപ്പിവളപ്പൊട്ടുകൾ മാത്രമല്ലോ” (എഴുതാനിരിക്കുമ്പോൾ). താൻ ജീവിക്കുന്ന ചുറ്റുപാടിലുള്ളതേ സായി ആവിഷ്കരിക്കുന്നുള്ളു. എന്നാൽ തന്റെ ഇത്തിരി വട്ടത്തിലും ഒത്തിരി വെട്ടമുണ്ടെന്ന് ഈ കവിതകളിലൂടെ സായി വിനയപൂർവ്വം അഭിമാനിക്കുന്നതായി തോന്നും.
വൈരുദ്ധ്യങ്ങളോ വിപരീതങ്ങളോ സൃഷ്ടിക്കുന്ന വൈചിത്ര്യം മിക്ക രചനകളുടേയും കാവ്യഹേതുവായി വർത്തിക്കുന്നതു കാണാം. ആളിനു തല വെച്ചു കൊടുക്കുന്ന വണ്ടിയും വണ്ടിക്കു തല വെച്ചു കൊടുക്കുന്ന ആളും (ശാസ്ത്രവളർച്ച), അവനും അവളും നടുക്കു റെയിലും അനന്തതയിൽ സംഗമിക്കുന്ന പ്രണയവും (സംഗമം), വൃദ്ധമന്ദിരത്തിൽ യാത്രയവസാനിച്ചപ്പോഴാണ് ജീവിച്ചതാർക്കുവേണ്ടിയാണെന്ന് ബോധ്യമായത് (ബോധ്യപ്പെടൽ) മരം മുറിക്കുമ്പോൾ അതിൽ പാർക്കുന്ന ജീവികൾ അനാഥരാകുമെങ്കിലും കാറിനു പാർക്കുചെയ്യാൻ ഇടമായി എന്ന ആശ്വാസം (പാർക്കു ചെയ്യാനൊരിടം) തുടങ്ങിയ കവിതകൾ ഉദാഹരണം.
വാക്കുകളുടെ അർത്ഥത്തിന്റെ അടരുകളിലുള്ള കൗതുകം, ഭിന്നാർത്ഥങ്ങളെങ്കിലും ശബ്ദസാമ്യമുള്ള പദങ്ങളുടെ ചേർത്തുവെപ്പ് എന്നിവ സായിയുടെ കാവ്യഭാഷയുടെ സവിശേഷതയാണ്. ശിക്ഷ എന്ന കവിതയിൽ ആ വാക്ക് ഒരേസമയം വിദ്യാഭ്യാസം എന്ന അർത്ഥത്തിലും കുറ്റം ചെയ്തതിനു ലഭിക്കുന്ന ശിക്ഷ എന്ന അർത്ഥത്തിലും പ്രയോഗിച്ചിരിക്കുന്നു. മുതല പിടിച്ചതുകൊണ്ടാണ് ശങ്കരൻ സന്യാസിയായത് / മുതല് പിടിക്കുന്നതുകൊണ്ടാണ് സന്യാസി ശങ്കരനാവാത്തത് എന്ന കവിതയിലും (ശാങ്കരം) ഇതു കാണാം. കാട്ടാളത്തം കാട്ടുന്നവനോ കാടാളുന്നവനോ കാട്ടാളൻ എന്ന ചോദ്യത്തിലുമുണ്ട് (മരം നടുന്നവൻ) ഈ കൗതുകം.
വാക്കിനുള്ളിലെ വാക്കുകൾ കൊണ്ടുള്ള ലീലയ്ക്ക് വേറെയും ഉദാഹരണങ്ങളുണ്ട്. ജീവിതമരണം എന്ന കവിത നോക്കു:
“ജീവിതത്തെ വിഘടിപ്പിച്ചുനോക്കുന്നതിനു പകരം
മരണത്തെ നോക്കിക്കൂടെ?
അതിൽ മണമുണ്ട്
അതു രണമാണ്
രമണവുമാണ്
ഒരു മരം കൂടിയുണ്ടായാൽ
പിന്നെയും പൂക്കുകയും
കായ്ക്കുകയും തളിർക്കുകയും ചെയ്യും.”
കലപ്പ എന്ന കവിതയിൽ അധ്യാപകനും കുട്ടിയും തമ്മിലുള്ള ഒരു സംഭാഷണമുണ്ട്:
“കലപ്പയിലുള്ളതെന്ത്?
കലയും കപ്പയും പിന്നെ അപ്പനും / കപ്പ തിന്നുന്നവന്റെ കലയാണോ കലപ്പ?”
തുടർന്ന് അത് ഒരു ചോദ്യചിഹ്നമായും കർഷകന്റെ ചിഹ്നമായും ആകൃതി കൈവരിക്കുന്നു. ആറുകൾ കരയായാൽ വൈകാതെ നമുക്കു കരയാറാകും എന്ന് കരയാറ് എന്ന കവിതയിലും കാണാം ഈ വാക്കൗതുകം. കഴിഞ്ഞില്ല,
“ആത്മഹത്യ ചെയ്തവന്റെ
ഒറ്റവരിക്കവിത
ആരും ഉത്തരവാദിയല്ല
ആ ഉത്തരത്തിൽ ഒരുപാട് ചോദ്യങ്ങൾ
തൂങ്ങിനിൽക്കും
അതിജീവന അസാധ്യതയോ
ജീവനാതീത സാധ്യതയോ
ആത്മഹത്യ?” (ഒരു ആത്മഹത്യാക്കുറിപ്പ്).
പഴജന്മം-പാഴ്ജന്മം, പീഠം-പാഠം, ബാധ-ബോധം എന്നിങ്ങനെ വേറെയും ദ്വന്ദങ്ങൾ പല കവിതകളിലും ആവർത്തിക്കുന്നതായി കാണാം.
പഴഞ്ചൊല്ലുകളുടെ ഇഴയടുപ്പമുള്ള ഭാഷാശില്പങ്ങളാണ് ഈ രചനകൾ. ഉരുവിട്ട് ഉച്ചരിച്ച് പൊരുളറിഞ്ഞ് ആസ്വദിക്കാൻ വകയുള്ള ഉരിയാട്ടം. ഒരുപക്ഷെ സായിയുടെ ആജന്മസമ്പാദ്യമായിരിക്കാം ഈ മൊഴിക്കുടുക്ക. അത് നിങ്ങക്കു മുന്നിൽ തുറന്നു കാണിക്കാനായതിൽ അദ്ദേഹത്തിന്റെ സുഹൃത്തുകൂടിയായ എനിക്ക് സന്തോഷമുണ്ട്.
പി പി രാമചന്ദ്രൻ
20/02/20