“അവന്റെ ചിരി ഉത്തുംഗ
ഗിരിയിൽനിന്നു നിർഝരി”
തൊണ്ണൂറുകളുടെ തുടക്കത്തിൽ ഒരു വൈകുന്നേരം കോഴിക്കോട് ടൗൺഹാളിന്റെ മുന്നിൽവെച്ചാണ് വി.കെ.എൻ എന്ന അതികായനെ ഞാൻ നേരിൽ കാണുന്നത്. കെ.പി.രാമനുണ്ണിയുടെ പുസ്തകപ്രകാശനമായിരുന്നു. ചടങ്ങുകഴിഞ്ഞ്, തന്നെ കൊണ്ടുപോകാനുള്ള വണ്ടി വരുന്നതും കാത്ത് മുറ്റത്തിറങ്ങി നിൽക്കുകയാണ് അദ്ദേഹം. അന്നേരം രാമനുണ്ണി പരിചയപ്പെടുത്താൻ വിളിച്ചപ്പോൾ അടുത്തുചെന്നു.
ആ ആജാനബാഹുവിന്റെ മുന്നിൽ ഞാൻ വാമനരൂപിയായി. മുകളിലേക്കു തല ഉയർത്തിനോക്കിയാലേ മുഖം കാണൂ. ഉദാരമതിയായി അദ്ദേഹം താഴേക്കു നോക്കി ഒരു ചിരി ചിരിച്ചു. ചെറിയൊരു വെള്ളച്ചാട്ടം പോലെ അതെന്റെ നെറുകയിൽ പതിച്ചത് ഓർമ്മയുണ്ട്.
വണ്ടി വന്നപ്പോൾ അദ്ദേഹം പറഞ്ഞു: “എന്നാൽ ഇളകാം”.
അത്രനേരം ഒരു സ്ഥാവരം പോലെ നിന്ന സ്വന്തം ശരീരത്തോടുള്ള കല്പനയായിരുന്നു അത്.
ഈ കണ്ടുമുട്ടലുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു സന്ദർഭത്തിനുവേണ്ടി (പാലത്തിനുമുകളിൽ നിന്ന് കവി ചിരിച്ച ചിരിയെപ്പറ്റി – ഇടശ്ശേരിപ്പാലം 1988) എഴുതിയ വരികളാണ് ഇത്:
“അവന്റെ ചിരി ഉത്തുംഗ
ഗിരിയിൽനിന്നു നിർഝരി
അതിൻ പതനശക്തിയിൽ
നിന്നു വൈദ്യുതി, ഫാക്ടറി…”
ഇപ്പോൾ ഈ വരികളും വി.കെ.എനെ കണ്ടുമുട്ടിയ സന്ദർഭവും ഒരുമിച്ച് ഓർമ്മയിലെത്തി.
ചിരിയും നിർഝരിയും തമ്മിൽ പ്രാസഭംഗിക്കപ്പുറം എന്തെങ്കിലുമുണ്ടോ?
ഭാരതപ്പുഴയ്ക്ക് പുണ്യനദി എന്ന പ്രശസ്തി ഇല്ല. കടവുകൾ പുണ്യതീർത്ഥങ്ങളുമല്ല. എന്നാൽ സാംസ്കാരിക തീർത്ഥാടനകേന്ദ്രങ്ങളുണ്ട് ഇരുകരയിലും. തിരുവില്വാമല ഭാരതപ്പുഴയുടെ തീരത്താണ്. അവിടെയാണ് വി.കെ.എന്റെ പ്രതിഷ്ഠ. ചിരിയുടെ ഉഗ്രമൂർത്തി. അകലെയല്ല കുഞ്ചന്റെ ലക്കിടി. വിജയന്റെ തസ്രാക്ക്. തുപ്പേട്ടന്റെ പാഞ്ഞാൾ. ചാക്യാന്മാരുടേയും വിദൂഷകരുടേയും കലാമണ്ഡലം.
പുഴയുടെ ഈ തീരത്ത് കലയുടെ ‘കൂത്തുകൃഷി’ക്കു നൂറുമേനി. ചിരിയാണ് വിള. വെറും ചിരിയല്ല, ചിരകുന്ന ചിരി. ചിരവനാക്കു പോലെ മൂർച്ചയുള്ള ഭാഷ. വാചികാഭിനയത്തിന്റെ വരമൊഴിവടിവോ സാഹിത്യം എന്നു ശങ്കിച്ചുപോകും. ഇവരിൽ നമ്പ്യാർ തന്നെ ആദിമൻ. പതിനെട്ടാം നൂറ്റാണ്ടിൽ മലയാളത്തിലുണ്ടായ പെർഫോമൻസ് പോയട്രിയാണ് തുള്ളൽ. അധികാരശ്രേണിയെ പരിഹാസം കൊണ്ട് അട്ടിമറിച്ച ചിരി. ഉത്സവപ്പറമ്പിലെ ജനമധ്യത്തിൽ കെട്ടിപ്പൊക്കിയ തട്ടിൽ നിന്നു തുള്ളിയ കവിതയിലെ പരിഹാസശരങ്ങളേറ്റ് ദേവന്മാരും അസുരന്മാരും പ്രഭുക്കളും ഭൃത്യരും മുറിപ്പെട്ടുവീണു. മറ്റൊരു ഭാഷയും ഇത്ര മൂർച്ചയിൽ തുള്ളിയിട്ടില്ല. മലയാളത്തിലെ’ പൂരപ്പറമ്പുവിളയാട്ടം’- എം.വി.എൻ ആഹ്ലാദോത്സവസംസ്കൃതി എന്നു വിളിക്കുന്ന മിഖായേൽ ബക്തിന്റെ Carnivalesque – തുള്ളലിൽ തെളിയുന്നുണ്ട്.
വി.കെ.എൻ സാഹിത്യസർവ്വസ്വം മുക്തകണ്ഠം മുഴക്കുന്നത് ഈ ആഹ്ലാദോത്സവസംസ്കൃതിയാണ് എന്നു സ്ഥാപിക്കുകയാണ് ആസുരകാലത്തിന്റെ പുരുഷാർത്ഥങ്ങൾ. മാത്രമല്ല അതിന്റെ അടിവേരുകൾ കൂടിയാട്ടത്തിലെ വിദൂഷകനിലാണ് എന്നും. ഒരേസമയം ഭാരതീയ നാട്യശാസ്ത്രത്തിലും പാശ്ചാത്യ സാഹിത്യസിദ്ധാന്തത്തിലും അവഗാഹമുള്ള എം.വി.എനെ പോലെ ഒരാൾക്കുമാത്രം സാധ്യമായ നിരീക്ഷണമാണ് ഇത്. മലയാളത്തിൽ ഇന്നോളമുണ്ടായ വി.കെ.എൻ പഠനങ്ങളെ അതിശയിക്കുമാറുള്ള സമഗ്രത ഈ പ്രബന്ധത്തിനുണ്ട് എന്നും ഞാൻ കരുതുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കലാരൂപത്തിൽ (പുരുഷാർത്ഥക്കൂത്ത്) പുതിയ കലാചിന്തകളുടെ വെളിച്ചത്തിൽ സമകാലീനപാഠങ്ങൾ കണ്ടെത്തുകയാണ് ലേഖകൻ. വിദൂഷകന്റെ സ്ഥാനം കോമാളിയുടേതല്ലെന്നും വിധ്വംസകമായ ഒരു ധർമ്മമാണ് അയാൾ നിർവ്വഹിക്കുന്നതെന്നും എം.വി.എൻ വിസ്തരിക്കുന്നുണ്ട്. വി.കെ.എന്നിലെ വിദൂഷകനെ അദ്ദേഹത്തിന്റെ രചനകളെ അടിസ്ഥാനപ്പെടുത്തി കണ്ടെത്തുന്നതിലെ സ്വാഭാവികതയും യുക്തിഭദ്രതയും പ്രത്യേകം ശ്രദ്ധേയം. ആഖ്യാനത്തിലെ രേഖീയത അട്ടിമറിക്കൽ, മൂലപാഠത്തിനു നൽകുന്ന വികൃതാനുകരണം, ആദർശലോകത്തിനു വിരുദ്ധമായി പുരുഷാർത്ഥങ്ങളെ തലകീഴായി കാണൽ, സ്ഥലകാലസംബന്ധതയെ പൊളിച്ചുകളയൽ, ഉടലിനേയും ഉദരത്തിനേയും വാഴ്ത്തൽ. ഇങ്ങനെ പോകുന്നു ആ വിസ്താരം.
ഈ വിദൂഷകത്വത്തിന്റെ ഒരു കൈവഴി വിജയന്റെ ധർമ്മപുരാണത്തിൽ കണ്ടിട്ടുണ്ട്, ചില കഥകളിലും കാർട്ടൂണുകളിലും. എന്നാലും വി.കെ.എന്നിൽ എന്നപോലെ അതു വിജയന്റെ തന്മൊഴിയായിരുന്നില്ല. പക്ഷേ നാടകക്കാരൻ തുപ്പേട്ടന്റെ വാചികത്തിൽ ഈ വിദൂഷകത്വം സ്ഥായിയായിരുന്നു. മുഖ്യധാരയ്ക്കു നേരേയുള്ള ആട്ടാണ് അദ്ദേഹത്തിന്റെ ആട്ടം. വന്നന്ത്യേ കാണാം എന്ന സാഹസികതയാണ് നാടകാദർശം.
വ്യവസ്ഥാപിതസമൂഹം മുഖ്യധാര കൊണ്ട് ഊതിവീർപ്പിക്കുന്ന വീർപ്പകളെ വാക്കിന്റെ മുൾമുനകൊണ്ട് കുത്തിച്ചോർത്തുന്ന ഈ സമാന്തരധാര സംസ്കാരത്തിന്റെ സ്വയം തുലനപ്രക്രിയയാണ്. ആ വിധ്വംസകധർമ്മം നമ്മെ ബോധ്യപ്പെടുത്തുകയാണ് ഡോ.എം.വി.നാരായണൻ.